24/04/11

ഉമ്മാച്ചു. (രാമചന്ദ്രൻ വെട്ടിക്കാട്ട്)

ഉമ്മാച്ചു.
--------------------
ഉമ്മാച്ചു
നടത്തം തൊടങ്ങീന്ന്.

കൊല്ലത്തിലൊരിക്കെ
ഉമ്മാച്ചു
വീട്ടീന്നെറങ്ങി നടക്കും.
അവിടെക്കണ്ടൂ,
ഇവിടെക്കണ്ടൂന്ന്
ആളോള്
അടക്കം പറയും.

സെക്കന്റ് ഷിഫ്റ്റ്
കഴിഞ്ഞ് വരുമ്പോ
പൊഴക്കെപ്പാടത്ത്
കണ്ടൂന്ന്
സീതാറാം മില്ലീപ്പോണ
ശങ്കരുട്ട്യേട്ടൻ പിറ്റേസം
കുഞ്ഞുണ്ണ്യേട്ടന്റെ
ചായക്കടേല്
പറഞ്ഞ് കഥയുണ്ടാക്കും.

ചൂണ്ടപ്പാടത്തും
ഗുരുവായൂരും
കണ്ടോരുണ്ടാവും
ന്നാല്, ഉമ്മാച്ചു
ആരേനീം
ആരും ഉമ്മാച്ചൂനീം
കണ്ട്ട്ട് ണ്ടാവില്ല.

തെരഞ്ഞ്
തെരഞ്ഞ്
ന്റെ ഉമ്മാച്ച്വോന്ന്
നെലോളിച്ച് തളർന്ന്
കല്ല്യാണിയേടത്തി
നാലുംകൂട്യേ മൂലേലെ
അത്താണീമ്മെ ചാരി
തല കുനിച്ചിരിക്കും.

ഒക്കേത്തിന്റേം
അവസാനം
പടിഞ്ഞാറേക്കോട്ടേലെ
ആശൂത്രീന്ന്
ആരേലും
എങ്ങനേങ്കിലും
പറഞ്ഞറീം
ഉമ്മാച്ചൂനെ കൊണ്ടരാൻ
ചെല്ലാൻ.

ഞാൻ ദാ
അപ്രത്തെ മാധവീടെ
വീട്ടീപ്പോയിട്ട് വരാണെന്ന
മട്ടിൽ ചിരിച്ചോണ്ട്
ഉമ്മാച്ചു
കല്ല്യാണിയേടത്തീടൊപ്പം
ബസ്സിറങ്ങി വരും.

കൊണ്ടോടിപ്പാടത്തെ പുഞ്ച
കൊയ്യാനായിട്ട്
തയ്യാറായി നിക്കണുണ്ടാവും
അപ്പോ.

തോർത്ത് തലേലിട്ട്
അരിവാളും
കറ്റകെട്ടാൻ
വാഴേടെ പോള
ഒണക്കിയ വള്ളീം കൊണ്ട്
ഉമ്മാച്ചു
കല്ല്യാണിയേട്ത്തീടൊപ്പം
പുഞ്ചനെല്ലിന്റെ
കൊതിപ്പിക്കുന്ന
മണത്തിലേക്കിറങ്ങും.
അടുത്ത കൊല്ലത്തേക്കുള്ള
ഉന്മാദത്തിന്റെ
വിത്തിനായിട്ട്.
------------------------------
രാമചന്ദ്രൻ വെട്ടിക്കാട്ട്.

14/04/11

ഇവിടെ സുഖമാണ്

1

ഇവിടെ സുഖമാണ്

ഇത്തവണ ഉപ്പാടെ പേര്
വോട്ടുലീസ്റ്റിൽ ഇല്ലെന്നറിഞ്ഞു
സങ്കടപ്പെടേണ്ട
ഉപ്പാടെ ഈ മോനും
ഇന്നേവരെ വോട്ടു ചെയ്തിട്ടില്ല
ആരെങ്കിലും മുഖ്യമന്ത്രിയായിക്കോട്ടെ

ഉപ്പാക്കും ഉമ്മാക്കും സുഖമല്ലേ
ഇവിടെ
എനിക്കും സുഖമാണ്

2

പണയം വെച്ച സ്വർണ്ണം
അടുത്ത മാസം
എങ്ങിനെയെങ്കിലും എടുക്കാം

റൂമിലുള്ള ചിലർ
സഹായിക്കാമെന്നു പറഞ്ഞിട്ടുണ്ട്
അവർക്കുമുണ്ട്
നൂറുകൂട്ടം പണയങ്ങൾ
എന്നാലും
അവർ സഹായിക്കാതിരിക്കില്ല

അളിയനേയും മാമയേയും കാണാറുണ്ട്
അവർക്കും സുഖമാണ്

കരുണാകരന്റെ മോൻ
മുരളീധരൻ
ഇത്തവണ രക്ഷപ്പെടുമോ

3

ഇക്കൊല്ലം
വരാൻ പറ്റുമെന്നു തോന്നുന്നില്ല

ഇന്നലെ രാത്രി
എല്ലാവരേയും സ്വപ്നം കണ്ടു
മോനെ
ഇക്കൊല്ലം തന്നെ
സ്ക്കൂളിൽ ചേർക്കണം

ചന്ദ്രൻ നായരുടെ മക്കൾ പഠിക്കുന്ന
സ്ക്കൂളിൽ തന്നെ

ഇവിടെയിപ്പോൾ നല്ല ചൂടാണ്
റൂമിൽ
എൽ‌.ഡി.എഫുകാരും യു.ഡി.എഫുകാരുമുണ്ട്
പണി കഴിഞ്ഞു വന്നാൽ
നല്ല രസമാണ്
രാഷ്ട്രീയം പറഞ്ഞു
നേരം പോകുന്നതറിയില്ല

റൂമിൽ
എല്ലാവർക്കും സുഖമാണ്

4
കത്തിലില്ലാത്തത്

മനസ്സിലാവില്ല
എത്ര പറഞ്ഞാലും മനസ്സിലാവില്ല.

കാക്കയെന്നെ
ഇമ വെട്ടാതെ നോക്കിയിരുന്ന്
ഒന്നു കൊത്തി
ഇടം‌വലം നോക്കി
പറന്നു പോകുന്ന സുഖം

പുലിയും സിം‌ഹവും കടുവയും
വട്ടമിട്ടിരുന്ന്
കടിച്ചു കീറി
വിളമ്പുന്നതിന്റെ സുഖം

കരണ്ടു തിന്നുന്ന
എലിയുടെ
ഏകാഗ്രതയുടെ സുഖം

കാലൊച്ചയില്ലാതെ വരുന്ന
പൂച്ചയുടെ
കണ്ണു കത്തുന്ന
വെളുവെളുത്ത സുഖം

ഇവിടെ സുഖമാണ്

ഉപ്പിട്ടു
മുളകിട്ടു
പൊരിച്ച കോഴിയുടെ
നടന്നു തീരാത്ത കാലുകൾ
കടിച്ചു കടിച്ചു തിന്നുന്ന
സുഖം

5

നാളെ വെള്ളിയാഴ്ച
റൂമിൽ ആരും ഉറങ്ങിയിട്ടില്ല
ആറ്റൻ‌ബറോയുടെ
ഗാന്ധി സിനിമ കാണുകയാണ്

11/04/11

അളവ്


എത്ര കാലം
കണ്ടിരിക്കും
ആകാശവും കടലും.

ഒരു നാള്‍
ആകാശം കൈകള്‍ നീട്ടി
കടലിനെ പൊക്കിയെടുക്കും.

പ്രണയമല്ലേ.
പതിവു പോലെ മടുക്കും.

കുറച്ചു  കാലം
ഏകാന്തത അനുഭവിക്കട്ടെ
എന്ന് കരുതി
മരുഭൂമിയില്‍
കൊണ്ടിടും കടലിനെ.

ചിലപ്പോഴെങ്കിലും
മരുഭുമിയില്‍
കടലുകള്‍ ഉണ്ടാകുന്നത്
ഇങ്ങിനെയാണ്.

ഒരു നിശ്ശബ്ദതയുടെചുറ്റളവ്
കൃത്യമായി അളക്കുവാൻ
കഴിയാത്തതുപോലെ
കടലിന്റെ
ഏകാന്തതയും
അളക്കുവാൻ സാധ്യമല്ല.

06/04/11

പന്ത്രണ്ടു നിലകളുള്ള ഒരു മരം

സന്തോഷ് പല്ലശ്ശന


 1.
പത്താം നിലയില്‍
ഇന്നലെ ഒരാള്‍ തൂങ്ങിമരിച്ചു.
മരിക്കുമ്പോള്‍
അയല്‍വീട്ടിലെ ശീലാവതിക്ക്
മുന്ന് മാസമായിരുന്നു.

ശവമടങ്ങി
ഗര്‍ഭമലസി.

ജാരരാത്രികളുടെ
തണുതണുത്ത
ഉറകള്‍ക്കുള്ളില്‍
തട്ടാതെ പൊട്ടാതെ
വാസ്തു പിന്നെയും
ഉറങ്ങി.


2.
ഒരു ദിവസം
നേരംവെളുത്തപ്പോള്‍
താഴെ ഒരു നഗ്നനക്ഷത്രം
അടര്‍ന്നു വീണിരിക്കുന്നു.

ഗന്ധര്‍വ്വന്മാര്‍
കൂട്ടത്തോടെ ഒളിവില്‍പോയി.
കുരച്ചുകൊണ്ടോടിയ പോലീസ് നായ
വാട്ടര്‍ടാങ്കില്‍ വീണ് മുങ്ങിച്ചത്തു.
തുറിച്ച കണ്ണിലെ നിലവിളി വായിക്കാതെ
കാക്കികള്‍ നായയെ സെല്യൂട്ടു ചെയ്തു.

3.
അതിവൃഷ്ടിയില്‍
മുകള്‍ നില അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞു.

ഭൂമികുലുങ്ങിയപ്പോള്‍
സ്വയം മുറുകെ പിടിച്ച്
ഞങ്ങള്‍ ഇറങ്ങിയോടി.

നിബിഢ വാസ്തുക്കളുടെ
വേരുകളുടെ നിലവിളികേട്ട്
അന്ന് തെരുവുകള്‍ ഞെട്ടിവിറച്ചു.

4.
മുറിവുകളില്‍ സിമന്റിട്ടടച്ച്
ഇതളുകളില്‍ ചായം പൂശി
പിന്നെയും നിന്നു
വാസ്തു.

മഞ്ഞപൂതലിച്ച പിത്തച്ചിരിയുമായി
ജാലകക്കണ്ണുകള്‍ രാത്രിയെ
തുറിച്ചുനോക്കി.

ജനം കലങ്ങിമറിഞ്ഞൊഴുകുന്ന
നഗര നദിക്കരെ
കടപുഴങ്ങാതെ
വാസ്തു കഥപറഞ്ഞുനിര്‍ത്തുമ്പോള്‍ ...

ദൂരെ ദൂരെ
ഒരു കാട്ടില്‍
കുറെ പച്ചമരങ്ങള്‍ മഴയില്‍ കുളിച്ച്
ആകാശത്തേക്ക് കൈകള്‍ നീട്ടി
മേഘങ്ങളുടെ യൗവനത്തെ
തൊട്ടുണര്‍ത്തുകയായിരുന്നു.