27/11/11

പിന്‍കുടുമ /സുധീഷ് കോട്ടേമ്പ്രം

 
 
 
മുടിക്കുള്ളില്‍ ചുഴിക്കുതാഴെ
തേരട്ടവലിപ്പത്തില്‍
ഒരു കുടുമയുണ്ട്
പി ജി ഹരിലാല്‍ അഥവാ
പിലാത്തോട്ടത്തില്‍ ഗോവിന്ദന്‍ മകന്‍ ഹരിലാല്‍
എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ക്ക്.
എത്ര ചീകിയൊതുക്കിയാലും
അറിയാതെ തല ചൊറിയുമ്പോള്‍
ഇരട്ടവാലുള്ള കുടുമ 
കുട്ടയ്ക്കുള്ളില്‍ നിന്നു പാമ്പെന്ന പോലെ
തല നീട്ടും.
ക്ഷുരകന്റെ കത്രികപ്പാട് വീഴാതെ
രതിക്കിടയില്‍പ്പോലും 
അവളുടെ വിരലുകള്‍ക്ക് പിടിക്കൊടുക്കാതെ 
കുളിക്കുമ്പോഴും 
കുനിഞ്ഞിരുന്നു ഷൂസിന്റെ ലെയിസു കെട്ടുമ്പോഴും 
മാലോകരുടെ കണ്ണില്‍പ്പെടാതെ 
വളര്‍ത്തുന്നതാണ്.

കോഫീ ഹൌസില്‍ 
സഹപണിയാളരോടൊപ്പം 
നൂഡില്‍സ്  കഴിക്കവേ 
കയ്യില്‍ത്തടയുന്നു 
കുടുമയില്‍ നിന്നും കുതറിമാറിയ 
ഒറ്റമുടി. 
ആരും കാണാതെ 
ആ ഒറ്റമുടിപ്പാലത്തിലൂടെ
നടന്നു പോകുന്നു ഹരിലാല്‍.

പുതുക്കിപ്പണിത ഇല്ലത്തെ 
പൂജാമുറിയോളം ചെല്ലുന്നു 
ഭസ്മക്കുടുക്കയില്‍ നിന്ന് 
ഒരു വിരല്‍വണ്ണത്തില്‍ 
അടയാളചിഹ്നം വരയ്ക്കുന്നു. 
പൂജച്ചോറും നെയ്യമൃതും കൂട്ടിയുണ്ണുന്നു.
മുറുക്കിച്ചുവപ്പിച്ച് 
നെഞ്ചിലെ രോമം തടവി 
പടിഞ്ഞാറ്റയിലെ കിളിവാതില്‍ തുറന്നു 
കുളപ്പുരയിലേക്ക് കണ്ണെറിയുന്നു.
വകയിലെ ഒപ്പോളിന്റെ അലക്കിയിട്ട 
അടിവസ്ത്രങ്ങള്‍ നോക്കി 
മുഷ്ടിമൈഥുനം ചെയ്യുന്നു.
അതെ, മുഷ്ടിമൈഥുനം ചെയ്യുന്നു.

കോഫീ ഹൌസിന്റെ ഊണുമേശകള്‍ 
എപ്പോഴോ വിജനമായി. 
സഹപണിയാളുകള്‍ പൊയ്ക്കഴിഞ്ഞു. 
ഹരിലാലിന്റെ പാത്രത്തില്‍ 
വഴുക്കുന്ന ഉപമകളോടെ 
നൂഡില്‍സ്... 
അതെ, നൂഡില്‍സ്. 

26/11/11

മുല്ലപ്പെരിയാർ കവിതകൾ

പ്രിയപ്പെട്ട തമിഴ് മക്കളേ
വൈകിപ്പോയാൽ
നിങ്ങളുടെ പാടത്തെ പൂക്കളൊന്നും
മതിയാവില്ല റീത്തുണ്ടാക്കാൻ

******************************

ആകാശത്തുകെട്ടാം
അണക്കെട്ടുകൾ
പറന്നുപോകുന്ന
ആത്മാക്കളെയെങ്കിലും
തടഞ്ഞു നിർത്താമല്ലോ
****************************


കവിതകളിലൂടെ പ്രതിഷേധിക്കുക.ജലം സ്വാന്ത്രമാഘോഷിക്കും മുമ്പേ
നീതി പീഠങ്ങൾ കണ്ണുതുറക്കട്ടെ.ജീവനെയും ജീവിതങ്ങളെയും ജീവജാലങ്ങളെയും
മാനിക്കാത്ത എല്ലാ ദേശീയതകളും പ്രാദേശികതയും തുലയട്ടെ
സ്നേഹപൂർവ്വം ഹാരിസ് എടവന

21/11/11

നായകാ…/മുരളീകൃഷ്ണന്‍


സിനിമേല്
സ്വന്തമാക്കല് വളരെ എളുപ്പാണ്
വടിവാളിന്റേം ഇരുമ്പുവടിടേം
നൂറുകണക്കിന്
നൂല്പ്പാലത്തീന്ന്‍
നായികേം കൊണ്ട് സ്ലോ-മോഷനില്‍ അവന്‍ നടന്നു കയറുമ്പോള്‍
എന്തൊരു കൈയ്യടിയാണപ്പാ നമ്മള് കൊട്ക്ക്ണത്
ഇനി ഇങ്ങോട്ട് വന്നാലോ
പ്രണയിക്കാന്‍ സിനിമയേക്കാള്‍ ഏറെ
രസമാണ്
തറനിരപ്പില്‍ നിന്നുയര്‍ന്നും
അറിയാപ്പുഞ്ചിരി പൊഴിഞ്ഞും
നീയല്ലാതെ മറ്റൊന്നില്ലെന്ന്
സദാ പറഞ്ഞ്…
ദാമ്പത്യത്തിന്‍റെയും
ഭോഗത്തിന്‍റെയും
ഡ്രസ്സ്‌ റിഹെഴ്സ് ചെയ്ത്…
പിന്നെയൊരു നാള്‍ വരും
സ്വന്തമാക്കലിന്റെ.
കൈയ്യടിക്കാനോ
കൈചെര്‍ക്കാനോ
ആരും വരില്ല
ഒറ്റയ്ക്കൊരു ഓട്ടമത്സരം നടത്തും
കൂടെയോടേണ്ട
കുറേപ്പേര്‍
പിന്മാറ്റത്തിലും
ചിലര്‍
മുന്‍പേ നടന്നെത്തിയവരുമായി
“ഒരേ ജാതി ഒരേ മതം ഒരേ ദൈവം ഒരുമിക്കലിന്
എന്നു ജപിച്ചവശരാകും
(മനുഷ്യത്വത്തെപ്പറ്റി മിണ്ടിപ്പോകരുത്!)
ഒറ്റക്കുത്തിന് പള്ള കീറി ചാവും
ഒറ്റയടിയ്ക്ക് തല പൊളിഞ്ഞ് കിടക്കും
ഒരു ഭൂതകാലാവേശവും
തള്ളിയെഴുന്നെല്‍പ്പിക്കാതെ
പച്ചജീവിതത്തിലങ്ങനെ
ചാവാന്‍ കിടക്കുമ്പോള്‍
സിനിമേലെ നായകാ…
നീയെന്നുമിങ്ങനെ
നായികമാരെ
മാറിമാറി
സ്വന്തമാക്കിക്കോ…
ഞങ്ങളെ…

18/11/11

അറവുകാരന്‍ / സിജീഷ് വി ബാലകൃഷ്ണന്‍



ഓല മേഞ്ഞ വീട്ടില്‍
മുനിഞ്ഞു കത്തുന്ന 
മണ്ണെണ്ണ വിളക്കിന്റെ 
മങ്ങിയ വെളിച്ചത്തില്‍ 
മുത്തശ്ശിയുടെ 
മടിയില്‍ കിടന്നു കഥ കേള്‍ക്കുമ്പോള്‍
പലപ്പോഴും ചോദിച്ചതാണ്
ഈ അസുരന്മാരെ എന്തിനാ 
അവതാരങ്ങള്‍ കൊല്ലുന്നത്?
അവരെ കൊല്ലുകയല്ല മോനെ 
മോക്ഷം നല്‍കുകയാണെന്ന് 
മധുരതരമാം മറുപടിയും.
അത് കൊണ്ടാണ് ക്ലാസ് ടീച്ചര്‍ 
മോന്  ആരാവണം എന്ന് ചോദിച്ചപ്പോള്‍ 
"അറവുകാരന്‍" എന്ന ഉത്തരം പറഞ്ഞത് .
എല്ലാരും ഉറക്കെ ചിരിച്ചപ്പോള്‍ 
ഉള്ളില്‍ പറഞ്ഞു 
ഇത്രയധികം മോക്ഷം നല്‍കാന്‍ കഴിവുള്ള വേറെ ആരുണ്ട്‌  ഭൂമിയില്‍ 
എന്ന ചോദ്യം തികട്ടിയെങ്കിലും
ഒരു പുളിപ്പ് രസത്തോടെ വിഴുങ്ങി.

