16/4/23

കെ പി നിർമ്മൽകുമാറിനെ പേടിക്കണോ?

 കെ പി നിർമ്മൽകുമാറിനെ പേടിക്കണോ?


         കുറെ നാളായി ഇങ്ങനെ ഒരു തലക്കെട്ട്  ഉള്ളിൽ കിടന്നു കളിക്കുന്നു. സത്യം പറഞ്ഞാൽ  കുറച്ചു പേടിയൊക്കെ ഉണ്ട്. ഇതുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും, കർക്കശക്കാരനായ ഒരു മുതിർന്ന അധ്യാപകനെ ഓർമ്മിപ്പിക്കുന്നു അദ്ദേഹം.

     ഞാൻ ജനിക്കുന്നതിനുമുമ്പ് കഥ എഴുതിത്തുടങ്ങിയ, 'ആധുനികകഥയുടെ പര്യായം' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിൽ പ്രസിദ്ധി നേടിയ എഴുത്തുകാരനാണ് കെ പി നിർമ്മൽ കുമാർ. ആദ്യകാല രചനകളിൽ ഒരു വിഭാഗം  പിൽക്കാലത്ത് അദ്ദേഹം തള്ളിക്കളഞ്ഞു. മറ്റു ചിലവയിൽ കാലികമായ കോപ്പി എഡിറ്റിംഗ് നടത്തി പുതുക്കി.


    ഏതാണ്ട്  രണ്ടു പതിറ്റാണ്ടിലധികമായി മഹാഭാരതത്തിന്റെ ഒപ്പമാണ് അദ്ദേഹം. ഇതിഹാസം കടഞ്ഞെടുത്ത് മൂന്നു കൃതികൾ അദ്ദേഹം രചിച്ചു: ജനമേജയന്റെ ജിജ്ഞാസ, ഇന്നത്തെ അതിഥി അതീതശക്തി ,  കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ. ഭാരതപര്യടനം മുതൽക്ക് മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ വരെയുള്ള മഹാഭാരതപുനരാഖ്യാനങ്ങളുടെ വലിയൊരു നിര നമുക്കുണ്ട്. അവയിൽനിന്ന് നിർമ്മൽ കുമാറിന്റെ കൃതികളെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം അതിൻറെ വീക്ഷണസ്ഥാനമാണ്-പത്രപ്രവർത്തകരുടെ  അതിവിമർശനപരമായ വീക്ഷണസ്ഥാനം. ഹസ്തിനപുരി പത്രികയുടെ യുദ്ധകാര്യലേഖകനും കൊട്ടാരം ലേഖികയും ജനമേജയന്റെ ജിജ്ഞാസയിലൂടെ രംഗത്ത് വരുന്നു. പുതിയ കൃതിയിൽ എത്തുമ്പോഴേക്കും കൊട്ടാരം ലേഖിക ഏകയാവുന്നു. ഈ  വീക്ഷണകോൺ അദ്ദേഹത്തിന് നൽകുന്നത്   അനന്തമായ വിമർശനസാധ്യതയും  ഒപ്പം എവിടെയും കയറിച്ചെല്ലാനും   ആരെയും ചോദ്യം ചെയ്യാനും ആഖ്യാനത്തിൽ എന്തും ചേർക്കാനുമുള്ള   സ്വാതന്ത്ര്യവുമാണ്. 'കലഹത്തിന്റെ ക്ലാസിക് 'എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളെയും മനുഷ്യരായി കാണുകയും അവരുടെ ഉള്ളിലെ മാനുഷികത  അവതരിപ്പിക്കുകയാണ് ഇവിടെ ലേഖിക  ചെയ്യുന്നത്. പ്രധാനമായും പാഞ്ചാലിയെ കേന്ദ്രീകരിച്ച്  ചോദ്യം- ഉത്തരം എന്ന  മട്ടിൽ ഒരു കൊളാഷ് ഘടനയിലാണ് ഇതിൻറെ രചന.2015 മുതൽ ഫേസ്ബുക്കിൽ  ഇട്ട പോസ്റ്റുകൾ ആണ് പിന്നീട് സായാഹ്ന ഫൗണ്ടേഷൻ സ്വതന്ത്ര ലൈസൻസ് പ്രകാരം പ്രസിദ്ധീകരിച്ചത്. 


