29/11/10

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ

രണ്‍‌ജിത്ത് ചെമ്മാട്

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എല്ലാ വ്യാഴാഴ്ചയും
ഏതെങ്കിലുമൊരുൾക്കടലിൽ നിന്ന്
ന്യൂനമർദ്ദം ഉൽഭവിച്ച്
കാവൽക്കാരന്റെ കണ്ണുവെട്ടിച്ച്
മുറിയിലേക്ക് ഉരുണ്ടു കൂടും
പാളത്തിലുടക്കി ചുഴിയിൽപെരുക്കി
പൊത്തിലുരച്ച് പത്തിവിരിച്ച്
ഉറപൊഴിച്ച് അത് കോറിഡോറിലൂടെ
ഇഴഞ്ഞിറങ്ങിയിരുന്നു...


ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!



ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ തീവണ്ടി പാളം തെറ്റാറുണ്ടായിരുന്നു
ഒന്നാമനൊരു ഐ.ടി. അഡ്മിനിസ്റ്റ്രേറ്റർ!
ചെവിയും ഫോണും തമ്മിലുള്ള ദൂരത്തെ
ബ്ളൂടൂത്തുകൊണ്ടളന്ന് മൈക്രോവേവ്
റേഡിയോ സിഗ്നലുലുകളുടെ
പ്രസരണവ്യതിയാനങ്ങളിൽ
വേവലാതി പൂണ്ട്
ഭാര്യയിലേക്കുള്ള ഡയലിനെ
മറവികൊണ്ട് ഹരിച്ച്
തിരിഞ്ഞും മറിഞ്ഞും...


ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമൊരു മൂർഖൻ
കൂടപൊക്കിപ്പുറത്തു ചാടാറുണ്ടായിരുന്നു
രണ്ടാമൻ നെറ്റ്‌വർക് എഞ്ചിനീയർ!
കട്ടിലും ടിവിയും തമ്മിലുള്ള
അകലത്തെ എട്ടായിപ്പെരുത്ത്
ഒരു പൊത്തിനുള്ളിലേക്ക്
വലിഞ്ഞുരുണ്ട് മകന്റെ
പിറന്നാൾ ദിനം പോലും
മറന്ന്....മറന്ന്....

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ വിമാനം
ആകാശച്ചുഴിയിൽ പെടാറുണ്ടായിരുന്നു
മൂന്നാമനൊരു സോഫ്റ്റ്‌വെയർ ഡിസൈനർ
ഡോർ ആക്സസ്സിന്റെയും
തമ്പ് ഇമ്പ്രഷന്റെയും
ബാകപ് അപ്‌ലോഡിംഗ്
പ്രൊസ്സസ്സുകളിലൂടെ നടുവൊടിഞ്ഞ്
സ്വയം ഭോഗം ചെയ്യാൻപോലുമാകാതെ
കാമുകിയെ കോൾ,ബാർ ചെയ്ത്
മലർന്ന് കമിഴ്ന്ന്....

ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!

35 അഭിപ്രായങ്ങൾ:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്

Jayesh/ജയേഷ് പറഞ്ഞു...

നല്ല കവിത. നഗരജീവിതത്തിൽ ഇഷ്ടമില്ലെങ്കിലും കൂടെക്കൂട്ടേണ്ടി വരുന്ന ചില അസ്വസ്ഥതകളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു

Kuzhur Wilson പറഞ്ഞു...

തിങ്കളാഴ്ച്ച രാവിലെ തന്നെ വ്യാഴാഴ്ച്ചയിലേക്ക് ഒരു ഓട്ടം വച്ച് കൊടുത്തു / നിന്റെ കവിത കാരണം

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിത . പ്രവാസത്തിന്റെ നാഗരികമടുപ്പുകളിലൂടെയുള്ള പ്രയാണം...അസ്വസ്ഥതകള്‍ ..വീര്‍പ്പുമുട്ടലുകള്‍ ..ആകുലതകള്‍..

Unknown പറഞ്ഞു...

