30/10/10

പറപ്പ്

ശരിയ്ക്കുമൊരു പക്ഷി
യെങ്ങനെയാണു
പറക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ?

ഇരുന്ന കൊമ്പില്‍നിന്ന്
മുന്നോട്ടൊരായലുണ്ട്
ആയലിനൊരു
കുതിപ്പുണ്ട്
കുതിപ്പിനൊരു താളമുണ്ട്
താളത്തിനൊരു തരിപ്പുണ്ട്

അതിറങ്ങിച്ചെല്ലും
ഇലഞരമ്പിലൂടെ
ചില്ലഞരമ്പിലൂടെ
തടിയിലൂടെ
വേരുകളിലാകെയാകെ
മരമാകെ
കോരിത്തരിയ്ക്കു
മൊരു പക്ഷിപ്പറക്കലില്‍

എന്നാല്‍ പക്ഷിയോ
ആയത്തിലുള്ള കുതിയ്ക്കലില്‍
പ്രപഞ്ചത്തിന്റെ
അതിരോളം ചെല്ലാനുള്ള
കൗതുകമൊളിപ്പിച്ച്
ഞാനൊന്നും
കണ്ടില്ലേ
കേട്ടില്ലേ
യെന്നു കൂവി
മറ്റൊരു ചില്ലയില്‍
ചെന്നിരിപ്പാണ്

അതിനെയവിടെ നിന്നു
പറത്തിവിട്ട്
അവിടന്നുമവിടന്നും
പറത്തിവിട്ട്
രസിയ്ക്കുകയാണ്
ഞാനൊന്നും
കണ്ടില്ലേ കേട്ടില്ലേ
യെന്നൊരു പറപ്പ് !

5 അഭിപ്രായങ്ങൾ:

naakila പറഞ്ഞു...

ഞാനൊന്നും
കണ്ടില്ലേ കേട്ടില്ലേ

രാജേഷ്‌ ചിത്തിര പറഞ്ഞു...

പറപ്പന്‍...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അവിടന്നുമവിടന്നും പറത്തിവിട്ടു
രസിക്കുകയാണ്..
.....
എന്തൊരു പക്ഷിപ്പറപ്പ്.!!
എത്ര വേഗമാണ് മനസ്സിലെത്തുന്നത്..!!

Pranavam Ravikumar പറഞ്ഞു...

വായിച്ചു.. നന്നായിട്ടുണ്ട്!

ആശംസകളോടെ

കൊച്ചുരവി

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഈ പറപ്പിലുണ്ട് ഒരു രാഷ്ട്രീയം. വായിക്കും തോറും അവനവന്റെ ആയങ്ങളിലേയ്ക്ക് മടങ്ങിവന്ന് ജഡമാകുന്ന, ജഢത്വത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്. നന്നായി അനീഷ്.