2/1/12

അതിനപ്പുറം നമുക്കെന്ത്?

നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു വിപ്ലവകാരിയാണ് നീ..
ഞാൻ എപ്പോഴും മാറ്റി വയ്ക്കപ്പെടുന്ന ഒരു പ്രത്യയ ശാസ്ത്രവും.
തിരുത്തുന്നത് നിന്റെ ധർമ്മം.. തിരയുന്നത് എന്റേയും.
നമ്മളിരുവരും എങ്ങിനെയാണ് ഒരു കൊടിമരത്തിന്റെ കെട്ടിൽ മുറുകുന്നത്?
ചിതലുകൾ ചിതലുകളെ അറിയുന്നതു പോലെ അതിന്റെ ചുവടുകൾ നമ്മളെങ്ങിനെ മാന്തി മാറ്റുന്നു?

ചുരുക്കത്തിൽ ഉത്തരം പറയുകയാണെങ്കിൽ, നീ ചോര കുടഞ്ഞ കൊടികൾ ഇവിടെ കുഴിച്ചിടുന്നത് ഞാനാണ്.

വിഡ്ഢിയാണു നീ.. ഞാൻ ഭീരുവും. നീ ധീരനാണ്. ഞാൻ ബുദ്ധനും.
ഒരു ചതുരപ്പെട്ടിയുടെ നിർവചന കൂട്ടിൽ കോണോട് കോൺ നീയും ഞാനും കുരുങ്ങിപ്പോയി.

പുച്ഛത്തിന്റേയും ആദരവിന്റേയും അപഹാസ്യമായ കുടുക്കാണ് നമുക്കിടയിൽ.

തകർത്തിടേണ്ടത് നിന്റെ ധാർഷ്ട്യവും എന്റെ വിനയവുമാണ്.
നീ ആരെന്നു കണ്ടെത്തുന്നതിനു മുന്നേ ഞാൻ ആരെന്ന് മറന്നു പോകണം.
അതിനിടയിലെ ചെറിയൊരൊഴിവിൽ നമുക്ക് നിന്നിൽ നിന്നും എന്നിൽ നിന്നും വിമുക്തിയുണ്ടാവും.

ഞാനെന്നും നീയെന്നും പറയാത്ത ഒരു ചെറിയ കാലം.

കൊടികളൊഴിഞ്ഞ മരങ്ങൾ നമ്മുടെ കാടുകളിൽ പൂക്കാൻ തുടങ്ങും.
അവകാശികൾ തിരഞ്ഞു വരാതിരിക്കാൻ ആ പൂക്കൾക്ക് നിറമില്ലാതിരിക്കട്ടെ.
അല്ലെങ്കിൽ നിറഞ്ഞു നിറപ്പെടട്ടെ.

പക്ഷേ ഭീരുവായ നിന്നിലേക്കും വിഡ്ഢിയായ എന്നിലേക്കുമുള്ള നമ്മുടെ വഴികൾ അപ്പോഴേക്കും തുറന്നേക്കാം.
അസമമായ, അനിവാര്യമായ ഒരു സമത്വം നമ്മെ തിരഞ്ഞു വരികയും തിരുത്തുകയും ചെയ്തേക്കാം.

അതിനപ്പുറം നമുക്കെന്ത്?

അഭിപ്രായങ്ങളൊന്നുമില്ല: