22/12/10

ഗൃഹാശയം

എല്ലാ വാതിലുകളുമടയുമ്പോള്‍
വാതിലുകളേയില്ലാത്ത ഒരു വീട്‌
മരങ്ങളോട്‌ പിണങ്ങി ആകാശം നിറയെ വേരുകളും
ഭൂമി നിറയേ ശാഖകളും പടര്‍ത്തി ഒരു മരമതിന്റെ മുറ്റത്ത്‌
ആഗ്രഹിക്കുമ്പോള്‍ മരിക്കുന്നതിന്‌ ഒരു കട്ടിലും
അതേ പോലെ ജനിക്കുന്നതിന്‌ ഒരു തൊട്ടിലും ഓരോ അകത്തും
ജനലുകളോട്‌ കാറ്റും ചുമരുകളോട്‌ വെളിച്ചവും സമ്മതം ചോദിക്കില്ല
ഇല്ലാത്ത മതിലുകള്‍ എല്ലാ നടപ്പുകളേയും ക്ഷണിച്ചു വരുത്തും
ഇല്ലാത്ത വാതിലുകള്‍ എല്ലാ വഴികളേയും അകത്തു കയറ്റും
അടിച്ചേല്‍പ്പിക്കപ്പെട്ട വീട്ടില്‍ പാര്‍ക്കാതിരിക്കാനുള്ള അവകാശം
ഒരിക്കലെങ്കിലും നിങ്ങളുമാഗ്രഹിച്ചിരിക്കും
മടുക്കുമ്പോള്‍ ഉപേക്ഷിക്കാവുന്ന ഒരു പുറന്തോട്‌ മതി എനിക്കുമെന്ന്‌
ഒരു ദിവസമെങ്കിലും മോഹിച്ചിരിക്കും
അങ്ങനെ ഒരു ദിവസം പടുത്തു തുടങ്ങിയതാണ്‌ ഈ വീടും

ഒരോ ദിവസും ഒരോ അഥിതി
ശനി പോയി പിറ്റേന്നു ഞായര്‍ വരും
ചോവ്വേ വന്നോളൂ എന്നു വിളിക്കേണ്ടതില്ല
തിങ്കളു പോകുന്ന രാത്രി അവന്‍ വരും
പ്രയപ്പെട്ട ബുധന്‍ പുറപ്പെട്ടുവോ എപ്പോഴെത്തും എന്നൊന്നുമില്ല ആധികള്‍
വ്യാഴവും വെള്ളിയും ചിലപ്പോള്‍ ഒന്നിച്ചാണു വരിക,
അവരൊന്നിച്ചു പോകാതിരുന്നാല്‍ മതി
ഉന്‍മാദത്തില്‍ പണിത വീടുകളാണ്‌
സ്വപ്‌നത്തില്‍ വച്ച വീടുകളേക്കാള്‍ ജീവിതത്തിന്റെ വസതി
വീടുകള്‍ ഇടക്കിടെ ഉയര്‍ത്തുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമെതിരെ
കൊതികള്‍ പാകിയ ഒരുത്തരക്കെട്ട്‌
പണിതീരുന്നതിനു മുന്നേ ഗൃഹപ്രവേശം കഴിഞ്ഞ
ഈ വീട്ടിലെ താമസക്കാരനെ നിങ്ങളറിയും
ഇല്ലെന്നു പറയരുത്‌
നിങ്ങളും വരണം
ഈ വീട്ടിലും ഇടക്ക്‌ ഒന്നു കൂടുന്നത്‌ നന്ന്‌

11 അഭിപ്രായങ്ങൾ:

ശ്രീനാഥന്‍ പറഞ്ഞു...

കവിതയിലൊരു വീട് ഇതിലേറെ എന്തു തരാനാണ്, സന്തോഷം, ഒരു മരമതിന്റെ മുറ്റത്ത്‌
ആഗ്രഹിക്കുമ്പോള്‍ മരിക്കുന്നതിന്‌ ഒരു കട്ടിലും - ആലുവയടുത്ത് അങ്ങനെയൊരാളുണ്ടായിരുന്നു, താങ്കളുമറിയുമായിരുന്നോ അദ്ദേഹത്തെ?

umbachy പറഞ്ഞു...

