23/10/10

അയ്യപ്പന്‍ ഓര്‍മ്മഅന്‍‌വര്‍ അലിഒറ്റയ്ക്കേ യാത്രചെയ്‌വോ, നടിയിളകിയ പാഴ്-
പാദുകം മാത്രമായോന്‍
കൂട്ടങ്ങള്‍ക്കന്യ, നാരും ബഹിര്‍നയനതയാല്‍
          കണ്ടിടാകാഴ്ച കാണ്മോന്‍
ദുഃഖത്തിന്‍ കാട്ടില്‍മഞ്ഞപ്പുലിയുടെ ചിരിമേ
           ലേറിയേ സഞ്ചരിപ്പോ
നയ്യപ്പന്‍, ചോരകൊണ്ടേ കവിത കഴുകുവോന്‍
            ബുദ്ധരില്‍ ഭ്രാന്തനായോന്‍മനോജ് കുറൂര്‍


       ആ പച്ചിലയുടെ ഓര്‍മയ്ക്ക്...
  അയ്യപ്പനുമൊരുമിച്ച് പലയിടങ്ങളിലും കവിത ചൊല്ലിയിട്ടുണ്ട്. ഒരുമിച്ചു കൂടിയിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍, തിരുവനന്തപുരത്തെ ചലച്ചിത്രോത്സവത്തില്‍, കോട്ടയത്ത്, എറണാകുളത്ത്... അങ്ങനെയങ്ങനെ. കൊടുങ്ങല്ലൂരിലെ ഒരു കവിയരങ്ങ്. സെബാസ്റ്റ്യന്റെ പുസ്തകപ്രകാശനം. അയ്യപ്പനുമായി അന്നു വലിയ അടുപ്പമില്ല. പലയിടങ്ങളിലുംവച്ച് പരിചയം നടിച്ചിട്ടുണ്ടെന്നു മാത്രം. കവിയരങ്ങിന്റെ ഉദ്ഘാടനം അദ്ദേഹമാണ്. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. ആരൊക്കെയോ താങ്ങിയെടുത്താണു വേദിയിലിരുത്തിയത്. പക്ഷേ സംസാരിച്ചപ്പോള്‍ നല്ല ഫോമിലായി. അയ്യപ്പന്റെ പ്രസംഗത്തിനു ശേഷം മറ്റുള്ളവര്‍ കവിത ചൊല്ലുമ്പോള്‍ അദ്ദേഹം ഇടയ്ക്കിടെ അതുമിതും വിളിച്ചുപറഞ്ഞ് തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. അയ്യപ്പനല്ലേ? ആരും ഒന്നും പറഞ്ഞില്ല. ഞാന്‍ കവിത വായിച്ചപ്പോഴും അതുതന്നെ ആവര്‍ത്തിച്ചു. ‘കണ്ണീരും കിനാവും എന്ന എന്റെ കഥ’ എന്ന കവിത. ആദ്യമൊക്കെ അയ്യപ്പന്‍ പതിവു പരിപാടി തുടര്‍ന്നെങ്കിലും ആ കവിതയുടെ അവസാനവരികളെത്തിയപ്പോള്‍ ‘ഡാ, ഇതു കൊള്ളാം’ എന്നായി. എങ്കിലും എന്റെ നശിച്ച അസഹിഷ്ണുതയും ഈഗോയും അടങ്ങിയില്ല. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നു ശരണം വിളിച്ച് ഞാന്‍ കവിതചൊല്ലല്‍ അവസാനിപ്പിച്ചു. പിന്നെയും കൊടുങ്ങല്ലൂരില്‍ത്തന്നെ ഒരുമിച്ചു കൂടിയിട്ടുണ്ട്. അന്നു പി. എ. നാസിമുദീനുമായി വാത്സല്യപൂര്‍വം മത്സരിച്ച് കവിതചൊല്ലിയ അയ്യപ്പന്‍ ആഹ്ലാദിപ്പിക്കുന്ന ഓര്‍മയാണ്. ഓരോ കവിതയും ചൊല്ലി നാസിമുദീന്‍ വെല്ലുവിളിച്ചത് അയ്യപ്പന്‍ ആവേശത്തോടെ ഏറ്റെടുത്തു. സ്വന്തം കവിതകളും ഒപ്പം ജി. ശങ്കരക്കുറുപ്പിന്റെ കവിതയുമൊക്കെ ചൊല്ലി. ചിത്രകലയെന്നപോലെ സംഗീതത്തിലും ആവേശം കാട്ടിയിരുന്നു അയ്യപ്പന്‍ . ചലച്ചിത്രഗാനങ്ങള്‍വരെ നന്നായി പാടും. പാട്ടിന്റെ സൂക്ഷ്മഭംഗികളില്‍ അഭിരമിക്കും. ‘അഭിസാരികയ്ക്ക് ഒരു ഗീതം’ എന്നിങ്ങനെയുള്ള അപൂര്‍വം കവിതകളൊഴിച്ച് എഴുതിയവയിലേറെയും വൃത്തമുക്തമെങ്കിലും കവിതയുടെ ലയാത്മകസംഗീതമെന്തെന്ന് അദ്ദേഹത്തിന്റെ കവിതകള്‍ കേള്‍പ്പിച്ചുതന്നു. ചലച്ചിത്രോത്സവത്തില്‍ ഒരുമിച്ചിരുന്നു സിനിമ കാണുമ്പോള്‍ കൌമാരക്കാരെപ്പോലെ എന്തെങ്കിലുമൊക്കെ വിളിച്ചുപറയും. ആരാണീ ശല്യക്കാരന്‍ എന്ന് ആള്‍ക്കാര്‍ തിരിഞ്ഞുനോക്കുമ്പോള്‍ അയ്യപ്പന്‍ ആണെന്നുകണ്ടാല്‍ പുഞ്ചിരിക്കാറേയുള്ളൂ പലരും. ഇന്ന് ശ്രീകുമാര്‍ തീയെറ്ററിനരികെ അയ്യപ്പന്റെ ശരീരം ആളറിയാതെകിടന്നു എന്നു കേട്ടപ്പോള്‍ അദ്ദേഹമെഴുതിയതൊക്കെ ആര്‍ക്കുവേണ്ടി എന്നാലോചിച്ചുപോയി. തമ്പാനൂരില്‍, ആ ചലച്ചിത്രോത്സവവേദിക്കരികേപോലും അയ്യപ്പന്‍ തിരിച്ചറിയപ്പെട്ടില്ലല്ലൊ. മരണത്തിനു മുന്നില്‍ എല്ലാ വാക്കുകളും അപ്രസക്തമാണെന്ന് ഒരിക്കല്‍ക്കൂടി അറിയുന്നു. സത്ത മുഴുവന്‍ ചോര്‍ന്നുപോയ ആ പച്ചിലയുടെ ഓര്‍മയ്ക്കു മുന്നില്‍ അശരണമായി നില്‍ക്കുകയല്ലാതെ മറ്റൊന്നും ആവില്ലല്ലൊ.
കുരീപ്പുഴ ശ്രീകുമാര്‍