നണ്ട്രി, വിൽസേട്ടാ, ജയേഷ്, രാശി....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നല്ല കവിത . പ്രവാസത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വരികള്‍

asmo puthenchira പറഞ്ഞു...

കവിതയിലേക്കുള്ള വഴി അഞ്ചു പേരുള്ള മുറിയില്‍ നിന്ന് വെട്ടിതുടങ്ങിയത് നന്നായി .

Mahendar പറഞ്ഞു...

നാത്തൂറിന്റെ...

മറന്നു തുടങ്ങിയ പ്രവാസക്കാലത്തിനെ തിരിച്ചു പിടിച്ചു തന്നു ഈ കവിത..

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കവിത വൃത്തത്തിലാവണം.

ഈ കവിത സമചതുരവൃത്തത്തിൽ

ലക്ഷണം:
ശരീരം അഞ്ചങ്ങോട്ടും അഞ്ചിങ്ങോട്ടും
അഞ്ച് ഗുരു അഞ്ച് ലഘു

ഈ കവിതയ്ക്ക് അഞ്ച് കട്ടിലുകളുടെ
ഒരു ചിത്രം വരയ്ക്കാൻ തോന്നുന്നു.

Unknown പറഞ്ഞു...

കവിത നന്നായി കടിക്കാടാ

അനിലൻ പറഞ്ഞു...

രഞ്ജിത്...
ഞങ്ങള്‍ ആറുപേരുണ്ടായിരുന്നു. ഒരാള്‍ (സഞ്ജീവ്) മരിച്ചു.
നല്ല കവിത!

Unknown പറഞ്ഞു...

നന്ദി
സഗീർ, അസ്മോ മാഷേ,
മഹീന്ദർ അബു, നല്ല വാക്കുകൾക്ക്
നസീർ, അനിലേട്ടാ നിങ്ങളൊക്കെ കവിതകൊണ്ട് കെട്ടിയുണ്ടാക്കിയ
ഇരുമ്പു കട്ടിലുകളിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും
കിടന്നെന്റെ പുറം തൊലിയിപ്പോഴും അടർന്ന് പൊയ്ക്കൊണ്ടിരിക്കുന്നു....
ഈ പ്രോൽസാഹനത്തെ ഹൃദയത്തോട് ചേർക്കുന്നു....

നസീര്‍ കടിക്കാട്‌ പറഞ്ഞു...

abukunjami പറഞ്ഞു...
കവിത നന്നായി കടിക്കാടാ

അബു=അച്ഛൻ

കുഞ്ഞ്=മോനോ മോളോ

ആമ=കട്ടിയുള്ള പുറന്തോടിനുള്ളിൽ തലയും
കാലുകളും ആവശ്യാനുസരണം ഉൾവലിക്കുവാനും
പുറത്തുനീട്ടി കരയ്ക്കിഴയുവാനും
വെള്ളത്തിൽ നീന്തുവാനും കഴിവുള്ളൊരു ജീവി

ആന്യ്ക്കൊരു വള്ളിയിട്ടാൽ ആനിയാകും
ആമയ്ക്കൊരു വള്ളിയിട്ടാൽ ആമിയാകും

എന്റെ നാട്ടിൽ ഏതു വേശ്യ വന്നാലും
ആമിയെന്നേ വിളിക്കൂ
പോസ്റ്റുകാലെന്നു പറയുമ്പോലെ

നല്ലതു പറയുവാൻ ഇത്ര ചീത്തയാവണോ?

ഏ.ആര്‍. നജീം പറഞ്ഞു...

ഇതെന്റെ മുറി ... അല്ല എന്റെയും മുറി തന്നെ..
വ്യാഴാഴ്ച്ചകളെ സുഖമുള്ളതാക്കുന്ന കാറ്റും കൊളുമോക്കെയുള്ള ഞങ്ങളുടെ സ്വന്തം മുറി തന്നെ..