      സത്യാനന്തര കാലത്തുനിന്നും പനയോലയും എഴുത്താണിയുമായി മഹാഭാരത കാലഘട്ടത്തിലേക്ക് പോയ ഹസ്തിനപുരിപത്രിക എന്ന ചുവരെഴുത്തുപത്രത്തിൻറെ  കൊട്ടാരം ലേഖിക തീരാത്ത സംശയങ്ങളുമായി ഇതിഹാസത്തിലൂടെ ചുറ്റി നടക്കുന്നു. അക്ഷയപാത്രത്തെ അപനിർമ്മിച്ചുകൊണ്ട് ആരംഭിക്കുന്ന അഭിമുഖങ്ങൾ പിന്നീട് പത്രറിപ്പോർട്ടിന്റെ ആഖ്യാനകലയിലൂടെ ഇതിഹാസത്തിന് പിന്നിലുള്ള യുക്തിയെയും യുക്തിശൂന്യതയെയും  മാധ്യമ സംവാദങ്ങൾക്ക് വിഷയമാക്കുന്നു. നോക്കുമ്പോൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന  നമ്മെത്തന്നെ കാണിക്കുന്ന കണ്ണാടികളെപ്പോലെ  ഇതിഹാസങ്ങൾ ഓരോ കാലഘട്ടത്തിലും പുതിയ ഉൾക്കാഴ്ചകൾ നൽകുകയും പുതിയ പാഠങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെ മാധ്യമനിയന്ത്രിതവും മാധ്യമനിർമ്മിതവുമായ സത്യാനന്തരസമകാലത്തുനിന്ന് മഹാഭാരതത്തിന്   ലഭിച്ച വ്യത്യസ്തമായ ഒരു പുതുപാഠമാണ്   കെ പി നിർമ്മൽകുമാറിന്റെ 'കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ'.


      കൃതിയിൽ നിന്ന്:


1)''ചൂതാട്ടസഭയിൽ, ഉടുതുണിയൂരി നിങ്ങളെ കൗരവർ വിവസ്ത്രയാക്കുമ്പോൾ  മൂകസാക്ഷികളായിരുന്നവരെ, യുദ്ധംജയിച്ചു അധികാ രത്തിലെത്തിയാലുടൻ പരസ്യവിചാരണ ചെയ്യുമെന്നഭിമുഖ ത്തിൽ അന്നേ പറഞ്ഞിരുന്നില്ലേ? എന്തായി'', കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോട് ചോദിച്ചു. 


' വസ്ത്രാക്ഷേപം കണ്ടുരസിച്ചവരിൽ , ഇന്ന് ജീവിച്ചിരിപ്പുള്ളത് എന്റെ ഭർത്താക്കന്മാർ മാത്രം'!', ചുവർ ചാരിയിരുന്നു ആലോചനയിൽ പാഞ്ചാലി പറഞ്ഞു


....


2)'അഞ്ചുഭർത്താക്കന്മാരേയും മാറിമാറി കിടപ്പറക്കകത്തും പുറത്തും 'അപനിർമ്മിക്കുന്ന'തിൽ പാഞ്ചാലി അപാകത കാണുന്നില്ലെങ്കിലും നിങ്ങൾ ദുര്യോധനനെ 'പ്രതിചേർക്കു'ന്ന തരത്തിൽ ഒന്നും കേട്ട തായി ഓർമ്മിക്കാനാവുന്നില്ല. ഭർതൃനിന്ദ ചെയ്യില്ല എന്നതൊരു സവിശേഷ മാനസിക പരിശീലനമാണോ?'', കൊട്ടാരം ലേഖിക ദുര്യോധനവിധവയോട് ചോദിച്ചു. കുരുക്ഷേത്രയുടെ ആഘാത ത്തിൽ, പുണ്യനദികളിൽ വിധവ സാന്ത്വനം തേടുന്ന അശാന്തകാലം 

''പാണ്ഡവരുടെ ദാമ്പത്യേതര രതിജീവിതത്തിൽ പാവം പാഞ്ചാലി ജീവിതകാലം മുഴുവൻ നേരിട്ട പോലൊരു സ്വകാര്യദുരന്തം എന്റെ വിവാഹജീവിതത്തിൽ ഉണ്ടായില്ലെന്നത്, വാസ്തവത്തിൽ ദുര്യോ ധനന്റെ മാനസിക പരിശീലനം കൊണ്ടായിരുന്നില്ലേ?.  ഉടലഴകുള്ള നൂറോളം സഹോദരഭാര്യമാർ അവനോട് വിധേയത്വം കാണിക്കുന്ന കൂട്ടുകുടുംബ സാഹചര്യങ്ങൾ പതിവായി നേരിടുമ്പോഴും, വീവാഹബാഹ്യ രതിപരീക്ഷണത്തിനവൻ ഇടക്കൊക്കെ സ്വാഭാവികമായി വഴിപ്പെട്ടു എന്നാരും മന്ത്രിക്കുന്നതായി എന്റെ അറിവിലില്ല. അന്തഃപുരങ്ങളിലെ അന്തച്ഛിദ്രങ്ങൾക്കു മാസവേതനത്തിൽ ചെവിയോർക്കുന്ന നിങ്ങൾക്കങ്ങനെ  വല്ലപ്പോഴും തോന്നിയിട്ടുണ്ടോ?''

അഭിപ്രായങ്ങളൊന്നുമില്ല: