6/10/18

അന്ത്യശയനം - വി.ജി.തമ്പി

അവര്‍ എരിയുന്ന ഇടിമിന്നല്‍ കാത്തുനില്‍ക്കുകയാണ്‌
അനൂപ് എം.ആര്‍

*വി.ജി. തമ്പിയുടെ പുതിയ കവിത അന്ത്യശയനം വായിക്കുമ്പോള്‍

വല്ലപ്പോഴുമാണ്‌ തമ്പിമാഷ് കവിതയെഴുതുന്നത്. ഭാഷാപോഷിണി ഒക്റ്റോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അന്ത്യശയനം എന്ന കവിത അസാധാരണമായ വായനാനുഭവമാണുണ്ടാക്കിയത്. ഭാഷാപരമായ ഏറെ പ്രത്യേകതകളുള്ളപ്പോഴും പുത്തന്‍ അനുഭവങ്ങളുടെ പ്രവാഹമാണ്‌ ഈ കവിത. മലയാളകവിതയില്‍ ഈ കവിതയെ അടയാളപ്പെടുത്തിയേ തീരൂ.   
മരണാനുഭവത്തിന്‍റെ സ്നിഗ്ദ്ധതയാണ്‌ ഇതിനെ വ്യത്യസ്തമാക്കുന്നത്. കവിയുടെ മരണാനന്തരമുള്ള കാത്തുകിടപ്പ് കൊതിപ്പിക്കുന്നതാണ്‌. ഈ കവിത വായിക്കുമ്പോള്‍ നീണ്ട ഒരു തുരങ്കത്തിലൂടെ യാത്രപോവുകയാണെന്നുതോന്നും. ഓരോ ഘട്ടത്തിലും പൂട്ടുകളഴിയുമ്പോള്‍ വെള്ളപ്പുതപ്പുമാറ്റി ഓര്‍മ്മകള്‍ പ്രളയജലംപോലെ വന്നുനിറയുന്നു. വൈകാരികതയുടെയും ഹൃദയാനുഭവത്തിന്‍റെയും ഇരുണ്ട ഗുഹാമുഖത്തുകൂടി ശ്വാസം മുട്ടിക്കുന്ന വാക്കുകള്‍ കവിതയുടെ ഉടല്‍നീളെ വന്നുനിറയുന്നു.
കവിതയൊരിക്കലും അവസാനപാഠമല്ലല്ലോ! എങ്കിലും എന്‍റെ വായന ഞാന്‍ പകര്‍ത്തുന്നു.       

അന്ത്യശയനമെന്ന ആദ്യാനുഭവം
നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ മരണം കബളിപ്പിക്കുന്നതും കണ്ടുകൊണ്ട് അയാള്‍ കിടക്കുകയായിരുന്നു. നിശ്ശബ്ദതയുടെ നാനാര്‍ത്ഥം പോലെ കാലം മുറിക്കുള്ളില്‍ മരക്കമ്പുകളായി പടര്‍ന്നുകഴിഞ്ഞു. ഏകാന്തതയുടെ മുറിനിറയെ ചോരപടര്‍ന്ന ചിത്രങ്ങളാണ്‌. ജീവിതസമസ്യകള്‍ വൃത്തത്തിലും ചതുരത്തിലുമല്ലാതെ അന്യോന്യം ഉള്‍ക്കൊള്ളാന്‍ വെമ്പുകയായിരുന്നു. എങ്കിലും
“ജീവിച്ചോ? മരിച്ചോ?
തോറ്റോ? ജയിച്ചോ?
സന്തുഷ്ടനോ? സന്തപ്തനോ?
ചോദ്യങ്ങള്‍ കാത്തുകിടപ്പിന്‍റെ ചിത്രങ്ങള്‍ കോറിവരയ്ക്കുകയാണിവിടെ. ചുവരുകള്‍ക്കുപുറത്തെന്നുതോന്നിച്ച പ്രകൃതി അതിന്‍റെ ചങ്ങാടങ്ങള്‍ ഏകാന്തതയുടെ ദ്വീപിലേയ്ക്ക് അയച്ചുകൊണ്ടേയിരിക്കുകയാണ്‌. ആദ്യം കാല്‍വിരലുകളുടെ നടന്നുതീര്‍ത്ത ദൂരങ്ങളുടെ രക്തച്ഛവികളെയെല്ലാം തിന്നുതീര്‍ക്കുന്ന ചാണകപ്പുഴുക്കളായി, പിന്നെ മരച്ചില്ലകളായി, രക്തചിത്രങ്ങള്‍ വായിക്കുന്ന നിശാശലഭങ്ങളായി, വീടുതേടിവരുന്ന തവിട്ടുറുമ്പുകളായി.  

