5/12/10

കാഴ്ചബംഗ്ലാവ്

നസീർ കടിക്കാട്

പക്ഷികളെ തുറന്നുവിട്
ഇഴജന്തുക്കളെ തുറന്നുവിട്
മൃഗങ്ങളെ തുറന്നുവിട്

ആ ആമകളേയും
ഉള്ളിലുള്ള മനുഷ്യരേയും തുറന്നുവിട്

കാണെടോ കണ്ടു രസിക്കെടോ
പച്ചയിൽ മാത്രമല്ല പച്ച കലർന്ന ചുവപ്പിലും മഞ്ഞയിലും
നല്ല നാടൻ തത്തയെ
പ്രേമലേഖനം കാണാപ്പാഠമാക്കിയ പണ്ടത്തെ ഹംസത്തെ
വെയിലു കണ്ടാലും പീലി വിടർത്തുന്ന മയിലിന്റെയാ പീലിയെ

കറുകറുത്തൊരോന്തിനെ
കടിച്ചിട്ടും കടിച്ചിട്ടും ആരും ചാവുന്നില്ലെന്നു
പത്തി വിടർത്തുന്ന നീർക്കോലിയെ
ചിരിച്ചു ചിരിച്ച് മഞ്ഞച്ച ചേരയെ
മുഖം കാണേണ്ടെന്നു കളിപറഞ്ഞോടുന്ന കീരിയെ

ഞാനാടാ ഗബ്ബർസിംഗെന്ന് കറുപ്പ് ചവച്ചു തുപ്പും സിംഹത്തെ
ഞാനാടാ സേതൂന്റെ കൂട്ടുകാരനെന്ന് ചാടിക്കിതച്ചു വരും പുലിയെ
ങ് ഹാ...യെന്ന് ചിരിപ്പിച്ച് ഉരുണ്ടുവരുന്ന കരടിയെ

ആ ആമകളെ ആരെങ്കിലും കണ്ടോ?

7 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ആ മനുഷ്യക്കൂട്ടത്തെ ആരെങ്കിലും കണ്ടോ?

സുജനിക പറഞ്ഞു...

കാഴ്ചബംഗ്ലാവിന്ന് ഒരു വികാരമേ ഉള്ളു. സ്വാതന്ത്ര്യ നിഷേധത്തിന്റേ മാത്രം.

മുകിൽ പറഞ്ഞു...

ആമകൾ തല വലിച്ചിരിക്കുന്നു..

Unknown പറഞ്ഞു...

ഏതാ ആ ആമ?

Mahendar പറഞ്ഞു...

കാണികളെ കാഴ്ച ബംഗ്ലാവിലേക്ക് തുറന്നു വിട്..

Pranavam Ravikumar പറഞ്ഞു...

ഇതാണ് ആ ആമ? എനിക്കും സംശയം

എന്‍.ബി.സുരേഷ് പറഞ്ഞു...

കവിതയുടെ മൃഗീയ തീവ്രത, പക്ഷിപ്പനിയുടെ ചൂട് അവസാന ഭാഗത്ത് നഷ്ടമായോ? കവിതയുടെ പാറ്റേൺ മാറ്റിപ്പിടിക്കേണ്ടതില്ലായിരുന്നു എന്ന് തോന്നുന്നു. ആദ്യ ഭാഗം വല്ലാതെ ഇഷ്ടപ്പെടുത്തി.