14/4/11

ഇവിടെ സുഖമാണ്

1

ഇവിടെ സുഖമാണ്

ഇത്തവണ ഉപ്പാടെ പേര്
വോട്ടുലീസ്റ്റിൽ ഇല്ലെന്നറിഞ്ഞു
സങ്കടപ്പെടേണ്ട
ഉപ്പാടെ ഈ മോനും
ഇന്നേവരെ വോട്ടു ചെയ്തിട്ടില്ല
ആരെങ്കിലും മുഖ്യമന്ത്രിയായിക്കോട്ടെ

ഉപ്പാക്കും ഉമ്മാക്കും സുഖമല്ലേ
ഇവിടെ
എനിക്കും സുഖമാണ്

2

പണയം വെച്ച സ്വർണ്ണം
അടുത്ത മാസം
എങ്ങിനെയെങ്കിലും എടുക്കാം

റൂമിലുള്ള ചിലർ
സഹായിക്കാമെന്നു പറഞ്ഞിട്ടുണ്ട്
അവർക്കുമുണ്ട്
നൂറുകൂട്ടം പണയങ്ങൾ
എന്നാലും
അവർ സഹായിക്കാതിരിക്കില്ല

അളിയനേയും മാമയേയും കാണാറുണ്ട്
അവർക്കും സുഖമാണ്

കരുണാകരന്റെ മോൻ
മുരളീധരൻ
ഇത്തവണ രക്ഷപ്പെടുമോ

3

ഇക്കൊല്ലം
വരാൻ പറ്റുമെന്നു തോന്നുന്നില്ല

ഇന്നലെ രാത്രി
എല്ലാവരേയും സ്വപ്നം കണ്ടു
മോനെ
ഇക്കൊല്ലം തന്നെ
സ്ക്കൂളിൽ ചേർക്കണം

ചന്ദ്രൻ നായരുടെ മക്കൾ പഠിക്കുന്ന
സ്ക്കൂളിൽ തന്നെ

ഇവിടെയിപ്പോൾ നല്ല ചൂടാണ്
റൂമിൽ
എൽ‌.ഡി.എഫുകാരും യു.ഡി.എഫുകാരുമുണ്ട്
പണി കഴിഞ്ഞു വന്നാൽ
നല്ല രസമാണ്
രാഷ്ട്രീയം പറഞ്ഞു
നേരം പോകുന്നതറിയില്ല

റൂമിൽ
എല്ലാവർക്കും സുഖമാണ്

4
കത്തിലില്ലാത്തത്

മനസ്സിലാവില്ല
എത്ര പറഞ്ഞാലും മനസ്സിലാവില്ല.

കാക്കയെന്നെ
ഇമ വെട്ടാതെ നോക്കിയിരുന്ന്
ഒന്നു കൊത്തി
ഇടം‌വലം നോക്കി
പറന്നു പോകുന്ന സുഖം

പുലിയും സിം‌ഹവും കടുവയും
വട്ടമിട്ടിരുന്ന്
കടിച്ചു കീറി
വിളമ്പുന്നതിന്റെ സുഖം

കരണ്ടു തിന്നുന്ന
എലിയുടെ
ഏകാഗ്രതയുടെ സുഖം

കാലൊച്ചയില്ലാതെ വരുന്ന
പൂച്ചയുടെ
കണ്ണു കത്തുന്ന
വെളുവെളുത്ത സുഖം

ഇവിടെ സുഖമാണ്

ഉപ്പിട്ടു
മുളകിട്ടു
പൊരിച്ച കോഴിയുടെ
നടന്നു തീരാത്ത കാലുകൾ
കടിച്ചു കടിച്ചു തിന്നുന്ന
സുഖം

5

നാളെ വെള്ളിയാഴ്ച
റൂമിൽ ആരും ഉറങ്ങിയിട്ടില്ല
ആറ്റൻ‌ബറോയുടെ
ഗാന്ധി സിനിമ കാണുകയാണ്

44 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കുറേ കാലമായൊരു കത്തെഴുതിയിട്ട്
വായിച്ചു മറുപടി അയക്കുമല്ലൊ.

സ്നേഹത്തോടെ
നസീർ കടിക്കാട്

Arafath Yasar പറഞ്ഞു...

നേർക്കാഴ്ച്ചകൾ...

Unknown പറഞ്ഞു...

പണി കഴിഞ്ഞു വന്നാൽ
നല്ല രസമാണ്
രാഷ്ട്രീയം പറഞ്ഞു
നേരം പോകുന്നതറിയില്ല

K G Suraj പറഞ്ഞു...

ഇഷ്ടമായി .... പെരുത്ത്

yousufpa പറഞ്ഞു...

അയച്ച കത്ത് കിട്ടി,
നിങ്ങളവിടെ നരകത്തിലെ കോയീനെ പോലെ പൊരിയണത് മനസ്സിലാവ്‌ണ്‌ണ്ട്.എന്താ ചെയ്യ നമ്മളെ യോഗല്ലെ.ഇള്ളതൊക്കെ ഒയ് വാക്കീട്ട് കുടുമ്മത്ത്ക്ക് വന്നാൽ നാട്ടേര്‌ പൊർപ്പിക്കോ..?
നിങ്ങളെഴുത്യേതൊക്കെ നേരാണ്‌.പക്ഷേ ന്താ ചെയ്യ..
തണ്ടല്‌ വേദനക്ക് ബാലൻ വൈദ്യരട്ത്ത്ന്ന് കഷായം വേടിച്ച് കൊട്ത്തയക്കാട്ടൊ..

പേർസ്യക്കാർക്ക് ഇത്തവണ വോട്ടുണ്ടായി കേട്ടൊ..?

പ്രത്യേകിച്ചൊന്നും ഇല്ല.
ചെങ്ങായി.

ടി പി സക്കറിയ പറഞ്ഞു...

‘കത്ത്’ ന്നായിട്ടുണ്ട്.വരികൾ നിസ്സഹായതയുടെ തീവ്രത പകരുന്നു.ഗന്ധിസിനിമ കണ്ട് കാലം തള്ളിനീക്കുന്ന നിസ്സഹായ ജീവിതങ്ങളോട് എന്റെ അന്വേഷണം പറയണം......

സ്നേഹപൂർവ്വം
ടി പി സക്കറിയ

ഏറുമാടം മാസിക പറഞ്ഞു...

നൂറയുടെ ഈ കവിത കൂടെ
ചേർത്തുവായിക്കുക
****************************
എനിക്കെന്തൊരു സുഖാണ്...
****************************
ഉമ്മ പെറ്റു
ഒത്താച്ചി മുടികളഞ്ഞു
വല്ലിമ്മ തീറ്റി
ടീച്ചര്‍മാരും മാഷമ്മാരുംകൂടി
മാറിമാറി പഠിപ്പിച്ചു
ബാപ്പ കെട്ടിച്ചു
കെട്ട്യോന്‍ പുലര്‍ത്തി

എനിക്കെന്തൊരു സുഖാണ്...

പത്തിരി പൊറോട്ട കല്‍ത്തപ്പം
തേങ്ങാച്ചോറ് നെയ്‌ച്ചോറ് ബിരിയാണി
കല്യാണം സല്‍ക്കാരം പള്ളകാണല്‍
കുഞ്ഞോളേ ഖല്‍ബേ ഉമ്മച്ച്യേ

എനിക്കെന്തൊരു സുഖാണ്...

ഊരാന്‍ മറന്ന മൈലാഞ്ചി
ചുവന്നുചുവന്നു കറുത്തപ്പോഴാണറിഞ്ഞത്
തണല്‍കൊണ്ട് വിയര്‍ത്തുപോയെന്ന്
ഇരുന്നും കിടന്നും കാല്‍ കടഞ്ഞെന്ന്
തിന്നുതടിച്ച് ഉള്ളുമെലിഞ്ഞെന്ന്
തണുത്തുതണുത്ത് വാക്കിലെ കനല്‍
കെട്ടുപോയെന്ന്

അതിനാലിവിടെ വന്നു
ഇത്തിരിനേരം
വെയില്‍കൊള്ളാമെന്നുവച്ചു
കനല്‍ നിറച്ചു മടങ്ങാമെന്നും

എനിക്കെന്തൊരു സുഖാണ്...
ഭയങ്കരസുഖം.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഈ പെണ്ണക കവിത ഞാൻ വായിച്ചിട്ടില്ല നാസറേ
നാസറേ നാസറേ
എന്നെ കള്ളനെന്നു വിളിക്കല്ലേ

ഏറുമാടം മാസിക പറഞ്ഞു...

മറ്റാരും പറയാതെ ഞാനൊറ്റെക്കെങ്ങിനെ കള്ളനെന്നു വിളീക്കും.അതൊരു സുഖമല്ലല്ലോ?

നസീര്‍ കടിക്കാട്‌ പറഞ്ഞു...

അപ്പോൾ
ഉറപ്പായും ഞാൻ കള്ളനാണെന്നു നാസർ

ഇനി മറ്റുള്ളവർക്കും വിളിക്കാം
സ്വന്തം ജീവിതം മോഷ്ടിച്ച എന്നെ
കള്ളനെന്നു തന്നെ

ഏറുമാടം മാസിക പറഞ്ഞു...

അയ്യോ ഞാൻ അങ്ങനെ പറഞ്ഞില്ലേ വായനക്കാരേ...
എന്തൊരു സുഖം....

രാജേഷ്‌ ചിത്തിര പറഞ്ഞു...

ഒട്ടും അസുഖകരമല്ലാത്ത സുഖവിശേഷങ്ങള്‍..

കത്ത്,കുത്തുകളിലെ പ്രവാസപ്രാസങ്ങള്‍...

നസീര്‍ കടിക്കാട്‌ പറഞ്ഞു...

പ്രിയപ്പെട്ട നാസർ കൂടാളീ

നിന്റെ മറുപടിക്കത്തു കിട്ടി.
കവിതയ്ക്കിടയിൽ കിടന്നു മറന്നു പോയ
നിന്റെ കത്തിനു കാത്തിരിക്കുകയായിരുന്നു.
റൂമിലെല്ലാവരും നിന്റെ കത്തു വായിച്ചു.
നിന്റെയീ കൂട്ടുകാരനാരാടാ
പിണറായിയോ എന്നൊക്കെ പറഞ്ഞ്
എല്ലാവരും കൂടി കുറേ ചിരിച്ചു.

നിനക്ക് എന്താണ്ടൊരു സുഖമാണെന്നറിഞ്ഞതിൽ സന്തോഷം.
കത്തു കിട്ടിയാലുടനെ മറുപടി അയക്കുമല്ലൊ


സ്നേഹത്തോടെ
നസീർ കടിക്കാട്

മുകിൽ പറഞ്ഞു...

ആ സുഖം ഈ സുഖം എല്ലാം വേറെ വേറെ സുഖങ്ങൾ. പിന്നെങ്ങനെ കള്ളനെന്നു വിളിക്കും. പ്രവാസസുവിശേഷങ്ങൾ.

ഏ.ആര്‍. നജീം പറഞ്ഞു...

ഞാനെഴുതാനായി മനസ്സിലെവിടെയോ സ്വരുക്കൂട്ടി വച്ച വാക്കുകൾ.. വരികൾ.. ഞാനുമൊരു പ്രവാസിയായിപ്പോയില്ലെ

ഏ.ആര്‍. നജീം പറഞ്ഞു...

ഞാനെഴുതാൻ മനസ്സിലെവിടേയൊ സ്വരുകൂട്ടി വച്ച വാക്കുകൾ തന്നെ... ഞാനുമൊരു പ്രവാസിയായിപ്പോയില്ലെ

ഏറുമാടം മാസിക പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഏറുമാടം മാസിക പറഞ്ഞു...

പ്രിയപെട്ട കൂട്ടുകാരാ...
കത്ത് കിട്ടി.
ഇടക്ക് ഞാനൊരു സുഖമുള്ള യാത്രയ്ക്ക് പോയി.
അതു കൊണ്ടാൺ മറുപടിയെഴുതാൻ താമസിച്ചത്.
ക്ഷമ.
സുഖമാണെന്നറിഞ്ഞതിൽ സന്തോഷം.
റൂമിലെ 'കൂടെക്കിടക്കുന്ന',
'ചിരിക്കുന്ന'
കൂട്ടുകാരോടും സലാം പറഞ്ഞേകൂ..
മിനിഞ്ഞാനു രാത്രി
പിണറായി സഖാവിനെ
ഞാൻ വീളീച്ചിരുന്നു.
വോട്ട് ചെയ്യാൻ വരില്ലെന്ന് പറഞ്ഞു.
പിറ്റേന്ന് കണ്ണൂരിലെ പോളീങ്ങ് ശതമാനം കണ്ടപ്പോൾ സന്തോഷിച്ചു.
ഇന്നലെ രാത്രി ഞാൻ സുഖായ് ഉറങ്ങി.
ഇന്നു രാവിലെ നാട്ടിൽ വിളീച്ചു.
തലേ രാത്രി കൂട്ടുകാരും സുഖായ് ഉറങ്ങിയെന്ന്.
അടുത്ത ദുവസം ഞാൻ ദുഫായ്ക്ക് വരുന്നുണ്ട്.
അജ്മാൻ കടപ്പുറത്ത് വന്നു
ഇത്തിരിനേരം
വെയില്‍കൊള്ളാമെന്നുവച്ചു
കനല്‍ നിറച്ചു മടങ്ങാമെന്നും
എനിക്കെന്തൊരു സുഖാണ്...
ഭയങ്കരസുഖം.
ഇനി മറുപടിയും-
മഞ്ഞ് തുള്ളിപോലൊരു മനസ്സും പ്രതീക്ഷിച്ച്
നാസ്സർ കൂടാളി.

