29/11/10

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ

രണ്‍‌ജിത്ത് ചെമ്മാട്

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എല്ലാ വ്യാഴാഴ്ചയും
ഏതെങ്കിലുമൊരുൾക്കടലിൽ നിന്ന്
ന്യൂനമർദ്ദം ഉൽഭവിച്ച്
കാവൽക്കാരന്റെ കണ്ണുവെട്ടിച്ച്
മുറിയിലേക്ക് ഉരുണ്ടു കൂടും
പാളത്തിലുടക്കി ചുഴിയിൽപെരുക്കി
പൊത്തിലുരച്ച് പത്തിവിരിച്ച്
ഉറപൊഴിച്ച് അത് കോറിഡോറിലൂടെ
ഇഴഞ്ഞിറങ്ങിയിരുന്നു...


ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!



ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ തീവണ്ടി പാളം തെറ്റാറുണ്ടായിരുന്നു
ഒന്നാമനൊരു ഐ.ടി. അഡ്മിനിസ്റ്റ്രേറ്റർ!
ചെവിയും ഫോണും തമ്മിലുള്ള ദൂരത്തെ
ബ്ളൂടൂത്തുകൊണ്ടളന്ന് മൈക്രോവേവ്
റേഡിയോ സിഗ്നലുലുകളുടെ
പ്രസരണവ്യതിയാനങ്ങളിൽ
വേവലാതി പൂണ്ട്
ഭാര്യയിലേക്കുള്ള ഡയലിനെ
മറവികൊണ്ട് ഹരിച്ച്
തിരിഞ്ഞും മറിഞ്ഞും...


ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമൊരു മൂർഖൻ
കൂടപൊക്കിപ്പുറത്തു ചാടാറുണ്ടായിരുന്നു
രണ്ടാമൻ നെറ്റ്‌വർക് എഞ്ചിനീയർ!
കട്ടിലും ടിവിയും തമ്മിലുള്ള
അകലത്തെ എട്ടായിപ്പെരുത്ത്
ഒരു പൊത്തിനുള്ളിലേക്ക്
വലിഞ്ഞുരുണ്ട് മകന്റെ
പിറന്നാൾ ദിനം പോലും
മറന്ന്....മറന്ന്....

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ വിമാനം
ആകാശച്ചുഴിയിൽ പെടാറുണ്ടായിരുന്നു
മൂന്നാമനൊരു സോഫ്റ്റ്‌വെയർ ഡിസൈനർ
ഡോർ ആക്സസ്സിന്റെയും
തമ്പ് ഇമ്പ്രഷന്റെയും
ബാകപ് അപ്‌ലോഡിംഗ്
പ്രൊസ്സസ്സുകളിലൂടെ നടുവൊടിഞ്ഞ്
സ്വയം ഭോഗം ചെയ്യാൻപോലുമാകാതെ
കാമുകിയെ കോൾ,ബാർ ചെയ്ത്
മലർന്ന് കമിഴ്ന്ന്....

ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!

25/11/10

പേടിയാകുന്നു/കുന്നു/ന്നു

നസീര്‍ കടിക്കാട്

11 ല്‍ പഠിക്കുന്ന മൂത്തവന്
പൂച്ചയെ കണ്ടാല്‍ പേടി
2 ല്‍ പഠിക്കുന്ന ഇളയവന്
എലിയെ കണ്ടാല്‍ പേടി

ഞാന്‍ മൂത്തവന്റെ അച്ഛനായി
ഇവള്‍ ഇളയവന്റെ അമ്മയായി

എന്നെ കണ്ടാല്‍
പൂച്ചയെ പേടിക്കുന്നവനെന്നു തോന്നുമോ
ഇവളെ കണ്ടാല്‍
എലിയെ പേടിക്കുന്നവളെന്നു തോന്നുമോ