അറവു ശാല വളര്‍ന്നു 
ഓല മാറി , 
ടെറസ്സ്  വീട്ടിന്‍ മുറ്റത്ത്‌ കാര്‍ വന്നു.
എങ്കിലും
തന്റെ കടയില്‍ വില്കുന്ന 
മൃഗങ്ങളെ താന്‍ തന്നെ കൊല്ലണം,
മോക്ഷം നല്കണം എന്നത്  അലിഖിത നിയമം. 
ആടിന്റെയും, പോത്തിന്റെയും 
തല വെട്ടി അതിലെ ചോര ഒഴുകുമ്പോള്‍ 
അവന്‍ മോചനം നല്‍കിയ 
ആത്മാവുകളുടെ എണ്ണം 
ഡയറിയില്‍ കുറിച്ചിട്ടു.
ഓടയിലെ അഴുക്കു വെള്ളം ഒഴുകുന്നതില്‍ 
രക്തനിബദ്ധതാളങ്ങള്‍ മുങ്ങി പൊങ്ങുന്നത് കേട്ടു.
ഇന്നലെ 
അയല്കാരന്‍ വേട്ടകാരന്‍ അന്തോണി 
രഹസ്യമായി പറഞ്ഞു 
"ഡാ, ഒരു പച്ചണ്ടി ഇറങ്ങിയിട്ടുണ്ട്.
നിനക്ക് വേണോ? "
"ആരാ ഉടമസ്ഥന്‍"
"അവളുടെ തന്ത തന്നെ" 
(നിശബ്ധത... 
ഉള്ളില്‍ മുനിഞ്ഞു കത്തുന്ന വിളക്ക്, 
കഥ പറയുന്ന മുത്തശ്ശി,
അവതാരങ്ങളുടെ അപദാനങ്ങള്‍ 
ആലോചന) 
"എനിക്ക് വേണം, നാളെ തന്നെ" 

വിശ്വാസത്തെയും ധൈര്യത്തെയും 
അറവുകത്തിയില്‍ ആവാഹിച്ചു 
കൈകളില്‍  പുറകില്‍ പിടിച്ച്,  
കുളിമുറിയില്‍ നിന്നും 
ഇറങ്ങി വരുമ്പോള്‍ 
അവള്‍ തന്റെ പുതിയ ടച്ച്‌ ഫോണില്‍ കളിക്കുകയായിരുന്നു.
നഗ്നയായ അവളെ പുറകില്‍ നിന്നും ചേര്‍ത്ത് പിടിച്ച്
കൈ കാലുകള്‍ ബെഡ് ഷീറ്റ്  കൊണ്ട് കൂടി കെട്ടി.
അവള്‍ പേടിച്ചു നിലവിളിക്കുന്നു.
ചിരിച്ചു കൊണ്ട് പറഞ്ഞു 
ഞാന്‍ നിന്റെ ദൈവമാണ്, രക്ഷകന്‍.  
ആടിനെ അറക്കുന്ന പോലെ 
അവളുടെ കണ്ഠനാളം അറുത്തു.
ചോരയും, ചലവും ഉണങ്ങി പിടിച്ച കവറുള്ള ഡയറിയില്‍ 
മോക്ഷം നല്‍കിയവരുടെ എണ്ണത്തില്‍
ഒരെണ്ണം കൂടെ എഴുതി ചേര്‍ത്തു.
അറവുശാലയുടെ പുറകിലെ 
ഓടയിലൂടെ മലിന ജലം 
പ്രചാരം വര്‍ധിപ്പിക്കുന്ന പത്ര മേശകളിലേക്ക് 
ഒഴുകി കൊണ്ടിരുന്നു.
മേല്‍ത്തരം രാഷ്ട്രീയനായ്ക്കള്‍ 
കടക്കു മുന്നിലും പിന്നിലും 
എല്ലുകള്‍ക്ക് കടി പിടി കൂടി.
പ്രസിദ്ധ നടിയുടെ വേലക്കാരിയുടെ പ്രസവത്തിന്റെ 
എക്സ്ക്ലുസിവ് വാര്‍ത്തകളില്‍ 
പെണ്‍കുട്ടിയെ കാണാതായി എന്ന 
വാര്‍ത്ത‍ മുങ്ങി പോയി.
പിറ്റേ ദിവസം വിറ്റ ഇറച്ചിക്ക് 
രുചി കൂടുതല്‍ എന്ന് ഉപഭോക്താക്കള്‍ .

