26/10/10

അയ്യപ്പനെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍

ഉല്പ്പം ചേര്‍ത്ത് തിരയുമ്പോള്‍
അയ്യപ്പനെ കാണുന്നത് വിരളം!
വീട്ടുപേരില്ലാതെ തിരയുമ്പോള്‍
അയ്യപ്പന്‍ സര്‍‌വ്വവ്യാപിയാകുന്നു
അവന്റെ ലീലാവിലാസങ്ങള്‍
പുലിപ്പുറത്ത്, കാട്ടില്‍, മലയില്‍...
മണ്ണുകൊണ്ടുണ്ടാക്കിയ അയ്യപ്പന്‍
പ്ലാസ്റ്റര്‍ ഓഫ് പാരീസ് അയ്യപ്പന്‍
സ്വര്‍ണ്ണം, പഞ്ജലോഹമയ്യപ്പന്‍.
ചില ചിത്രങ്ങളിലെ അയ്യപ്പന്‍ പതിനെട്ട്
പടികള്‍ക്കു മുകളില്‍
ചിലപ്പോള്‍ മഹിഷിയെ നിഗ്രഹിച്ച്
അതിന്മേല്‍ ചവിട്ടി ചുമ്മാ ചിരിച്ച്...
ചിലപ്പോള്‍ പൂക്കള്‍ തലയില്‍ വെച്ച്
(ചിലര്‍ക്ക് ഭ്രാന്തെന്ന് തോന്നുന്നുവെങ്കിലും
അത് മലരഭിഷേകമാണ്‌..
ഭക്തി വേണം ഹേ, ഭക്തി, അല്ലേല്‍ വ്രതം.
അതില്ലേല്‍ അനുശീലത്തെ ഭ്രാന്തായും
അഭിഷേകത്തെ വട്ടായും ഉല്പ്പ്രേക്ഷാഖ്യായലംകൃതി)
ചില സെര്‍ച്ച് എഞ്ചിനുകളില്‍ അയ്യപ്പന്‍
മിനിയാന്ന് മുതല്‍ കറുത്തിരിക്കുന്നു...
ചിലതിന്റെ ചെരാതുകളില്‍ അണയാദീപം
എന്നും കത്തുന്നവന്, എന്നും കറുക്കുന്നവന്‌
അണയാവിളക്ക് അലോസരം.
അയ്യപ്പനന്ന് കൊല്ലത്തിലൊരു പൂജമാത്രം
ഇടയ്ക്കെപ്പെഴോ മാസപൂജ!
ഇനി ദിവസപൂജയ്ക്ക് പ്രജകളെത്തും
കെട്ടിലെ കര്‍പ്പൂരം കത്തിക്കഴിഞ്ഞാല്‍
അവരെല്ലാം മലയിറങ്ങും...
പിന്നെ സുകുമാരകളില്‍ ലയിച്ചുറങ്ങും
ഇനി അയ്യപ്പനെ തിരയുമ്പോള്‍
ഉല്പ്പമില്ലാതെ തിരയുക!
അത് കവിതയുടെ കലിയുഗാവതാരമാണ്‌!

10 അഭിപ്രായങ്ങൾ:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

എന്നും കത്തുന്നവന്, എന്നും കറുക്കുന്നവന്‌
അണയാവിളക്ക് അലോസരം.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

രണ്‍ജിത്തിന്റെ കവിത അതിശക്തം.
ഗൂഗിളില്‍ അയ്യപ്പനെ തിരയുമ്പോഴറിയുന്നു,പുലിപ്പുറം അയ്യപ്പന്‍ ബൂലോക വ്യാപി. എ. അയ്യപ്പനെന്നു തിരഞ്ഞാല്‍ കിട്ടുന്നതോ ഇത്തിരി മാത്രം, കവിയെ സെര്‍ച്ച് എഞ്ചിനുകളും തിരസ്കരിച്ചുവൊ എന്നു ശങ്കിക്കാവുന്ന വിധം.
പിന്നെ ഒരു കാര്യത്തില്‍ രണ്ടയ്യപ്പന്മാര്‍ക്കും സാമ്യമുണ്ട്.
കവി അയ്യപ്പന്‍ മദ്യപാനിയായിരുന്നു
പുലിപ്പുറം അയ്യപ്പന്റെ അമ്പലം സ്വര്‍ണ്ണം പൂശിക്കൊടുത്തതാകട്ടെ ഒരു മദ്യരാജാവും.

Pranavam Ravikumar പറഞ്ഞു...

വളരെ ശക്തമായ വരികള്‍... കവിക്ക്‌ എന്റെ പ്രണാമവും..

joice samuel പറഞ്ഞു...

കവിത നന്നായ്..!!

ഭൂമിപുത്രി പറഞ്ഞു...

:-)

തണല്‍ പറഞ്ഞു...

അത് കവിതയുടെ കലിയുഗാവതാരമാണ്‌!
-തീവ്രം!

അനൂപ്‌ .ടി.എം. പറഞ്ഞു...

അയ്യപ്പന്‍..!!

Sureshkumar Punjhayil പറഞ്ഞു...

Pranamam....!!!

Vinodkumar Thallasseri പറഞ്ഞു...

തിരയുമ്പോള്‍ കിട്ടുന്നവനല്ല അയ്യപ്പന്‍. നിനച്ചിരിക്കാതെ അവന്‍ പ്രത്യക്ഷപ്പെടും. അപ്പോള്‍ ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞിരുന്നു.

ഇനിയിപ്പോള്‍ സര്‍വവ്യാപിയായ്‌, ഞാന്‍ എന്നെ എവിടെ ഒളിപ്പിക്കും?

Ismail Chemmad പറഞ്ഞു...

manoharam