2/12/08

തൊടുക

ഹിന്ദി കവിത
കവി: മംഗലേശ് ടബ്രാല്‍

മുന്നിലെ മേശപ്പുറത്തിരിക്കുന്ന വസ്തുക്കളെ തൊടുക
ഘടികാരം പേനയുടെ സ്റ്റാന്‍‌ഡ് പഴയൊരു കത്ത്
ബുദ്ധപ്രതിമ ബ്രെഹ്‌തിന്റെയും ചെഗുവേരയുടെയും ഫോട്ടോകള്‍.
മേശവലിപ്പുതുറന്ന് അതിലെ പഴക്കമുള്ള വിഷാദത്തെ തൊടുക.
വാക്കിന്റെ വിരലുകള്‍ കൊണ്ട് തൊടൂ, ഒന്നുമെഴുതാത്ത ഒരു കടലാസിനെ.
മിനുത്ത കല്ലുകള്‍ വെള്ളത്തെയെന്നപോലെ
വാന്‍‌ഗോഗ് ചിത്രത്തിലെ നിശ്ചലതയെ തൊടുക
അതവിടെ ജീവന്റെ കോലാഹലം സൃഷ്ടിക്കും.
സ്വന്തം നെറ്റിയെ തൊടുക, ഒട്ടുംനാണിക്കാതെയൊട്ടുനേരം
അതിനെ കൈതാങ്ങിയിരിക്കുക.
അരികത്തുതന്നെയായിരിക്കണമെന്നില്ല ഒന്നുതൊടാന്‍, ആരെയും.
അകലത്തായിരിക്കുമ്പോള്‍ പോലും സാധ്യമാണ് ഒരു സ്പര്‍‌ശം.
ദൂരെയായിരിക്കുമ്പോഴും പക്ഷിയുടെ കാവല്‍ അതിന്റെ മുട്ടയെ തൊടുന്നപോലെ.

‘ദയവായി തൊടരുത് ’ ‘തൊടുന്നത് നിരോധിച്ചിരിക്കുന്നു’
തുടങ്ങിയ പ്രയോഗങ്ങളില്‍ ഒരിക്കലും വിശ്വസിക്കരുത്.
കാലങ്ങളായി തുടര്‍‌ന്നുപോരുന്ന ഗൂഢാലോചനകളാണവ.
കൊടികള്‍ വീശുന്ന, ഉത്തരീയങ്ങളും കിരീടങ്ങളുമണിയുന്ന മതപുരോഹിതര്‍
ബോംബെറിയുന്നവര്‍, യുദ്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നവര്‍-
എല്ലാവരെയും അകറ്റിനിര്‍ത്താന്‍ നിലകൊള്ളുന്നവര്‍.
അഴുക്കേറുന്നിടത്ത് അവര്‍ ഏറെയേറെ മാലിന്യം തുപ്പുന്നു.
തൊടാതെയതിനെ വൃത്തിയാക്കുക സാധ്യമല്ല.
തൊടുന്നതുകൊണ്ട് കുഴപ്പങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍പ്പോലും തൊടുക.
ദൈവങ്ങളും പുരോഹിതരും അന്ധവിശ്വാസികളും ഭക്തരും ശിഷ്യന്മാരും
അന്യോന്യം കാലും തലയും തൊടുന്നപോലെ തൊടരുത്.
ഉയര്‍ന്നുനിവര്‍‌ന്ന പുല്ലുകള്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും
തൊട്ടുരുമ്മാനായുന്നതുപോലെ തൊടുക.
അവനവന്റെ ഉള്ളിലേക്ക് പോയി ഒരു നനവിനെ തൊടുക
ഈ കലുഷകാലത്തിലും അതവിടെത്തന്നെയുണ്ടോ എന്ന് ഉറപ്പുവരുത്തുക.


മംഗലേശ് ടബ്രാല്‍ നമ്മുടെ കാലത്തെ പ്രമുഖ ഹിന്ദി കവികളിലൊരാളാണ്. 1948 ല്‍ ഉത്തര്‍പ്രദേശിലാണ് അദ്ദേഹം ജനിച്ചത്. അഞ്ച് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‍ജേര്‍ണലിസ്റ്റ്, വിവര്‍ത്തകന്‍, ഏഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക.

6 അഭിപ്രായങ്ങൾ:

ജ്യോനവന്‍ പറഞ്ഞു...

തൊട്ടു, നന്ദി

riyaz ahamed പറഞ്ഞു...

ഇന്നത്തേക്ക് ഇതു മതി. നന്ദി.

Mahi പറഞ്ഞു...

ഞാന്‍ കാണാതെ എത്ര കവിതകളാണ്‌ കടന്നുപോകുന്നതെന്ന്‌ കണ്ണു മിഴിക്കുകയായിരുന്നു.ഒരു സ്പര്‍ശം കൊണ്ടു പോലും വിപ്ലവം നയിക്കാമെന്ന്‌ ഈ കവിത എനിക്ക്‌ പറഞ്ഞു തരുന്നു.ഇപ്പോള്‍ ബൂലോക കവിതയ്ക്ക്‌ വല്ലാത്തൊരു ജീവന്‍ വെച്ചിട്ടുണ്ട്‌

Suraj പറഞ്ഞു...

superb piece !!

തണല്‍ പറഞ്ഞു...

തൊട്ടു മതിവരുന്നില്ലാ‍ാ..

S.Harilal പറഞ്ഞു...

मूल कविता का नाम, विवर्तक का नाम इत्यादि सूचनायें भी अपेक्षित है।
आप का शुभेच्छुक
एस.हरिलाल
http://harilalmumbai.blogspot.com/