നസീർ കടിക്കാട്
...............................
അങ്ങിനെയാ മത്തി
ചിലേടത്തൊക്കെ ചാള
മഴക്കാലത്തിനും
വേനൽക്കാലത്തിനുമിടയിൽ
അടിവയറുഴിഞ്ഞുഴിഞ്ഞ്
കടലിൽ കിടന്ന്
ആയിരക്കണക്കിനു മനുഷ്യരെ പെറ്റു
എത്രയായാലും മനുഷ്യനല്ലേയെന്നാ മത്തി
നെഞ്ചത്തടിച്ചു നിലവിളിക്കുന്നതു കേട്ടിട്ടതാ
കടലിനടുത്തുള്ള
കാറ്റത്തു വീണ
വീട്ടിലിരുന്നൊരമ്മ
ഉറക്കത്തിലെണീറ്റോടി
അമ്മേ
അമ്മയുടെ മോനാണ്
ഏട്ടാ
ഏട്ടന്റനിയനാണ്
ന്റെ മോനേ
ന്റനിയാ
ദൈവത്തിനു മടുത്തു
സമയം പോകുന്നില്ലല്ലോയെന്നു
ദൈവം
പഴം തൊലിയുരിച്ചു തിന്നു
പൈനാപ്പിൾ ചെത്തി മുറിച്ചു
അരിക്കിപ്പോൾ
ആ മണമില്ലല്ലോയെന്നു
അങ്ങിനെയങ്ങ് അസൂയപ്പെട്ടു
കോഴിയെ
ആടിനെ
പോത്തിനെ
വളർത്തി വളർത്തി
മുറിച്ചു വേവിച്ചു തിന്നു
ഛർദ്ദിക്കുകയെന്നാൽ
വള്ളത്തോൾ നാരായണമേനോനാണോ
നാലാപ്പാടനാണോ
കുമാരനാശാനാണോ
ആ കാറ്റാണോ
കാറ്റത്തു വീണ മഴയാണോ
മഴ നടന്ന മരമാണോ
മരം പെയ്ത കണ്ണാണോ
കണ്ണു കുത്തിയ മിന്നലാണോ
മിന്നലു ചിഹ്നിയ ഇടിയാണോ
ഇടി കൊണ്ടയൊച്ചയാണോ
ആശാനാണോ
കളരിയാണോ
കവിതയ്ക്കു പുറത്താണോ
ഛർദ്ദിക്കുന്നതൊരു സുഖമാണ്
മീനിനുമുണ്ടാകില്ലേ
മനുഷ്യരെപ്പോലെ
ബർഗുമാനാകാനൊക്കെയൊരു
ഛർദ്ദിച്ചു ഛർദ്ദിച്ചു
ഉടലോടെ
നീലത്തിമിംഗലമാകാനൊരു മോഹം
കണ്ണുരുട്ടിയുരുട്ടി
ഇരുട്ടുരുട്ടിയുരുട്ടി
ചിരിച്ചോടാനൊരു ത്
കടപ്പുറത്തു നിൽക്കുമാ പുല്ലിന്റെയിത്
തൊട്ടടുത്തെയാ മരത്തിനോടത്
ഇക്കിളിയാക്കല്ലെ
ആക്കല്ലെ
ക്കല്ലെ
കല്ലെ
അങ്ങിനെയൊക്കെയല്ലെ
ഒരോട്ടോമാറ്റിക്ക് വാഷിംഗ് മെഷീനിൽ
ഒരാളുടെ
ഒരു വിട്ടിലെ
അതൊക്കെയൊന്നു കഴുകിയുണക്കിയെടുക്കുന്നത്