10/10/09

പുതുകവിത വെട്ടിനിരത്തുന്നവര്‍?
ഇങ്ങനെയൊരു തലവാചകം കാണുമ്പോള്‍ പുതുകവിത തോളിലേറ്റി പോസ്റ്ററൊട്ടിച്ച്‌, മൈക്ക്‌ (ജയരാജിന്റെ ലൗഡ്‌സ്‌പീക്കര്‍ ഓര്‍ക്കുക) വെച്ച്‌ കവലതോറും സംസാരിക്കുന്നവരെ കുറിച്ചാകുമെന്ന്‌ ചിലരെങ്കിലും കരുതും. തെറ്റി. അങ്ങനെ ഏതെങ്കിലും കവിയുടെയോ, കാവ്യഭാവുകത്വത്തിന്റെയോ രഹസ്യം സൂക്ഷിപ്പുകാരോ, കശാപ്പുകാരോ അല്ല. കവിതയുടെ പരിണാമവും എഴുത്തുകാരന്റെ വളര്‍ച്ചയും തളര്‍ച്ചയും കാലത്തിന്റെ മാറ്റവും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച്‌ കവിത വായിച്ചുപോകുന്നവര്‍ എന്നുമാത്രമേ തലവാചകം അര്‍ത്ഥമാക്കുന്നുള്ളൂ.
പക്ഷേ, സാഹിത്യത്തില്‍ ജീവിക്കുന്ന ചിലര്‍ ഒരു ഫ്‌ളാറ്റ്‌ഫോമില്‍ നിന്നുകൊണ്ട്‌ ശരീരത്തിനോ, മനസ്സിനോ യാതൊരു ഇളക്കവും വരുത്താതെ, ഹമ്പട ഞാനേ! എന്ന രീതിയില്‍ കവിത വായിച്ചു പോകുന്നവരാണ്‌. ചിലപ്പോള്‍ ക്ഷിപ്രകോപികളുമാകും. കഥാസ്വാദകര്‍ ആദരിക്കുന്ന മലയാളത്തിലെ പ്രശസ്‌ത കഥാകാരന്‍ ടി. പത്മനാഭനെപ്പോലെ പൊട്ടിത്തെറിച്ച്‌ അഭിപ്രായം പറയുന്നവരുമുണ്ട്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മലയാളകവിതയെ നശിപ്പിച്ചത്‌ കുഞ്ഞുണ്ണി മാഷും എം. എന്‍. വിജയനുമാണെല്ലോ! പത്മനാഭന്‍ സാറ്‌ അങ്ങനെ കരുതട്ടെ. മലയാളകവിതാ വായനയില്‍ പുതുതായി എന്തെങ്കിലും വരുത്തിയവരില്‍ മേല്‍പ്പടി ടിയാന്മാര്‍ക്കുള്ള സ്ഥാനം അക്ഷരജ്ഞാനമുള്ള മലയാളികള്‍ക്ക്‌ തിരിച്ചറിയാനാവുന്നതേയുള്ളൂ. ടി. പത്മനാഭന്‍ സാറിന്റെ വാദം (മാധ്യമം വാര്‍ഷികം) ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു (ടി. പത്മനാഭന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇക്കാര്യം പ്രസംഗിച്ചെന്ന്‌ ഗുരുവായൂരിനും കൊടുങ്ങല്ലൂരിനുമിടയില്‍ തൃപ്രയാറില്‍ നിന്നും ബാലചന്ദ്രന്‍ വടക്കേടത്ത്‌ സധൈര്യം ഉദ്‌ഘോച്ചിട്ടുണ്ട്‌- തോര്‍ച്ച മാസിക