അയ്യപ്പന് ആകാശത്തിന്റെ ആയുസ്സ്.പുഴയുടെ പ്രായം
അയ്യപ്പനെ അവസാനം കണ്ടത് തിരുവനന്തപുരം ബിഗ്‌  ബസാറിലെ മാതൃഭൂമിബുക്‌സ്റ്റാ ളിന്റെ ഉദ്ഘാടനത്തിന്.അയ്യപ്പന്‍ ഒരു പുസ്തകം എനിക്കു തന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.സമ്മാനം തെരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ അയ്യപ്പന്‍ മാധവിക്കുട്ടിയുടെ കഥകള്‍ എടുത്തു.പിന്നെയും പിന്നെയും മാധവിക്കുട്ടിയെ വായിക്കാനുള്ള അയ്യപ്പന്റെ ആര്‍ത്തിയില്‍ എനിക്കു സന്തോഷം തോന്നി.വിശ്വസിക്കുക,അയ്യപ്പന്‍ ഒരു തുള്ളി കള്ളും അന്ന് കുടിച്ചിരുന്നില്ല.

വി.എം ദേവദാസ്


കീഴ്ക്കാംതൂക്കായി ആടി മയങ്ങുന്ന ഒരു സ്വരാക്ഷരം
A അയ്യപ്പന്‍ അല്ല... An അയ്യപ്പന്‍' എന്നതൊരു ഒരു തിരുത്താണ്.  കാരണം  മണ്ണില്‍ മലര്‍ന്നു കിടന്ന് മേല്‍ക്കൂര നോക്കുന്ന വ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ അയാളുണ്ടാകില്ല, മറിച്ച് 'തള്ള പറഞ്ഞാല്‍ കേള്‍ക്കാ തലതെറിച്ച പിള്ള' വവ്വാലായി മറുജന്മമെടുത്ത  സ്വരങ്ങളുടെ കൂട്ടത്തില്‍ ഏതെങ്കിലും  അരയാല്‍ മരക്കൊമ്പില്‍ കീഴ്ക്കാംതൂക്കായി ആടി മയങ്ങുന്ന ഒരു സ്വരാക്ഷരം  പോലെയേ അയ്യപ്പനെ കാണാനൊക്കൂ. മയക്കുബാക്കിയിലെങ്ങാനും കൊമ്പിലെ അള്ളിപ്പിടുത്തം വിട്ട് നിലത്തു വീണാല്‍ ചില്ലുടയും  പോലെ ലഘുവാകും, വേണമെങ്കില്‍  മാത്രം പാടി നീട്ടി ഗുരുവാക്കാം... 

