29/10/11

മുളകിടാനും പൊരിക്കാനും പോന്ന മൂന്നു കായൽ‌മീനുകളെക്കുറിച്ച് ഒരു ചൂണ്ടക്കാരൻ

നസീർ കടിക്കാട്























1
ചൂണ്ടക്കാരൻ മണ്ണിരയെ പിടിക്കുന്ന വിധം

കവിത മടുത്ത ഒരു ദിവസം
ചൂണ്ടക്കാരൻ
ചളിമണ്ണു മാന്തി 
മണ്ണിരയെ കണ്ടെടുത്തു.

മണ്ണിര വാലു ചുരുട്ടി 
ഒന്നേ ചോദിച്ചുള്ളൂ:
തല എന്തു ചെയ്യും മാഷേ ?

ആ ,
എന്നൊരുത്തരം
ചൂണ്ടക്കാരന്റെ ചുണ്ടിൽ .

മണ്ണിരയുടെ തലയിലൂടെ
ചൂണ്ടക്കൊളുത്ത്
ഒരു മുഴുത്ത സ്രാവിനെ 
മറ്റാരും കാണാതെ
സ്വപ്നം കണ്ടു .

ചൂണ്ടക്കാരന്റെ വീട്
തോട്ടുവക്കത്ത്

2
ചൂണ്ടയിടുന്നതിനിടയിൽ  കവിത തിരയുന്ന ഒരുതരം രീതി

മഴക്കാലമായാൽ , ഞങ്ങൾ
തോട്ടിലേക്കു ചാടി
പടിഞ്ഞാട്ടൊഴുകും.

കടലും കപ്പലും
പടിഞ്ഞാറാണെന്നു പഠിപ്പിച്ചത്
കോലാൻ മത്സ്യങ്ങൾ,
ആണ്ടുകിടന്ന്
ബിരുദവും
ബിരുദാനന്തര ബിരുദവും നേടിയവർ .

അവരോടൊപ്പം പോകും:
ചെന്നു വീഴുന്നത്
ഈച്ചിപ്പാടത്തെ ചിറയിൽ .

3
ചൂണ്ടക്കാരൻ കണയാട്ടി മടുക്കുമ്പോൾ കോലാൻ

കടലെവിടെ
കപ്പലെവിടെ ?

തിരയെണ്ണാനും
കപ്പൽക്കോളിൽ കണ്ണും‌നട്ടിരിക്കാനും
കോലാൻ‌മത്സ്യങ്ങളുടെ
മെലിഞ്ഞ ഉടലുകൾ
ഒരു വരി കവിത പോലും
പഠിപ്പിച്ചിട്ടില്ല.

അവർക്കറിയാവുന്നത്
ഊളിയിടാൻ മാത്രം .

ചൂണ്ടക്കാരനും ശീലിച്ചു ,
മീനുകളുടെ അത്‌ലറ്റിക് മീറ്റ് .

അന്നേരമാണ്
ഉപരിതലത്തിൽ കുമിളകൾ
ആൾ‌പാർപ്പു തുടങ്ങുന്നത് .

4
ചൂണ്ടക്കാരൻ പരലുകളെക്കണ്ട് ഞെട്ടുന്നു

ഇരുന്നയിരുപ്പിൽ ഞെട്ടുന്നതിനെ
കവിതയിലെ
ഒരു വാക്കു കൊണ്ടും മറയ്ക്കാനാവില്ലെന്നു
ചൂണ്ടക്കാരൻ
പരൽ‌മീനുകളുടെ ഒരു കൂട്ടത്തോടു
എന്തോ പറയുകയാണ്

പരലുകൾ
അത്രയ്ക്കു ചെറിയ മത്സ്യങ്ങളല്ല ,
വീടുകൾ അട്ടിമറിക്കുവാനുള്ള
കൂടിയാലോചനയിലാണ്

ജലം തെറിപ്പിച്ച് 
വാലിളക്കി
തർക്കിച്ച്
തോട്ടുവക്കത്തെ വീട്ടിലേക്ക്
തുരങ്കം പണിയുകയാണവർ .

