28/12/10

കൊല്ലന്‍

വരമ്പിനു നടുക്ക്
കാറ്റിനോടെപ്പോഴും
കൈചൂണ്ടിക്കെറുവിക്കു
മൊറ്റപ്പനയോടു തൊട്ട
ഓലപ്പുരയായിരുന്നാല

കൊല്ലനതില്‍
വാക്കത്തി,കൊടുവാളു
കഠാരകളില്‍
മൂര്‍ച്ചയേറ്റിയ ധ്യാനത്തിലിരുന്നു

ഇടയ്ക്കു റോഡിനോരത്തു വന്ന്
ചായകുടിച്ച്
ബീഡിയെരിച്ച്
പൊകല ചവച്ച്
പുകചുവപ്പിച്ച കണ്ണുകളോടെ
ആലയിലേക്കു തന്നെയടങ്ങും

ഇരുമ്പിരുമ്പിനോടു
ചെന്നുപറയുമൊച്ചകള്‍
ഓലപ്പഴുതുകടന്ന്
കൊറ്റികളെ പറപ്പിച്ചുവിട്ടു

മൂര്‍ച്ചയില്ലാത്തൊരരിവാളുമാ
യന്തിനേരമാകാശം
തോടുചാടിക്കടന്നു ചെല്ലുമ്പോള്‍
ആറിയ ആലയ്ക്കരികിലിരുന്നു ചാരി
കൊല്ലനൊരു കിനാവുകണ്ടുറങ്ങുന്നു
നിറുകയിലൊരു വാള്‍മുന
വീഴാനോങ്ങുന്നു

കുഞ്ഞുങ്ങളുടെ ചിരി
കാറ്റിലെഴുതുകയാവുമന്നേരം കരിമ്പന

5 അഭിപ്രായങ്ങൾ:

naakila പറഞ്ഞു...

കുഞ്ഞുങ്ങളുടെ ചിരി
കാറ്റിലെഴുതുകയാവുമന്നേരം കരിമ്പന

എന്‍.ബി.സുരേഷ് പറഞ്ഞു...

കരിമ്പന കൊല്ലനെ ഒറ്റുകൊടുക്കുമോ അതോ അപകടത്തെക്കുറിച്ച് ഓതിക്കൊടുക്കുമോ.

പ്രകൃതിജീവിതത്തിന്റെ ഒരു ലയമുന്റിവിടെ.

ഒരു ജൈവവൈദിധ്ദ്യം.
ഒരു ജീ‍വിതം വിയർപ്പൊഴുക്കുന്നതും.

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

നിറുകയിലൊരു വാള്‍മുന
വീഴാനോങ്ങുന്നു
കുഞ്ഞുങ്ങളുടെ ചിരി
കാറ്റിലെഴുതുകയാവുമന്നേരം കരിമ്പന
-നന്നായിരിക്കുന്നു വ്യസനം

MOIDEEN ANGADIMUGAR പറഞ്ഞു...

കുഞ്ഞുങ്ങളുടെ ചിരി
കാറ്റിലെഴുതുകയാവുമന്നേരം കരിമ്പന

എം പി.ഹാഷിം പറഞ്ഞു...

മൂര്‍ച്ചയില്ലാത്തൊരരിവാളുമാ
യന്തിനേരമാകാശം
തോടുചാടിക്കടന്നു ചെല്ലുമ്പോള്‍
ആറിയ ആലയ്ക്കരികിലിരുന്നു ചാരി
കൊല്ലനൊരു കിനാവുകണ്ടുറങ്ങുന്നു
നിറുകയിലൊരു വാള്‍മുന
വീഴാനോങ്ങുന്നു