'ഇത്തവണ ശരിക്കും  മരിച്ചോ?' 
അയ്യപ്പന്‍ മരിച്ചെന്ന വാര്‍ത്ത sms ആയി ലഭിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു സുഹൃത്തിന് മറുപടി അയച്ചത്. കാരണം  അയ്യപ്പന്റെ മരണ വാര്‍ത്ത ഇതിനകം രണ്ടുമൂന്നു തവണയെങ്കിലും  നമ്മളെല്ലാം  കേട്ടതാണല്ലോ. കാലിക്കറ്റ് യൂണി‌‌വേഴ്സിറ്റിയുടെ ഏതോ പഠനക്കുറിപ്പില്‍ '...പാതയോരത്ത് അനാഥനായി കിടന്നു മരിച്ചു' എന്ന മട്ടില്‍ അച്ചടിച്ചു വന്നതുമാണ്. അക്കാഡമിസ്റ്റുകളോട് കലഹിക്കേണ്ട എന്ന് കരുതിയാകും അയ്യപ്പന്‍ സ്വന്തം  മരണം പോലും അതിനനുസാരിയായി ചിട്ടപ്പെടുത്തിയത്. പി കുഞ്ഞിരാമന്‍ നായരേക്കാളും  കൂടുതല്‍ ബിംബങ്ങള്‍ മലയാളത്തില്‍ താനുണ്ടാക്കിയിട്ടുണ്ടെന്ന് -പാതി കളിയായും, പാതി കാര്യമായും- അഹങ്കരിക്കുന്ന അയ്യപ്പന് അത്രയെങ്കിലും  ചെയ്യേണ്ടതുണ്ട്. കാരണം  എഴുതിയ വരികളിലെ ബിംബങ്ങളും, രൂപകങ്ങളുമെല്ലാം  ജീവിതത്തില്‍ സ്വയം  ഏറ്റെടുക്കുന്ന പതിവാണല്ലോ കൂടുതല്‍ കണ്ടിട്ടുള്ളത്. വെറുതേയല്ലല്ലോ മാളമില്ലാത്തെ പാമ്പെന്നും, സമയം തെറ്റിയോടുന്ന സെക്കന്റ് സൂചിയെന്നും, കരളു മുറിച്ചു കൊടുത്ത വാന്‍ഗോക്കെന്നും  ഒക്കെ അമിതകാല്‍പ്പനികതയുടെ ഉമിനീര്‍ നനവോടെ മലയാളി അയ്യപ്പനെ സ്നേഹിച്ചു വിളിച്ചത്. 

‘അമ്പതു രൂപ പോക്കായി’ എന്നും  പറഞ്ഞ് സ്വന്തം  പോക്കറ്റു പൊത്തിപ്പിടിക്കുന്ന ഒരു കാലത്താണ് തെരുവലയലുകലുടെ പതിവു ഒറ്റയാന്‍ നടത്തങ്ങള്‍ക്കിടെ തൃശൂരില്‍ വെച്ചാണ്  ആദ്യമായി അയ്യപ്പനെ കാണുന്നത്.  ലോകത്തിന്റെ ഏതു തെരുവിലും  വെച്ച് നമുക്കു കണ്ടുമുട്ടാവുന്ന ഒരു കുറിയ പരിചിതരൂപത്തെ ഒരിക്കലെങ്കിലും  പരിചയപ്പെട്ട എല്ലാ‌‌വര്‍ക്കും  പറയാനുള്ളതു തന്നെ. മദ്യത്തിന്റെ മണം, കാശിനായുള്ള സ്നേഹ നിര്‍ബന്ധം, വിളറിയ ചിരി, കുഴഞ്ഞു ചിതറിയതെങ്കിലും തീയുള്ള വരികള്‍, ഇടയ്‌‌ക്കിടെ മുടി കോതലുകള്‍, കൂവലുകള്‍, തോള്‍ സ്പര്‍ശനങ്ങള്‍... പിന്നീട് കണ്ടുമുട്ടാറുള്ള എല്ലാ അവസരങ്ങളിലും അതിന്റെയൊക്കെ തന്നെ ആവര്‍ത്തനങ്ങള്‍. കഴിഞ്ഞ തിരുവനന്തപുരം ഫിലിം ഫെസ്റ്റിനിടയിലാണ് അവസാനമായി അയ്യപ്പനെ കണ്ടത്.  പിടി കുഞ്ഞുമുഹമ്മദിനെ 'പിടി കൂടിയ' അവസ്ഥയിലായിരുന്നു അപ്പോള്‍. സിനിമ കഴിഞ്ഞിറങ്ങി വരുന്ന തിരക്കിനിടയില്‍ ഒരു നോട്ടം, ഒരൊഴിഞ്ഞുമാറല്‍... അത്ര മാത്രം.