സപ്‌തം. ലക്കം). പുതുകവികള്‍ക്ക്‌ നാലുവരി വൃത്തത്തിലെഴുതാന്‍ സാധിക്കില്ലെന്ന കുറ്റമേ പത്മനാഭന്‍ സാറ്‌ പറഞ്ഞുള്ളൂ. എന്നാല്‍, രാജേന്ദ്രന്‍ എടത്തുംകരയുടെ പുതുകവിതാ വീക്ഷണം കുറച്ചുകൂടി ഉയരത്തിലെത്തുന്നു. ടിയാന്‍ ഇക്കാലത്ത്‌ ഒരു കവിതാ പുസ്‌തകം അച്ചടിച്ചിറക്കാനുള്ള സാമ്പത്തികനില വരെ സൂചിപ്പിച്ചുകൊണ്ടാണ്‌ പുതുകവികളെ വെട്ടിനിരത്തുന്നത്‌. വെട്ടിനിരത്തുക മാത്രമല്ല, ഇപ്പണി യങ്ങ്‌ നിര്‍ത്തിയേക്കൂ എന്നിങ്ങനെ അവാര്‍ഡന്മാരോടും അല്ലാത്തവരോടും ടിയാന്‍ ഉത്തരവിടുന്നു.- (മലയാളം വാരിക- ആരെയും സ്‌പര്‍ശിക്കാത്ത കവിത ആര്‍ക്കുവേണം). ഈ രണ്ടു ലേഖനങ്ങളും വായിച്ച്‌ ആവേശം കൊണ്ടിരിക്കുമ്പോഴാണ്‌ പള്ളിക്കുന്നിനും (കണ്ണൂര്‍) എടത്തുംകരയ്‌ക്കും (വടകര) ഇടയില്‍ -ധര്‍മ്മടത്തു(തലശ്ശേരി) നിന്നും എന്‍. പ്രഭാകരനെഴുതിയ ഒരു ആമുഖക്കുറിപ്പ്‌ ശ്രദ്ധയില്‍ പെട്ടത്‌. എന്‍. പ്രഭാകരന്‍ എഴുതി: രൂപത്തിലുള്ള ഈ അതിശ്രദ്ധ ചൂണ്ടിക്കാട്ടി പുതിയ കവികളുടെ പ്രതിലോമപരതയെ ആക്ഷേപിക്കുക എളുപ്പമാണ്‌. എന്നാല്‍ ഇങ്ങനെയൊരു മറുഭാഷതേടാനും രാഷ്‌ട്രീയ സാമൂഹ്യചലനങ്ങളുടെ പ്രത്യക്ഷതലങ്ങളില്‍ നിന്ന്‌ മുഖംതിരിക്കാനും കവികളെ പ്രേരിപ്പിക്കുന്ന വസ്‌തുനിഷ്‌ഠയാഥാര്‍ത്ഥ്യങ്ങളെയും ദാര്‍ശനികപ്രതിസന്ധിയെയും അനാവശ്യശാഠ്യങ്ങളില്ലാതെ അടുത്തറിയാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ കവിതാ വായന സേച്ഛാധിപത്യപരമായ ഒരു ബൗദ്ധിക പ്രതിരോധം മാത്രമായി മാറും.- (ആമുഖക്കുറിപ്പ്‌- ഉടുമ്പിന്റെ വീട്‌ എന്ന പുസ്‌തകം). പുതുകവിതാ വായനയോടു കോപിക്കുന്നവര്‍ സുകുമാര്‍ അഴീക്കോട്‌ ജി. ശങ്കരക്കുറുപ്പിനെ വായിച്ചതുപോലെയോ, സാഹിത്യപഞ്ചാനനന്‍ പ്രാചീനകവിത്രയങ്ങളെ വിലയിരുത്തിയതുപോലെയോ മിനക്കെട്ടങ്ങ്‌ വായിച്ചിട്ടുണ്ടോ എന്ന്‌ സാധാവായനക്കാര്‍ ചോദിച്ചാല്‍ പുതുകവിത വെട്ടിനുറുക്കി കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അരിശം വരില്ലെന്ന്‌ കരുതുന്നു. കറുപ്പും വെളുപ്പും എല്ലാ കാലത്തും കണ്ടെന്നിരിക്കും. എന്നു കരുതി കാടടച്ച്‌ വെടിപ്പൊട്ടിക്കല്ലേ സാറന്മാരേ.....