1/11/10

കേരളപ്പിറവി പതിപ്പ്

2010 നവംബര്‍ 1
മറ്റാരുടെയോ ജന്മദിനം ആഘോഷിക്കുമ്പോള്‍
പല കേരളം വായിക്കുമ്പോള്‍
.......................................................................
ഹിമാലയം
കല്‍പ്പറ്റ നാരായണന്‍

ഹിമാലയം കണ്ടതോടെ
വലുപ്പത്തിന്റെ മാനദണ്ഡം മാറി
വലിയ മഴയെന്നും
വലിയ വേദനയെന്നും
വലിയ സുഖമെന്നും
പറഞ്ഞതില്‍ ഞാന്‍ ലജ്ജിച്ചു.
തിളച്ചു മറിയുന്ന വെള്ളം
സഹിക്കാവുന്ന ചൂടുള്ളതായി
ആനയെ തൊഴുത്തില്‍ കെട്ടാം എന്നായി.

.............................................................................
പൊരുള്‍
പി.പി.രാമചന്ദ്രന്‍

കടലെന്നൊരു
വാക്കിനുള്ളിലു-
ണ്ടതിവിസ്തൃത-
മായ വന്‍‌കര

പശുവെന്നൊരു
വാക്കിനുള്ളിലും
ഇരതേടി-
യലഞ്ഞിടും പുലി

ചില വാക്കു
കുളമ്പടിച്ചുപോം
ചിലതോ കൂര്‍ത്ത
നഖങ്ങളാഴ്ത്തിടും

തിരമാല
തകര്‍ന്നൊടുങ്ങവേ
തെളിയും പാറക-
ളെന്ന മാതിരി,

ചില വാക്കുക-
ളുച്ചരിയ്ക്കുകില്‍
വെളിവാകും പൊരുള്‍
മൌനമായിടാം.
.............................................................................
കനവ്
ടി.പി.രാജീവന്‍

കനവ്,നവംബര്‍ 7
ഒരു നീര്‍മരുതിന്‍ കൊമ്പ് താണുവന്നു
ചില്ലകള്‍ കൊണ്ട് എന്നെ തൊട്ടു
പ്രിയപ്പെട്ട ആരോ പെട്ടെന്നു പിന്നില്‍ നിന്നെന്നപോലെ.

മഴ കഴുകിമിനുക്കിവെച്ച ഈ നിശ്ശബ്ദതയില്‍
നമുക്കല്പം നടന്നുവരാം,
അതു പറഞ്ഞു,
കണ്ണട ചെരിപ്പ്
കണ്ണഞ്ചിപ്പിക്കും ഉടുപ്പ്
ഒന്നും വേണ്ട.

ഒച്ചയുണ്ടാക്കരുത്
മരങ്ങള്‍ പ്രാര്‍ത്ഥനയിലാണ്.

ഒന്ന് രണ്ട് മൂന്ന് നാല്....
ഞാന്‍ വാര്‍ഷികവളയങ്ങള്‍ എണ്ണിനോക്കി
അച്ഛന്‍ അപ്പൂപ്പന്‍ അമ്മ അമ്മൂമ്മ മുത്തശ്ശന്‍ മുതുമുത്തശ്ശന്‍ ...
ഓരോരുത്തരായി വന്നുതുടങ്ങി.

ഒരു കാട്ടുപ്ലാവ് നോക്കി ചിരിച്ചു.
എന്റെയതേ പ്രായമായിരുന്നു അതിന്
നിറയെ തേന്‍‌വരിക്കകളുണ്ടായിരുന്നു അതില്‍ ;
എന്റെയുള്ളില്‍ കയ്പുനീര്‍ തുളുമ്പി.

ഒറ്റപ്പെട്ട മരങ്ങള്‍ ഓര്‍മ്മയിലേക്കു ചാഞ്ഞു
ഊഞ്ഞാലാടാന്‍ വിളിച്ചു
ഉയര്‍ന്നപ്പോള്‍ തിരിച്ചിറക്കിയില്ല.

ശാന്തത വഴികാട്ടി മുമ്പില്‍ നടന്നു
ഇലകളുടെ മറവില്‍ നിഴലുകള്‍ പാടി
തൊട്ടാവാടികള്‍ നല്ല ഉറക്കത്തിലായിരുന്നു.

മഴയില്‍ ഒരരളി ഒന്നുമുടുക്കാതെ കുളിച്ചു
തേക്കും ഈട്ടിയും നോക്കിനിന്നു
പക്ഷേ,ഒന്നും തോന്നിയില്ല.