ജോണിനോടും, സുരാസുവിനോടും ഒക്കെ താരതമ്യപ്പെടുത്തിയുള്ള അരാജക ജീവിതകെട്ടിക്കാഴ്ചയുടെ ആഘോഷങ്ങള്‍ക്കപ്പുറത്ത് അയ്യപ്പന്റെ കവിതകളെ ഇനിയെങ്കിലും ശ്രദ്ധയോടെ വായിച്ചു തുടങ്ങേണ്ടതുണ്ട്. സൂക്ഷ്മതലത്തില്‍ സമീപിച്ചാല്‍ പിയേക്കാള്‍ കൂടുതല്‍ ബിംബങ്ങള്‍ സൃഷ്ടിച്ച, കടമ്മനിട്ടയേക്കാള്‍ കൂടുതല്‍ ദ്രാവിഡത്വം വിളംബരം ചെയ്‌‌ത, അയ്യപ്പപ്പണിക്കരേക്കാള്‍ കൂടുതല്‍ ദാര്‍ശനികത്വം എഴുതിയ, മധുസൂദനന്‍ നായരേക്കാള്‍ ജനപ്രിയനായ, സച്ചിദാനന്ദനേക്കാള്‍  കൂടുതല്‍ സ്വയം  നവീകരിക്കുന്ന ഒരു കവിയുടെ തീയുള്ള കവിതകള്‍ ചിലപ്പോള്‍ കണ്ടെത്താനായേക്കും.. അനു  വാര്യര്‍

ഇറങ്ങിപ്പോകുന്നവന്‍


ഒരു വരിയിലും തീരില്ല അയ്യപ്പന്‍, ഒരു ജീവിതത്തില്‍ ഒടുങ്ങുകയുമില്ല. അയ്യപ്പന്‍ ഒന്നാമനും രണ്ടാമനുമെല്ലാം അയാള്‍ തന്നെയാണ്.
ഫിലിം ഫെസ്റ്റിവലിലെ പതിവു കാഴ്ചകളിലൊരാള്‍. നഗരത്തില്‍ അയ്യപ്പനിറങ്ങിയെന്ന ഫലിതം പറച്ചില്‍. സ്റ്റച്യൂവില്‍ ഡിസി ബുക്‌സിനു താഴെ എല്ലാരും ഒത്തുചേരുന്നിടത്ത് ചിലപ്പോള്‍ ഒറ്റക്ക്. ചിലപ്പോള്‍ ഒരുപറ്റം ചെറുപ്പക്കാരോടൊത്ത്. പെണ്‍കുട്ടികളുടെ തോളില്‍ കൈയിട്ട് അവരാല്‍ താങ്ങപ്പെട്ട് നടന്നുപോവും ചിലപ്പോള്‍. ലഹരിയുടെ മാത്രം താങ്ങില്‍ തമ്പാന്നൂരുനിന്ന് സ്റ്റാച്യൂ വരെ നടക്കും മറ്റുചിലപ്പോള്‍. ഇക്കഴിഞ്ഞ ഫെസ്റ്റിവലില്‍ അയ്യപ്പനിറങ്ങാന്‍ രണ്ടുദിവസം വൈകിയിരുന്നു. ഒറ്റയാനിറങ്ങിയതുപോലെയാണ്. എന്നാല്‍ എല്ലായ്‌പ്പോഴും എല്ലാവരും ഒപ്പം കാണുകയും ചെയ്യും.
കാര്‍ത്തിക ലോഡ്ജിലെ പക്ഷിക്കൂട്ടത്തിലോ നന്തന്‍കോട് ഷാപ്പിലോ അയ്യപ്പനുണ്ടാവും. ബൊഹീമിയന്‍ ഗാനങ്ങളല്ല, മലയാളം സിനിമാപ്പാട്ടുകള്‍ പകുതി നിര്‍ത്തി ഇറങ്ങിയൊരു പോക്കാണ്. അടുത്തുപോകാന്‍ പേടിയാവുന്നത് വൃത്തിയില്ലായ്മയിലോ ധനനഷ്ടത്തിലോ ഉള്ള ഭയം മാത്രം കൊണ്ടല്ല, ആ എഴുത്തിന്റെ മൂര്‍ച്ചയെ പേടിയുള്ളതുകൊണ്ടാണ്. മനസ്സിനെ ഏറ്റവുമധികം മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍ കവിതയായി കൊള്ളുന്നത് ആ നാവില്‍ നിന്നാണ്.
