28/10/10

ലിപിജീവിതങ്ങൾ

കവി എന്നൊക്കെ നാമെഴുതാറില്ലേ
അതിലെ 'ക' എന്ന ലിപി
വിചാരിച്ചു:
താനൊറ്റയാണെന്നും
സ്വതന്ത്രനാണെന്നും
ഒരു വിശുദ്ധവാഗ്ദാനങ്ങളുടേയും
കയറ് കഴുത്തിൽക്കെട്ടി
നടക്കാത്തവനാണെന്നും ഒക്കെ

അപ്പോളാണ്‌ കാന്ത എന്നൊക്കെ നാമെഴുതാറില്ലേ
അതിലെ
'കാ' എന്നൊരു സുന്ദരലിപി കടന്നു വന്ന്
ജീവിതത്തിന്റെ മറ്റേതലവരെ
നിന്നെയിങ്ങനെ നീട്ടിവലിച്ചോണ്ട് പോകേണ്ടവളല്ലേ
ഞാനെന്ന്
മധുരമായി
ഊണുകഴിക്കാൻ വിളിച്ചത്.

പുലർച്ചയ്ക്ക്
ഓർമ്മകളുടെ മഴക്കുളിരുള്ള
ജാലകത്തിലൂടെ നോക്കുമ്പോൾ
മഴയിലൂടെ കുടപിടിച്ച്
വെയിറ്റിങ്ങ് ഷെഡ്ഡിലേക്കു പോകുന്നു
'കി' എന്ന പഴയ കാമുകി.

വിളക്കുകാലിനു ചുവട്ടിൽ
നീണ്ട സൗഹൃദ സ്വരമുള്ള
'കീ' എന്ന എന്ന ചങ്ങാതി
എതോ ഒരു കാലം മറന്നുവെച്ചതുപോലെ ,
ഒരു പത്രം പോലും നിവർത്തിപ്പിടിക്കാതെ
ഒറ്റയ്ക്ക് നിൽക്കുന്നു.

കൂടെപ്പഠിച്ച 'ക്'എന്നൊരു കൂട്ടുകാരൻ
ഒരു കുട്ടമീനുമായി
പടിപ്പുര കടന്ന്
ഒരു കാർഡിയാക്ക് അറ്റാക്കുപോലെ
മുറ്റത്ത്

പഴയലിപിയിലെഴുതിയ
കു എന്നൊരു കൂട്ടുകാരി
ഒറ്റവൃഷണം മാത്രമുള്ള ഭർത്താവിനോടൊപ്പം
രജിസ്ട്രേഷനില്ലാത്ത ഡോക്ടറെക്കാണാൻ
എവിടേയ്ക്കോ പോകുന്നു...

'കൂ' എന്ന കൂത്തച്ചിപ്പെങ്ങൾ
വളവു തിരിഞ്ഞ്
കവലയിൽ ചുറ്റിത്തിരിഞ്ഞ്
ആരോടൊപ്പമോ എതിർദിശയിലേയ്ക്ക്...

കൃ എന്ന വഴികാട്ടി
തികച്ചും അലസനായി
പഴയ ഊഞ്ഞാൽക്കട്ടിലിൽത്തന്നെയിപ്പൊഴും...

ഓർമ്മയിൽ 'കെ' എന്നൊരു വൃദ്ധലിപി
ചെറുമകന്റെ പിന്നാലെ
വേച്ചു വേച്ച്
കടലുകാണാനും കാറ്റുകൊള്ളാനുമിറങ്ങുന്നു
വരും കൊല്ലമാരെന്നുമെന്തെന്നുമാർക്കറിയാമെന്ന്
കക്കാടിനെ കടന്ന് ഒട്ടുദൂരം പോയി
ആരുമില്ലാത്ത ഭൂതകാലത്തിലേയ്ക്ക്
ഭയത്തോടെ തിരിഞ്ഞ് നോക്കുന്നു...

'കേ' എന്നൊരമ്മ
പഴയ ലാന്റ് ഫോൺ പിടിച്ച്
ദൂരദേശങ്ങളിലേയ്ക്ക് ചെവിയോർത്ത് നിൽക്കുന്നു...

കൈ എന്നൊരു ദീർഘപാതയിൽ
പ്രകടനത്തിനുണ്ട് ഇപ്പോഴും ആ കഷണ്ടിത്തല
മുന്നിലോ പിന്നിലോ..

നഗരത്തിരക്കിലൂടെ
'കൊ'എന്നൊരു പരിചയക്കാരൻ
മുന്നിൽ കുട്ടിയും പിന്നിൽ ഭാര്യയുമായി
പെട്ടെന്ന് ബൈക്കോടിച്ച്....

ഇടത്തും വലത്തും പൊലീസുകാരുമായി,
പണ്ട് പെൻസിലും പേനയും മാത്രം
മോഷ്ടിച്ചിരുന്ന, 'കോ' എന്ന
പിൻബഞ്ചുകാരന്റെ മങ്ങിയ ചിത്രം
പത്രത്തിന്റെ ഉൾപ്പേജിൽ വരുന്നു...

'കൗ'എന്നൊരു ഭ്രഷ്ടകാമുകൻ
തകർന്നപ്രണയത്തിന്റെ
കീറച്ചിഹ്നത്തിലേയ്ക്കുറ്റു നോക്കി
ഒരേയിരുപ്പിൽ
ഒരു ജന്മം കുടിച്ചു തീർക്കുന്നു...

ഇടയിൽ'ക്ത'പോലെ ചിലത്
കൂട്ടക്ഷരങ്ങളായി വർഗ്ഗവഞ്ചനയിലും ,
കൂട്ടുവ്യാപാരത്തിലും,
മുഴുക്കുടിക്കൂട്ടങ്ങളിലും പെട്ടുപോകുന്നു.
'ഷ്ക്ക'പോലെ ചിലത് സംഘരതിയിലും
'ക്ക'പോലെ ചിലത് സ്വവർഗ്ഗരതിയിലും
തളർന്നുപോകുന്നു

ഇങ്ങനെ 'ക' എന്ന ലിപി
ഓരോന്നാലോചിച്ച്
ഒടുവിലെ തിരിവിലെത്തുമ്പോൾ
'കം' എന്നൊരപരിചിതൻ
'ഠ' വട്ടത്തേക്കാൾ ചെറിയൊരു കുഴിയും കുഴിച്ച്
ഹലോ എന്നു പറഞ്ഞ് പരിചയം നടിക്കുന്നു...

മനസിലായില്ലല്ലോയെന്ന് നെറ്റിചുളിയുമ്പോൾ
നിന്റെ പരമ്പരയിലെ
ഒടുവിലത്തെ കക്ഷിയാണെന്ന്
സ്വയം പരിചയപ്പെടുത്തും.

അപ്പോൾ 'ക' എന്ന ലിപി
ഹാ എന്നൊരത്ഭുതം കലർന്ന്
'കഃ' എന്ന് രണ്ട് കണ്ണും തുറിച്ച്
മലർന്നടിച്ച് വീഴും.