വീട്ടിലേക്കു മടങ്ങിയാലോ ,
ചൂണ്ടക്കാരൻ
ഒറ്റവരിയിൽ മണ്ണിരയെ മറക്കുന്നു .

5
ചൂണ്ടക്കൊളുത്തിൽ ചെമ്പല്ലി പിടയുന്നു

പായലുകളുടെ
ജലനാരുകൾക്കിടയിലിരുന്ന്
മണ്ണിര ചൊല്ലുകയാണ് ,
ചെമ്പല്ലിയുടെ പരന്ന ഉടലിലേക്ക്

ഇതാണു കവിത:
അറിയുമോ,
തോട്ടുവക്കത്തെ വീട്
മഴക്കാലം
മണ്ണ്
മണം

സന്ധ്യയ്ക്കാണ്
ഭൂമിക്കടിയിലൂടെ തോടുകൾ
വീടു തിരഞ്ഞു 
മടങ്ങിപ്പോകുന്നത് .

18/10/11

ജീവിക്കുന്നതാണു

കുഴൂർ വിത്സൺ

വിളക്കിനെ വരച്ച് കൊണ്ടിരുന്നപ്പോൾ കറന്റ് വന്നതായി കാണപ്പെട്ടു. ഇരുട്ടിനെക്കുറിച്ചുള്ള ഓർമ്മയെഴുത്തും അതോടെ വെള്ളത്തിലായി. അങ്ങനെ പ്രാത്ഥിക്കാൻ തുടങ്ങി.
നൂറു ചോദിച്ചാൽ പത്ത് തരുന്ന ഒരു ഡാഡിയാണു ദൈവം.അല്ലെങ്കിൽ മരണത്തിനു വേണ്ടി പ്രാത്ഥിക്കുന്ന എന്നെ ഉറക്കം തന്ന് എന്നും പറ്റിച്ച് കളയുമോ അയാൾ.

ഏക ആശ്വാസം ആകാശമാണു. അതിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ, വീർത്ത കൺപോളകൾ വല്ലായ്മ ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അത് പുഴയിൽ വീണു കിടക്കുന്നത് കണ്ടു. ഏയ് ചത്തിട്ടുണ്ടാവില്ല. കിളികളുടെ ഒച്ച കേൾപ്പാനുണ്ട്. പൊന്മാൻ ജലഭൂതത്തിന്റെ മായിക വലയത്തിലകപ്പെട്ട പക്ഷിയാണോ ? അല്ലെങ്കിൽ വേണ്ട അത് ചിറകുള്ള മീനായിക്കൊള്ളട്ടെ.


ബോറടിച്ച് മടുത്തപ്പോൾ മരണത്തിനു ഒരു കത്തെഴുതാമെന്ന് കരുതി. ഏകാകികളുടെ അവസാനത്തെ അത്താഴമേ എന്ന അഭിസംബോധന കഴിഞ്ഞപ്പോൾ ടെലഫോൾ വിളിക്കുന്നത് കേട്ടു. ചെന്നപ്പോൾ അതൊന്നുമേ മിണ്ടിയില്ല. മുൻപൊരു ദിവസം അതെനിക്കു ഒരുമ്മ തന്നിരുന്നു. രണ്ടാമത്തെ ചുംബനം മുതൽ വായനാറ്റം അനുഭവപ്പെട്ടു തുടങ്ങുമെന്ന് ഏതെങ്കിലും ദാമ്പത്യഗ്രന്ഥത്തിൽ വായിച്ചതായി ഓർമ്മയിലില്ല. അതെല്ലാം മറന്നേക്കൂ

എന്നെ മരിക്കൂ എന്നെ മരിക്കൂവെന്ന് കറന്റിനോട് വിലപിച്ചാലോ. അതിനു ശരിക്കും വ്യാകരണം അറിഞ്ഞ്കൂടല്ലോ
രണ്ട് ജീവിതങ്ങളെ കൂട്ടിച്ചേർക്കുന്ന പശയെക്കുറിച്ച് പരസ്യവാചകമെഴുതിയതിനുള്ള കൂലി കോപ്പിറൈറ്റർക്ക് കിട്ടിയില്ലെന്ന വാർത്ത ഇന്നത്തെ പത്രത്തിലോ ? വേണ്ട നേരം വെളുക്കട്ടെ

സെമിത്തേരിയിൽ കോളിംഗ് ബെൽ ഇല്ലാത്തത് കഷ്ടം തന്നെയാണേ. മൺ വാതിൽ ഭദ്രമായടച്ച് അപ്പൻ സുഖമായുറങ്ങുന്നു. ഏയ് ഞാനൊച്ചയൊന്നും ഉണ്ടാക്കുന്നില്ല.

ടെലഫോൾ ബൂത്ത് കാണുമ്പോൾ കുരിശ് വരക്കുന്നവനേയെന്ന് എന്നെ കളിയാക്കുന്നവനേ പാപം ചെയ്യരുതേ. അതിന്റെയത്ര വിശുദ്ധിയുള്ള കുമ്പസാരക്കൂട് കാണുകയേയില്ല

ആത്മഹത്യാക്കുറിപ്പ് നന്നായി ലേ ഔട്ട് ചെയ്ത് കുറെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ പോസ്റ്റ് ചെയ്യാൻ കൂട്ടുകാരനെ ഏൽപ്പിക്കണമെന്നും വിചാരിച്ചിരുന്നു

അല്ലെങ്കിൽ വേണ്ട ഇങ്ങനെ മരിക്കുന്നതിലും ഭേദം ജീവിക്കുന്നതാണു

മരിച്ച് പോയവന്റെ ഓർക്കൂട്ട്



------------------------------------------
നിയന്ത്രണം തെറ്റി
ബൈക്ക് മതിലിടിക്കുകയായിരുന്നു

രാവിലെ മോർച്ചറിയിൽ 
വിറങ്ങലിച്ച് കിടക്കുന്നത്
കണ്ടതാണ്
തലേന്ന് രാത്രി
ഇതവസാനത്തെയെന്ന്
പോകുന്നപോക്കിൽ 
നിന്നനില്പിൽ
ഒറ്റവലിക്കകത്താക്കി
ചുണ്ട് കോട്ടിയ
അതേ പോലെ തന്നെ മുഖം

വർഷങ്ങൾക്ക് ശേഷം
ഇന്നലെയാണ്
അവന്റെ ഓർക്കൂട്ടും
ഫേസ്ബുക്കും 
തുറന്ന് നോക്കിയത്

എത്ര അപ്ഡേറ്റുകൾ!

പലപ്പോഴായി 
മാറ്റിയിട്ട അവന്റെ 
അവ്യക്തമായ
പ്രോഫൈൽ ഫോട്ടോകൾ.
"Better to be in hell"
എന്ന സ്റ്റാറ്റസ് മെസ്സേജ്
തന്നെ പുതിയതാണ്.

പലരും ഉപേക്ഷിച്ച്
പോയിട്ടും
അവനിപ്പോഴും 
ഓർക്കൂട്ടിൽ തന്നെയുണ്ട്.
അവന് പുതിയ സ്ക്രാപ്പുകൾ
പുതിയ കൂട്ടുകാർ
പുതിയ സന്ദർശകർ.
എനിക്കറിയാത്ത ഭാഷ
അവൻ പഠിച്ചെന്ന് തോന്നുന്നു,
അവന്റെ കൂട്ടുകാരും.

കൂട്ടുകാരിൽ പലരേയും 
പലപ്പോഴായി
ചരമ കോളത്തിൽ
കണ്ടിട്ടുണ്ടെന്ന് ഉറപ്പിച്ചത്
അവളെക്കൂടി
അവന്റെ ഫ്രണ്ട് ലിസ്റ്റിൽ
പുതുതായി
കണ്ടത് കൊണ്ടാണ്

നിങ്ങൾക്കതൊന്നും 
കാണുന്നില്ലെന്നതോ
നിങ്ങൾ കളിയാക്കിച്ചിരിക്കുന്നതോ
എന്റെ വിഷയമല്ല

പക്ഷെ,
ഇത്ര ബലമായി
എന്റെ കൈ പിടിച്ച്
എന്റെപ്പുറത്തുമിപ്പുറത്തും
ഇവിടിങ്ങനെ
ഇരിക്കുന്നതെന്തിനാണെന്നത്
മാത്രമാണ്, 
അത് മാത്രമാണ്
എന്നെ അസ്വസ്ഥനാക്കുന്നത്.
------------------------------------------
രാമചന്ദ്രൻ വെട്ടിക്കാട്ട്

11/10/11

വെയില്‍



















സി.എസ്.രാജന്‍





    • ഇലകളുടെ ഇളം ചൂടുള്ള അടിവയറ്റില്‍
      കാതോര്‍ത്തു കിടന്ന
      കടുംമഞ്ഞ നിറമുള്ള നിശ്ശബ്ദത.

      മഴയുടെ വനങ്ങളില്‍ വഴിതെറ്റുമ്പോള്‍
      കാഴ്ചയില്‍ കളഞ്ഞു കിട്ടിയ
      ആകാശത്തിന്റെ കണ്ണാടിത്തുണ്ട്.

      വെളിച്ചത്തിന്റെ വയലില്‍ നാം ഇണചേരുമ്പോള്‍
      നിന്റെ സ്ഫടികച്ചിറകുകളില്‍ നിന്നും പൊഴിഞ്ഞ
      സൂര്യന്റെ പരാഗങ്ങള്‍.

      കൊടുംകാറ്റുകൊണ്ട് മേഞ്ഞ നമ്മുടെ വീടിന്റെ ചില്ലകളില്‍
      മരിച്ച പ്രണയികള്‍ ഉയര്‍ത്തിയ
      വേനലിന്റെ പതാകകള്‍.

      എന്റെ ഇരുണ്ട ചര്‍മ്മത്തിന്റെ
      പ്രാചീനമായ അടരുകള്‍ക്കടിയില്‍ നിന്ന്
      നീ ഖനനം ചെയ്തെടുത്ത
      നഷ്ടഗോത്രങ്ങളുടെ സ്വപ്നനിക്ഷേപങ്ങള്‍.

      കേള്‍വിയുടെ ഭൂഗര്‍ഭദേശങ്ങളില്‍
      വസന്തങ്ങളായ് ഉരുള്‍പൊട്ടിയൊഴുകിയ
      'മാല്‍കോന്‍സി'ന്റെ സുവര്‍ണ്ണ ലാവ.

      ഇപ്പോള്‍,
      ഓര്‍മ്മയുടെ അവസാന തുറമുഖങ്ങളില്‍ കാത്തുകിടക്കുന്ന,
      നാനാര്‍ഥങ്ങള്‍ വറ്റിപ്പോയ
      ഒരു മണലുടല്‍.

6/10/11

രണ്ടു സ്വപ്നങ്ങൾ

ചിലതുണ്ട്

ചൂണ്ട കൊളുത്തുപോലെ

ചങ്കിൽ കൊളുത്തി വലിക്കും.

പിന്നെ കരക്കു പിടിച്ചിട്ട മീനിനെപ്പോലെ

പ്രാണനായുള്ള പിടപിടച്ചിലാണു.

അപ്പോൾ മരണത്തിന്റെ കുരുക്കഴിച്ചു

ഒരു നിലവിളി പുറത്തേക്കോടും

ഭീതിയുടെ കയത്തിൽ നിന്നും കരക്കു

വലിച്ചിടുമ്പോലെ കവിളിൽ തട്ടി

ചോദിക്കുന്നുണ്ടാവും അവൾ

പ്രാർത്ഥിച്ചു കിടന്നൂടായിരുന്നോ യെന്നു..

ഒട്ടും അധികമോ കുറവോ ആകാതെ

ഒന്നര മില്ലിമീറ്ററിൽ ഒന്നും മൂളും



നൂറുവട്ടം മിണ്ടാനും കാണാനും

കൊതിച്ചവൾ

അടുത്തേക്കോടിവരും

പാടുമ്പോലെ പറയും

സമയത്തെ സംഗീതമാക്കും

പാശ്ചാത്തലത്തിൽ

റാഫിയും കിഷോറും മുകേഷും

ഒരുമിച്ചൊരു പ്രണയഗാനം പാടും

ദുപ്പട്ട മറച്ചകരിനീലക്കണ്ണുകൾ

പ്രാവുപോലെ കുറുകും


എന്തിനായിങ്ങനെ ചിരിക്കുന്നേയെന്നു

ചോദിച്ചു

തട്ടി വിളിക്കുന്നുണ്ടാവുമവൾ....

സ്വപ്നത്തിനും ജീവിതത്തിനുമിടയിലെ

ഇങ്ങിനെ ചിലതട്ടി വിളിക്കലുകൾ

അനിവാര്യതയാണെന്നോർത്ത്

മെല്ലെപ്പറയും

‘പ്രാർത്ഥിച്ചാ കിടന്നത്....

.....
haris edavana

3/10/11

വീട്ടിൽ വരവ്

ആദിത്യശങ്കർ















നാട്ടിലേക്കോടുന്ന ബസ്സുകൾക്ക്
ഒരു പ്രത്യേക മണം.

അവ ഓർമ്മിപ്പിക്കുന്നു
നായാട്ടുകമ്പം മൂത്ത് കാടു കേറുന്ന
അമ്മാവന്മാർക്ക് വഴികാട്ടി
അതിഗൌരവത്തോടെ നടക്കുന്ന
വേട്ടനായ്ക്കളുടെ വിയർപ്പ് .

ഭം‌ഗിയുള്ള ഒരു വരി കൊണ്ടോ വാക്ക് കൊണ്ടോ
സൂര്യൻ ഇടയ്ക്കിടെ ജനാലയ്ക്കൽ ഇടപെടുന്നു;

അവയോടൊത്ത് നാം പങ്കിടുന്നു
നിഷ്കളങ്കവും കൈതമുള്ള് പോലെ
കൂർത്തതുമായ ഒരേകാന്തത

ഗ്രാമരാത്രികൾ തിരിച്ചു തരും
ഒരു കടും മണം

ഒരു മരത്തിൽ നിന്നു മറ്റൊന്നിലേക്ക്
നടക്കുകയാണ് ഞാനെന്നു തോന്നി.
കുറച്ചുകൂടി ചെന്നാൽ ഓടിവരവായി
കാത്തുമടുത്തവരെപ്പോലെ വീട്ടുവിളക്കുകൾ.

പക്ഷെ
ചെമ്മൺ‌ പാതകളുടെ പരിചിത വളവുകളേക്കാളും
സിനിമാ പോസ്റ്ററുകളിലെ വടിവുകളേക്കാളും
മണ്ണിന്റെ മുറിവുകളിലെ
മഴയുടെ ജലതരം‌ഗത്തേക്കാളും മുമ്പ്
ഓടിയെത്തുന്നു

വീടിന്റെ ഇരുണ്ട മൂല
ഒരു കടൽക്കോണായി സങ്കല്പിച്ച്
ഏകാന്തതയിൽ നിന്നു
ദൂരങ്ങളിലേക്കു ലോഹസന്ദേശങ്ങളയക്കും
എന്റെ അനിയനും
അവന്റെ മോർ‌സ്‌ക്കോഡും.