ഷാജി എന്‍. കരുണും ബീനാ പോള്‍ വേണുഗോപാലും സംഘാടകരായി നടത്തിയ ഫിലിം ഫെസ്റ്റിവല്‍. ഏതോ ആഫ്രിക്കന്‍ സംവിധായികയുമായുള്ള മുഖാമുഖം. അയ്യപ്പന്‍ പതിവുരൂപത്തില്‍ ആദ്യന്തക്കാരന്‍. മുഖാമുഖം മുറുകിവരുമ്പോള്‍ സിനിമയുടെ രാഷ്ട്രീയത്തെ കീറിമുറിച്ച് വിശകലനം ചെയ്യുന്നവര്‍ക്കിടയില്‍ നിന്നും അയ്യപ്പന്‍ ആടിയെഴുന്നേല്‍ക്കുന്നു.രാജീവ് നാഥോ മറ്റാരോ പിടിച്ചുനിര്‍ത്താന്‍ നോക്കുമ്പോള്‍ ഉരിഞ്ഞുതുടങ്ങിയ മുണ്ടിനെ തിരിച്ചുപിടിച്ച്, വാക്കുകളെ തിരിച്ചു പിടിക്കാന്‍ നോക്കാതെ വേദിക്ക് മുന്നില്‍ അയ്യപ്പന്‍.
എന്നാലും ബീനേ, ഷാജീ.. നിങ്ങള് രണ്ടുപേരും നടത്തീട്ടും നമ്മുടെ ജോണിന്റെ ഒരു സിനിമ കാണിച്ചില്ലല്ലോ, ഇവിടെ. അവന്‍ നമ്മുടെ ജോണല്ലേ. അവന്റെ ഒരു സിനിമ.....
ബീനയും ഷാജിയും മൈക്കിലൂടെ പറഞ്ഞ മറുപടിക്ക് അയ്യപ്പന്‍ കാത്തുനിന്നില്ല. അമ്പരന്നു നില്‍ക്കുന്ന വിദേശ സംവിധായകരെയും മയപ്പെടുത്താന്‍ നോക്കുന്ന നാടന്‍ സിനിമാക്കാരെയും കൂസാതെ പറഞ്ഞ വാക്കുകളില്‍ ഒരു തുള്ളി പോലും തുളുമ്പിപ്പോകാതെ അയ്യപ്പന്‍ ഇറങ്ങിയങ്ങ് പോയി. ചോളാ ബാറിലെ സാധാരണക്കാരന്റെ കസേരകളൊന്നിലേക്ക് ആരൊക്കെയോ കൂട്ടുപോയി.
രണ്ട് ദിവസം കൊണ്ട് ഷംനാദ് ഇടവ ആശാന്‍ സ്മാരകത്തിലും വര്‍ക്കലയിലും തിരുവനന്തപുരത്തുമൊക്കെ കാണ്ടുപോയി ചിത്രീകരിച്ച മൂന്നരമണിക്കൂര്‍ ഷോട്ടുകളിലുമുണ്ട് പലപ്പോഴും ഇറങ്ങിനടത്തം. അതിനെ ഇരുപത്തഞ്ച് മിനിട്ട്്് നീളമുള്ള ഒരു ഡോക്യുമെന്ററിയായി എഴുതിയുണ്ടാക്കിക്കൊടുത്തപ്പോള്‍ ഷംനാദിന് സന്തോഷമായി. എഡിറ്റിംഗ് കഴിഞ്ഞ്്്്്് സിഡിയുമായി ഷാര്‍ജയിലെ വീട്ടിലെത്തി അയ്യപ്പന്റെ പുസ്തകങ്ങള്‍ കൈയിലൊതുക്കി ഷംനാദ് പറഞ്ഞതും അതുതന്നെ.
ഇനി ഇങ്ങേര് ഇറങ്ങിപ്പോകുന്നതൊന്ന് കാണണം.