umbachy പറഞ്ഞു...

കിട്ടി ബാധിച്ചു,
മറുപടിയായി ഒരെസ്സമ്മെസ്സ് അയച്ചിട്ടുണ്ട്.
(അതിനിടക്ക് നീ കവിതയും എഴുതി അല്ലേ)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ രാഷ്ട്രീയം കേൾക്കനും നല്ല രസമാണ് കേട്ടൊ

ബ്ലോഗ്‌ പോലീസ് പറഞ്ഞു...

അധിക വായനയ്ക്ക് മറ്റൊരു കവിത...
സില്‍ എല്‍ എസ് ബുക്സിന്റെ ഹൃദയങ്ങള്‍ പറയുന്നത് എന്ന കവിതാ സമാഹാരത്തില്‍ സഫ്വാന്‍ മൈലാടി എഴുതിയത്
****************************.ചുരുക്കെഴുത്താവുന്ന പ്രവാസി..
********************

ഹൃദയം നിലക്കുന്ന
കൊടും ശൈത്യമെങ്കിലും,
തെല്ലും മടിക്കാതുഴച്ചു ഞാന്‍
മുടങ്ങാതെയയക്കാം
എന്റ്റെ രക്തം കിനിയുന്ന ഡ്രാഫ്റ്റ്..

പട്ടും പൊന്നുമെത്രയെന്നാലും വാങ്ങ;
തൊട്ടയല്‍ക്കാര്‍ മുന്നില്‍
പൊങ്ങച്ചം കാട്ടുക.

പണ്ടൊരു കാലത്ത്
പട്ടിണിക്കോലമായ്,
ചെന്നു തട്ടിയ കൂറ്റന്‍ കവാടങ്ങള്‍,

ഒട്ടിയ വയറിന്റ്റെയാര്‍ത്തനാദം പോലെ,
കൊട്ടിയടച്ചു,വായ് പൊത്തിച്ചിരിച്ചൊരെന്‍.
രക്തബന്ധങ്ങളെയൊന്നും,
വിടാതെ;യെന്നും,വിരുന്നൂട്ടി..
ഘോഷങ്ങളെല്ലാം നിറമുള്ളതാക്കുക.

പിന്നെയും പറ്റുന്ന പോലെല്ലാം,
ദുര്‍വ്യയം ചെയ്തോള്‍ക..

ഇല്ലെനിക്കൊട്ടും,
പരാതിയമ്മേ,

ചുട്ടു പൊള്ളുന്ന പകലിലുച്ച വിശ്രമം
പോലുമില്ലാതുഴച്ച് നീരുവെച്ചൊരീ,
കാലുമായ് വേച്ചൊന്നെല്ലാം
മറന്നുറങ്ങാന്‍ പായിലിടം തേടും
മുന്നെയെന്‍ താതാ....

നിന്റ്റെ മുഴങ്ങുന്ന നാദമൊരുനൊടി
യെന്നാലുമതു കേള്‍ക്കാന്‍;
കൊതിച്ചു ഞാന്‍ ഫോണ്‍കറക്കുന്ന-
വെള്ളിയാഴ്ചയിലിതാ എത്തുവാനൊരല്പം
വൈകിയ ഡ്രാഫ്റ്റിന്റ്റെ പിന്നാമ്പുറങ്ങളെ
ക്കുറിച്ചാരാഞ്ഞരിശം കൊള്ളുന്നൂ നീ..

ഡ്രാഫ്റ്റെത്താതെ പോകയാലലസി-
പ്പിരിഞ്ഞൊരാ,ഡീലിന്റ്റെ നഷ്ടത്തേയോര്‍ത്തു
കണ്ണീരു തൂകുന്നൂ....