കാത്തിരിപ്പാണ്‌ അന്ത്യശയനം
അയാള്‍ക്ക് കാത്തിരിക്കാതെ വയ്യ. ആദ്യം പ്രണയത്തിനായി കാത്തിരുന്നു, പിന്നെ കവിതയ്ക്കായി കാത്തിരുന്നു,
“പ്രണയിച്ചപ്പോള്‍ കവിയായി
കവിയായപ്പോള്‍ പ്രണയം പോയി”
മൂത്രം നനഞ്ഞ കിടക്ക, ഘടികാരത്തില്‍ കാത്തിരിപ്പിന്‍റെ ഇഴച്ചില്‍ മാത്രമാകുന്ന സമയം.     
ഒരു കവിയുടെ മുറിയിലേയ്ക്ക് കടന്നുവരുമ്പോള്‍ ചോരയില്‍ ചവിട്ടിയല്ലാതെ പ്രവേശിക്കാനാകില്ല. അബോധസുന്ദരി ചോരയില്‍ ചവിട്ടി മന്ദഗതിയില്‍ ഗോവണി കയറിവരുന്നു എന്നെഴുതുമ്പോഴേയ്ക്കും കവിയുടെ സ്ഥാനത്ത് നമ്മളും ചെന്നുകിടന്നുകഴിഞ്ഞിരിക്കും. മരണവുമായി വരുന്ന പിംഗലകേശിനിയുടെ പൂര്‍വ്വകാല ബിംബത്തില്‍ നിന്ന് അവളിലേയ്ക്കെത്തുമ്പോള്‍ മെറൂണ്‍ ശിരോവസ്ത്രമിട്ട് മരിച്ചവന്‍റെ എല്ലാമാകാനാണ്‌ മുറിയിലേയ്ക്ക് കയറിവരുന്നത്. അവള്‍ പ്രളയമായും വരും. ഇവിടെ
“അടിത്തട്ടില്ലാത്ത ഭൂമിയില്‍ നിന്ന്
പ്രളയജലം ഇരച്ചുകയറുന്നു”

എന്നെഴുതുന്നത് വീണ്ടും നമ്മെ ഗൂഢജലത്തില്‍ മുക്കിക്കളയുന്നു.

പിന്നെ കവിയുടെ അന്ത്യനിദ്ര വജ്രചുംബനത്തിലും മുലപ്പാലിലും കരച്ചിലിന്‍റെ മുനത്തുമ്പിലും ശയനാഘോഷമാവുകയാണ്‌. എഴുത്തുകാലത്ത് ഉള്ളില്‍ നിറഞ്ഞത് എഴുതുവാനാകാതെ പിടഞ്ഞതുപോലെ അയാള്‍ വീണ്ടും നീറുകയാവണം. എങ്കിലും അയാള്‍ പാല്‍ക്കുഞ്ഞായി. പിന്നെ അയാള്‍ രഹസ്യസുന്ദരിയോടൊത്ത് പടിയിറങ്ങുകയായി. ചോരപ്പാടുകള്‍ നിറഞ്ഞ വഴുതുന്ന ഗോവണിപ്പടിയിറങ്ങി കൈക്കുഞ്ഞിനെപ്പോലെ അയാളെ തോളത്തുകിടത്തി അവള്‍ നടന്നുമറയുന്നത് ഉള്ളില്‍ ഇടിമിന്നല്‍ പോലെ ഞെട്ടിക്കുകയും ഒപ്പം ആനന്ദിപ്പിക്കുകയും ചെയ്യുന്നു. നമ്മളിതെവിടെയോ കണ്ടുമറന്നു അല്ലെങ്കില്‍ കാണാനിരിക്കുന്നതാണ്‌ എന്ന് വെറുതെ തോന്നുന്നു. 
ഒടുവില്‍ കവിമുറിയും ശൂന്യമാകുന്നു. ഇരുട്ടും ആയിരം മണികളുടെ താരാട്ടും ഒപ്പം പ്രളയമിറങ്ങിപ്പോയ ചെളിഗന്ധവും മാത്രം ബാക്കിനില്‍ക്കെ ഭാഷ കാലങ്ങളുടെ വരള്‍ച്ചയ്ക്കുശേഷം കുതിര്‍ന്നുവീഴുന്നു. ചുട്ടെടുത്ത ഭാഷയ്ക്ക് അനുഭവങ്ങളുടെ ആര്‍ദ്രതയെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ല.  ഭാഷാഗോപുരങ്ങള്‍ തകര്‍ന്നുവീഴുന്നത് ഇത്തരത്തിലെല്ലാമാണ്‌. നഗ്നതയെ നിഴലുകളാണ്‌ വസ്ത്രം ധരിപ്പിക്കുന്നത്. മരിക്കുമ്പോള്‍ അമ്മയടുത്തുണ്ട് എന്ന് തോന്നിപ്പിക്കുംപോലെ അയാള്‍ പൊതിയപ്പെട്ടിരിക്കുന്നു. സഹതാപത്തിന്‍റെ പൂക്കളല്ല, വാത്സല്യത്തിന്‍റെ പൊതിയലാണ്‌ അന്ത്യനിമിഷത്തെ ധന്യമാക്കുന്നത്.

“കൊടുങ്കാറ്റിനും പേമാരിയ്ക്കുമിടയിലൂടെ അവര്‍ എരിയുന്ന ഇടിമിന്നല്‍ കാത്തു”നില്‍ക്കുമ്പോള്‍ നമ്മളും അന്ത്യയാത്യ്രയെ സ്വപ്നം കാണുകയാണ്‌. അമ്മയുടെ തോളത്തുകിടന്ന് ചോരപ്പടികളിറങ്ങി “ഗര്‍ഭപാത്രത്തിന്‍റെ ഇലഞ്ഞിമണ”ത്തില്‍ നിറഞ്ഞ്, വിരല്‍ത്തുമ്പില്‍ പിടിച്ച് ഇരുട്ടിന്‍റെ ആശങ്കകളെ അകറ്റുന്ന ഒരേയൊരു സ്പര്‍ശത്തില്‍ സര്‍വ്വവും സമര്‍പ്പിച്ച് അവസാനവാഹനവും കാത്തുനില്‍ക്കുകയാണ്‌. 

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

കവിതാഗരിമ തന്നെ ആസ്വാദനത്തിനും !

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

“കൊടുങ്കാറ്റിനും പേമാരിയ്ക്കുമിടയിലൂടെ അവര്‍ എരിയുന്ന ഇടിമിന്നല്‍ കാത്തു”നില്‍ക്കുമ്പോള്‍ നമ്മളും അന്ത്യയാത്യ്രയെ സ്വപ്നം കാണുകയാണ്‌. അമ്മയുടെ തോളത്തുകിടന്ന് ചോരപ്പടികളിറങ്ങി “ഗര്‍ഭപാത്രത്തിന്‍റെ ഇലഞ്ഞിമണ”ത്തില്‍ നിറഞ്ഞ്, വിരല്‍ത്തുമ്പില്‍ പിടിച്ച് ഇരുട്ടിന്‍റെ ആശങ്കകളെ അകറ്റുന്ന ഒരേയൊരു സ്പര്‍ശത്തില്‍ സര്‍വ്വവും സമര്‍പ്പിച്ച് അവസാനവാഹനവും കാത്തുനില്‍ക്കുകയാണ്‌.