                                                                   
ശ്രീചിത്രന്‍      


ഞാൻ ഒരു റോസാപ്പൂവാവും


എൻ.വി.കൃഷ്ണവാര്യർ സ്മാരക ട്രസ്റ്റിന്റെ കവിതാക്യാമ്പ്.
(മുൻപെനിക്കും നിശീയെപ്പോലെ അവിടെ ഒക്കെ തോൾസഞ്ചീം തൂക്കി പോണ രോഗമുണ്ടായിരുന്നു)
മലയാളകവിതാസാഹിത്യചരിത്രത്തെപ്പറ്റി ലീലാവതിടീച്ചറുടെ പ്രൌഡഗംഭീരമായ ക്ലാസ്.
മലവെള്ളപ്പാച്ചിൽ പോലെയാണ് ടീച്ചറുടെ പ്രഭാഷണം. ഇടമുറിയാത്ത പ്രവാഹം. രാമചരിതകർത്താവുമുതൽ രാമചന്ദ്രൻ വരെയുള്ള കവികളുടെ പെരുകളും നിരീക്ഷണങ്ങളും പെരുമഴയായി പെയ്തു തീർന്നു.
ഒരു പേരു മാത്രം ഇല്ല, അയ്യപ്പൻ!
ഞങ്ങൾ നാലുകുട്ടികൾ - സന്തോഷ്, മനോജ്, ലോപ, ഞാനും – എഴുന്നേറ്റുനിന്നു. “അയ്യപ്പനുൾപ്പെടാതെ മലയാളകവിതയ്ക്കു ചരിത്രമില്ല.”
ടീച്ചർ മെല്ലെ പറഞ്ഞു “അയ്യപ്പന്റെ കവിതകൾ…നല്ല കവിയാണ്. ഒന്നും പറയാനില്ല”
ഒരു വഴക്കും ഉണ്ടാക്കേണ്ട കാര്യമല്ല, ചെറുപ്പത്തിന്റെ അന്തമില്ലായ്മ – “ടീച്ചർ നിൽക്കുന്ന മണ്ണ് ഇളകിത്തുടങ്ങുകയല്ല, ഒലിച്ചുപോയിരിക്കുന്നു. കേരളത്തിലെ മികച്ച പത്തുകവികളെടുത്താൽ അതിലൊരാൾ അയ്യപ്പനാണ്”
ഇടയിൽ കയറി ഒരു പ്രശസ്ത പാരമ്പര്യകവി : “അയ്യപ്പൻ കവിത ചൊല്ലണതാ ഭയങ്കരം”
ഞങ്ങളുടെ മറുപടി “ഞങ്ങൾ ജീവിതത്തിൽ കേട്ട ഏറ്റവും മികച്ച കവിതാലാപനം അയ്യപ്പന്റെയാണ്”
പറഞ്ഞുപറഞ്ഞ് തർക്കമായി. രാത്രി പുലരും വരെ അയ്യപ്പനേപ്പറ്റി തർക്കിച്ചു. ക്യാമ്പിലും, സഹവാസസ്ഥലത്തും.
2
തിരുവനന്തപുരം ഫിലീം ഫെസ്റ്റിവൽ വൈകുന്നേരങ്ങളിലൊന്നിൽ, ബാറിന്റെ ഇരുണ്ട മൂലയിലിരുന്ന് ഞാൻ അയ്യപ്പേട്ടനോട് ഈ അനുഭവം പറഞ്ഞു. എനിക്കിട്ട് ഒരു തെറി ആയിരുന്നു മറുപടി.
“നിന്നെ ഒക്കെ ആരാടാ എന്റെ അപ്പൊസ്തലനാക്കിയത്?”
“സുകുമാരകവികൾക്കു മുന്നിൽ എന്നെ ഇട്ടു വിലപേശുന്ന കുട്ടികളാണോ മലയാളകവിത നന്നാക്കുന്നത്?”
ബാക്കി ഓർമ്മയില്ല, ഇങ്ങനെ കുറേ വാചകങ്ങൾ.
അവസാനം ഞാൻ എഴുന്നേറ്റു പുറത്തേക്കു നടക്കുമ്പോൾ കൈയ്യിൽ കയറി പിടിച്ചു.
“നീ നിൽക്ക്. എനിക്കു പാടണം. അതുകേട്ടിട്ടു പോയാൽ മതി”
ആ ഘനനാദത്തിൽ തുടങ്ങി – “നിറഞ്ഞ കണ്ണുകളോടെ….നിശ്ശബ്ദവേദനയോടെ….”
ഞാനും ഒപ്പമുണ്ടായിരുന്ന രാമകൃഷ്ണൻ എന്ന കൂട്ടുകാരനും ചേർന്ന് പൂരിപ്പിച്ചു.
പാട്ടവസാനിപ്പിച്ചപ്പോൾ പറഞ്ഞു :
“പിരിഞ്ഞു പോവുമ്പോൾ വിരഹവേദന തരാൻ കഴിയില്ല നിന്റെ സുകുമാര കവികൾക്ക്. ഞാൻ ഒരു റോസാപ്പൂവാവും മരിച്ചാൽ.മുള്ളുകൾ കൊണ്ടു കുത്തി വിരഹവേദനയുടെ ആഴം ഞാൻ കാണിച്ചുതരും”

17 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

അയ്യപ്പനെക്കുറിച്ച് പരിചയപ്പെട്ടവര്‍ക്കെല്ലാം എന്തെങ്കിലും പറയുവാനുണ്ട്...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നാട്ടിലുള്ളപ്പോൾ ഇഷ്ട്ടത്തോടെ കണ്ടുമുട്ടാറുള്ള ഞങ്ങളുടെയെല്ലാം ഗെഡി ..അയ്യപ്പേട്ടന് ആദരാജ്ഞലികൾ....

ശ്രീനാഥന്‍ പറഞ്ഞു...

ആദരാഞ്ജലികൾ!

Sandeep pothani - സന്ദീപ് പോത്താനി പറഞ്ഞു...

വേറിട്ട കവിത കൊണ്ടും ജീവിതം കൊണ്ടും ശ്രദ്ധേയനായ വ്യക്തിയായിരുന്നു അയ്യപ്പന്‍. അരാജകമെന്നും സാഹസികമെന്നും തോന്നിക്കുന്ന ജീവിതം നയിച്ച അയ്യപ്പന്റെ കവിതകള്‍ മലയാളത്തില്‍ വേറിട്ടുതന്നെ നിന്നു. കവിയെന്ന നിലയില്‍ മാത്രമല്ല; വ്യക്തിയെന്ന നിലയിലും കേരളത്തിലങ്ങോളമിങ്ങോളം വന്‍സുഹൃദ് വലയം അദ്ദേഹത്തിനുണ്ടായിരുന്നു. കേരളം നെഞ്ചേറ്റിയ ഒട്ടേറെ കവിതകള്‍ അയ്യപ്പന്റേതായുണ്ട്. അവയില്‍ പലതും താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും അരക്ഷിതാവസ്ഥയും പ്രമേയമാക്കിയതായിരുന്നു. യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു അയ്യപ്പന്റെ കവിതകളുടെ ആരാധകരിലേറെയും.

