10/11/09

ഛായ

ഉല്‍പ്പത്തി
സമദൂര സിദ്ധാന്തത്തിന്‍മേല്‍
മെര്‍ക്കുറിയുടെ ത്രിമാന കവചം
അനന്തം
ആഴത്തെളിമ
തീപിടിച്ച കപ്പല്‍പ്പായകളില്‍
ആര്‍ക്കമെഡീസ്‌ പഴമ്പെരുമ
സില്‍വിയാപ്ളാത്ത്‌
ഇടപ്പള്ളി
നിഷേധി ആത്മാക്കളുടെ സ്നാനഘട്ടം കടക്കുമ്പോള്‍
നാര്‍സിസ്സിനോട്‌ ഒന്നും ചോദിയ്ക്കരുതെന്ന്‌ കല്‍പന

ഛായ
ചിതറി വീണുടഞ്ഞാലും അദ്വൈതം
വിരല്‍ മുക്കിയ സ്ഥാനഭ്രംശത്തില്‍ ബാല്യം
ഉപ്പൂറ്റി തേഞ്ഞ നൂറ്റാണ്ടുകള്‍ക്കന്ത്യം ദര്‍ശനസൌഖ്യം
ക്രമേണ നിശ്ചലതയിലേക്ക്‌ വളര്‍ന്ന പൌരുഷം
ഒടുവില്‍ നേടിയത്‌ സൂര്യനോട്‌ ഉരുളയ്ക്കുപ്പേരിച്ചങ്കൂറ്റം

ചിരിച്ചും കരഞ്ഞും
ചിരിപ്പിച്ചും കരയിപ്പിച്ചും
അസൂയപ്പെട്ടും പെടുത്തിയും
ദ്വേഷിച്ചും അഹങ്കരിച്ചും
പേടിച്ചും പ്രണയിച്ചും
തലയ്ക്കു തീപിടിച്ചും
മുങ്ങി മരിച്ചു മറഞ്ഞ
നിലവിളികളിലൊന്നില്‍
ഒരു സ്വത്വാന്വേഷി - ചെമ്പഴന്തി മുഖം.

ഛായ
ചിലപ്പോള്‍ ഉന്‍മാദവേഗികള്‍ക്ക്‌
മുന്നറിയിപ്പിന്റെ പിന്‍കാഴ്ച
മുഖത്ത്‌ പൊട്ടിമുളച്ച്‌
നിറഞ്ഞു കവിഞ്ഞ്‌
ഉണങ്ങിയൊടുങ്ങിയ
കൊച്ചുകൊച്ചഗ്നിപര്‍വതങ്ങളിലേയ്ക്ക്‌
ഉള്‍ക്കാഴ്ച്ചയുടെ തണുത്ത ലാവാപ്രവാഹം

ശിശിരം
കറുപ്പുകൊഴിഞ്ഞു തുടങ്ങിയ
കോണിഫറസ്‌ വനങ്ങളിലേയ്ക്ക്‌
തിരിച്ചറിവിന്റെ
പൊള്ളുന്ന സെര്‍ച്ച്‌ ലൈറ്റ്‌ മഞ്ഞളിപ്പ്‌

ഒടുക്കം
ഒടുവിലത്തെ ആണിയടിയുടെ മുഴക്കം
കേള്‍ക്കാം
ചില്ലുടയുന്ന കിലുക്കം
മരിച്ച മാലാഖയുടെ മുഖംമൂടിയ്ക്കുവേണ്ടി
ക്യൂ നില്‍ക്കുന്ന ശബ്ദതാരാവലികളോട്‌
അവസാനമായി ഒരു വാക്ക്‌ -
"പാകമായില്ലെങ്കില്‍പ്പിന്നെ ആറന്‍മുളക്കാര്‍ക്കും..."


*1998 ഇല്‍ പ്രസിദ്ധീകരിച്ച കവിതയാണ് . ഒരു പതിനെട്ടു വയസ്സുകാരന്റെ അപക്വ രചനയാണ് .
ശ്രീ കല്പറ്റ നാരായണന്റെ "ഛായാഗ്രഹിണി" എന്നകവിത വായിച്ചപ്പോള്‍ ഇതു പൊടിതട്ടി എടുക്കണമെന്നു തോന്നി .

അഭിപ്രായങ്ങളൊന്നുമില്ല: