28/8/11

പെരുന്നാള്‍

ചുളുക്കുവീണ പെരുന്നാളുകൾ
തേച്ചു നിവർത്തിയെടുക്കാൻ
എത്ര കനലാ കത്തിച്ചു
ഇസ്തിരിപ്പെട്ടി നിറച്ചതു

അയലത്തെബിരിയാണി
മണംകരളിനെ പിടപ്പിക്കുമ്പോൾ
ഉമ്മ ഒറ്റവാക്കിൽവയറുനിറച്ചു
ബിരിയാണിതിന്നിക്കും
പടച്ചോന്റെ കാരുണ്യംകടലാ മോനെ...

ആ കടലും കടന്നുപോയപ്പോഴാണൂ
കരഞ്ഞ കണ്ണുകളൊക്കെ ചിരിച്ചതും
ഞാൻ മാത്രമെല്ലാ പെരുന്നാളിനും കരഞ്ഞതും

എല്ലാവര്‍ക്കും എന്റെ ചെറിയപെരുന്നാളാശംസകള്‍

ഹാരിസ് എടവന

16/8/11

ചുവരെഴുത്ത്...



പറയുവാനുള്ളതെല്ലാം നീ, നിന്റെ മുറിയിലെ
തണുത്ത ചുവരുകളോടു മാത്രമാണു പറഞ്ഞത്.....

മറവിയുടെ ജനാലകള്‍ തുറന്നു, നീ ഉറങ്ങിയ മുറിയിലേക്കു
ഞാന്‍ വന്നപ്പോഴേക്കും...
നിന്റെ അവസാന ശ്വാസവും,
ഗന്ധവും, മുറി വിട്ടകന്നു പോയിരുന്നു......

അപ്പോള്‍ നിന്റെ ചുമരുകള്‍ എന്നോടു പറഞ്ഞത്,
എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നില്ല......

ഒരു പക്ഷെ അതിന്റെ അര്‍ത്ഥം, എന്റെ കല്ലറയിലെ,
ജീര്‍ണ്ണിച്ച ചുമരുകള്‍ എനിക്കു പറഞ്ഞു തരുമായിരിക്കും..!!!?

12/8/11

കറങ്ങുന്ന...

കറങ്ങുന്ന പമ്പരം
നൂലുകൊണ്ടെടുക്കുകയാണൊരു കുട്ടി

അവന്റെ കൗതുകം
മുറ്റത്തിന്നോരത്തെ
കാശിത്തുമ്പകളില്‍
കണ്ടുകൊണ്ടിരുന്ന വെയില്‍
കണ്ണുചിമ്മിത്തുറന്നതും
ചുറ്റും വട്ടംവരച്ച്
നൂലുചുറ്റി വെച്ച പമ്പരങ്ങളെ
എറിഞ്ഞുതെറിപ്പിച്ച കൂട്ടുകാരെ
അതുവഴിപോയൊരാളോര്‍മിക്കുന്നു

ഏറുകൊണ്ട
പമ്പരംപോലെ
കളത്തിനുപുറത്തുതെറിച്ചൊരാളുടെയുടല്‍
ട്രാക്കില്‍ നിന്നെടുത്തു മാറ്റുന്നു
ണ്ടതേ സമയം
മറ്റൊരിടത്ത്

കറങ്ങുന്ന ഭൂമി
കൈയിലെടുത്തു കാണിക്കു
മൊരാളിതെല്ലാം കണ്ടു
ചിരിക്കുന്നതുനോക്കി
ഒരിക്കല്‍ക്കൂടി നോക്കി
ഒന്നും മിണ്ടാതെ
കറങ്ങുന്ന ജീവിതത്തെ
കയറു കൊണ്ടെടുക്കുന്നു.

3/8/11

നാട്ടുവഴികള്‍

ഇറങ്ങിയിടം തൊട്ട്
നടന്നു പോകുമ്പോൾ
കിതച്ചിരിക്കുമ്പോൾ
നാട് പറയുന്നുണ്ട്
തിരിച്ചുപോവാൻ

വിൽക്കുവാൻ വെച്ചിടങ്ങളിൽ
വിലപേശുന്ന ബോർഡുകളിൽ
മതിപ്പുപറയുന്ന ബ്രോക്കർമാർ
കണ്ണിറുക്കുന്നുണ്ട്
കയ്യിലുള്ളകാശിനു
ഒരുകിലോ മത്തികിട്ടിയാലയെന്നു
കളിയാക്കുന്നുണ്ട് കലുങ്കുകൾ

നാടേയെന്നു വിളിച്ചുമോർത്തും
നെഞ്ചിലിട്ടു പാട്ടായും കവിതയായും
മൂളിയും രാവുതീർന്നുപോയെതു മിച്ചമെന്നോരോ
നടവഴിയുമോർമ്മിപ്പിക്കുന്നു

മരം പെയ്യുന്നേയില്ല
കാക്കപോലുമിരിക്കാത്ത
ടവറേ
നാടുമുഴുവനൊളിഞ്ഞുനോക്കുന്നതെന്തിനാ....

കണ്ടാലുമറിയില്ല
നാലുകാര്യമില്ലാതെയാരും മിണ്ടില്ല
നഗരത്തിലേക്കൊലിച്ചുപോയെടോ
നാടെന്നു ചങ്ങാതി

കൂലിയോക്കെകൂടി കൂടി
വർഗ്ഗവും സമരവുമില്ലാതെ
വിപ്ലവത്തിനൊക്കെ
മണ്ഡരിപിടിച്ചുപോയെന്നു
നരച്ചകൊടിമരങ്ങൾ.

നാടെന്നു പറയുമ്പോൾ
നാവിലാദ്യമെത്തുന്ന
മാർക്കിസ്റ്റ് നാണുവേട്ടാ
ബീഡിവലിച്ചു വലിച്ചു
ബീഡിക്കുറ്റിപോലായിപ്പോയല്ലോ?
‘കമ്യൂണിസ്റ്റാവാൻ ഒരു നായിന്റെമോനെയും
കിട്ടുന്നില്ല മാപ്ലേയെന്നു
പറഞ്ഞപ്പോഴേക്കും
ദേ..തെങ്ങുമുറിച്ചാൽ
കൂലിക്കൊപ്പം തെങ്ങുഫ്രീയെന്നൊരു
പരസ്യം
മഴനനയുന്നു