15/2/11

ചരിത്രബോധം

ഒരു യുദ്ധത്തിനും
സാക്ഷിയായിട്ടില്ല.
ഒരു സൈനികൻ പോലും
വെടിയേറ്റു മരിക്കുന്നത് കണ്ടിട്ടില്ല.
ബോംബ് പൊട്ടുന്നതിന്റെ
ഭീകരശബ്ദവും കേട്ടിട്ടില്ല.
ഒരു വെടിയുണ്ടയേയും
വഴിതെറ്റിപ്പോലും
അഭിമുഖീകരിച്ചിട്ടില്ല.

എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
അരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ.

തീരെ കോൺസെൻട്രേഷനില്ലാത്ത
മണ്ടന്മാരേയും തെമ്മാടികളേയും
അകത്തിട്ടടച്ച
കോൺസെൻട്രേഷൻ ക്യാമ്പിന്റെ
വാതിലിനു മുൻപിൽ
ചൂരൽവടിയുമായി
ദമോദരൻ മാഷിന്റെ രൂപത്തിൽ
ഹിറ്റ്ലർ പ്രത്യക്ഷപ്പെടും

രണ്ടാം ലോകമഹായുദ്ധത്തിന്റെ
പ്രത്യക്ഷകാരണങ്ങളും
പരോക്ഷകാരണങ്ങളും
എന്തെല്ലാമെന്ന്
ശ്വാസം മുട്ടിക്കുന്ന വിഷവാതകം
മുറിയിലേയ്ക്ക് തുറന്നുവിടും.

ഉത്തരമില്ല,
ആർക്കും.
കരയ്ക്ക് പിടിച്ചിട്ട
മീനുകളെപ്പോലെ
ശ്വാസംകിട്ടാതെ പിടയും
മണ്ടന്മാർ.

മീൻ കുട്ടയുടേയോ
വിയർപ്പിന്റെയോ
വർക്ക്ഷോപ്പിലെ ഗ്രീസിന്റെയോ
മണമുള്ള
ജൂതന്മാരും ക്രിസ്ത്യാനികളും
കമ്യൂണിസ്റ്റുകളും
അവിടെ അടിയും വെടിയുമേറ്റ്
പിടഞ്ഞുവീഴും

പക്ഷേ
ഒരാളും മരിച്ചതായി അറിവില്ല.
എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
ഒരരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ

ഇനിയുമൊരു യുദ്ധമുണ്ടാകരുതേയെന്ന്
മനമുരുകിപ്രാർത്ഥിയ്ക്കും
ഞങ്ങൾ X-E ലെ മണ്ടന്മാർ

മൂന്നാമതൊരു
ലോകമഹായുദ്ധമുണ്ടായാലും
ഞങ്ങൾക്കൊരു പ്രശ്നവുമില്ലെന്ന്
നല്ല കൂളായിരിക്കും
തൊട്ടപ്പുറത്തെ ഡിവിഷനിലെ
ബുദ്ധിമാന്മാർ

14/2/11

രണ്ടു കവികൾ കണ്ടുമുട്ടിയാൽ..?

ഹാരിസ്‌ എടവന

രണ്ടു കവികൾ കണ്ടുമുട്ടിയാൽ
ആത്മാക്കൾ ഇറങ്ങിപ്പോവും
അവർ പിരിഞ്ഞു പോവും വരെ
കവിതകൾ
കോട്ടു വായിട്ടുകൊണ്ടേയിരിക്കും

അക്ഷരങ്ങൾ ഇങ്ങിനെ പീഡിപ്പിക്കരുതെന്നു
മൌനമായിദൈവത്തോട് പ്രാർത്ഥിക്കും
പരദൂഷണത്തിന്റെമാലാഖമാർ
ചെകുത്താന്റെ
സ്തുതിഗീതങ്ങൾപാടി നടക്കും

രണ്ടു കവികൾ കണ്ടുമുട്ടിയാൽ
പരസ്പരം മഹാകവികളായി
ഉയർത്തപ്പെടും
കവയത്രികൾ
വസ്ത്രാക്ഷേപം നടത്തപ്പെടും

കവികൾ
കണ്ടുമുട്ടാതിരിക്കട്ടെ...........

