18/10/11

മരിച്ച് പോയവന്റെ ഓർക്കൂട്ട്



------------------------------------------
നിയന്ത്രണം തെറ്റി
ബൈക്ക് മതിലിടിക്കുകയായിരുന്നു

രാവിലെ മോർച്ചറിയിൽ 
വിറങ്ങലിച്ച് കിടക്കുന്നത്
കണ്ടതാണ്
തലേന്ന് രാത്രി
ഇതവസാനത്തെയെന്ന്
പോകുന്നപോക്കിൽ 
നിന്നനില്പിൽ
ഒറ്റവലിക്കകത്താക്കി
ചുണ്ട് കോട്ടിയ
അതേ പോലെ തന്നെ മുഖം

വർഷങ്ങൾക്ക് ശേഷം
ഇന്നലെയാണ്
അവന്റെ ഓർക്കൂട്ടും
ഫേസ്ബുക്കും 
തുറന്ന് നോക്കിയത്

എത്ര അപ്ഡേറ്റുകൾ!

പലപ്പോഴായി 
മാറ്റിയിട്ട അവന്റെ 
അവ്യക്തമായ
പ്രോഫൈൽ ഫോട്ടോകൾ.
"Better to be in hell"
എന്ന സ്റ്റാറ്റസ് മെസ്സേജ്
തന്നെ പുതിയതാണ്.

പലരും ഉപേക്ഷിച്ച്
പോയിട്ടും
അവനിപ്പോഴും 
ഓർക്കൂട്ടിൽ തന്നെയുണ്ട്.
അവന് പുതിയ സ്ക്രാപ്പുകൾ
പുതിയ കൂട്ടുകാർ
പുതിയ സന്ദർശകർ.
എനിക്കറിയാത്ത ഭാഷ
അവൻ പഠിച്ചെന്ന് തോന്നുന്നു,
അവന്റെ കൂട്ടുകാരും.

കൂട്ടുകാരിൽ പലരേയും 
പലപ്പോഴായി
ചരമ കോളത്തിൽ
കണ്ടിട്ടുണ്ടെന്ന് ഉറപ്പിച്ചത്
അവളെക്കൂടി
അവന്റെ ഫ്രണ്ട് ലിസ്റ്റിൽ
പുതുതായി
കണ്ടത് കൊണ്ടാണ്

നിങ്ങൾക്കതൊന്നും 
കാണുന്നില്ലെന്നതോ
നിങ്ങൾ കളിയാക്കിച്ചിരിക്കുന്നതോ
എന്റെ വിഷയമല്ല

പക്ഷെ,
ഇത്ര ബലമായി
എന്റെ കൈ പിടിച്ച്
എന്റെപ്പുറത്തുമിപ്പുറത്തും
ഇവിടിങ്ങനെ
ഇരിക്കുന്നതെന്തിനാണെന്നത്
മാത്രമാണ്, 
അത് മാത്രമാണ്
എന്നെ അസ്വസ്ഥനാക്കുന്നത്.
------------------------------------------
രാമചന്ദ്രൻ വെട്ടിക്കാട്ട്

10 അഭിപ്രായങ്ങൾ:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

“തകർപ്പൻ” കവിത.
ഇതൊക്കെത്തന്നെ ഭാവിയിൽ പലർക്കും അനുസ്മരണം.

ratheesh krishna പറഞ്ഞു...

മരിച്ചുപോയവന്‍റെ ഓര്‍ക്കൂട്ട്!
വല്ലാത്തൊരു പേരായി പോയത്...
എന്തോ ഒരു അവസ്ഥ
ഫീല്‍ ചെയ്തു...
വളരെ നന്നായി...

Muhammed Sageer Pandarathil പറഞ്ഞു...