17/11/11

ലഘുലേഖ /ഹരിശങ്കര്‍ കര്‍ത്താ





നിന്നെയൊക്കെ തല്ലിക്കൊന്ന്
തെരുവിൽ കെട്ടിത്തൂക്കുന്നതിൽ
ഞങ്ങൾ വിശ്വസിക്കുന്നില്ല

ലോകമെല്ലാം അലഞ്ഞ് തിരിഞ്ഞ്
വേഗങ്ങളിൽ ഭോഗങ്ങൾ ഭക്ഷിച്ച്
തളർന്ന് വിവശരായ്
ചില മുറികളിലെത്തിച്ചേരുമ്പോൾ
ഇരുട്ടിൽ
ഞങ്ങളിലൊരാളിന്റെ മൃതദേഹമുണ്ടാവും

നിങ്ങളറിയണം
ഞങ്ങളുടെ
അപരിചിതരായ സഖാക്കളിലൊരാൾ
ഇപ്പോൾ
തുരുമ്പിച്ച ബ്ലേഡ് കൊണ്ട് ഞരമ്പ് കീറുകയാവാം,
മുപ്പതോളം ഉറക്കഗുളികകൾ വീഞ്ഞിലലിയിച്ച് കുടിക്കുന്നുണ്ടാവാം,
അംബരചുംബികളിൽ നിന്നും അധോയാനങ്ങളിലാവാം...
പ്രേതഭാവത്തിലേക്ക് പല വാതിലുകളിലൂടെ മുന്നേറുന്നുണ്ടാവും
കർക്കിടകവിപ്ലവം

ഉറ്റുനോക്കിനിൽക്കവെ തെറിച്ച് വീഴുന്ന
മാംസത്താൽ കുഷ്ഠവും
രക്തത്താൽ ആന്ധ്യവും ബാധിച്ച്
നദികളിൽ ജലം തേടിയും
വനങ്ങളിൽ തണൽ തേടിയും
സഞ്ചാരത്തിന്റെ ആദിമസ്രോതസ്സിലേക്ക്
മണ്ണിന്റെ മടിയിലേക്ക്
സ്വാസ്ഥ്യത്തിന്റെ താഴ്വരയിലേക്ക്
നീയെല്ലാം
മുഖമടിച്ച് വീഴും
കടവായിലെ നുരയും പതയും ദാഹമകറ്റും

ഉണർവ്വുകളുടെ തണുവിൽ
കാരുണ്യവതികളായ മിന്നലൊളികളുടെ ഊർജ്ജത്തിൽ
നിങ്ങൾ ഒരായിരം പൂവുകളെ കിനാവിലറിയും
നഷ്ടവാസന്തത്തിന്റെ അടയാളപ്പെരുമ, മായാവിനോദം...

ആ പൂക്കളോരോന്നും
നിങ്ങൾക്ക് വേണ്ടി ചത്ത അപരിചിതരായ ഞങ്ങളാവും

മണ്ണിന്റെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാൻ
ചത്ത് വളമാവുകയാണ് ഞങ്ങളുടെ മുദ്രാവാക്യം

(ഈ രക്തതിൽ എനിക്ക് പങ്കില്ല, ആരോ എന്റെ ഹൃദയഭിത്തിയിലൊട്ടിച്ച് പോയതാണ്)

12/11/11

കുടിയേറ്റക്കാരനായ ഒരു മിഡില്‍ ക്ലാസ് റബ്ബര്‍ മരം

ചെറു ചെടികളുടെ സൂര്യനെയപഹരിക്കും
ചെറുചില്ലകളിലെ കിളിക്കൂടുകളുടയ്ക്കും
ആര്‍ത്തിപെരുക്കും വേരുകളാല്‍
ആര്‍ദ്രതയാവോളം ഊറ്റിക്കുടിക്കും
അകക്കാമ്പില്ലാതെ തടിക്കും,തിമര്‍ക്കും.
എന്റെ മണ്ണേ,എന്റെ മണ്ണേയെന്നു
വിലപിക്കും ചെറുചെടികളെ പരിഹസിക്കും.

മുകളിലേക്ക് മാത്രം നോക്കി ജീവിക്കും
ഋതുക്കളോട് വിരക്തി പൂണ്‍ടും
മഴയോടും കാറ്റിനോടും ശുണ്ഠിയെടുത്തും
പൂക്കളോടും കിളികളോടും കയര്‍ത്തും
ഒറ്റ ശ്രുതിയിലങ്ങനെ നില്‍ക്കും
അതു തന്നെ ജീവിതമെന്ന് ശഠിക്കും.

