29/8/10

കടവിലൊരന്തിയില്‍



വെളളം
പിന്നോട്ടു പിന്നോട്ടു വലിഞ്ഞു തുടങ്ങിയ
കടവില്‍
രണ്ടുമൂന്നു
കടത്തുവഞ്ചികള്‍
കെട്ടിയിട്ടിരിക്കുന്നു

ചീഞ്ഞ തൊണ്ടുകള്‍
കോര്‍ത്തു കെട്ടിത്താഴ്ത്തിയ
ഇരുട്ടിലേക്ക്
മുങ്ങുന്ന സൂര്യന്റെ
അഴുകിയ ഗന്ധം

അവിടെ നിന്ന്
അസ്തമയം കണ്ടു
മടങ്ങുമ്പോള്‍
ചവിട്ടേറ്റെന്തോ
പിടഞ്ഞതുപോലെ തോന്നി
ഇരുട്ടു പരന്നതിനാല്‍
ശരിക്കു കണ്ടില്ല

ടോര്‍ച്ചിന്റെ
വെളിച്ചത്തില്‍ കണ്ടു
അന്തിക്കള്ളിന്റെ ലഹരിയില്‍
മാളത്തിലേയ്ക്കിഴയുന്ന
കായലിന്റെ
കറുത്ത ഫണം

27/8/10

നീ വായിക്കാന്‍ മറന്നത്...

നിനക്കായ് മാത്രം വായിക്കാന്‍ കരുതിവച്ചു ,
ഞാനിന്നൊരു ചിതലരിച്ച പുസ്തകം...

വരികള്‍ക്കിടയില്‍ വായിക്കാന്‍ ശീലിച്ചു,
വാക്കുകള്‍ മറന്ന നിഘണ്ടു...

ആഴമേറ്റി, പരപ്പൊഴിച്ചു കുറിച്ചു,
കടുത്തുറഞ്ഞ കടും ഖണ്ഡിക...

പാതി കോറിയിട്ടശ്രദ്ധമായ് വിരിഞ്ഞ-
മൂര്‍ച്ചയില്‍ വീശി മുറിഞ്ഞ തുടര്‍വാക്ക്...

വീണ്ടും, പഴകി ദ്രവിച്ചപ്പോള്‍ പഠിച്ചത്,
മണ്ണെഴുത്തിന്റെ, തുരുമ്പിച്ച ഭാഷ....

വീണ്ടുമെന്നെ വായിക്കാനിനിയൊരു നാള്‍-
വരുന്നേരം കാണില്ല ഞാനീ വരികള്‍ക്കിടയില്‍ ,

നിറം വറ്റിയ മഷിത്തൂവലില്‍ തേടാതെ നീ -,
പരതുകയെന്നെ പഴം വേരുകള്‍ക്കടിയില്‍....

ഞെട്ടരുതു നീയന്നു, നിന്നെക്കാള്‍ ഭംഗിയായ്‌ -
വിരകളെന്നെ വായിക്കുന്നതു കണ്ടാല്‍...!

24/8/10

പട്ടടയില്‍...

പിടയുമോര്‍മ്മയില്‍
പിന്നെയും വന്നെന്റെ
പിഴകളെന്നെ
ചിതയിലേറ്റുന്നു

നഗര ചത്വരം
നരക നീരിന്റെ
സ്ഫടിക പാത്രം
നിറച്ചു വെക്കുന്നു

പ്രണയ സ്മരണയില്‍
കാളകൂടത്തിന്റെ
കരിനിഴല്‍ തിള-
ച്ചാവിയാകുന്നു

വരിക മരണമേ
അമ്മതന്‍ കണ്ണീര്‍
മഴ നനഞ്ഞു
നീ കെട്ടുപോകാതെ

'ചെക്കു'കള്‍ ചതി-
പ്പൂട്ടുമായെന്റെ
സ്വപ്ന സിംഹാസനം
തകര്‍ത്തല്ലോ;

സ്വത്വ ബോധം
സ്വപത്നിയുമെല്ലാം
കൌരവര്‍ക്കു
പണയമയല്ലോ..

ഗണിത സൂത്ര-
പ്പടപ്പാളയങ്ങളില്‍
വാണിഭച്ചിരി-
ചാപം കുലച്ചും

ദുരയുമാര്തിയും
ദുര്ന്നിമിത്തങ്ങളും
ശതശരം ശയ്യ
നീട്ടി വിരിച്ചും

പട്ടടയ്ക്ക് തീ-
വെക്കുന്നു കാലം
പത്തി താഴ്ത്തി-
ക്കിടക്കുന്നു ഞാനും..

21/8/10

ബൂലോകകവിതയുടെ ഓണപ്പതിപ്പ്

ബൂലോകകവിതയും ഹരിതകവും ചേര്‍ന്നൊരുക്കിയ ഓണപ്പതിപ്പ് ഇവിടെ കാണാം.എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍.

11/8/10

പകുക്കല്‍

പൂക്കള്‍ക്കു
ചിറകു മുളയ്ക്കുമ്പോള്‍
ആദ്യകുടച്ചിലില്‍
തലേന്നേറ്റ മഞ്ഞുമണികള്‍
ഉതിര്‍ന്നു വീഴുന്നതും
നിനക്കു തന്നെയാകണേ..!

1/8/10

കുരുത്തം/പി.എ. അനിഷ്

കണക്കു പിരിയഡില്‍
മുന്‍ബഞ്ചിലിരുന്ന
കുട്ടികളൊരു പുസ്തകം നോക്കിയത്
ടീച്ചറു പിടിച്ചു

കരഞ്ഞു ചുവന്ന
കണ്ണുകളോടെ
യിറങ്ങിപ്പോയതാണ്
കാലുപിടിച്ചു വിളിച്ചിട്ടും
പിന്നെ വന്നില്ല

കണക്കു പിരിയഡില്‍
കപ്പലോടി
റോക്കറ്റുകളുയര്‍ന്ന്
മുടിക്കെട്ടുകളിലിറങ്ങി

പുസ്തകവുമായ്
പോയ ടീച്ചറെ
പിന്നില്‍ നിന്നു
ചിരിച്ചോടിച്ചൊരു കൂട്ടുകാരനെ,
വര്‍ഷങ്ങള്‍ക്കു ശേഷം
വഴിയില്‍വച്ചു കണ്ടു

ചൂരലേറ്റപോലവന്റെ
മുഖത്ത്
തെറ്റിയ കണക്കുകളുടെ
തെളിനിഴല്‍പ്പാടുകള്‍