24/4/11

ഉമ്മാച്ചു. (രാമചന്ദ്രൻ വെട്ടിക്കാട്ട്)

ഉമ്മാച്ചു.
--------------------
ഉമ്മാച്ചു
നടത്തം തൊടങ്ങീന്ന്.

കൊല്ലത്തിലൊരിക്കെ
ഉമ്മാച്ചു
വീട്ടീന്നെറങ്ങി നടക്കും.
അവിടെക്കണ്ടൂ,
ഇവിടെക്കണ്ടൂന്ന്
ആളോള്
അടക്കം പറയും.

സെക്കന്റ് ഷിഫ്റ്റ്
കഴിഞ്ഞ് വരുമ്പോ
പൊഴക്കെപ്പാടത്ത്
കണ്ടൂന്ന്
സീതാറാം മില്ലീപ്പോണ
ശങ്കരുട്ട്യേട്ടൻ പിറ്റേസം
കുഞ്ഞുണ്ണ്യേട്ടന്റെ
ചായക്കടേല്
പറഞ്ഞ് കഥയുണ്ടാക്കും.

ചൂണ്ടപ്പാടത്തും
ഗുരുവായൂരും
കണ്ടോരുണ്ടാവും
ന്നാല്, ഉമ്മാച്ചു
ആരേനീം
ആരും ഉമ്മാച്ചൂനീം
കണ്ട്ട്ട് ണ്ടാവില്ല.

തെരഞ്ഞ്
തെരഞ്ഞ്
ന്റെ ഉമ്മാച്ച്വോന്ന്
നെലോളിച്ച് തളർന്ന്
കല്ല്യാണിയേടത്തി
നാലുംകൂട്യേ മൂലേലെ
അത്താണീമ്മെ ചാരി
തല കുനിച്ചിരിക്കും.

ഒക്കേത്തിന്റേം
അവസാനം
പടിഞ്ഞാറേക്കോട്ടേലെ
ആശൂത്രീന്ന്
ആരേലും
എങ്ങനേങ്കിലും
പറഞ്ഞറീം
ഉമ്മാച്ചൂനെ കൊണ്ടരാൻ
ചെല്ലാൻ.

ഞാൻ ദാ
അപ്രത്തെ മാധവീടെ
വീട്ടീപ്പോയിട്ട് വരാണെന്ന
മട്ടിൽ ചിരിച്ചോണ്ട്
ഉമ്മാച്ചു
കല്ല്യാണിയേടത്തീടൊപ്പം
ബസ്സിറങ്ങി വരും.

കൊണ്ടോടിപ്പാടത്തെ പുഞ്ച
കൊയ്യാനായിട്ട്
തയ്യാറായി നിക്കണുണ്ടാവും
അപ്പോ.

തോർത്ത് തലേലിട്ട്
അരിവാളും
കറ്റകെട്ടാൻ
വാഴേടെ പോള
ഒണക്കിയ വള്ളീം കൊണ്ട്
ഉമ്മാച്ചു
കല്ല്യാണിയേട്ത്തീടൊപ്പം
പുഞ്ചനെല്ലിന്റെ
കൊതിപ്പിക്കുന്ന
മണത്തിലേക്കിറങ്ങും.
അടുത്ത കൊല്ലത്തേക്കുള്ള
ഉന്മാദത്തിന്റെ
വിത്തിനായിട്ട്.
------------------------------
രാമചന്ദ്രൻ വെട്ടിക്കാട്ട്.

32 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ഉമ്മാച്ചു.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

പടിഞ്ഞാറെ കോട്ട മുതൽ ഗുരുവായൂർ വരെയുള്ള ഉന്മാദത്തിന്റെ വഴികൾ...

ശ്രീനാഥന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് പുന്നെല്ലു മണക്കുന്ന ഇതൊന്ന്!

MyDreams പറഞ്ഞു...

ദിഫ്രെന്റ്റ് സ്റ്റൈല്‍ ...നന്നായിരിക്കുന്നു .....അച്ചടി ഭാഷയില്‍ നിന്ന് ഒരു ഇറങ്ങി നടക്കുന്നു ഉമാച്ചു

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

നന്നായി രാം. ഒരു പുതിയ മണം.

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

ഉമ്മാച്ചു
കല്ല്യാണിയേട്ത്തീടൊപ്പം
പുഞ്ചനെല്ലിന്റെ
കൊതിപ്പിക്കുന്ന
മണത്തിലേക്കിറങ്ങും.
അടുത്ത കൊല്ലത്തേക്കുള്ള
ഉന്മാദത്തിന്റെ
വിത്തിനായിട്ട്.