ഇത്രയുമധികം തുകയൊട്ടും
കുറയാതെയിത്തിരി
വൈകിയാലുമെത്തി ക്കുവാനെത്ര
പട്ടിണി കിടന്നൂ ഞാനെന്നതും,
ഉച്ചിയിലുരുകുന്ന സൂര്യന്റ്റെ
കണ്ണിറുക്കി ച്ചിരി യാലെത്രയോ
തവണയെന്‍ ബോധം ക്ഷയിച്ചെന്നും,
ചുട്ടവാക്കിനാലെന്റ്റെ നെഞ്ചു പൊള്ളിക്കും
"മുദീറിന്റ്റെ",കൂടത്തിനൊത്തൊരാ കൈകളൊരുപാടു
തവണയെന്‍ കവിളില്‍ പതിഞ്ഞെന്നുമെല്ലാം-
അറിയാതെ പോകട്ടെയച്ഛനൊരിക്കലും....!

ഇല്ലെനിക്കൊട്ടും പരാതിയച്ഛാ...
പൊട്ടിച്ചിരിപ്പിക്കും കാര്‍ട്ടൂണ്‍ തിമിര്‍ക്കുന്ന,
ടിവിക്കു മുന്നില്‍ നിന്നെണീക്കാന്‍ മടിച്ച്,
ഉറക്കത്തിലായെന്നു
പൊളിവാക്കു ചൊല്ലുന്നനിയനൊ,
ഒടുവിലായ്,പാതിമനസ്സോടെ
ഫോണെടുത്തിത്രയും മൊഴിയുന്നൂ..
"ചന്തമെഴുന്നൊരു ക്രിക്കറ്റു ബാറ്റ്,
മുന്തിയ ഗുണമുള്ള ഡിവിഡി സെറ്റ്,
ഇപ്പോളിറങ്ങിയപുത്തന്‍ മൊബൈല്,"
പിന്നെയുമങ്ങിനെയെന്തെല്ലാമോ,
ഉടനേ കൊറിയര്‍
ചെയ്യേണ്ടുന്നതെല്ലാം.ഒരൊറ്റ ശ്വാസത്തില്‍
പറഞ്ഞു തീര്‍ത്തുപൂച്ചയെ,കെണിവെച്ചു
പിടിച്ചൊരെലിക്കുഞ്ഞിന്‍ കൊച്ചുകൌശലത്തിന്നു,
കൈകളടിച്ചും,കുലുങ്ങിചിരിച്ചും,
ഫോണ്‍ ക്രാഡിലേക്കെറിയുന്നൂ..

"സുഖമായിരിക്കുന്നോ നീ"യെന്ന ഭംഗിവാക്കെങ്കിലും,
കേള്‍ക്കാന്‍ കൊതിച്ചിളിഭ്യനായ് പോകുന്ന
പൂച്ചയാകുന്നൂ ഞാന്‍..

ഇല്ലെനിക്കൊട്ടുംപരാതിയനുജാ....
അന്‍പതിന്‍ മുകളേറിടും ചൂടും,
പൂജ്യത്തിന്‍ താഴോട്ടു പായും തണവും,
കൊത്തിപ്പറിക്കുന്ന,ചുടു കാറ്റും,പിന്നെ
കൊഞ്ഞനം കുത്തുന്നഈന്തപ്പനകളും...
ഇടക്കൊന്നു കൊതിപ്പിക്കുംമരുപ്പച്ച വഞ്ചന-
യിതെല്ലാം പകര്‍ന്നൊരീ
മാറാവ്രണങ്ങളുമായൊരുനാള്‍,ഞാന്‍ വരും.

ഒറ്റശ്വാസം പോലൂര്‍ന്നു പോയൊരെന്‍
യൌവ്വനംഹോമിച്ചു,
ഒരുപാടു ജീവിതംകരുപ്പിടിപ്പിച്ചതിന്‍ ശേഷം..

അന്നെനിക്കേകുമോ?
ഒരു പിടിച്ചോറ്..
ഒരു നറു പുഞ്ചിരി..
ഇത്തിരി സ്നേഹത്തിന്‍ ആശ്ലേഷണം...

ബ്ലോഗ്‌ പോലീസ് പറഞ്ഞു...

അധിക വായനയ്ക്ക് മാത്രം...
കോപ്പി എന്നൊന്നും പറഞ്ഞില്ല കേട്ടോ

:)

naakila പറഞ്ഞു...

സുഖങ്ങൾ

Mahesh Palode പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Mahesh Palode പറഞ്ഞു...

നാസര്‍ കൂടാളീ
കളളനെ പിടിച്ചു തന്നതിന് നന്ദി.
ഇനിയെല്ലാവരും തന്നെ കളളനെന്നു വിളിക്കുമെന്നു പറഞ്ഞ് മറ്റൊരടവെടുത്തു അപ്പോള്‍ കള്ളന്‍
ആശയത്തിലും പ്രത്യേകിച്ച് ഭാഷയിലും മോഷണം മോഷണം
വെറുതെയല്ല കാളമൂത്രം പോലെ നീ എന്നും കവിതയെഴുതുന്നത്
എന്നിട്ടും നീ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ടു
നിനക്കുവേണ്ടി , നിന്റെ കാലുനക്കികള്‍ എന്നെ തെറിവിളിക്കുമായിരിക്കും
ചിലപ്പോള്‍ നിന്റെ അപേക്ഷ കേട്ട് ഈ കമന്റ് ബൂലോകകവിതാ സംഘാടകര്‍ ഡിലീറ്റ് ചെയ്യുമായിരിക്കും
മുട്ടന്‍ തെറിയെന്നു പറഞ്ഞ് നീ ഇതിനെ പരിഹസിച്ചു തമാശിച്ച് ചിരിക്കും
കളളാ കടിക്കാടേ
എന്നാലും നാസറേ നീ ആളു ഭയങ്കരന്‍ തന്നെ

Mahesh Palode പറഞ്ഞു...

നാസര്‍ കൂടാളീ
കളളനെ പിടിച്ചു തന്നതിന് നന്ദി.
ഇനിയെല്ലാവരും തന്നെ കളളനെന്നു വിളിക്കുമെന്നു പറഞ്ഞ് മറ്റൊരടവെടുത്തു അപ്പോള്‍ കള്ളന്‍
ആശയത്തിലും പ്രത്യേകിച്ച് ഭാഷയിലും മോഷണം മോഷണം
വെറുതെയല്ല കാളമൂത്രം പോലെ നീ എന്നും കവിതയെഴുതുന്നത്
എന്നിട്ടും നീ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ടു
നിനക്കുവേണ്ടി , നിന്റെ കാലുനക്കികള്‍ എന്നെ തെറിവിളിക്കുമായിരിക്കും
ചിലപ്പോള്‍ നിന്റെ അപേക്ഷ കേട്ട് ഈ കമന്റ് ബൂലോകകവിതാ സംഘാടകര്‍ ഡിലീറ്റ് ചെയ്യുമായിരിക്കും
മുട്ടന്‍ തെറിയെന്നു പറഞ്ഞ് നീ ഇതിനെ പരിഹസിച്ചു തമാശിച്ച് ചിരിക്കും
കളളാ കടിക്കാടേ
എന്നാലും നാസറേ നീ ആളു ഭയങ്കരന്‍ തന്നെ

t.a.sasi പറഞ്ഞു...

കെ.ജി.എസ് ന്റെ ബംഗാളിനുശേഷം
വന്ന ഒരു രാഷ്ടീയ കവിതയെന്നു പറയാൻ പറ്റില്ലെങ്കിലും
മലയാളകവിതയുടെ രണ്ടു ദശാബ്ദത്തിനുള്ളിൽ
വന്ന ഒരു രാഷ്ട്രീയകവിത. ഇപ്പോൾ
മലയാളസാഹിത്യത്തിൽ മാറ്റങ്ങളെല്ലാം
വരുന്നതു ഗൾഫിൽ നിന്നാണല്ലൊ.
ആ നിലക്കു പഴയ (''അബുധാബിലുള്ളൊരെഴുത്തുപെട്ടി..") ഒരു കത്തുപാട്ടിനെ തന്നെ എടുത്തിട്ടതും നന്നായി..

nazarkoodali പറഞ്ഞു...

വിശ്വനാഥാ
തെറ്റിദ്ധരിക്കല്ലേ...

MOIDEEN ANGADIMUGAR പറഞ്ഞു...

ഇക്കൊല്ലം
വരാൻ പറ്റുമെന്നു തോന്നുന്നില്ല
ഇന്നലെ രാത്രി
എല്ലാവരേയും സ്വപ്നം കണ്ടു

വരികളിൽ പ്രവാസിയുടെ നീറുന്ന വേദനയുണ്ട്.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇതൊരു കത്തിലോ/കുത്തിലോ തീരുന്നതല്ല.