മരിച്ച ഓർക്കുട്ടിനും ഫെയ്സ്ബുക്കിനും ആദരാഞ്ജലി ഒപ്പം മരിക്കാത്ത നമ്മൾക്കും!.നമ്മൾ മരിച്ചാലും മരിക്കാത്ത ചില ചിത്രങ്ങളിലേക്ക് നടത്തുണ്ട് ഈ കവിത!.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

വരികള്‍ നന്നായിരിക്കുന്നു രാമാ .. മണ്‍ മറഞ്ഞവരുടെ ഓര്‍ക്കൂട്ടിലേക്ക് പിന്നെയും സ്ക്രാപ്പുകള്‍ വന്നു കൊണ്ടേയിരിക്കുന്നു എന്ന സത്യത്തെ എത്ര തീവ്രമായി അവതരിപ്പിച്ചിരിക്കുന്നു. അന്തരിച്ച ബ്ലോഗ്ഗര്‍ ജ്യോനവന്റെ "മാന്‍ഹോള്‍" എന്ന കവിതയിലേക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും കമെന്റുകള്‍ പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു എന്നുള്ളത് വേദനയോടെയാണെങ്കിലും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുന്നു. എന്റെ കണ്ണു നിറയുന്നു..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നല്ല കവിത. “മരിച്ചുപോയവന്റെ ഓര്‍ക്കൂട്ട്“ എന്ന ഭാവന വളരെ നന്നായിരിക്കുന്നു. ഓര്‍ക്കൂട്ട് ഏതാണ്ട് അനാഥമായെങ്കിലും, സജീവമായിരുന്നപ്പോള്‍ ഉണ്ടായിരുന്ന പേജുകള്‍ ഇപ്പോഴും ഓര്‍മ്മകള്‍ പോലെ നിലനില്‍ക്കുന്നു എന്നത് നല്ല കാര്യം. ജ്യോനവനെപ്പറ്റി സുനില്‍ എഴുതിയത് ഹൃദയത്തെ സ്പര്‍ശിക്കുന്നു. നമ്മളൊക്കെ മരിച്ചു പോയാലും നമ്മുടെയൊക്കെ പേജുകള്‍ സൂക്ഷിക്കുന്ന ഒരു മോര്‍ച്ചറിയായി ഓര്‍ക്കൂട്ട് ഉണ്ടായിരിക്കുമോ? സൈബര്‍ സ്പേസിന്റെ അനന്തസാധ്യതകള്‍!

ദേവന്‍ പറഞ്ഞു...

നല്ല കവിത...

പാവപ്പെട്ടവൻ പറഞ്ഞു...

തലേന്ന് രാത്രി ഇതവസാനത്തെയെന്ന് പോകുന്നപോക്കിൽ നിന്നനില്പിൽ ഒറ്റവലിക്കകത്താക്കി ചുണ്ട് കോട്ടിയ അതേ പോലെ തന്നെ മുഖം ...ഓർമകൾക്ക് മരണം വളരെ പതുക്കെ സംഭവിക്കുന്നതു കൊണ്ട് ഓർമയിൽ അവൻ ഇനിയും കുറെകാലം ചിരിച്ചമുഖവുമായി ഉണ്ടായേക്കാം ...പിന്നെ ഒക്കെയും സ്വഭാവികതയിലേക്കു.. നല്ല കവിത

സാല്‍ജോҐsaljo പറഞ്ഞു...

കൊള്ളാം..

അരുൺ പ്രസാദ്‌ പറഞ്ഞു...

മറിച്ച്പോയവന്റെ ഹോം പേജ്,ചാറ്റ് ഹിസ്റ്ററികൾ..

smitha adharsh പറഞ്ഞു...

നല്ല കവിത..
ഞാനും ജ്യോനവനെ ഓര്‍ത്തു.
പിന്നെ, രാമേട്ടന്‍ ഉദ്ദേശിച്ചത് 'മുഴുവനായും' ഇവിടെ മുന്‍പ് വന്ന വായനക്കാര്‍ക്ക് മനസ്സിലായില്ലേ? അതോ,എനിക്കാണോ മനസ്സിലാവാതിരുന്നത്? എവിടെയോ ഒരു ആശയക്കുഴപ്പം..അവസാന വരികള്‍ ആകെ അങ്കലാപ്പിലാക്കി..