കവിത മൈക്ക്‌പോയന്റിന്‌ മുന്നില്‍ കാഹളം വിളിക്കലോ, ക്ലാസ്‌മുറിയില്‍ തുരുമ്പെടുക്കലോ അല്ലെന്ന്‌ വിദ്വാന്മാര്‍ നേരത്തെ നമ്മെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്‌. കവിതയിലെ വ്യാജരൂപം വായനക്കാര്‍ മാത്രമല്ല, കാലത്തിന്റെ പെരുവെള്ളവും ദൂരത്തേക്ക്‌ ഒഴുക്കിമാറ്റും.
തകര്‍ന്ന കണ്ണാടികള്‍ക്കിടയില്‍ സംഭ്രമിച്ച കുട്ടിയായിരുന്നു അറുപതുകളവസാനത്തിലെ മലയാളവായനക്കാരന്‍. അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും സുതാര്യഘടനയെ കലുഷിതമാക്കിയ പുതിയ എഴുത്തിന്റെ സംവേദനങ്ങള്‍ മലയാളിയുടെ നോവല്‍ വായനാശീലത്തില്‍ ആഘാതങ്ങള്‍ സൃഷ്‌ടിച്ചു.... പുതിയ എഴുത്ത്‌, ജീവിതത്തിന്റെ ബാഹ്യതലങ്ങളെ അനുരാഗപൂര്‍വ്വം വാരിപ്പുണര്‍ന്ന്‌ അഭിരമിച്ച നോവല്‍ സങ്കല്‌പങ്ങള്‍ക്ക്‌ വിരുദ്ധമായ പ്രതിവ്യവഹാരം സൃഷ്‌ടിക്കുകയായിരുന്നു ആധുനിക നോവലിസ്റ്റുകള്‍- നിരൂപകന്‍ പി. കെ. രാജശേഖരന്റെ നോവല്‍ക്കാഴ്‌ച മലയാളകവിതയ്‌ക്കും ഇണങ്ങും. എഴുത്തിന്റെ സാന്ദ്രതയ്‌ക്കുപരി ജീവിതത്തിന്റെ വൈവിധ്യമാണ്‌ പുതുകവിതയും പ്രതിനിധാനം ചെയ്യുന്നത്‌. പോയ വാരത്തില്‍ പതിരുകളേക്കാള്‍ കതിരുകളാണ്‌ വിരിഞ്ഞത്‌. കവിതയുടെ കുതിപ്പും കിതപ്പുമായി എത്തിയ ആനുകാലികങ്ങള്‍ നല്‍കുന്ന പാഠവും മറ്റൊന്നല്ല.
ആനുകാലികം: ഡി. വിനയചന്ദ്രന്‍ മാതൃഭൂമി (ഒക്‌ടോ.11)യില്‍ എഴുതിയ പ്രസവിക്കാത്ത സിംഹങ്ങള്‍ എന്ന കവിതയില്‍ പറയുന്നു: കാറ്റില്‍ മരപ്പട്ടകള്‍ കാഞ്ഞഗന്ധങ്ങള്‍/ കാതരമെന്‍ മനം സന്ധ്യ ഗായത്രിയും/ ഓര്‍ത്തു പേററ്റതാം കന്യാമഠങ്ങള്‍ ഞാന്‍/ ഓര്‍ത്തു വിശ്വാസം നിഹനിച്ച ജന്മങ്ങള്‍.- കാമനകളെയും പരിമിതികളെയും ഹൃദ്യമായി ആവിഷ്‌ക്കരിക്കുകയാണ്‌ വിനയചന്ദ്രന്‍. താളത്തിലും ഭാവത്തിലും തന്നെ.മുല്ലനേഴിക്കവിതകള്‍ (മലയാളം വാരിക, ഒക്‌ടോ.9) നവീനമായൊരു വായനാനുഭവം നല്‍കുന്നു. ഒഴുക്ക്‌, കൂട്ട്‌ എന്നിങ്ങനെ രണ്ടു രചനകള്‍. ഒഴുക്കില്‍ മുല്ലനേഴി എഴുതി: വറ്റാത്ത കണ്ണീരുമായ്‌/ രാവുകള്‍ പിന്നിട്ടീടും/ മര്‍ത്ത്യനില്‍ പൂക്കാന്‍/ കാത്തുനില്‍ക്കയാണൊരു സ്വപ്‌നം.- എന്നിങ്ങനെ ഒഴുക്കായി കടന്നുപോകുന്ന ജീവിതക്കാഴ്‌ച. കഥാന്ത്യം എന്ന കവിതയില്‍ പഴവിള രമേശന്‍: വാസവദത്തേ/ വാസരാന്ത്യ പ്രതീകമേ/ ശ്വാസഗതി/ ഇനിയും നിലച്ചിട്ടില്ലല്ലോ.-(കലാകൗമുദി 1779). കരുണയിലെ നായികയെ തൊട്ടുകൊണ്ട്‌ പഴവിള സ്‌ത്രീജീവിതത്തിന്റെ ഒഴുക്കിലേത്ത്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ജനശക്തിയില്‍ (ഒക്‌ടോ.3) സലാം കെ. പി. യുടെ ചോദ്യം: ഒരൊട്ടകപ്പക്ഷിക്ക്‌/ അനങ്ങാതെ എത്രകാലം/ ഒരേ കിടപ്പ്‌ തുടരാകും?- (ഒട്ടപ്പക്ഷി). സത്യത്തിനു നേരെ മുഖം തിരിഞ്ഞുനില്‍ക്കുന്നവരോടാണ്‌ സലാമിന്റെ ചോദ്യം. ഇതിന്‌ ഉത്തരം നല്‍കേണ്ടത്‌ കാലമാണെന്ന്‌ നമുക്ക്‌ ആശ്വസിക്കാം.സെബാസ്റ്റ്യനും സി. എസ്‌. ജയചന്ദ്രനും കവിതയുടെ കരുത്തുമായി തിരിച്ചെത്തിയിരിക്കുന്നു. മാധ്യമം ആഴ്‌ചപ്പതിപ്പിലെ (ഒക്‌ടോ.12) രണ്ടു കവിതകള്‍. സെബാസ്റ്റ്യന്‍: കുഞ്ഞുപുല്ലുകള്‍/ എഴുന്നേറ്റുനിന്നു/ കൈവീശി/ കളിയാക്കി- (പ്രാണഭയം). സി. എസ്‌. ജയചന്ദ്രന്‍ ഇങ്ങനെ എഴുതുന്നു: കഴിഞ്ഞ ജന്മത്തില്‍ നിന്ന്‌/ ഞാന്‍ കൊണ്ടുവന്നത്‌/ കണ്ണുചിമ്മുന്ന ശീലത്തെയാണ്‌/ അടുത്ത ജന്മത്തേയും ഞാന്‍/ കൊണ്ടുപോകുന്നതോ/ കാലുറയ്‌ക്കാത്ത കാലത്തെ.-(വെള്ളെഴുത്ത്‌). ഇന്ന്‌ മാസികയില്‍ (സപ്‌തം.ലക്കം) ലതീഷ്‌ കീഴല്ലൂര്‍: ഞാനും നീയും/ എന്നും തളരാതെ/ വിഴുപ്പുകളക്കി-/ ക്കൊണ്ടേയിരിക്കുന്നു.