29/1/12

റാ

ററററററററ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചെഴുതുന്നു
എല്ലാ റ കളും വരിക്ക് നില്‍ക്കുന്നു
എല്ലാ റ കളുടെയും നടയിലൂടെ ഒരു കാര്‍ കടന്നുപോവുന്നു
റ കള്‍ അവയുടെ കാലുകള്‍ അകറ്റിവെക്കുന്നു
ഒരു പാണ്ടിലോറി കടന്നുപോവുന്നു
ഒരു വെടിയുണ്ട ചീറിപ്പായുന്നു
മറുതലയ്ക്കല്‍ നടന്നുപോവുന്ന ഒരാള്‍ മരിച്ചുവീഴുന്നു
മരിച്ചവന്റെ ചുറ്റും ആളുകള്‍ ഓടിക്കൂടി
ഇങ്ങേത്തലയ്ക്കലേക്ക് നോക്കുന്നു
ഇങ്ങേത്തലയ്ക്കല്‍ ഒരു പീരങ്കി സജ്ജമാവുന്നു
വെടി പൊട്ടുന്നു
റ കള്‍ ആകാശത്ത് ചിതറുന്നു
എല്ലാം കൂടിച്ചേര്‍ന്ന് ഒരു പൂവായ്
നഗരത്തിനുമുകളില്‍ നില്‍ക്കുന്നു
ഇതളിതളായ്
എല്ലാ റകളെയും ഒരു കൊക്കയിട്ട് വലിച്ച്
താഴെ എത്തിക്കുന്നു
നിരത്തി നിര്‍ത്തി ഉത്സവത്തിനു കൊണ്ടുപോയാലോ
എന്ന് ചിന്തിക്കുന്നു,വേണ്ടെന്ന് വെക്കുന്നു.
എല്ലാ റകളെയും വരിക്കു നിര്‍ത്തി ഒരു ഒളിച്ചുകളി
ആരംഭിക്കുന്നു.
എല്ലാവരുടെ കയ്യിലും തോക്ക്
എല്ലാവരും ശത്രുക്കള്‍
കണ്ടാലുടന്‍ വെടി
ഓരോ റയുടെ കാലിലും ഓരോരുത്തര്‍
ഒളിഞ്ഞുനില്‍ക്കുന്നു,പാളിനോക്കുന്നു
ഓരോന്നിനെ ഓരോന്നിനെ തട്ടി മുന്നേറുന്നു
അവസാനത്തെ റയുടെ കാലും വെടിപ്പാക്കി
വിജയസൂചകമായ ചിഹ്നം കാണിച്ച്
കാമുകിയെകെട്ടിപ്പിടിച്ച് ഉമ്മവെച്ചുകൊണ്ടിരിക്കുമ്പോള്‍
ഒരു കള്ള റ പിന്നില്‍ നിന്ന് ഒറ്റ വെടിയാണ്

മരിച്ചുവീഴുന്നു
എല്ലാ റകളും ഒരു പുഷ്പചക്രമായി
എന്റെ നെഞ്ചത്തുകേറുന്നു
മരിച്ചവര്‍ക്കുവേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത
കള്ളക്കരച്ചില്‍ എനിക്കും കിട്ടുന്നു
ചടങ്ങുകള്‍ക്കുശേഷം ഒരു റ അവളെ/എന്റെ കാമുകിയെ
പൊക്കിയെടുത്ത് ഹേയ് എന്ന ആഹ്ലാദശബ്ദം പുറപ്പെടുവിച്ച്
ഉമ്മവെക്കുന്നു
പുണരുന്നു
ഇറുകെപ്പുണരുന്നു
പിടുത്തം വിടാതെ അടുത്തുകണ്ട മുറിയിലേക്ക് പോകുന്നു
വാതിലടയുന്നു

അവള്‍ ഒരു റയുടെ പുറത്തേറി നഗരം ചുറ്റുന്നു
ആകാശത്ത് ഒരു ഒരു റ വിരിഞ്ഞ്
റ ഭരണം പ്രഖ്യാപിക്കുന്നു
ഞാന്‍ മണ്ണിനടിയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു
എന്റെ ആത്മാവ് റ ആകൃതിയില്‍
ഒരു രാത്രി പുറത്തിറങ്ങുന്നു
അവളുടെ വാതിലില്‍ മുട്ടിവിളിക്കുന്നു
റ എന്നു കരുതി അവള്‍ സ്വീകരിക്കുന്നു
ഞാനാരാണെന്ന് അവളോട് പറയുന്നു
അവള്‍ പേടിക്കുന്നു
ഞാനെന്റെ റ -കാലുകളിലിട്ട്
അവളെ ഞെക്കിഞെക്കിക്കൊല്ലുന്നു
പറന്നുപറന്നു പോകുന്നു
കറുത്തരാത്രിയുടെ റ
റാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

3 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഹരേ...റാം

grkaviyoor പറഞ്ഞു...

ഈ റാ സൃഷ്ടിക്കുന്ന ഒരു വിപത്തല്ലേ നമ്മുടെ റാക്ക്
ഉത്സവങ്ങള്‍ക്കും ഹര്ത്താല് ദിവസങ്ങള്‍ക്കും റായുടെ ആകൃതിയില്‍
കിടക്കുന്ന കാഴ്ച ഏറെ സുലഭം തന്നെ
അതിനായി വേറൊരു റാ ക്കുവേണ്ടി മത്സരിച്ചു റിക്കാര്‍ഡു ഉണ്ടാക്കാന്‍ നടക്കുന്നു വേറെയും ചിലകുട്ടര്‍

വെടികൊണ്ട് വീഴും പോലും ഹേ റാം പറഞ്ഞു കൊഴിഞ്ഞു പോയൊരു പിതാമഹന്‍ ചിരിക്കുന്നു
റാ ആകൃതിയില്‍ നിന്ന് ഒന്ന് അമ്പതു പൈസ മുതല്‍ തുടങ്ങി നൂറു റുപ്പിക വരെ

എന്തായാലും ഈ റാ പുരാണം ഇഷ്ടമായി കുട്ടുകാരാ

ശ്രീനാഥന്‍ പറഞ്ഞു...

ഗംഭീരമായി വിഷ്ണു. ‘റ’ എന്ന തീക്ഷ്ണമായ കോവിലൻ കഥ ഓർത്തു പോയി.