14/5/12

വരൂ , കാണൂ


ചോരയില്‍ നിന്ന്
ഹീമോഗ്ലോബിനടര്‍ത്തി
മാറ്റിയാല്‍
തലേന്നു രാത്രി പെയ്തതിന്റെ
ഒരല്പം മഴവെള്ളം മാത്രമല്ലാതെ
മറ്റൊന്നും കാണാനാവില്ല,
മണ്ണില്‍
റോഡരികില്‍,
തെരുവില്‍ *

കുടപിടിച്ചു നനയാതെ
ചുറ്റും കൂടിനില്‍ക്കുമ്പോള്‍
വലയില്‍ കുരുങ്ങാത്ത
കൊമ്പന്‍സ്രാവുകളുള്ള
കടല്‍പോലെ ആകാശം
എത്ര ശാന്തം
നിശ്ശബ്ദം

ഉണങ്ങാത്ത മുറിവുകളില്‍ നിന്നിപ്പോഴും
രക്തം കിനിയുന്നുണ്ട്
ഒരല്പം മഴവെള്ളമല്ലാതെ
മറ്റൊന്നുമല്ലതെന്ന്
തുടച്ചു കളയുമ്പോഴും
അതിന്റെ കനല്‍ച്ചൂട്
പൊള്ളിക്കുന്നല്ലോ
പൊള്ളിക്കുന്നല്ലോ നമ്മളെ !

* വരൂ, ഈ തെരുവുകളിലെ രക്തം കാണൂ (ചില കാര്യങ്ങളുടെ വിശദീകരണം ..
പാബ്ലോ നെരൂദ)

1 അഭിപ്രായം:

ശ്രീനാഥന്‍ പറഞ്ഞു...

അതെ, അനീഷ്, ഒരു മഴയ്ക്കും കഴുകിക്കളയാത്ത ചോരയുടെ മണമീ തെരുവിൽ നിറഞ്ഞു നിൽക്കുമ്പോൾ നിന്റെ കവിത എന്തുകൊണ്ട് നിളയെക്കുറിച്ചും പച്ചയാം വിരിപ്പിട്ട സഹ്യനെക്കുറിച്ചും മൺചെരാതിനെക്കുറിച്ചും കണ്ണാന്തളിയെക്കുറിച്ചും പാടുന്നില്ല എന്ന് ഞാൻ അന്വേഷിക്കില്ല. ചെറിയ വരകൾ കൊണ്ട് മനസ്സിൽ ചോരപൊടിക്കുന്ന ഈ വരികൾ മതി.