14/4/10

ഒരുവിലാപം

താഴ്ചയേറെയുള്ളൊരാറ്റുവക്കത്തൂടെ
നടക്കുന്നു ഞാൻ.
ആകാശം കനം തൂങ്ങിനിൽക്കു-
മൊരാഴത്തുള്ളിയായ് മുകളിൽ.
കാറ്റിൽ മേഘങ്ങൾ പരസ്പരം
ഉരിയാടിയൊന്നായലിഞ്ഞും
പിഞ്ഞിപ്പിരിഞ്ഞുപലതായ്
പറിഞ്ഞും ,
അലയുന്നു.....
മിന്നൽ വാറ്റിയെടുത്തൊരു കുളിരു,
ചേമ്പിലക്കുമ്പിളിൽ
ലഹരിയുടെ മുത്തം പകരുന്നു.
ശാന്തമെന്നെ മുഖം നോക്കാൻ
ക്ഷണിക്കുന്നു,
നീ;
ആഴജലം...
ഞാൻ;
ദാഹം കുമിഞ്ഞ്
ഭ്രാന്തായ് ചമഞ്ഞ മാൻ‌കുട്ടി..

നിന്നിലെന്നെക്കണ്ടു ഭയന്നലറി
ചിതറിഞാനോടി
നീയോ, നിന്നെ തളച്ചൊരാഴം-
പിഴുതെന്റെ പിന്നാലെ..
നാം,ദാഹവും ശമനവും
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ
വെയിൽ പാളികൾക്കിടയിൽ
ഓട്ടത്തിന്റെ ഒരു ഫോസിലായി
ഉറഞ്ഞു.
നമുക്കുമുകളിൽ,
കാലഘട്ടങ്ങളിടിഞ്ഞുവീണുനാമടിഞ്ഞു..
ആരോ കുഴിച്ചെടുക്കുംവരെ
ഉറങ്ങിപ്പോകുന്നു പിൽക്കാല ജീവിതം..

മഴയിൽ മാമ്പൂക്കൾ പോലെ
ചരിത്രം ചാപിള്ളയായി
പെറ്റുവീഴുന്നു.
ഹാ!
നമ്മൾ, നമ്മളെന്നൊരു വിലാപം
പെയ്തുതോരുന്നു...

7 അഭിപ്രായങ്ങൾ:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

സനാതന ശൈലിയില്‍ നിന്നും വേറിട്ട ബിംബക്കാഴ്ചകള്‍
മിന്നല്പ്പിണരായി വായാനാ വഴികളില്‍ അസ്പര്‍ശങ്ങളായ ഗര്‍ത്തങ്ങളുണ്ടാക്കുന്നു
വിഷു ആശംസകള്‍...

രാജേഷ്‌ ചിത്തിര പറഞ്ഞു...

നമ്മളെന്നൊരു വിലാപം ,

ഉറങ്ങിപ്പോകുന്നു പിൽക്കാല ജീവിതം..

Mohamed Salahudheen പറഞ്ഞു...

ആശംസ

piranthan... പറഞ്ഞു...

കാലഘട്ടങ്ങളിടിഞ്ഞുവീണുനാമടിഞ്ഞു..
ആരോ കുഴിച്ചെടുക്കുംവരെ
ഉറങ്ങിപ്പോകുന്നു പിൽക്കാല ജീവിതം..

അടിപൊളി

ആശംസകള്‍ ...

സുനീഷ് പറഞ്ഞു...

ഹാ!
കവിത, കവിതയെന്നൊരിമ്പം
പെയ്തു നിറയുന്നു.

ഭയന്നലറി എന്ന വാക്കിന് ഭയങ്കര കടുപ്പം.

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

മഴയില്‍ മാമ്പൂക്കള്‍ പോലെ
ചരിത്രം ചാപിള്ളയായി
പെറ്റുവീഴുന്നു.
ഹാ!
നമ്മള്‍, നമ്മളെന്നൊരു വിലാപം
പെയ്തുതോരുന്നു...
-നന്നായി നന്നായിരിക്കുന്നു!

എന്‍.ബി.സുരേഷ് പറഞ്ഞു...

ഒരു സൈക്കഡലിക് സ്വപ്നം.