എന്റെ ചുവട്ടിലിരുന്നോളൂ
ആല്‍‌മരം വിളിച്ചു
ആനന്ദന്റെ കൂടെ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു അത്.
മഴുവുണ്ടോ കൈയില്‍
മഹാഗണിയോട് ചന്ദനം ചോദിച്ചു
മുരിക്കുകള്‍ മുള്ളുകള്‍ക്ക് മൂര്‍ച്ച കൂട്ടി
വേപ്പ് ഒളിത്താവളം വിട്ടു.

വേരുകള്‍ക്ക് വെള്ളവുമായി
ഒരു നീര്‍ച്ചാല്‍ അതുവഴി വന്നു
എത്ര ചോദിച്ചിട്ടും ഒരു തുള്ളി പോലും തന്നില്ല.

വഴികള്‍
ഓരോന്നോരോന്നായി മാഞ്ഞു.
തേടിത്തേടി ഒരു വള്ളി വന്നു
എന്റെ കാലില്‍ ചുറ്റി.

ഇനിയങ്ങോട്ട് ഒറ്റയ്ക്കു നടക്കാം
നീര്‍‌മരുത് പറഞ്ഞു.
.......................................................................................
അന്‍‌വര്‍ അലി

ഞാന്‍
ഒറ്റയ്ക്കൊരു ചാനല്‍

ഒരു വിജനതയുടെ ആത്മാവിഷ്കാരം

ആകാശത്തിലെയും
ഭൂമിയിലെയും
തമോഗര്‍ത്തങ്ങളെ സാക്ഷിനിര്‍ത്തി
സം‌പ്രേക്ഷണമാരംഭിക്കുന്നു

ഞാന്‍

പരകോടി നാടോടിച്ചറങ്ങളുടെ ഓഹരി
പമ്പരകോടി ഞരമ്പുകളുടെ ലഹരി

മരിച്ചവയുടെയും
മരച്ചവയുടെയും
ജുഗല്‍ബന്ദി

നാളെമുതല്‍ കൊല്ലപ്പെടും വരെ തത്സമയ സം‌പ്രേക്ഷണം
.........................................................................................................
വായനക്കാരില്ലാത്ത ഒരു കവിത കണ്ട സ്വപനം

പി.രാമന്‍

സ്വന്തം ഭാഷയെ ഉപേക്ഷിച്ചുപോയ
എന്റെ ജനതയെ
എന്റെ കവിതയുടെ അടിത്തട്ടില്‍ വെച്ച്
കണ്ടുമുട്ടി.

"നിങ്ങള്‍ക്കിവിടെ എന്തുകാര്യം ?"
ഞാന്‍ അലറി
കൂസാതെ പോയ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍
അലക്ഷ്യമായ് പറഞ്ഞു:

"സ്വതന്ത്രരാണ് ഞങ്ങളിപ്പോള്‍
പരിമിതികളറ്റവര്‍
ഞങ്ങളുടെ പാദസ്പര്‍ശമേറ്റ്
നിന്റെ കവിത ധന്യമായി"

അവര്‍ നടന്ന്
കവിത കടന്ന്
അകന്നു മറയുന്ന ആരവത്തില്‍
ഞാനുണര്‍ന്നു.
..............................................................................
ഭൂതക്കട്ട
27

മോഹനകൃഷ്ണന്‍ കാലടി

സാരമില്ല സഖാവേ സാരമില്ല
ചീനിമരത്തിനും സ്കൂള്‍ബസ്സിനും
പാര്‍ട്ടിയോഫീസിനും പാട്ടുകച്ചവടക്കാരനും
ഇടയിലൂടെ ഇത്തിരി പ്രകാശിച്ച്
നീയെന്നെ പൊന്നാക്കി മാറ്റിയല്ലോ
പുഞ്ചപ്പാടം മാന്തിയപ്പോള്‍ കിട്ടിയ
ഭൂതക്കട്ടയായിരുന്നു ഞാന്‍.

ആരും ആരെയും കാത്തുനില്‍ക്കാനില്ലാത്ത നഗരത്തില്‍
വേഗങ്ങളൊഴിഞ്ഞു പോകാത്ത നഗരത്തില്‍
എഴുതി വയ്ക്കാന്‍ ഒരപേക്ഷ മാത്രം.