വീടാകെ
പേടിച്ചു പേടിച്ച്
ടോം & ജെറി കാണുകയാണ്

12/11/10

നഗരം

ഹാരിസ്‌ എടവന

രാത്രികളിൽ
നഗരം പാത്തും പതുങ്ങിയും
ഗ്രാമത്തിൽ വരാറുണ്ടായിരുന്നു

ഒരോവീട്ടിലും
ഓരോദിവസവും
ജാരനായി

അവിഹിത ഗർഭങ്ങളൊക്കെ
വളർന്നു കരുത്തുള്ളവരായി

ഇന്നോരോ വീടിനും
വലിയ വേലികൾകെട്ടി
വീടെന്ന പേരൊട്ടിക്കുന്നുണ്ടവർ

ഞങ്ങളിന്നു
മിണ്ടാറില്ല
ചിരിക്കാറില്ല
കണ്ണാടികളാണു നിറയെ
ചുവരിലും വേലിയിലും

നഗരമിന്നു പകലാണു
വരുന്നത്
തലച്ചോറു കത്തുന്ന
പല്ലും നഖവുമുള്ള
യന്ത്രങ്ങളിൽ
പതിവു പറ്റുകാരായി

10/11/10

മയില്‍പ്പെട്ടി

നിറങ്ങളെ വെക്കുന്നതിന്‌
ഒരു പെട്ടിയുണ്ട്
അതില്‍ പേരെഴുതണം
''നീ ഒരു പേരു പറയൂ''

''നിറങ്ങളുടെ പെട്ടി
മയില്‍പ്പെട്ടി''

രാത്രിയില്‍ ഒരു കള്ളന്‍ വന്നു;
നേര്‍ത്ത വെളിച്ചം തെളിച്ച്
ആദ്യം കണ്ടത്
മയില്‍പ്പെട്ടി.

ഉള്ളില്‍
മയിലാകാം
മയിലെണ്ണയാകാം
പീലിയാകാം;
കള്ളന്‍ വിചാരിച്ചു.
-------------
ടി.എ.ശശി

കേരളകവിത പ്രകാശനം

Keralakavitha Prakasanam -Brochure  

08/11/10

അറബിക്കല്യാണം

രണ്‍‌ജിത്ത് ചെമ്മാട്


ഓളെ അറബിസൗദീക്കെണ്ടോയി, കൊണ്ടന്നപ്പോള്‍ക്കി
പസര്‍മ മുയുമനും പോയി
അവടൊന്ന് മുറുക്കാനും കൂടി കുട്ടൂല,
കുടീന്ന് പൊറത്തെറങ്ങണെങ്കെ പര്‍‌ദ്ദടും മാണം
അപ്പപ്പിന്നെ മാന്തലും കോറലും കാണൂലല്ലോ?

സെക്കന്റ് ടെര്‍‌മിനലിലെ ക്ലിയറന്‍സ് ലൈനില്‍
ഉമ്മുട്ടിമ്മ ഒരു വേലിത്തറി നാട്ടി
വേലി വിടവുകളുള്ള ഒരു സാരിയാണ്
വേലിയിലൂടെ ചുരുണ്ടും,
തോളില്‍ ചുറ്റിയും കാലില്‍ പിണച്ചും
അരയില്‍ ചുറ്റിയും
ഉമ്മുട്ടിമ്മ വേലിയിലൂടെയൊഴുകി.
വേലി വളഞ്ഞും തിരിഞ്ഞും
നീണ്ടും കുറുകിയുമൊഴുകി.
വേലി എവിടെ മുളച്ചാലും
അപ്പുറം ചുണ്ടുകള്‍ മുളയ്ക്കും
ഇപ്പുറം കാതുകളും
വേലിക്കപ്പുറത്ത്‌ന്ന് രണ്ടു കണ്ണുമാത്രമുള്ള പര്‍ദ്ദ!
ങ്ങളോട്ന്നാ? ഞാന്‍ മാഹീന്ന്,
ങ്ങളോ? നെലമ്പൂര്!
ഒട്ടോരൊ കിട്ട്യോ?
പ്പാനോട് ചോയ്ച്ച്‌‌ട്ട്‌ല്ലാ,
ലച്ചത്തിന്റെ മോള്‌ലുണ്ടാവും

ഈത്തപ്പഴത്തിന്‌ ഷുഗറില്ലെന്നും
ഒട്ടകയിറച്ചിയില്‍ കൊളസ്റ്റോറില്ലെന്നും
ഈത്തപ്പഴക്കുരുവിന്റെ വിടര്‍ന്ന വിള്ളലിലേക്ക്
വിരലു ചലിപ്പിച്ചൊരു സ്വദേശികണ്ണിറുക്കി

ടെര്‍മിനലിനടിയില്‍ മെട്റോ മാളുണ്ട്!
അവിടെ അര വിക്ക്‌ണ ലബനോണ്‍ തരുണികള്‍
കുന്നോളം മൊലയുള്ള ആഫ്രിക്കരും
വടിവൊത്ത മിസിരികളും
ആണിന്റെം പെണ്ണിന്റെം ഉള്ള
ഫിലിപ്പിനോ കുണ്ടന്മാരും!
എന്നിട്ടും ഞങ്ങളെന്തിനാ ങ്ങളെ ത്ര ദൂരെന്ന്
കെട്ടിക്കൊണ്ടോര്ണ്ന്നറിയോ

പത്തോളം പെറാന്‍ മലബാറിക്കേ പറ്റൂ
താക്കത്ത് അച്ചാ ഹൈ,
ജഗടാ ബീ നഹീ കര്‍ത്തേ,
ഇന്തോനീഷ്യ രണ്ടെണ്ണം പെറ്റാല്‍ നടുവിന്
കൊള്ളി കുത്തണം
മിസിരിയാണേല്‍ പെറാനേ സമ്മതിക്കില്ല
തജിക്കി, കസാക്കി പെറ്റിട്ടാല്‍ പിന്നെ
കാശു ചെലവാക്കുന്ന വഴിയറിയില്ല
ഹ്യൂമന്‍ റിസ്സോര്‍‌സ്സസ്സ് ആര്‍ അവര്‍
നെക്സ്റ്റ് സെഞ്ച്വറീസ് സ്റ്റ്റ്റ്റെംഗ്‌ത്!
സോ ഇറ്റ്സ് മൈ സിക്സ്ത് വണ്‍ ഫ്രം കേരള.

നാട്ടിലിപ്പോഴും വേലി അകവും പുറവുമില്ലാതെ
ഒഴുകുന്നുണ്ടെന്ന് അറബിയാണ് പറഞ്ഞത്
വേലിക്കു മുകളില്‍ ആറാനിട്ട
ഈറന്‍ ശരീരങ്ങളുണ്ടെന്നും.

01/11/10

കേരളപ്പിറവി പതിപ്പ്

2010 നവംബര്‍ 1
മറ്റാരുടെയോ ജന്മദിനം ആഘോഷിക്കുമ്പോള്‍
പല കേരളം വായിക്കുമ്പോള്‍
.......................................................................
ഹിമാലയം
കല്‍പ്പറ്റ നാരായണന്‍

ഹിമാലയം കണ്ടതോടെ
വലുപ്പത്തിന്റെ മാനദണ്ഡം മാറി
വലിയ മഴയെന്നും
വലിയ വേദനയെന്നും
വലിയ സുഖമെന്നും
പറഞ്ഞതില്‍ ഞാന്‍ ലജ്ജിച്ചു.
തിളച്ചു മറിയുന്ന വെള്ളം
സഹിക്കാവുന്ന ചൂടുള്ളതായി
ആനയെ തൊഴുത്തില്‍ കെട്ടാം എന്നായി.

.............................................................................
പൊരുള്‍
പി.പി.രാമചന്ദ്രന്‍

കടലെന്നൊരു
വാക്കിനുള്ളിലു-
ണ്ടതിവിസ്തൃത-
മായ വന്‍‌കര

പശുവെന്നൊരു
വാക്കിനുള്ളിലും
ഇരതേടി-
യലഞ്ഞിടും പുലി

ചില വാക്കു
കുളമ്പടിച്ചുപോം
ചിലതോ കൂര്‍ത്ത
നഖങ്ങളാഴ്ത്തിടും

തിരമാല
തകര്‍ന്നൊടുങ്ങവേ
തെളിയും പാറക-
ളെന്ന മാതിരി,

ചില വാക്കുക-
ളുച്ചരിയ്ക്കുകില്‍
വെളിവാകും പൊരുള്‍
മൌനമായിടാം.
.............................................................................
കനവ്
ടി.പി.രാജീവന്‍

കനവ്,നവംബര്‍ 7
ഒരു നീര്‍മരുതിന്‍ കൊമ്പ് താണുവന്നു
ചില്ലകള്‍ കൊണ്ട് എന്നെ തൊട്ടു
പ്രിയപ്പെട്ട ആരോ പെട്ടെന്നു പിന്നില്‍ നിന്നെന്നപോലെ.