Rammohan Paliyath പറഞ്ഞു...

ആറില്‍ പഠിക്കുമ്പോള്‍ ഞാനും പല തവണ പടിഞ്ഞാറക്കോട്ടേലെ ആസ്പത്രീല്‍ പോയിരുന്നു. പൂര്‍ണ നഗ്നരായ സഹരോഗികള്‍ നിലം ചേര്‍ന്നിരുന്ന് തൂറിയും അഴികള്‍ക്കു പിന്നില്‍ അലറിക്കരഞ്ഞും എന്നെ പേടിപ്പിച്ചു. അക്കൂട്ടത്തില്‍ ഉമ്മാച്ചു ഉണ്ടെന്നറിയില്ലായിരുന്നു. എന്റെ സ്കിന്നിനായിരുന്നു ഭ്രാന്ത്. എക്സിമ. അബ്ദുള്ള ഡോക്ടര്‍ വേദനിക്കുന്ന മരുന്ന് വളരെ വലിയ സിറിഞ്ചുകൊണ്ട് അതത് സ്പോട്ടുകളില്‍ കയറ്റുമായിരുന്നു.

ഇണ്ടി (പട്ടത്തുവിള), കനകം (എന്‍. എസ്. മാധവന്‍)കുട്ട്യേടത്തി (എംടി) എന്നിവരേയും ഓര്‍ത്തു. സാക്ഷാല്‍ ഉമ്മാച്ചുവിനേയും.

അവസാനത്തെ വാക്കോ പ്രയോഗമോ - വിത്തിനായിട്ട് - തിരുത്താവശ്യപ്പെടുന്നു.

http://www.youtube.com/watch?v=ccC39j2zFeU

നസീര്‍ കടിക്കാട്‌ പറഞ്ഞു...

പടിഞ്ഞാറേക്കോട്ടേലെ ഒരു രാത്രി ഉള്ളിലിപ്പോഴും ഉറങ്ങാതെ കിടക്കുന്നുണ്ട് .
സുകുമാരൻ ഡോക്ടറും ഭ്രന്തനമ്മാവനും ഒപ്പമുണ്ട്.
കാറ്റുണ്ട്...
മേൽക്കൂര തുളച്ചു താഴേക്കു വീണ മണ്ണുണ്ട്.
രാവിലെ തിളച്ച വെള്ളത്തിലേക്ക് വാരിയിട്ട വെളുത്തുചുവന്ന ഭ്രാന്തൻ ഉടുപ്പുകളുണ്ട്.
കൊച്ചുകാലൻ അറ്റന്ററുണ്ട് .
സെല്ലുകൾക്കിടയിലെ ഭ്രാന്തുപിടിച്ചു വളർന്ന പോലുള്ള അന്തം വിട്ട മരങ്ങളുണ്ട്.
അമ്മാവനെ അവിടെ ഉപേക്ഷിച്ചു പോന്ന എന്റെയൊരു വെയിലുണ്ട്...

കുന്നം‌കുളത്തേക്കുള്ള ബസ്സുണ്ട്

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അവിടെയും ഇവിടെയും പുഞ്ചപ്പാടത്തിന്റെ , പുന്നെല്ലിന്റെ മണം.

JIGISH പറഞ്ഞു...

ന്റെ ഉമ്മറത്തുംണ്ട്, പച്ചപനന്തത്തകൾ പറന്നിറങ്ങിയ പത്തുപറക്കണ്ടം..ല്ലാം തരിശായി..മനസ്സും പ്രകൃതിയും..!

kaviurava പറഞ്ഞു...

ഉമ്മാച്ചുവിന്‍റെ ഈനടത്തം
മലയാള കവിതയില്‍
രാമചന്ദ്രന്‍ വെട്ടിക്കാട്ട്
തനിച്ച്‌ വെട്ടിയെടുത്ത
പുതു ഊടു വഴിയിലൂടെ തന്നെയാണ്

പാമരന്‍ പറഞ്ഞു...

!

ചന്ദ്രകാന്തം പറഞ്ഞു...