"ചോക്ലേറ്റ് വാങ്ങിക്കൊടുത്ത്
കരച്ചില്‍ മാറ്റി,
വിരലില്‍ കോര്‍ത്ത്
നീ കൂടെക്കൊണ്ടുപോയ
ഭാവിപൌരനെക്കൂടി

നമ്മുടെ...
നമ്മുടെ പ്രസ്ഥാനത്തില്‍ത്തന്നെ
ചേര്‍ക്കേണമേ"
.............................................................................
ഊമ
ടി.പി.അനില്‍‌കുമാര്‍

കുരുത്തോലകൊണ്ട്
കളിപ്പായ നെയ്യുന്ന
ചീരുവമ്മായി
വൃശ്ചികക്കാറ്റിന്
എന്തെങ്കിലും വിവരം കിട്ടിയോ
എന്ന്
ഇടയ്ക്കിടെ
ഇലകളിലേയ്ക്കു നോക്കും

ആനകളെത്തുന്നിടം
കാവടിയെത്തുന്നിടം
തെരഞ്ഞു തെരഞ്ഞു
മടുത്തെന്ന്
ഇനി നോക്കാനിടമില്ലെന്ന്
പറയാന്‍ ത്രാണിയില്ലാതെയാവും
കാറ്റ്
തൊട്ടപ്പുറത്തെ കള്ളുഷാപ്പിന്റെ
ഓലമറയില്‍ ഒച്ചയുണ്ടാക്കുന്നത്

കുരുത്തോലപ്പായ
കളിപ്പമ്പരം
ഒരാള്‍ മാത്രമില്ലാത്ത
കളിമൈതാനം
പലഭാഷകളില്‍
ഒരു കരച്ചില്‍
എല്ലാവരും കരുതി വച്ചിട്ടുണ്ട്
.................................................................
ഉപമ
കെ എം പ്രമോദ്

ജര്‍മ്മന്‍ കേള്‍ക്കുമ്പോള്‍
കള്ളനെക്കണ്ട നായ
കുരക്കുന്നതു പോലെ.
കൊറിയന്‍ കേള്‍ക്കുമ്പോള്‍
ഏറുകൊണ്ട നായ
കരയുന്നതു പോലെ.

മലയാളം കേള്‍ക്കുമ്പോള്‍
മലയാളം കേള്‍ക്കുന്നു.
.........................................................................
വാക്കിന്റെ പടം
കവിത ബാലകൃഷ്ണന്‍

'ഞാന്‍' - ഒരൊറ്റ വാക്കേ ഇന്ന് പഠിക്കേനടു
അവന്റെ കടലാസില്‍ ഞാന്‍ പറഞ്ഞു
'സപങ്ങഭീബെരഞ്ഞാ' ങ്ങും എഴുത്
എന്റെ കടലാസില്‍ അവന്‍ പറയുന്നു

ഇത് അര്‍ത്ഥമുള്ളത് മാത്രം
എഴുതാനറിയുന്ന കൈയാണ്
കുഴഞ്ഞുവിറയ്ക്കുന്നു
എന്നാലും ശ്രമിക്കാം, ഒരു വിധം
നോക്കി നോക്കി ഈ വാക്ക് വരയ്ക്കാം

എടൊ, ഈ വാക്കിന്റെ പടം
ഒരു വിദേശരാജ്യം
എത്ര സുന്ദരം
എത്ര പുതുത്
ഇല്ലെന്റെ ഭാഷയോട്
രണ്ടക്ഷരം പോലുമടുപ്പം
..........................................................................
ഭാഷ
നിരഞ്ജന്‍

എഞ്ചിനീയറിങ്ങിനൊപ്പം
മലയാളം പഠിക്കാത്തതിൽ
വലിയ സങ്കടമായിരുന്നു

ഒരിക്കൽ
ചിലിയിൽ
വാൾപറൈസോവിൽ
നെരൂദയെ മനസ്സിലാവാഹിച്ച്
തപസ്സിരുന്ന ബാറിലെ
പാതിരാബില്ലുനോക്കി
ഒമ്പതീറ്റേഴ് അറുപത്തിമൂന്ന്
എന്നു ഗുണകോഷ്ഠം ചൊല്ലി
ലാറ്റിനമേരിക്കയെ വിറപ്പിച്ചപ്പോൾ
സമാധാനമായി

മനക്കണക്കിലിപ്പോഴും
മലയാളം ബാക്കിയുണ്ട്.
.........................................................................
അധിനിവേശം
ശിവപ്രസാദ്

അസാധാരണമായിരുന്നു
ആ മാക്രിക്കരച്ചിൽ!
തോട്ടുവക്കത്തെ കൈതവേരിന്നടിയിൽ
നീർക്കോലിത്തൊണ്ടയിലുടക്കി
ആ ഇടതുകാലൻ മാക്രി
ദൈവത്തെ പ്രാകി.
"നീ മുടിഞ്ഞു പൊകട്ടെടാ ശവമേ.."

പള്ളിക്കൂടം കഴിഞ്ഞെത്തിയ കുട്ടികൾ
ശീമപ്പുളിയും ചവച്ചിറക്കി
ഒരുവന്റെ മൊട്ടത്തലയെ കളിയാക്കി
അതുവഴി ഓടിപ്പോയപ്പോൾ
മലയാള പാഠാവലി തെറിച്ചു വീണു
കൈതക്കൂട്ടത്തിൽ.

കൂട്ടത്തിലെ നേതാവ് നൂണ്ടിറങ്ങി
പുസ്തകം തപ്പിയപ്പോഴല്ലേ കണ്ടത്!
മലയാള പാഠാവലിയെ മറയാക്കി
നീർക്കോലിയുടെ മൃഷ്ടാന്നം!
.........................................................................
ഏകോപനം:നസീര്‍ കടിക്കാട്
16 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മനക്കണക്കിലിപ്പോഴും..മലയാളം ഉണ്ടല്ലോ...!

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കുറെ പേരുകള്‍ മാത്രമുണ്ട് .. ബൂ .. ലോക ? കവിത എവിടെ?
അന്‍വറും പ്രമോദും അല്പം ആശ്വാസം

ശ്രീനാഥന്‍ പറഞ്ഞു...

ഇവരെന്റെ ഭാഷയുടെ ആശ്വാസം!!

പ്രവാസം..ഷാജി രഘുവരന്‍ പറഞ്ഞു...

എല്ലാ രചനകളും നന്നായിരിക്കുന്നു
ഊമയും, കനവും കുടുതല്‍ ഇഷ്ട്ടമായി

സുനീത.ടി.വി. പറഞ്ഞു...

വിഷ്ണു, നസീർ- കവിതകൾ നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ.പിന്നെ ബൂലോകകവിതയ്ക്ക് ഒരു നസീർ ലുക്ക്..:)

sudheesh kottembram പറഞ്ഞു...

നല്ല ശ്രമം...

അജ്ഞാതന്‍ പറഞ്ഞു...

അക്ഷരാഭ്യാസം

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

നാട്ടില്‍ നിന്ന് കട്ടെടുക്കപ്പെട്ട് പ്രവാസം വീണ്ടെടുക്കപ്പെട്ട ഞാന്‍
മലയാളത്തിന്റെ ഈ കുന്നിന്‍ ചെരുവില്‍ നിറയുന്നു....

SUJITH KAYYUR പറഞ്ഞു...

Idayku nalla kavithakal vaayikan kazhinju

Rafique Zechariah പറഞ്ഞു...

നല്ല ഏകോപനം നസീര്‍.

"ഭാഷ' നന്നായിരിക്കുന്നു

നിരഞ്ജന്‍...എന്താണീ ഒമ്പതീറ്റ്‌ ഏഴ്..?

നിരഞ്ജന്‍.ടി.ജി പറഞ്ഞു...

റഫീഖ്, ..ഏഴു കടലിനും ഒമ്പതീശെ വെച്ചു കൂട്ടിയാൽ എന്നു മലയാളം..ഇതിനു പുറമെ ടിപ്പായി വെള്ളിനേഴി നാണുനായരുടെ ചോന്നാടി ഡെമോൺസ്ട്രേഷനും ഉണ്ടായിരുന്നു..

ഷാജി അമ്പലത്ത് പറഞ്ഞു...

നല്ല കവിതകള്‍ തന്നതിന് നന്ദി
ബൂലോക കവിതക്കും ,നസീറിനും
സ്നേഹപൂര്‍വ്വം
ഷാജി അമ്പലത്ത്

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കേരളപ്പിറവി പതിപ്പ് നന്നായി..
ഒരു പുതിയ അനുഭവമായി

SMIJAY പറഞ്ഞു...

സന്തോഷം മലയാളം മരിക്കുന്നില്ലല്ലോ

എം പി.ഹാഷിം പറഞ്ഞു...

മലയാളം മരിക്കുന്നില്ല

ഇഗ്ഗോയ് /iggooy പറഞ്ഞു...

കല്പറ്റ്,രാമചന്ദ്രന്‍, അന്‍‌വര്‍
സന്തോഷം.
പിന്നെ നിരഞ്ജന്‍
ഒമ്പൈറ്റിയേഴ് എന്നു തന്നെ ചൊല്ലാം.