മഴ കഴുകിമിനുക്കിവെച്ച ഈ നിശ്ശബ്ദതയില്‍
നമുക്കല്പം നടന്നുവരാം,
അതു പറഞ്ഞു,
കണ്ണട ചെരിപ്പ്
കണ്ണഞ്ചിപ്പിക്കും ഉടുപ്പ്
ഒന്നും വേണ്ട.

ഒച്ചയുണ്ടാക്കരുത്
മരങ്ങള്‍ പ്രാര്‍ത്ഥനയിലാണ്.

ഒന്ന് രണ്ട് മൂന്ന് നാല്....
ഞാന്‍ വാര്‍ഷികവളയങ്ങള്‍ എണ്ണിനോക്കി
അച്ഛന്‍ അപ്പൂപ്പന്‍ അമ്മ അമ്മൂമ്മ മുത്തശ്ശന്‍ മുതുമുത്തശ്ശന്‍ ...
ഓരോരുത്തരായി വന്നുതുടങ്ങി.

ഒരു കാട്ടുപ്ലാവ് നോക്കി ചിരിച്ചു.
എന്റെയതേ പ്രായമായിരുന്നു അതിന്
നിറയെ തേന്‍‌വരിക്കകളുണ്ടായിരുന്നു അതില്‍ ;
എന്റെയുള്ളില്‍ കയ്പുനീര്‍ തുളുമ്പി.

ഒറ്റപ്പെട്ട മരങ്ങള്‍ ഓര്‍മ്മയിലേക്കു ചാഞ്ഞു
ഊഞ്ഞാലാടാന്‍ വിളിച്ചു
ഉയര്‍ന്നപ്പോള്‍ തിരിച്ചിറക്കിയില്ല.

ശാന്തത വഴികാട്ടി മുമ്പില്‍ നടന്നു
ഇലകളുടെ മറവില്‍ നിഴലുകള്‍ പാടി
തൊട്ടാവാടികള്‍ നല്ല ഉറക്കത്തിലായിരുന്നു.

മഴയില്‍ ഒരരളി ഒന്നുമുടുക്കാതെ കുളിച്ചു
തേക്കും ഈട്ടിയും നോക്കിനിന്നു
പക്ഷേ,ഒന്നും തോന്നിയില്ല.

എന്റെ ചുവട്ടിലിരുന്നോളൂ
ആല്‍‌മരം വിളിച്ചു
ആനന്ദന്റെ കൂടെ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു അത്.
മഴുവുണ്ടോ കൈയില്‍
മഹാഗണിയോട് ചന്ദനം ചോദിച്ചു
മുരിക്കുകള്‍ മുള്ളുകള്‍ക്ക് മൂര്‍ച്ച കൂട്ടി
വേപ്പ് ഒളിത്താവളം വിട്ടു.

വേരുകള്‍ക്ക് വെള്ളവുമായി
ഒരു നീര്‍ച്ചാല്‍ അതുവഴി വന്നു
എത്ര ചോദിച്ചിട്ടും ഒരു തുള്ളി പോലും തന്നില്ല.

വഴികള്‍
ഓരോന്നോരോന്നായി മാഞ്ഞു.
തേടിത്തേടി ഒരു വള്ളി വന്നു
എന്റെ കാലില്‍ ചുറ്റി.

ഇനിയങ്ങോട്ട് ഒറ്റയ്ക്കു നടക്കാം
നീര്‍‌മരുത് പറഞ്ഞു.
.......................................................................................
അന്‍‌വര്‍ അലി

ഞാന്‍
ഒറ്റയ്ക്കൊരു ചാനല്‍

ഒരു വിജനതയുടെ ആത്മാവിഷ്കാരം

ആകാശത്തിലെയും
ഭൂമിയിലെയും
തമോഗര്‍ത്തങ്ങളെ സാക്ഷിനിര്‍ത്തി
സം‌പ്രേക്ഷണമാരംഭിക്കുന്നു