ഇല്ല ശ്രീനാഥന്‍..

Aardran പറഞ്ഞു...

എല്ലാ വാതിലുകളുമടയുമ്പോള്‍
വാതിലുകളേയില്ലാത്ത ഒരു വീട്‌
മരങ്ങളോട്‌ പിണങ്ങി ആകാശം നിറയെ വേരുകളും
ഭൂമി നിറയേ ശാഖകളും പടര്‍ത്തി ഒരു മരമതിന്റെ മുറ്റത്ത്‌
ആഗ്രഹിക്കുമ്പോള്‍ മരിക്കുന്നതിന്‌ ഒരു കട്ടിലും

........................

ബഷീറിന്റെ മുറ്റത്തെ ആ കട്ടില്‍ ഓര്‍മ്മ വന്നു.

Umesh Pilicode പറഞ്ഞു...

ഇല്ലെന്നു പറയരുത്‌
നിങ്ങളും വരണം
ഈ വീട്ടിലും ഇടക്ക്‌ ഒന്നു കൂടുന്നത്‌ നന്ന്‌

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മരക്കട്ടിലും,മരവാതിലുമില്ലത്ത വീടുകളിലിരുന്ന് ഇത് വായിക്കുമ്പോൾ ഒരു സുഖം...

Kuzhur Wilson പറഞ്ഞു...

ഉമ്പാച്ചിയുടെ എന്ന് മാത്രമല്ല വായിച്ച നല്ല കവിതകളിൽ ഒന്ന് /
ഈ പഹയൻ എവിടെ പോയി എന്ന് പാതിരാത്രിക്കുണർന്ന് വീട് എന്നെ ചോദിക്കുന്നത് ഇടയ്ക്ക് സ്വപ്നം കാണും

യുവകവികളിൽ സാധാരണ ലഹരികൾ ഒന്നും ബാധിക്കാത്ത കവിയാൺ റഫീക്ക്

നിനക്ക് കവിതയുടെ ലഹരി മാത്രം മതിയെന്ന് ഈ കവിത പറയുന്നു / ഇങ്ങനത്തെ വീട്ടിൽ ഉറങ്ങാൻ ആഗ്രഹിക്കുന്ന ഒരാൺ

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

മടുക്കുമ്പോള്‍ ഉപേക്ഷിക്കാവുന്ന ഒരു പുറന്തോട്‌ മതി എനിക്കുമെന്ന്‌
ഒരു ദിവസമെങ്കിലും മോഹിച്ചിരിക്കും !!!!

Karthika പറഞ്ഞു...

വീട് എന്ന ബിംബത്തെ തച്ചുടച്ച് കവിതയാക്കി...ആരും കൊതിക്കുന്ന ജീവിതമാക്കി... വല്ലാത്തൊരു പുതുമ...

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

അസ്സൽ കവിത!

Rafeek Patinharayil പറഞ്ഞു...

വിത്സാ... സാധാരണ ലഹരി എന്നു പറഞ്ഞാല്‍ വെള്ളമടി,കഞ്ചാവ്, മുതല്‍ താഴോട്ട് പുകവലി, പാന്‍ പരാഗ് വരേ ഇല്ലാത്ത ഒരു സാധുവാണ് ഉമ്പാച്ചി. ഇനി കവികളുടെ ഭാഷയിലെ ലഹരി വല്ലതുമാണെങ്കില്‍ ഞാന്‍ വിട്ടു.

Unknown പറഞ്ഞു...

എന്നോടുള്ള വെറുപ്പ് ഇത്ര മനോഹരമായ കവിതയായ് നീ മാറ്റുമെങ്കില്‍ നമുക്കിനിയും പിണങ്ങണം.