തിളക്കം

അങ്ങനെയിരിയ്ക്കെ
അവനെ കാണാതാവുന്നു
അത്രനാളുമവനുണ്ടായിരുന്ന ഇടങ്ങളില്‍
പച്ചയുണങ്ങിത്തുടങ്ങുന്നു

ഇത്രനാളുമുണ്ടായിരുന്ന കണ്ടുമുട്ടല്‍
ഇപ്പോളില്ലാതായതോര്‍ത്തോര്‍ത്തൊരു ദിനം
ഞാനവന്റെ വീട്ടിലേക്കു ചെന്നു

അവന്റമ്മയടുക്കളയില്‍
പാത്രംകഴുകുന്നു
അവര്‍ പറഞ്ഞു
മുറിയ്ക്കകത്തേയ്ക്കവന്‍ കയറിപ്പോയിട്ട്
ദിവസങ്ങളായെന്ന്

എനിക്കോര്‍മ്മ വന്നു
തന്റെ മുറിയ്ക്കുള്ളിലൊരു
സമുദ്രമുണ്ടെന്നവന്‍ പറഞ്ഞത്
അതിന്റെയടിത്തട്ടില്‍ നിന്നാണീ
സ്വര്‍ണ്ണത്തരികളെന്നു
പറഞ്ഞൊരിക്കല്‍ കാണിച്ചത്

വാതിലില്‍ തട്ടാതെ
വിളിയ്ക്കാതെ മടങ്ങുമ്പോഴുള്ളില്‍
സ്വര്‍ണ്ണത്തരികള്‍ പറ്റിപ്പിടിച്ച്
തിളങ്ങുന്നതറിഞ്ഞു

അവനെക്കുറിച്ചു പറഞ്ഞപ്പോള്‍
അവന്റമ്മയുടെ കണ്ണിലുമൊരു
തിളക്കമുണ്ടായിരുന്നല്ലോ !

9/2/11

വിവര്‍ത്തനം

ഈത്തപ്പനകള്‍ ചോദിച്ചു
തുറിച്ച് നോക്കുന്നതെന്തിനു



വിവര്‍ത്തനശേഷമുള്ള
തെങ്ങുകളാണു
ഞങ്ങള്‍



മറന്നുവോ ?

7/2/11

9999 പേരുകൾ

നസീർ കടിക്കാട്



നമുക്കിനി ഇത്രയൊക്കെയേ ചെയ്യാനുള്ളൂ

അവർ ചുംബിച്ചു.

സ്നേഹം അവൻ കാണുന്നുണ്ട് .അനങ്ങുന്നുണ്ട്.

അവൾ വയറു തലോടി.

അവനല്ല അവളാണ്

അവനവളുടെ വയറ്റിൽ കാതോർത്തു.

9999 പേരുകളുടെ പുസ്തകം നിവർത്തി

തിരയുവാൻ തുടങ്ങി.


എന്തെല്ലാം അർത്ഥങ്ങളാണീ

ആൺ‌കുട്ടികളുടെ പേരുകൾക്കെന്ന് അവളും

എത്ര അനർത്ഥങ്ങളാണീ

പെൺകുട്ടികളുടെ പേരുകൾക്കെന്ന് അവനും

പേജുകൾ മറിച്ചു മറിച്ച്

ഒരു തീരുമാനത്തിലെത്താനാവാതെ

പഴയ കാമുകിയുടെ പേരോർമ്മയിലേക്ക് അവനും

കാമുകന്റെ പേരോർമ്മയിലേക്ക് അവളും തെറിച്ചു.

പരിഭവിച്ചു.കലഹിച്ചു.