-(വിഴുപ്പലക്കല്‍). കാലഭേദങ്ങളില്ലാതെ തുടരുന്ന പ്രക്രിയയാണ്‌ ലതീഷ്‌ എഴുതിയത്‌. മഞ്ഞുതുള്ളിയിലൊരു കാനനം. കവിതാപുസ്‌തകം: അമ്പത്തിനാല്‌ കവിതകളുടെ സമാഹാരത്തിന്‌ പേര്‌ ഉടുമ്പിന്റെ വീട്‌. കവിതയുമായി അടുത്ത ബന്ധമില്ലാത്ത പേര്‌. പക്ഷേ, രചനകള്‍ ഓരോന്നായി വായിച്ചുകഴിയുമ്പോള്‍ നമ്മുടെ സംശയം മാറും. ജീവിതത്തിലെ ചെറുതും വലുതുമായ കടങ്കഥകള്‍ക്ക്‌ കാവ്യഭാഷ കണ്ടെക്കുകയാണ്‌ സലാം. ബദ്ധപ്പാടില്ലാതെ, കഴിയുന്നത്ര സൂക്ഷ്‌മതയോടെ. എഴുത്തില്‍ പുലര്‍ത്തുന്ന ഈ ആത്മാര്‍ത്ഥത തന്നെയാണ്‌ സലാം കെ. പി. യുടെ കവിതകളെ ശ്രദ്ധേയമാക്കുന്നത്‌. ഇവ വായനയില്‍ വേറിട്ടൊരു അനുഭവമാകുന്നു. വേപഥുകളും ഉത്‌കണ്‌ഠകളും ഇഴചേരുന്ന എഴുത്താണ്‌ സലാം കെ. പി. യുടെ ഉടുമ്പിന്റെ വീട്‌ എന്ന കൃതി.- (ഒലിവ്‌, 40രൂപ).
ബ്ലോഗ്‌ കവിത: ബ്ലോഗില്‍ ഈ ആഴ്‌ച കണ്ണീരുപ്പാണ്‌ നിറഞ്ഞത്‌. ബ്ലോഗില്‍ ആദ്യകാലത്തുതന്നെ കവിത എഴുതിക്കൊണ്ടിരുന്ന ജ്യോനവന്റെ (പൊട്ടക്കലം) അപകടമരണം (വാര്‍ത്ത ബ്ലോഗിലൂടെ ആദ്യമെത്തി) മനമെരിയുന്ന വാക്കുകളിലൂടെ എഴുത്തുകാര്‍ സൂചിപ്പിച്ചു. പൊട്ടക്കലത്തില്‍ ജ്യോനവന്‍ അവസാനമായി എഴുതിയ മാന്‍ഹോള്‍ എന്ന കവിതയില്‍ നിന്നും: പവിത്രമായ പാതകളേ/ പാവനമായ വേഗതകളേ/ കേള്‍ക്കുന്നില്ലേ/ ചെവിയുരിഞ്ഞു വീണതിന്നൊപ്പം/ ഒരു ഹമ്മര്‍ കയറിയിറങ്ങിയതാണ്‌. മനസ്‌പര്‍ശത്തിന്റെ അക്ഷരങ്ങളിലൂടെ ജ്യോനവനെ കുറിച്ചുള്ള ഓര്‍മ്മകളാണ്‌ മിക്ക ബ്ലോഗുകളിലും അടയാളപ്പെട്ടത്‌. പുതുകവിതാ ബോഗില്‍ അജീഷ്‌ ദാസന്‍ എഴുതി: എവിടെ നിന്നൊക്കെയോ/ വിയില്‍ വന്നിറങ്ങിയ കുട്ടികള്‍/ ഈ പുഴയുടെ തീരത്ത്‌ നിന്ന്‌/ കാടിനെ നോക്കി എന്തൊക്കെയോ വിളിക്കുന്നു./ കുട്ടികളെ നോക്കി/ കാടും എന്തൊക്കെയോ വിളിക്കുന്നു/ കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു കൂവുന്നത്‌/ അവരുടെ പേരുകള്‍ തന്നെയാണെന്ന്‌/ കാടിനറിയില്ലല്ലോ- ( എക്കോപോയന്റ്‌). തണല്‍ക്കുട എന്ന കവിതയില്‍ ഷഹീര്‍ : പിഴക്കുന്ന കണക്കുകള്‍/ ശരിക്കായുള്ള തിരുത്തലുകള്‍/ മടിക്കുത്തഴിച്ചും അഴിക്കപ്പെട്ടും/ തളര്‍ന്നവര്‍/ തീരകളില്ലാതീരത്ത്‌ തിരകളെണ്ണി ജീവിച്ചവര്‍. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ യാത്രചെയ്യുന്നവരുടെ രോദനം കേള്‍പ്പിക്കാന്‍ സ്വയം തെരഞ്ഞെടുപ്പ്‌ നടത്തുന്ന ബ്ലോഗെഴുത്തുകാരുടെ കരുത്തും തളര്‍ച്ചയും പ്രതിഫലിപ്പിക്കുന്ന നിരവധി രചനകള്‍ നെറ്റ്‌സ്‌ക്രീനില്‍ തെളിയുന്നുണ്ട്‌. അവ പുതിയകാലത്തിന്റെ ഭാവുകത്വത്തിലേക്ക്‌ വായനക്കാരെ നടത്തിക്കുന്നു. ചില രചനകളെങ്കിലും വായനക്കാരെ തിരിഞ്ഞോടാനും പ്രേരിപ്പിക്കുന്നു.കാമ്പസ്‌ കവിത: പുതുകവിതയുടെ തുടിപ്പുകള്‍ പ്രത്യക്ഷപ്പെടുത്തുന്നതില്‍ കാമ്പസിനു മികച്ച പങ്കുണ്ട്‌. എഴുപതുകളുടെ പ്രക്ഷുബ്‌ധതയ്‌ക്കു ശേഷവും കാമ്പസ്‌ മലയാളകവിതയുടെ വേരിളക്കിക്കൊണ്ടിരിക്കുന്നു. തലയുര്‍ത്തിപ്പിടിച്ച്‌ സ്വാതന്ത്ര്യത്തോടെ, പറയാനുള്ളത്‌ പറയുന്നു. കാമ്പസ്‌ കവിതയുടെ രൂപഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില രചനകള്‍ മാതൃഭൂമി (ഒക്‌ടോ.11) മാഗസിനില്‍ വായിക്കാം. അസ്‌ലു റഷാദ്‌, ബാലുശ്ശേരിയുടെ ഫ്യൂണറല്‍: അക്ഷരങ്ങള്‍ പൂവിട്ടാലോ/ വാക്കുകള്‍ കായകളായാലോ- എന്നിങ്ങനെ സംശയത്തിന്റെ തിരയിളക്കം തീര്‍ക്കുന്നു. മനസ്സ്‌ എന്ന രചനയില്‍ അനുപമ സി. എസ്‌., പാലക്കാട്‌: അറിയുകതെന്നെ നീയെന്നും/ അതെ, ഞാനാണ്‌ നിന്റെ മനസ്സ്‌.- പാരസ്‌പര്യംത്തിന്റെ ദിശാസൂചികയിലേക്ക്‌ ഒരെത്തിനോട്ടമാണിത്‌. ദീപ എം, മലപ്പുറത്തിന്‌ എഴുതാനുള്ളത്‌: തുമ്പിക്കിരിക്കാന്‍ തുമ്പപ്പൂക്കളില്ല/ അകലത്തു ടെറസില്‍ കണ്ട/ ഓര്‍ക്കിഡിലിരുന്ന/ തുമ്പി പിടഞ്ഞുവീണു/ അതൊരാത്മഹത്യയായിരുന്നു!- (രണ്ടുകവിതകള്‍). ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്‌ രഹസ്യങ്ങള്‍ കണ്ടെത്താനായി മനുഷ്യമനസ്സ്‌ നടത്തിയ സാഹസിക യാത്രയാണ്‌ കവിത നിര്‍മ്മിച്ചത്‌.- (കെ. പി. അപ്പന്‍, കലഹവും വിശ്വാസവും)- നിബ്ബ്‌ 11-10-2009