സുനിൽ സുകുമാരൻ പറഞ്ഞു...

ഇടക്കിടയ്ക്ക്, ഞാന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ അദ്ദേഹത്തിന്റെ സുഹൃത്തിനെ കാണാനും ഇച്ചിരി കാശു പോക്കറ്റില്‍ നിന്നു എടുക്കനുമായി വരുമ്പോഴാണ് ഞാനീ മനുഷ്യനെ ആദ്യമായി കാണുന്നത്. തലക്കനം എന്നത് വ്യക്തിത്വത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ഇന്നത്തെ സംസ്കാരിക മേലാളന്മാര്‍ എഴുതിത്തള്ളിയ വെറും പച്ചയായ ഒരു മനുഷ്യന്‍. ഫിലിം ഫെസ്ടിവലുകളില്‍, നഗരത്തിലെ തിരക്കേറിയ നടപ്പാതകളില്‍ കാത്തിരുന്ന്, സുഹൃത്തുക്കളുടെ പോക്കറ്റില്‍ കൈ ഇട്ട്‌ ഒരു അമ്പതു രൂപ എടുക്കുന്ന വേളകളില്‍ അവനെ സുഖിപ്പിക്കുന്ന ഒരുവരി കവിത മൂളുന്ന ഒരു രസികന്‍. സ്വന്തം മരണം എന്നും പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ നടന്ന ഒരു മനുഷ്യന്‍. അനുഭവിച്ച പട്ടിണിയുടെ, വിവേചനത്തിന്റെ, എഴുതി തള്ളലുകളുടെ, വേദനയും ആക്രോശവും പ്രതികാരവുമാണ് അയ്യപ്പന്റെ കവിതകള്‍. മലയാള കവിതയ്ക്ക് ഈ വിരാമത്തിലൂടെ ഉണ്ടാകുന്ന ശൂന്യത, അത്, ഈ മനുഷ്യനെ സ്നേഹിച്ചിരുന്ന തലസ്ഥാന നഗരിയിലെ നിവാസികള്‍ക്ക് നല്ലോണ്ണം മനസ്സിലാകും. അതാണ്, ഒരു കവി പച്ചയായൊരു മനുഷ്യനാകുമ്പോള്‍ ഉള്ള ഗുണം. നിറകണ്ണുകളോടെ, അങ്ങയുടെ ഹൃദയത്തിന്റെ സ്ഥാനത്ത് വിടര്‍ന്ന ആ പൂവില്‍ തലോടികൊണ്ട് .... മഹോസ്തുതെ.... വന്ദനം...വന്ദനം.

veliyan പറഞ്ഞു...

നാട്ടു ചാരായത്തിന്റെ മഞ്ഞയും
മണവുമുള്ള നട്ടുച്ചയിലാണ്
അവനെത്തിയത്‌ .

വെയില്‍ തിന്നു
ചെന്നിനായകം കുടിച്ചാണ് അവന്‍ പോയത് .

Jyothikumar Cheruvally പറഞ്ഞു...

നന്ദി..!!! ഈ മനുഷ്യനെക്കുറിച്ച് അറിയുന്തോറും കൂടുതല്‍ കൂടുതല്‍ അറിയണമെന്ന് തോന്നുന്നു..
അനുഭവങ്ങള്‍ പങ്ക് വച്ച എല്ലാവര്‍ക്കും നന്ദി...
വെറുതെ വിക്കീ പീടികയില്‍ നോക്കി സമയം waste ആക്കി.

പ്രജ്ഞാപഥം പറഞ്ഞു...

അവസാനമായി ആ ശബ്ദം നേരില്‍ കേട്ടത് തിരുവനന്തപുരം മാതൃഭൂമിയിലെ മഹേഷിന്റെ ഫോണില്‍നിന്നുമായിരുന്നു... അയ്യപ്പണ്ണന്റെ പതറിയശബ്ദം.... നാളേറെക്കഴിഞ്ഞെങ്കിലും ആ പതറിയശബ്ദം ഓര്‍മ്മയായ് വേദനിക്കുന്നു

വീകെ പറഞ്ഞു...

ആദരാഞ്ജലികൾ....

t.a.sasi പറഞ്ഞു...

അരാജകനക്ഷത്രമേ..വിട..

Pramod.KM പറഞ്ഞു...

സിനിമാനടന്‍ മുതല്‍
മിമിക്രിക്കാരനെ വരെ
നാം പിന്തുടരും
അവരുടെ മറവില്‍
ഒളിക്കേമറ വെക്കും

മരിച്ച കവി
തിരിച്ചറിയാതെ കിടക്കും

ശ്രീനാഥന്‍ പറഞ്ഞു...

@പ്രമോദ്- നന്നായി. ‌@ അൻവർ - ശോകം ഇക്കാലത്തും ശ്ലോകമാകുന്നുണ്ടല്ലോ!