നമുക്കിനി ഇത്രയൊക്കെയേ ചെയ്യാനുള്ളൂ

അവർ പട്ടിണി കിടന്നു.


വയർ വീർത്തുവന്നു.

അവനോ അവളോ വയറ്റിൽ

വിശക്കുന്നുവെന്നു കൈകാലിട്ടടിച്ചു.

ഉണ്ണിയാർച്ചയെന്നോ ഝാൻസി റാണിയെന്നോ

ഒതേനനെന്നോ സുഭാഷ് ചന്ദ്രബോസെന്നോ

അവർ ഞെട്ടിയുണർന്നു.ചുംബിച്ചു.


എ എന്നോ ബി എന്നോ ഉദാഹരണപ്പെടുത്തിയാലോ

ഒന്നെന്നോ രണ്ടെന്നോ അക്കമാക്കിയാലോ

ൻ ൾ എന്നു ചില്ലക്ഷരത്തിലാക്കിയാലോ

! ? എന്നു ചിഹ്നരൂപമാക്കിയാലോ

മടുത്തു.പരിഭവിച്ചു.കലഹിച്ചു.

പിന്നേയും പട്ടിണി കിടന്നു.


പിന്നേയും വയർ വീർത്തുവന്നു.

അവനോ അവളോ വയറ്റിൽ

വിശക്കുന്നുവെന്നു കൈകാലിട്ടടിച്ചു.

ഭൂഗോളത്തോളം വീർത്ത വയറിന് അപ്പുറമിപ്പുറം

അവർ മുഖംവീർപ്പിച്ചിരുന്നു.


വയറിന്റെ മറവിൽ

അവളറിയാതെ അവനും

അവനറിയാതെ അവളും

കട്ടു തിന്നു.വയറു വീർപ്പിച്ചു.


പേരില്ലാതെ എനിക്കു ജനിക്കേണ്ടെന്ന്

അവനോ അവളോ

അവിടെക്കിടന്നു പ്രായപൂർത്തിയായി.


നമുക്കിനി ഇത്രയൊക്കെയേ ചെയ്യാനുള്ളൂ

അവർ ചുംബിച്ചു.

9999 പേരുകളുടെ പുസ്തകം നിവർത്തി

തിരയുവാൻ തുടങ്ങി.


1/2/11

സ്വത്വം / രൺജിത്ത് ചെമ്മാട്

പുഴയും കടലും കാടുകളും നാടിനെ
'ട്രൂകോപ്പി അറ്റസ്റ്റ്' ചെയ്തപോലെ,
വയർ, മീശ, താടി, കഷണ്ടി എന്നീ ഗസറ്റഡ്
ഉദ്യോഗസ്ഥന്മാരെക്കൊണ്ട് കൈയ്യൊപ്പിട്ടാണ്‌
ഞാൻ സമുദ്രങ്ങൾ മുറിച്ച് കടക്കാറുള്ളത്

ജാത്യാലുള്ളത് തൂത്താപ്പോകൂലാന്ന്
ഓരോ ക്ളീൻ ഷേവിലും അമ്മ
ചിത്രം മാറിയ മുഖത്തേയ്ക്ക് കണ്ണുരുട്ടും!

'എന്റെ നാട്ടിൽ വരുന്നോ' എന്ന് ഓരോ
സമുദ്രാതിർത്തിയിലും വലിയ കണ്ണിയുള്ള
വലയെറിഞ്ഞ് ഞാൻ മീൻപൊലിപ്പളക്കും

ഓരോ യൂറോപ്യൻ തീരങ്ങളിലും
ഞാനൊരേഷ്യൻ പ്രതിനിധിയായ്
കുറുകിച്ചുരുങ്ങാറുണ്ട്‌!
ചിത്രലിപികളിൽ തീണ്ടപ്പെട്ട്
കണ്ണുമങ്ങുന്ന ഏഷ്യൻ തെരുവുകളിൽൽ
'അമേസിംഗ് ഇന്ത്യ' ക്കാരനായി
ഞാൻ നമസ്തേ സ്വീകരിക്കുന്നു.

ഉരുക്കു വ്യാളിയുടെ വയറുകീറി പുറത്തിറങ്ങിയ
മുംബായ് റെയില്‌വേ സ്റ്റേഷനിൽ
ചെമ്മാട്ടുകാരനായ എന്റെ വിളിയ്ക്ക്
അരേ മദിരാശിഭായ്, തുമാരീ ഗോഡ്സ് ഓൺ
കണ്ട്രി മേം സരൂർ ആവൂംഗാ അകേലാ ബാർ
എന്ന് വായിൽ വെള്ളമൂറിച്ച് അവരെന്നെ ഒരു
മലയാളി ഭായ്ജാനാക്കുന്നു!

കേരളപ്പെരുമയിലൊരു പൂരപ്പറമ്പിൽ
മിണ്ടിപ്പറഞ്ഞിരിക്കേ അവനെന്നോട്
ങ്ങള്‌ മലപ്പൊറത്തോ കോയിക്കോടോ
എന്ന് ചോദ്യത്തിലൂടെ എന്റെ ഇടവഴികളെ
തിരിച്ചറിയുന്നു.

പാളയം സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോൾ
ങ്ങള്‌ ചെമ്മാട്ട്കാരനല്ലേന്ന് കൈകൊട്ടി വിളിച്ച്
അവന്റെ കാറിലൊരു ലിഫ്റ്റ് തരുന്നു..

ചെമ്മാട് മാർക്കറ്റ്ന്ന് മീൻ വാങ്ങി
ഒരു ലുങ്കിയിൽ തിരിച്ചു നടക്കുമ്പോൾ,
പാങ്ങോട്ടും പാടത്തേയ്ക്കാണാ? ഓട്ടോ കാലിയായി
പോവുകയാണെന്ന് ഒരുവൻ ഓട്ടോയിലേയ്ക്ക് കയറ്റുന്നു!

പാങ്ങോട്ടും പാടത്തെ സെവൻസ് ഗ്രൗണ്ടിലെ
ആൾക്കൂട്ടത്തിൽ നിന്ന് അവനെന്നോട് അമ്മ
അന്വോഷിക്കുന്നുവെന്ന് വീട്ടിലേയ്ക്ക് കൈ ചൂണ്ടുന്നു.

മീശയും വയറും കഷണ്ടിയും ചിത്രപ്പണി ചെയ്ത
എന്നെ ഏതാൾക്കൂട്ടവും വീട്ടിലേക്കെത്തിയ്ക്കുന്നത്
ഞാനൊരു നാട്ടിൻപുറത്തുകാരനായതുകൊണ്ടാവണം!

കുടിയേറ്റത്തിലെ കോർപ്പറേറ്റ് കൂലിക്കാലാളായി,
സ്യൂട്ടിനകം തണുപ്പിക്കാൻ മദ്യശാലയിലെത്തുമ്പോൾ
ഞാനാ മദ്യശാലാ കസ്റ്റമറായും
കാർപ്പാർക്കിനകത്തൊരു ലക്സസ് തണുപ്പിൽ
അവളെന്നെ ഉരസിത്തീപടർത്തുമ്പോൾ
ഞാനവളുടെമാത്രം ക്ളൈന്റായും
പിസാഹട്ടിലിരുന്നൊരു പിസ മാന്തുമ്പോൾ
ഞാനാ ടേബിൾ നമ്പറുകാരൻ മാത്രമായും മാറുന്നത്
പ്രവാസത്തിലേയ്ക്ക് കുടിയേറുന്നവന്റെ
ഊരും പേരും വർത്തമാനത്തിലേയ്ക്ക്
വിവർത്തനം ചെയ്യുന്ന്തുകൊണ്ടാകണം.