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ഈ ലോകമൊരു മുറിയാകുമ്പോള്‍ ഇവിടെ ഓരോരുത്തരം സ്വന്തം കൊന്നും ഓരോ മരണത്തിനും ആള്‍ക്കൂട്ടമുണ്ടാക്കിയും കൂടിയിരിപ്പ് നടത്താറുണ്ട്. മരണം അതിന്‍ റെ മുഴുവന്‍ ആസുരതയോടും ജീവിക്കുന്നത് ജീവിച്ചിരിക്കുന്നവരിലൂടെയാണെന്ന് പറയുക സാധാരണമാണ്. അഞ്ചു പേരുള്ള മുറിയില്‍ വെറും ശരീരമായി അവസാനിക്കുന്നു. എവിടെയാണ് ആ ശരീരത്തിലെ ജീവനുകള്‍? ആത്മാവില്ലാതെ ശരീരം മാത്രമായൊരു പ്രദര്‍ശന വസ്തുക്കളാണ് മനുഷ്യര്‍. ആള്‍ക്കുട്ടമുണ്ടാക്കാന്‍ ഏറ്റവും ചിലവ് കുറഞ്ഞ മാര്‍ഗ്ഗം ശരീരം തന്നെയാണ്. നല്ല വസ്ത്രം ധരിച്ചാലും ഒന്നും ധരിച്ചില്ലെങ്കിലും ശരീരം ആളുകളെ കൂട്ടുക തന്നെ ചെയ്യുന്നു. അതിന് സ്ത്രീ ആകണമെന്നോ പുരുഷനാകണമെന്നോ നിര്‍ബന്ധമൊന്നുമില്ല. എന്നിട്ടും മുറിയിലെന്നും തീവണ്ടി പാളം തെറ്റുകയും മൂർഖൻ
കൂടപൊക്കിപ്പുറത്തു ചാടുകയും വിമാനം ആകാശച്ചുഴിയിൽ പെടുകയും ചെയ്തു കൊണ്ട് ഓരോ മരണത്തിലും ഒരാള്‍ക്കൂട്ടമുണ്ടാക്കുകയും കൂടിയാടുകയും പതിവുള്ള ഈ ലോകത്ത് രഞ്ചിത്തിന്‍ റെ ബിംബ സമുച്ചയങ്ങള്‍ക്ക് മുമ്പില്‍ ഹാറ്റ്സ് ഓഫ്..!!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വളരെ ഇഷ്ടമായി രഞ്ജിത്തേ.

Rammohan Paliyath പറഞ്ഞു...

ഉൾക്കടലിന്റെ ന്യൂനമർദ്ദം അങ്ങന്നെ കരയിലെത്തിച്ചു. സലാം.

രാജേഷ്‌ ചിത്തിര പറഞ്ഞു...

ഒരോ ദിവസവും
ഓരോ തരത്തില്‍
ഒരേ മുറിയില്‍ ഞാന്‍ മറ്റു പലരുമായി
‍നന്നായി രഞ്ചിത്ത് ...

ഇഗ്ഗോയ് /iggooy പറഞ്ഞു...

നഗരവിരസതയുടെ എഴുത്ത് വിരസമായില്ല.

ജസ്റ്റിന്‍ പറഞ്ഞു...

ഇതിനെയിപ്പോൾ വെറും കൽ‌പ്പന എന്നു വിളിച്ചു തഴയുന്നതെങ്ങിനെ. കുറെ ഒക്കെ അനുഭവിച്ചിട്ടുള്ളതല്ലെ. പലപ്പോഴും നമ്മുടെ ജീവിതത്തെപ്പറ്റി മറ്റുള്ളവർ പറയുമ്പോൾ അത്ഭുതം കൂറി നിന്നു പോകാറുണ്ട്. അത് പോലെ ഒന്നറിഞ്ഞു വായിച്ചാൽ ഞെട്ടിക്കുന്ന കവിത.

നന്നായി രഞ്ചിത്ത്

പാര്‍ത്ഥന്‍ പറഞ്ഞു...

എന്തിന് ഓരോ ദിവസം ഓരോരുത്തർക്കായി നീക്കിവെക്കുന്നു. എല്ലാ‍വരും എന്നും പങ്കിട്ടെടുക്കുകയല്ലെ.

ഗീത രാജന്‍ പറഞ്ഞു...

രഞ്ജിത്ത് നല്ലൊരു കവിത വായിച്ചു... ഇഷ്ടമായി ട്ടോ

പാമരന്‍ പറഞ്ഞു...

super dey!

ഹാരിസ് പറഞ്ഞു...

വായിക്കുന്നവന് കേറിക്കിടക്കാന്‍ ഒഴിച്ചിട്ടതാണോ നാലാമത്തെ കട്ടില്‍..?

അജ്ഞാതന്‍ പറഞ്ഞു...

ഞങ്ങൾ പതിനഞ്ജു പേരുണ്ടായിരുന്ന മുറിയിൽ പിന്നെയും എന്നെ കിടത്തിയല്ലോ രഞ്ജിത്തെ. നന്ദി ഓർമ്മയെ ഉണർത്തിയതിന്‌

Typist | എഴുത്തുകാരി പറഞ്ഞു...

ആസ്വദിച്ചു വായിച്ചു.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പ്രിയ വായനകൾ ഹൃദയത്തോട് ചേർക്കുന്നു....
നന്ദി... എല്ലാവർക്കും...
രാജുമാഷേ നീണ്ട കുറിപ്പെഴുതിയാൻ സമയം കണ്ടെത്തിയതിന്‌ നന്ദി..

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഹാരിസ് ആ കട്ടിൽ അങ്ങനെ ഒഴിച്ചിട്ടതാണ്‌

കയറിക്കിടക്കുന്നവർക്കൊക്കെ നമ്മൾ ഒറ്റമുറിയിലെ ന്യൂന മർദ്ദം പകർത്തി നൽകുന്നു...

naakila പറഞ്ഞു...

രഞ്ജിത് കലക്കി

എന്‍.ബി.സുരേഷ് പറഞ്ഞു...

പൂവുതേടിപ്പോയ അഞ്ചു കുട്ടികളെ(കടമ്മനിട്ട) പോലെ പ്രവാസം വിധിക്കപ്പെട്ട അഞ്ചുപേർ.

കവിതയിലെ മനുഷ്യാനുഭവം തീവ്രം. കവിതയുടെ നീളം അതിനെ ഒന്നു ഡയല്യൂട്ട് ചെയ്തോ എന്ന് സംശയം. ചില വരികളുടെ ആവർത്തനം ഒരു വടക്കൻ പാട്ട് സ്റ്റൈൽ ഒക്കെയുണ്ടാക്കുന്നുണ്ടെങ്കിലും ഒരു മുറുക്കക്കുറവ് അനുഭവപ്പെടുത്തി. എനിക്ക് പെട്ടന്ന് ഉണ്ണി.ആറിന്റെ ഒഴിവു ദിവസത്തെ കളി എന്ന കഥ(അതേ പേരിലുള്ള സമാഹാരം)ഓർമ്മ വന്നു. തനിക്ക് തന്നെ തന്നെ മുഷിയുന്നത് ജീവിതം ശരിയായി ജീവിക്കാഞ്ഞിട്ടാണെന്ന് ചിലപ്പോൾ തോന്നും അല്ലേ?

Unknown പറഞ്ഞു...

നന്ദി സുരേഷേട്ടാ

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

ee kavithyile kodumgaattu ethu sundariyute thlamudikketil ninnu chaatipponnathanu ! fantastic and so fanatically poetry....

JIGISH പറഞ്ഞു...

ചുമരുകൾ..ചുമരുകൾ..ഒരു പേടി വരുന്നുണ്ട്.!
കവിത കൊല്ലാം..!!

kaviurava പറഞ്ഞു...

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ വിമാനം
ആകാശച്ചുഴിയിൽ പെടാറുണ്ടായിരുന്നു
ഈ കവിതയുട ഇറങ്ങി വരവില്‍ ധ്യാനത്തിന്റെ
പങ്കുണ്ട് എന്ന് തോന്നുന്നു Annjiththe..

ശ്രീനാഥന്‍ പറഞ്ഞു...

വല്ലാതെ അനുഭവിച്ചു ഈ കവിത,