5 അഭിപ്രായങ്ങൾ:

Umesh::ഉമേഷ് പറഞ്ഞു...

നല്ല ലേഖനം.

വൃത്തമില്ലാത്ത കവിതയെ ഭർത്സിക്കുക, വൃത്തമുള്ള കവിതയെ ഭർത്സിക്കുക എന്നു രണ്ടു തരം വിമർശനങ്ങളാണു് അധികവും കേൾക്കുക. വൃത്തവും താളവും പ്രാസവുമൊക്കെ കവിതയിൽ നിന്നു വ്യതിരിക്തമായ കാര്യങ്ങളാണെന്നും അവ ഉണ്ടെങ്കിലും ഇല്ലെങ്കിലും സന്ദർഭമനുസരിച്ചു കവിത നന്നാവാം എന്നും പറയുന്ന വാദങ്ങൾ കുറവാണു്. നന്ദി.

"പ്രാചീനകവിത്രയങ്ങൾ" എന്ന തെറ്റു തിരുത്തുമല്ലോ.

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

ഇപ്പോഴത്തെ സാഹിതീക്ഷേത്രത്തിലെ വയസ്സന്‍ തന്ത്രിമാര്‍ക്ക് 17-)0 നൂറ്റാണ്ടിലെ യൂറോപ്യന്‍ നവോത്ഥാനത്തെ സ്വീകരിക്കാന്‍ ഇപ്പോഴും കഴിയുന്നില്ലെന്ന് തോന്നുന്നു.
അതുകൊണ്ടല്ലേ മാനുഷികമൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി ഉത്തുംഗശൃംഖങ്ങളിലേക്കേറിക്കൊണ്ടിരിക്കുന്ന ആധുനിക മലയാള കവിതയെ താറടിച്ചു കാണിക്കാന്‍ അവര്‍ തരാം താണ വിമര്‍ശനങ്ങളുമായെതുന്നത്
ഇവിടെ പ്രതിപാദിചിരിക്കുന്നവ( കവിതകള്‍ ) തന്നെ അതിനു ദൃഷ്ടാന്തമാണ്.ഒരു പക്ഷെ അതിലുപരി പ്രതിപാദ്യവിഷയമല്ലാതെയായും ഉണ്ട്.

Raghunath.O പറഞ്ഞു...

നെല്ലും പതിരും കാലം വേര്‍തിരിക്കട്ടെ
അതായിരിക്കില്ലേ നല്ലത്....

Mahesh Palode പറഞ്ഞു...

നീയാരാടാ പുതുകവിതയുടെ അഭിനവ കൃഷ്ണന്‍നായരോ
വേറെ പണിയൊന്നുമില്ലടാ

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

ചോദ്യം അര്‍ത്ഥവ്യക്തത നല്‍കുന്നു. കൃഷ്‌ണന്‍ നായര്‍ മരിച്ചിട്ട്‌ കാലം കഴിഞ്ഞു. എങ്കിലും അദ്ദേഹത്തെ ഓര്‍ക്കുന്നതില്‍ നന്ദിയുണ്ട്‌. കൃഷ്‌ണന്‍ നായരെ നന്നായി വായിക്കാന്‍ ശ്രമിക്കുക. ഞാന്‍ ആരെന്ന്‌ ബ്ലോഗ്‌ പ്രോഫൈല്‍ നോക്കുക. വ്യക്തമായ പേരും വിലാസവും ഉണ്ട്‌. ചോദ്യകര്‍ത്താവ്‌ വെളിപ്പെട്ടാല്‍ പരിചയം പുതുക്കാമായിരുന്നു. താങ്കള്‍ തിരക്കിനിടയിലും വായിച്ചു കാണുന്നതില്‍ നന്ദി.