Poornachandran പറഞ്ഞു...

ഗംഭീരം

പാര്‍ത്ഥന്‍ പറഞ്ഞു...

കള്ളനാവാൻ അധികം കഴിവൊന്നും വേണ്ട, വിളിക്കാനും. ------------------------------------------- (ഇജ്ജ് വോട്ടുവണ്ടിക്ക് കയ്യ് കാട്ടീല്ലാലെ.)

നസീര്‍ കടിക്കാട്‌ പറഞ്ഞു...

1

പ്രിയപ്പെട്ട ഉപ്പാക്കും ഉമ്മാക്കും
മറുപടിക്കത്തു കിട്ടി
എല്ലാവരും സുഖമായിരിക്കുന്നുവെന്നറിഞ്ഞു സന്തോഷിക്കുന്നു
ഇവിടെ
എനിക്കും സുഖമാണ്

കത്ത് വായിച്ചല്ലൊ
മറുപടി അയച്ചല്ലൊ
അതു മതി
അത്രയെങ്കിലും മതി

ഇവിടെ സുഖമാണ്

2

നാലാമത്തെ പേജ്
കത്തിലില്ലാത്തത്
ഉപ്പയും ഉമ്മയും കണ്ടില്ലല്ലൊ
വായിച്ചില്ലല്ലോ

അതു മതി
ഇവിടെ സുഖമാണ്

3

നാസറേ
ജീവിതം കട്ടു തിന്നുന്നവനെ
കള്ളനെന്നു തന്നെ വിളിക്കണം
നിന്നേക്കാൾ മുമ്പെ
നസീറെന്നെ കള്ളനെന്നു വിളിച്ചതാണ്

3

ഇവിടെ സുഖമാണ്

വിശ്വനാഥാ
ജീവിതം കട്ടു തിന്നുന്നവനെ
കള്ളനെന്നു തന്നെ വിളിക്കണം
നിന്നേക്കാൾ മുമ്പെ
നസീർ നിന്നെ തന്തയില്ലാത്തവനെന്നു വിളിച്ചതാണ്

4

ഇവിടെ സുഖമാണ്

ശശീ
ജീവിതം കട്ടു തിന്നുന്നവനെ
ഒളിച്ചിരുന്നു നോക്കണം
പോലീസെന്നു തന്നെ വിളിക്കണം
നിന്നേക്കാൾ മുമ്പെ
നസീർ നിന്നെ ശവമെന്നു വിളിച്ചതാണ്

ഇവിടെ സുഖമാണ്

5

കത്തിലില്ലാത്തത്

ഒരാൾ എത്ര കാലം
ശവത്തിനു കാവലിരിക്കും

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഞാൻ കട്ടെടുത്ത നൂറയുടെ “ഭയങ്കര സുഖം “ എന്ന കവിത ഹരിതകത്തിൽ വന്നതു ചൂണ്ടിക്കാണിച്ച വെട്ടിക്കാടിനു നന്ദി /പുതിയ കവിത കണ്ടെടുക്കുന്ന പി.പി.രാമചന്ദ്രനു നന്ദി /ഹരിതകത്തിലെ രാമായനം എന്ന പി.പി.യുടെ പി.രാമന്റെ കവിതാവായനയെക്കുറിച്ചുള്ള കുറിപ്പിനു നന്ദി.....എന്റെ രാമന്മാരേ ...........

http://www.harithakam.com/ml/Poem.asp?ID=924

http://www.harithakam.com/ml/kazhcha.asp?ID=30

Kuzhur Wilson പറഞ്ഞു...

വായിച്ച മികച്ച കവിതകളിൽ ഒന്ന്/ രാഷ്ട്രീയ കവിത അരാഷ്ട്രീയ കവിത പ്രവാസി കവിത നാടൻ കവിത മനുഷ്യന്റെ കവിത ദൈവത്തിന്റെയും ഇരുവശത്തുള്ള കള്ളന്മാരുടെയും കവിത കവിത കവിത.

കള്ളൻ എന്ന വിളി കേൾക്കാൻ മാത്രം യോഗ്യതയുള്ള കവിത

t.a.sasi പറഞ്ഞു...

Also see this poem by Naseer Kadikkad

http://samkramanam.blogspot.com/2010/11/mp34mb.html

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഈ ദുബായ് കത്തു കൂടി വായിച്ചോളൂ

http://samkramanam.blogspot.com/2009/01/blog-post_06.html

നിരഞ്ജന്‍.ടി.ജി പറഞ്ഞു...

പഴയ ദുബായ്ക്കത്തിന്റെ 'മദനക്കിനാവുകൾ' മാടിവിളിക്കുന്ന പ്രവാസവിരഹത്തിൽ നിന്ന് ആഗോളതയുടെ കാലത്തെ നേരിട്ടു സംബോധന ചെയ്യുന്ന കവിത..കലക്കി കടിക്കാടേ..

devasena പറഞ്ഞു...

പറഞ്ഞു പറഞ്ഞു കാടു കയറാതെ ഒന്നു നിര്‍ത്തുന്നുന്നുണ്ടോ എല്ലാവരും..

nazarkoodali പറഞ്ഞു...

കാട് കയറിപ്പോകുന്നു ചിലർ...
കടിക്കാടോടൊപ്പം..
അപ്പുറം കാടില്ല ഹിംസ്ര ജന്തുക്കളുമില്ല
ദുഫായിയാണല്ലോ...

Unknown പറഞ്ഞു...

അഹഹാ ..വായനക്കാരെ
ഈ കവിതക്കുള്ള രണ്ടാമത്തെ കമന്റ്
നോക്കു.. നസീർകടിക്കാടിന്റെ പുതിയ
ബ്ളോഗിൽ നിന്നും കടിക്കാട് കടിക്കാടിനെ
വാഴ്ത്തുന്നു.( EM.Yasar Arafath …
നേർക്കാഴ്ച്ചകൾ...)
ഇതൊരു തരം ..എന്താ പറയുക...

Unknown പറഞ്ഞു...

"നാളെ വെള്ളിയാഴ്ച
റൂമിൽ ആരും ഉറങ്ങിയിട്ടില്ല
ആറ്റൻ‌ബറോയുടെ
ഗാന്ധി സിനിമ കാണുകയാണ്"

.....................

ഓരോ വെള്ളിയാഴ്ചയും
പ്രവാസത്തിന്റെ മുറികളിൽ
ഓരോ ആണ്ടറുതികളാണ്‌

ഋതുവിന്റെ എല്ലാ കൊടും
വിഷപ്പകർച്ചകളും
ഓരോ വെള്ളിയാഴ്ച്ചകളിലൂടെയും
തൊലിപ്പുറത്തുകൂടെയും
അസ്ഥിയ്ക്കകത്തുകൂടെയും
കയറി,

ഉറപൊഴിച്ച
പാമ്പിനെപ്പോലെ,
ആഴ്ച്ചയിലൊരു നാൾ
സ്വയം ഭോഗം ചെയ്യുന്ന
കൺസ്റ്റ്രഷൻ ജോലിക്കാരനെപ്പോലെ,
പുതിയ തൃഷ്ണകളിലേയ്ക്ക്
വീണ്ടെടുക്കുന്നു..
..............................

പ്രവാസത്തിന്റെ ഒറ്റ മുറികളെക്കുറിച്ച്
ആരാണ്‌ ഇതിൽ കൂടുതൽ
വ്യത്യസ്ഥമായി എഴുതിയത്..

..............................

നസീറേ നീ കള്ളനാണ്‌!
പെരുങ്കള്ളൻ!
ഞാൻ എഴുതിയ കത്തു
പൊട്ടിച്ച് വായിച്ച കള്ളൻ!
എന്നെപ്പോലൊരുപാടു പേരെഴുതാ(തി)നിരുന്ന
മനസ്സ് പൊട്ടിച്ച് വായിച്ച കള്ളൻ
....................................

"ഉപ്പിട്ടു
മുളകിട്ടു
പൊരിച്ച കോഴിയുടെ
നടന്നു തീരാത്ത കാലുകൾ
കടിച്ചു കടിച്ചു തിന്നുന്ന
സുഖം"

..................
ഇത്ര സുഖമുള്ള വായന
കാണാൻ വൈകിയ
പ്രവാസത്തിന്റെ പ്രളയപ്പെരുപ്പത്തിൽ നിന്ന്
ഞാൻ ഈ കവിതയിലേയ്ക്ക്
താൽക്കാലിക ലീവെടുക്കട്ടെ

Unknown പറഞ്ഞു...

adymayittanu boolakakavitha vayikkunnathu

Kalam പറഞ്ഞു...

ഇവിടെ ഭയങ്കര സുഖമാണ്.
സുഖം കൊണ്ടു സ്വ്യൈര്യല്ല!