ഈ ഉമ്മാച്ചൂനെ എനിയ്ക്കറിയാം..
പുഞ്ചനെല്ലിന്റെ മണത്തിനൊപ്പം നെല്ലോല കോറുന്നുണ്ട്‌ അകത്തും പുറത്തും.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഉമ്മാച്ചുവിനെ എനിക്കറിയാം രാമാ!
കൊള്ളാം പുന്നെല്ല് മണക്കുന്ന വരികള്‍!

T.A.Sasi പറഞ്ഞു...

നല്ല കവിത.

പുതു കവിത പറഞ്ഞു...

വിത്ത് മുളക്കും

nazarkoodali പറഞ്ഞു...

വിത്ത് മുളയ്ക്കും...

മുകിൽ പറഞ്ഞു...

nalla Ummachu..

രാജേഷ്‌ ചിത്തിര പറഞ്ഞു...

ഉമ്മാച്ചു

സൂത്രന്‍..!! പറഞ്ഞു...

ഉമ്മ...................... ച്ചു

സൂത്രന്‍..!! പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

പുഞ്ചനെല്ലിന്റെ
കൊതിപ്പിക്കുന്ന
മണത്തിലേക്കിറങ്ങും.
അടുത്ത കൊല്ലത്തേക്കുള്ള
ഉന്മാദത്തിന്റെ
വിത്തിനായിട്ട്.

രാമൊഴി പറഞ്ഞു...

നന്നായിട്ടുണ്ട്..

Ranjith Chemmad / ചെമ്മാടന്‍ പറഞ്ഞു...

രാമൂ....
ഉന്മാദത്തിന്റെ വിത്തുകൾ നീയിങ്ങനെ ഇട്ടുതരുമ്പോൾ
എങ്ങനെ മുളപ്പിക്കാതിരിക്കും...
ഉമ്മ...ഉമ്മാച്ചുവിന്‌

moideen angadimugar പറഞ്ഞു...

ഞാൻ ദാ
അപ്രത്തെ മാധവീടെ
വീട്ടീപ്പോയിട്ട് വരാണെന്ന
മട്ടിൽ ചിരിച്ചോണ്ട്
ഉമ്മാച്ചു
കല്ല്യാണിയേടത്തീടൊപ്പം
ബസ്സിറങ്ങി വരും.

കലാം പറഞ്ഞു...

പുഞ്ചനെല്ലിന്റെ
കൊതിപ്പിക്കുന്ന മണം!

. പറഞ്ഞു...

ഡാ അല്ലെങ്കിൽ തന്നെ ഉറക്കമില്ല. പാടത്ത് കൂടെ നടന്നു പോകുന്ന പെണ്ണുങ്ങൾ. പൂതം . പാലമരം. ആകെ നോട്ടങ്ങളാ. കുഴൂരിൽ പോയി വന്നപ്പോൾ വട്ട് അൽപ്പം മൂത്തു. അപ്പഴാ ഇത്. രാമാച്ചു ഇത് ഞാൻ വായിച്ച എന്നെ വായിച്ച മികച്ച കവിതകളിൽ ഒന്നാണു. ഉമ്മ

. പറഞ്ഞു...

ഡാ അല്ലെങ്കിൽ തന്നെ ഉറക്കമില്ല. പാടത്ത് കൂടെ നടന്നു പോകുന്ന പെണ്ണുങ്ങൾ. പൂതം . പാലമരം. ആകെ നോട്ടങ്ങളാ. കുഴൂരിൽ പോയി വന്നപ്പോൾ വട്ട് അൽപ്പം മൂത്തു. അപ്പഴാ ഇത്. രാമാച്ചു ഇത് ഞാൻ വായിച്ച എന്നെ വായിച്ച മികച്ച കവിതകളിൽ ഒന്നാണു. ഉമ്മ

. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Shameer T K പറഞ്ഞു...

പുതുകവിതയുടെ
കൊതിപ്പിക്കുന്ന
മണത്തിലേക്കിറങ്ങി...
അടുത്ത കവിതയ്ക്കുള്ള
ഉന്മാദത്തിന്റെ
വിത്തിനായിട്ട് രാമചന്ദ്രാ...

saarathi പറഞ്ഞു...

എന്തോ ഉമ്മാച്ചുവിന്റെ അവസ്ഥയില്‍ സങ്കടം തോന്നുന്നു..................
ഒപ്പം..............
കല്യാണി ഏടത്തിയോട്‌ നന്ദിയും .......................
ഈശ്വരാ .................ഉമ്മാച്ചുവിനു ഇനി അസുഖം വരല്ലേ................
ആശംസകള്‍..............

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.