ഞാന്‍

പരകോടി നാടോടിച്ചറങ്ങളുടെ ഓഹരി
പമ്പരകോടി ഞരമ്പുകളുടെ ലഹരി

മരിച്ചവയുടെയും
മരച്ചവയുടെയും
ജുഗല്‍ബന്ദി

നാളെമുതല്‍ കൊല്ലപ്പെടും വരെ തത്സമയ സം‌പ്രേക്ഷണം
.........................................................................................................
വായനക്കാരില്ലാത്ത ഒരു കവിത കണ്ട സ്വപനം

പി.രാമന്‍

സ്വന്തം ഭാഷയെ ഉപേക്ഷിച്ചുപോയ
എന്റെ ജനതയെ
എന്റെ കവിതയുടെ അടിത്തട്ടില്‍ വെച്ച്
കണ്ടുമുട്ടി.

"നിങ്ങള്‍ക്കിവിടെ എന്തുകാര്യം ?"
ഞാന്‍ അലറി
കൂസാതെ പോയ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍
അലക്ഷ്യമായ് പറഞ്ഞു:

"സ്വതന്ത്രരാണ് ഞങ്ങളിപ്പോള്‍
പരിമിതികളറ്റവര്‍
ഞങ്ങളുടെ പാദസ്പര്‍ശമേറ്റ്
നിന്റെ കവിത ധന്യമായി"

അവര്‍ നടന്ന്
കവിത കടന്ന്
അകന്നു മറയുന്ന ആരവത്തില്‍
ഞാനുണര്‍ന്നു.
..............................................................................
ഭൂതക്കട്ട
27

മോഹനകൃഷ്ണന്‍ കാലടി

സാരമില്ല സഖാവേ സാരമില്ല
ചീനിമരത്തിനും സ്കൂള്‍ബസ്സിനും
പാര്‍ട്ടിയോഫീസിനും പാട്ടുകച്ചവടക്കാരനും
ഇടയിലൂടെ ഇത്തിരി പ്രകാശിച്ച്
നീയെന്നെ പൊന്നാക്കി മാറ്റിയല്ലോ
പുഞ്ചപ്പാടം മാന്തിയപ്പോള്‍ കിട്ടിയ
ഭൂതക്കട്ടയായിരുന്നു ഞാന്‍.

ആരും ആരെയും കാത്തുനില്‍ക്കാനില്ലാത്ത നഗരത്തില്‍
വേഗങ്ങളൊഴിഞ്ഞു പോകാത്ത നഗരത്തില്‍
എഴുതി വയ്ക്കാന്‍ ഒരപേക്ഷ മാത്രം.

"ചോക്ലേറ്റ് വാങ്ങിക്കൊടുത്ത്
കരച്ചില്‍ മാറ്റി,
വിരലില്‍ കോര്‍ത്ത്
നീ കൂടെക്കൊണ്ടുപോയ
ഭാവിപൌരനെക്കൂടി

നമ്മുടെ...
നമ്മുടെ പ്രസ്ഥാനത്തില്‍ത്തന്നെ
ചേര്‍ക്കേണമേ"
.............................................................................
ഊമ
ടി.പി.അനില്‍‌കുമാര്‍

കുരുത്തോലകൊണ്ട്
കളിപ്പായ നെയ്യുന്ന
ചീരുവമ്മായി
വൃശ്ചികക്കാറ്റിന്
എന്തെങ്കിലും വിവരം കിട്ടിയോ
എന്ന്
ഇടയ്ക്കിടെ
ഇലകളിലേയ്ക്കു നോക്കും

ആനകളെത്തുന്നിടം
കാവടിയെത്തുന്നിടം
തെരഞ്ഞു തെരഞ്ഞു
മടുത്തെന്ന്
ഇനി നോക്കാനിടമില്ലെന്ന്
പറയാന്‍ ത്രാണിയില്ലാതെയാവും
കാറ്റ്
തൊട്ടപ്പുറത്തെ കള്ളുഷാപ്പിന്റെ
ഓലമറയില്‍ ഒച്ചയുണ്ടാക്കുന്നത്

കുരുത്തോലപ്പായ
കളിപ്പമ്പരം
ഒരാള്‍ മാത്രമില്ലാത്ത
കളിമൈതാനം
പലഭാഷകളില്‍
ഒരു കരച്ചില്‍
എല്ലാവരും കരുതി വച്ചിട്ടുണ്ട്
.................................................................
ഉപമ
കെ എം പ്രമോദ്

ജര്‍മ്മന്‍ കേള്‍ക്കുമ്പോള്‍
കള്ളനെക്കണ്ട നായ
കുരക്കുന്നതു പോലെ.
കൊറിയന്‍ കേള്‍ക്കുമ്പോള്‍
ഏറുകൊണ്ട നായ
കരയുന്നതു പോലെ.

