6/3/09

പകുതിയുടെ അര്‍ത്ഥം

പലകാര്യങ്ങളും
പറഞ്ഞു കൊണ്ടിരിക്കെയാവും
അവള്‍ , പലതും
മറന്നുവച്ചതോര്‍ക്കുക.
ഒരു മഞ്ചാടിക്കുരുമാല
പാതി കോര്‍ത്തുവച്ചത്,
ഒരു  കടലാസ് വഞ്ചി
കടലാസില്‍
മടങ്ങിക്കിടക്കുന്നത്,
എന്നോടെന്തൊ
പറഞ്ഞുനിര്‍ത്തിയത്.

ഒരു മയില്‍പ്പൂവന്‍റെ പടം
അവള്‍ പെട്ടിയില്‍
അമര്‍ത്തിവച്ചിരുന്നു.
ഉമ്മറപ്പടിയിലെ അളുക്കില്‍
ഒരു പാട് കുന്നിമണികള്‍.
ഞങ്ങള്‍ രണ്ടാളും
ചേര്‍ന്നു നില്‍ക്കുന്ന പടം
മനസില്‍  മടക്കിവച്ചിരുന്നു.

പലതും പറഞ്ഞിരിക്കേയാവും
അവള്‍ , പലതും
മറന്നുവച്ചതോര്‍ക്കുക.
പാതി തീര്‍ന്നൊരു കഥ,
പാതി ബാക്കിവച്ച
ഒരു കടങ്കഥ.

പല തവണ പെയ്യുവാന്‍
തുനിയുമ്പോഴാണ്
വരണ്ട മേഘങ്ങളെ
അവളോര്‍ക്കുന്നത്,
പാതി നിവര്‍ത്തിയ
ജീവിതമവളറിയുന്നത്.
 
-വി ജയദേവ്

3 അഭിപ്രായങ്ങൾ:

Melethil പറഞ്ഞു...

last 6 lines are really, really gr8!!

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

"പല തവണ പെയ്യുവാന്‍
തുനിയുമ്പോഴാണ്
വരണ്ട മേഘങ്ങളെ
അവളോര്‍ക്കുന്നത്,
പാതി നിവര്‍ത്തിയ
ജീവിതമവളറിയുന്നത്."
:)

Dr.jishnu chandran പറഞ്ഞു...

nannayittunt