കൂട്ടരോട് മാത്രം കൂട്ട് കൂടും
ഒരേ അകലത്തില്‍ നിര്‍ത്തും
വലിച്ചാല്‍ വലിയും
വിട്ടാല്‍ ചുരുങ്ങും,ഭയക്കും
ഏത് വേഷവുമെടുത്തണിയും.
കാല്‍കീഴിലാവട്ടെ, കരിയിലക്കൂമ്പാരം
ഇണചേരുന്ന കറുത്ത തേരട്ടകള്‍,
ഇരുട്ടില്‍ ഓരിയിടും കുറക്കന്മാര്‍.
.
.
.
ഓര്‍ക്കുക മരമേ,
ഒടുവിലവര്‍ നിന്നെയും വെട്ടിവീഴ്തും
പ്രപഞ്ച നന്മക്കുതകാത്തതൊക്കെയും
പട്ട് പോകുന്നതിന്‍ മുന്‍പേ വെട്ടിമാറ്റുമെന്നത്
കാല നീതിസാരത്തിന്നുതകുമെങ്കിലും
വാഴ്വിന്‍ ഗര്‍‌വ്വും ഗരിമയും ശമിച്ച്
അന്ത്യയാത്രക്ക് കിടത്തിയ നിന്നെക്കാണുകില്‍
രണ്ട് തുള്ളി കണ്ണീരെന്റെയുള്ളിലുറവിടുന്നു.
റബ്ബറേ,നീയുമൊരു മരമല്ലേ..?

10/11/11

കസേര

ഒരു കസേരയ്ക്ക്'
ഓർമ്മകൾ ഇല്ലാത്തത് നല്ലത് തന്നെ

മരക്കൊമ്പുകളിൽ നിന്നുണ്ടായ
തന്റെ ശരീരത്തെക്കുറിച്ച്
അതാകുലപ്പെടുകയില്ല


കാട്ടിലേക്ക്
കൊണ്ട് പോവുകയാണെങ്കിൽ
പ്രത്യേകിച്ച്
ഒരു സന്തോഷവും അത്
പ്രകടിപ്പിക്കുകയുമില്ല

എന്നാൽ ഒരു കാര്യമുണ്ട്
പരിസരം പതിയെ മാറും
ഒരു തരം വികാരം അന്തരീക്ഷത്തെ
പൊതിയും

കസേരയെ കാട്ടിലിരുത്തി
പോരുകയെന്നതാണു
ചെയ്യാനാകുന്ന ഒരു കാര്യം

അതിനു
സഹോദരങ്ങളോടൊത്ത്
ശാന്തമായി വിശ്രമിക്കാം

എന്നാൽ ചിന്തയുടെ ഭാരം
ഇപ്പോൾ നമ്മുടെ തലയിലാണു

ജനിക്കുന്നതിനു
മുൻപുള്ള


നമ്മളെപ്പറ്റി


കാരെൻ സുസ്മാന്റെ ദ ചെയർ
വിവർത്തനം കുഴൂർ വിത്സൺ

08/11/11

കുറുമ്പ്



പുറത്തിറങ്ങാ
നൊരു വാതിലാണുള്ളത്
ആരാണതു തുറന്നുവെയ്ക്കുന്നതെന്നറിയില്ല
ആട്ടിന്‍പറ്റത്തെപ്പോലെ
ഇരുട്ടുമുഴുവന്‍ പുറത്തിറങ്ങി
രാത്രിയായി

അകത്തുകയറാ
നൊരു വാതിലാണുള്ളത്
ആരാണതടച്ചുവയ്ക്കുന്നതെന്നറിയില്ല
ആട്ടിന്‍പറ്റത്തെപ്പോലെ
ഇരുട്ടുമുഴുവന്‍ തെളിച്ചകത്താക്കി
പകലായി

എങ്കിലും
ചില കുറുമ്പന്മാരുണ്ട്
അകത്തുകയറാതെ
ഒളിച്ചുനടക്കും
മുളങ്കൂട്ടത്തിനുള്ളിലോ
കാരപ്പൊന്തയ്ക്കുള്ളിലോ
പണിനടക്കുന്ന വീട്ടിലെ
അടച്ചിട്ട മുറിയ്ക്കുള്ളിലോ
പതുങ്ങിയിരിക്കും

പുലിപിടിച്ച ആട്ടിന്‍കുട്ടിയുടെ
ഞരക്കത്തോടെ
കയര്‍ത്തുമ്പിലാടുന്നവന്റെ നെഞ്ചില്‍ നിന്നും
ചാടിയോടുന്നതു  കണ്ടിട്ടുണ്ട്
ഇത്രയും കുറുമ്പ്
വേണ്ടായിരുന്നെന്നു തോന്നിയിട്ടുണ്ട് !