മലയാളം കേള്‍ക്കുമ്പോള്‍
മലയാളം കേള്‍ക്കുന്നു.
.........................................................................
വാക്കിന്റെ പടം
കവിത ബാലകൃഷ്ണന്‍

'ഞാന്‍' - ഒരൊറ്റ വാക്കേ ഇന്ന് പഠിക്കേനടു
അവന്റെ കടലാസില്‍ ഞാന്‍ പറഞ്ഞു
'സപങ്ങഭീബെരഞ്ഞാ' ങ്ങും എഴുത്
എന്റെ കടലാസില്‍ അവന്‍ പറയുന്നു

ഇത് അര്‍ത്ഥമുള്ളത് മാത്രം
എഴുതാനറിയുന്ന കൈയാണ്
കുഴഞ്ഞുവിറയ്ക്കുന്നു
എന്നാലും ശ്രമിക്കാം, ഒരു വിധം
നോക്കി നോക്കി ഈ വാക്ക് വരയ്ക്കാം

എടൊ, ഈ വാക്കിന്റെ പടം
ഒരു വിദേശരാജ്യം
എത്ര സുന്ദരം
എത്ര പുതുത്
ഇല്ലെന്റെ ഭാഷയോട്
രണ്ടക്ഷരം പോലുമടുപ്പം
..........................................................................
ഭാഷ
നിരഞ്ജന്‍

എഞ്ചിനീയറിങ്ങിനൊപ്പം
മലയാളം പഠിക്കാത്തതിൽ
വലിയ സങ്കടമായിരുന്നു

ഒരിക്കൽ
ചിലിയിൽ
വാൾപറൈസോവിൽ
നെരൂദയെ മനസ്സിലാവാഹിച്ച്
തപസ്സിരുന്ന ബാറിലെ
പാതിരാബില്ലുനോക്കി
ഒമ്പതീറ്റേഴ് അറുപത്തിമൂന്ന്
എന്നു ഗുണകോഷ്ഠം ചൊല്ലി
ലാറ്റിനമേരിക്കയെ വിറപ്പിച്ചപ്പോൾ
സമാധാനമായി

മനക്കണക്കിലിപ്പോഴും
മലയാളം ബാക്കിയുണ്ട്.
.........................................................................
അധിനിവേശം
ശിവപ്രസാദ്

അസാധാരണമായിരുന്നു
ആ മാക്രിക്കരച്ചിൽ!
തോട്ടുവക്കത്തെ കൈതവേരിന്നടിയിൽ
നീർക്കോലിത്തൊണ്ടയിലുടക്കി
ആ ഇടതുകാലൻ മാക്രി
ദൈവത്തെ പ്രാകി.
"നീ മുടിഞ്ഞു പൊകട്ടെടാ ശവമേ.."

പള്ളിക്കൂടം കഴിഞ്ഞെത്തിയ കുട്ടികൾ
ശീമപ്പുളിയും ചവച്ചിറക്കി
ഒരുവന്റെ മൊട്ടത്തലയെ കളിയാക്കി
അതുവഴി ഓടിപ്പോയപ്പോൾ
മലയാള പാഠാവലി തെറിച്ചു വീണു
കൈതക്കൂട്ടത്തിൽ.

കൂട്ടത്തിലെ നേതാവ് നൂണ്ടിറങ്ങി
പുസ്തകം തപ്പിയപ്പോഴല്ലേ കണ്ടത്!
മലയാള പാഠാവലിയെ മറയാക്കി
നീർക്കോലിയുടെ മൃഷ്ടാന്നം!
.........................................................................
ഏകോപനം:നസീര്‍ കടിക്കാട്