1/2/11

സ്വത്വം / രൺജിത്ത് ചെമ്മാട്

പുഴയും കടലും കാടുകളും നാടിനെ
'ട്രൂകോപ്പി അറ്റസ്റ്റ്' ചെയ്തപോലെ,
വയർ, മീശ, താടി, കഷണ്ടി എന്നീ ഗസറ്റഡ്
ഉദ്യോഗസ്ഥന്മാരെക്കൊണ്ട് കൈയ്യൊപ്പിട്ടാണ്‌
ഞാൻ സമുദ്രങ്ങൾ മുറിച്ച് കടക്കാറുള്ളത്

ജാത്യാലുള്ളത് തൂത്താപ്പോകൂലാന്ന്
ഓരോ ക്ളീൻ ഷേവിലും അമ്മ
ചിത്രം മാറിയ മുഖത്തേയ്ക്ക് കണ്ണുരുട്ടും!

'എന്റെ നാട്ടിൽ വരുന്നോ' എന്ന് ഓരോ
സമുദ്രാതിർത്തിയിലും വലിയ കണ്ണിയുള്ള
വലയെറിഞ്ഞ് ഞാൻ മീൻപൊലിപ്പളക്കും

ഓരോ യൂറോപ്യൻ തീരങ്ങളിലും
ഞാനൊരേഷ്യൻ പ്രതിനിധിയായ്
കുറുകിച്ചുരുങ്ങാറുണ്ട്‌!
ചിത്രലിപികളിൽ തീണ്ടപ്പെട്ട്
കണ്ണുമങ്ങുന്ന ഏഷ്യൻ തെരുവുകളിൽൽ
'അമേസിംഗ് ഇന്ത്യ' ക്കാരനായി
ഞാൻ നമസ്തേ സ്വീകരിക്കുന്നു.

ഉരുക്കു വ്യാളിയുടെ വയറുകീറി പുറത്തിറങ്ങിയ
മുംബായ് റെയില്‌വേ സ്റ്റേഷനിൽ
ചെമ്മാട്ടുകാരനായ എന്റെ വിളിയ്ക്ക്
അരേ മദിരാശിഭായ്, തുമാരീ ഗോഡ്സ് ഓൺ
കണ്ട്രി മേം സരൂർ ആവൂംഗാ അകേലാ ബാർ
എന്ന് വായിൽ വെള്ളമൂറിച്ച് അവരെന്നെ ഒരു
മലയാളി ഭായ്ജാനാക്കുന്നു!

കേരളപ്പെരുമയിലൊരു പൂരപ്പറമ്പിൽ
മിണ്ടിപ്പറഞ്ഞിരിക്കേ അവനെന്നോട്
ങ്ങള്‌ മലപ്പൊറത്തോ കോയിക്കോടോ
എന്ന് ചോദ്യത്തിലൂടെ എന്റെ ഇടവഴികളെ
തിരിച്ചറിയുന്നു.

പാളയം സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോൾ
ങ്ങള്‌ ചെമ്മാട്ട്കാരനല്ലേന്ന് കൈകൊട്ടി വിളിച്ച്
അവന്റെ കാറിലൊരു ലിഫ്റ്റ് തരുന്നു..

ചെമ്മാട് മാർക്കറ്റ്ന്ന് മീൻ വാങ്ങി
ഒരു ലുങ്കിയിൽ തിരിച്ചു നടക്കുമ്പോൾ,
പാങ്ങോട്ടും പാടത്തേയ്ക്കാണാ? ഓട്ടോ കാലിയായി
പോവുകയാണെന്ന് ഒരുവൻ ഓട്ടോയിലേയ്ക്ക് കയറ്റുന്നു!

പാങ്ങോട്ടും പാടത്തെ സെവൻസ് ഗ്രൗണ്ടിലെ
ആൾക്കൂട്ടത്തിൽ നിന്ന് അവനെന്നോട് അമ്മ
അന്വോഷിക്കുന്നുവെന്ന് വീട്ടിലേയ്ക്ക് കൈ ചൂണ്ടുന്നു.

മീശയും വയറും കഷണ്ടിയും ചിത്രപ്പണി ചെയ്ത
എന്നെ ഏതാൾക്കൂട്ടവും വീട്ടിലേക്കെത്തിയ്ക്കുന്നത്
ഞാനൊരു നാട്ടിൻപുറത്തുകാരനായതുകൊണ്ടാവണം!

കുടിയേറ്റത്തിലെ കോർപ്പറേറ്റ് കൂലിക്കാലാളായി,
സ്യൂട്ടിനകം തണുപ്പിക്കാൻ മദ്യശാലയിലെത്തുമ്പോൾ
ഞാനാ മദ്യശാലാ കസ്റ്റമറായും
കാർപ്പാർക്കിനകത്തൊരു ലക്സസ് തണുപ്പിൽ
അവളെന്നെ ഉരസിത്തീപടർത്തുമ്പോൾ
ഞാനവളുടെമാത്രം ക്ളൈന്റായും
പിസാഹട്ടിലിരുന്നൊരു പിസ മാന്തുമ്പോൾ
ഞാനാ ടേബിൾ നമ്പറുകാരൻ മാത്രമായും മാറുന്നത്
പ്രവാസത്തിലേയ്ക്ക് കുടിയേറുന്നവന്റെ
ഊരും പേരും വർത്തമാനത്തിലേയ്ക്ക്
വിവർത്തനം ചെയ്യുന്ന്തുകൊണ്ടാകണം.

22 അഭിപ്രായങ്ങൾ:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പുഴയും കടലും കാടുകളും നാടിനെ
'ട്രൂകോപ്പി അറ്റസ്റ്റ്' ചെയ്തപോലെ,
വയർ, മീശ, താടി, കഷണ്ടി എന്നീ ഗസറ്റഡ്
ഉദ്യോഗസ്ഥന്മാരെക്കൊണ്ട് കൈയ്യൊപ്പിട്ടാണ്‌
ഞാൻ സമുദ്രങ്ങൾ മുറിച്ച് കടക്കാറുള്ളത്

രാജേഷ്‌ ചിത്തിര പറഞ്ഞു...

വർത്തമാനത്തിലേയ്ക്ക്
വിവർത്തനം .....

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

സമുദ്രങ്ങള്‍ മുറിച്ചുകടക്കുന്ന കണ്ടെത്തലുകള്‍..

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

പ്രവാസത്തിലേയ്ക്ക് കുടിയേറുന്നവന്റെ
ഊരും പേരും വർത്തമാനത്തിലേയ്ക്ക്
വിവർത്തനം ചെയ്യുന്നവനേ ,ഒരു വന്ദനം!

പ്രയാണ്‍ പറഞ്ഞു...

യാത്ര തുടങ്ങിയയിടത്ത് തിരിച്ചെത്തുന്നു എന്നതാണ് ഇതില്‍ എന്നെ കൊതിപ്പിക്കുന്നത് gr8

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ആഗോള ലേബലുകൾ തൊട്ട് വീടെത്തും വരെ ലേബലിൽ ഒതുങ്ങുന്നവർ...
നന്നായിട്ടുണ്ട് കേട്ടൊ ഭായ്

പാമരന്‍ പറഞ്ഞു...

good one, maashe.

LiDi പറഞ്ഞു...

അടുത്ത കവിതയിലൊരൊറ്റവാക്കുകൊണ്ട് ഇതാണ് ഞാനെന്ന് പറയണം കേട്ടോ.
നന്നായിരിക്കുന്നു.

khader patteppadam പറഞ്ഞു...

കവിത സംവദിക്കുന്നുണ്ട്‌

കാവലാന്‍ പറഞ്ഞു...

ചെമ്മാടാ,.......
കൊള്ളാം ട്ടോ.

Unknown പറഞ്ഞു...

നന്ദി, വായിച്ചഭിപ്രായമറിയിച്ചവർക്കെല്ലാം.....

zephyr zia പറഞ്ഞു...

സ്വത്വം നഷ്ടപ്പെട്ട പ്രവാസികള്‍ നമ്മള്‍!

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

സ്വത്വതര്‍ക്കങ്ങള്‍ക്കിടയില്‍
സ്വത്വത്തെക്കുറിച്ചൊരു നല്ല കവിത

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

രഞ്ജിത്തിന്റെ കവിതയ്ക്ക് നല്ലമാറ്റം വന്നിട്ടുണ്ട്.

നല്ല മാറ്റം.

കനമുള്ള ഒരു കവിത കൂടി

ബെഞ്ചാലി പറഞ്ഞു...

പാങ്ങോട്ടും പാടത്തിലൂടെ കുറച്ചൂടെ പോയ്കൂടായിരുന്നൊ... ഹ ഹ.. ഉശാറായി!!

yousufpa പറഞ്ഞു...

സൂപ്പർ കോമ്പിനേഷൻസ്.

ശ്രീജ എന്‍ എസ് പറഞ്ഞു...

ഏഷ്യന്‍ എന്ന ലേബലില്‍ നിന്ന് ചെമ്മനട്ടു കാരനിലെയ്ക്ക് അല്ലെ..പ്രവാസിയുടെ ഭാഗ്യം(?)

അനില്‍ ജിയെ പറഞ്ഞു...

എന്നാലും ങ്ങള്‌ ചെമ്മാട്ട്കാരനല്ലേ?ല്ലേ?

Unknown പറഞ്ഞു...

ഒരു പ്രവാസിയുടെ തീരാത്ത പരിദേവനങ്ങൾ ഉൾക്കൊണ്ടു കൊണ്ടു നഗ്ന യാഥാർത്ഥ്യങ്ങൾ വളച്ചോടിക്കാതെ വരച്ചു വച്ചിരിക്കുന്ന ഒരു നല്ല കവിത{?} ഒരു ജെയിംസ് ജോയ്സ് എഴുത്തു പോലെയിരിക്കുന്നു.. അഭിവാദനങ്ങൾ!

Unknown പറഞ്ഞു...

സ്വത്വം കവിതയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള താങ്കളുടെ ശ്രമം എനിക്കു തന്നത് അടുത്ത കാലത്തു വായിച്ചതില്‍ ഏറെ ആസ്വാദ്യമായ കവിതാനുഭവം.
അയല്‍ദേശക്കാരാ, ആശംസകള്‍ ...

Unknown പറഞ്ഞു...

നന്ദി, നല്ല വാക്കുകൾക്ക്...

rasheed mrk പറഞ്ഞു...

കൊള്ളാം ആശംസകള്‍

സമയം കിട്ടുമ്പോള്‍ ഈ ചെറിയ കാട്ടി കൂട്ടലുകളിലേക്ക് സ്വാഗതം
http://apnaapnamrk.blogspot.com/
ബൈ എം ആര്‍ കെ