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

അയ്യപ്പ കവിയുടെ മരണം മണക്കുന്ന അവസാന കവിത പല്ല്


പല്ല്
.............


"അമ്പ്
ഏത് നിമിഷത്തിലും മുതുകില്‍ തറയ്ക്കാം.
പ്രാണനുംകൊണ്ട് ഓടുകയാണ്.


വേടന്‍റെ കുര കഴിഞ്ഞു
റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ.
ഒരു മരവും മറ തന്നില്ല


ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാന്‍ ഇരയായി..."

Aardran പറഞ്ഞു...

മുട്ടക്കോഴിക്ക്‌
ജ്ഞാന്‍പീഠം കിട്ടിയതില്‍
പ്രതിഷേധിച്ച്‌
അയ്യപ്പന്‍ പിണങ്ങിപ്പോയി

10 വളര്‍ത്തുകവിതകള്‍ക്ക്‌
അയ്യപ്പന്റെ
ലഹരി നിറഞ്ഞ
ഒരു വാക്കു മതി

പിന്നെ
അയ്യപ്പന്‍
ഇസ്തിരിയിടാറില്ല
ആകാശം പുതച്ച്‌
മണ്ണില്‍ മരിച്ചുകിടക്കുകയും ചെയ്യും

naakila പറഞ്ഞു...

സാബു ഷണ്‍മുഖത്തിന്റെ വാക്കുകള്‍ കടമെടുക്കുന്നു:


'ഒരു നക്ഷത്രം
കൊത്തിക്കൊണ്ടുവരാന്‍
എന്റെ കൈകളില്‍നിന്നും
പറന്ന പ്രാവ്
നെഞ്ചിലൂട െതുളച്ചുകയറിയ
ഒരമ്പുമായി എന്റെ കൈകളില്‍
തന്നെ മരിച്ചുവീണു.'
-എ.അയ്യപ്പന്‍

ജീവിച്ചിരുന്നപ്പോള്‍ അയിത്തംകല്പ്പിച്ചവര്‍ ,കണ്ടിട്ടുംകാണാതെപോയവര്‍,ശല്യമൊഴിഞ്ഞെന്നു
ആശ്വസിക്കുന്നവര്‍ ,അങ്ങനെ സര്‍വ അലവലാതികളുംഇനി എഴുതിത്തുടങ്ങും കിടിലന്‍വിലാപകാവ്യങ്ങള്‍ ,
അടിപൊളി സ്തുതികള്‍ ,ഇടിവെട്ട്അനുഭവങ്ങള്‍.

അവനെന്നുംകൂട്ടായിരുന്നവര്‍്‍ -അവര്‍ക്ക് കിട്ടില്ല എഴുതാന്‍പേജുകള്‍ ,പറയാന്‍ മൈക്കുകള്‍ ,തെളിയാന്‍ ചാനലുകള്‍ .

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അയ്യപ്പന്‍ പറഞ്ഞു -

മൃത്യുവിന് ഒരു വാക്കേ ഉള്ളു
വരൂ, പോകാം
അയ്യപ്പന്‍ പോയി.

അയ്യപ്പനില്ലാത്ത ശരീരം
ആചാരവെടിക്കാരുടേയും
മന്ത്രിമാരുടേയും
സൌകര്യം കാത്തു കിടന്നാല്‍
അയ്യപ്പനെന്ത്
സമയമെത്തുമ്പോള്‍
അവരുടെ കാതിലും ആ വാക്കെത്തും
വരൂ പോകാം.

zahi. പറഞ്ഞു...

അയ്യപ്പന് ആദരാഞ്ജലികള്‍
കവിത ..കെ .വി .സക്കീര്‍ ഹുസൈന്‍
അനാഥം -.അനശ്വരം .

ആരോരു മറിയാതെ
പാതയോരത്ത്
ആറി തണുത്തു കിടന്നു
ഒരു അനാഥ മാം കവിതാ പുസ്തകം

നെടുംബാത യറിഞ്ഞില്ല
അക്ഷരങ്ങളുടെ ചുണ്ടില്‍
ഉറുമ്പരിക്കുന്ന സത്യം

നീ മരിച്ചെന്ന സത്യം
ദഹിക്കാതെ കിടക്കുന്നു
ചെറു കുടലിന്‍
പല നാഭികളിലും

ഇല്ലാത്ത ഭാരം
വഹിക്കുവാനായുണ്ടൊരു
നാടക തിരയിളക്കം
അണിയറ നാടകത്തില്‍

വരുതിയാം തോഴനെ ത്ര -
നിദ്ര മുടിച്ചുവെന്നാലും -നിന്‍റെ
പേരില്‍ ചേ ക്കേറി ടാമോരമ്പര ചുംബി

വാരി വിതറാനെന്‍
വാഗ്ദാനങ്ങളൊന്നു മില്ല സുഹൃത്തേ
വാറു പൊട്ടിയ വേദനയുടെ
ചെറു വാക്കുകളല്ലാതെ .

0