28/2/10

വൃദ്ധി

തിരക്കിനിടയില്‍
‍കൈവിട്ടതാകാം,
മുഷിഞ്ഞുനാറി
ഈ റോഡരുകില്‍‌ ‍;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും!

പുതുമണവും പേറി
ഏതെങ്കിലുമൊക്കെ
അകത്തളങ്ങളില്‍
ഒളിച്ചുകളിച്ചിരിക്കും;
എന്റെയോ നിന്റെയോ
പകലുറക്കങ്ങളില്‍
കല്പവൃക്ഷക്കായകളായി
കൊതിപ്പിച്ചിരിക്കും!

പൂജാരിയുടെ
മടിക്കുത്തിലും
വേശ്യയുടെ
മാര്‍ക്കയത്തിലും
ചന്ദനത്തിനും
വിയര്‍പ്പിനുമൊപ്പം
കുതിര്‍ന്നിട്ടുണ്ടാവാം.

വരണ്ട വയലിലും
വറ്റിയ പാത്രത്തിലും
ഒട്ടിയ വയറിലും
മാസച്ചിട്ടിയിലും
ചെട്ടിയുടെ രസീതിലും
ചെട്ടിച്ചിയുടെ മാനത്തിലും
മകന്റെ ഫീസിലും
കല്യാണത്തീയതിയിലും
പുളിമരത്തിന്റെ
ഉച്റാണിക്കൊമ്പിലും
വൈകിയെത്തി
ക്കരഞ്ഞിട്ടുണ്ടാകാം.

വെട്ടിപ്പിടിക്കലിനും
വാതുവെക്കലിനും
കെട്ടിപ്പടുക്കലിനും
കൂട്ടിക്കൊടുക്കലുകളില്‍
‍ഞെട്ടറ്റുപിരിഞ്ഞ്
ഒറ്റക്കാവുമ്പോള്‍
ഒരുവിലയുമില്ലെന്ന്
ബാറിന്റെ ഇരുട്ടിലേക്കെ-
റിയപ്പെട്ടപ്പോഴെങ്കിലും
നിനക്കു തോന്നിയിരിക്കണം!

മുഷിഞ്ഞുനാറി
ഈ റോഡരുകില്‍ ‍;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും,
നൂറുതികയാന്‍
‍ചില അടയാളങ്ങള്‍
‍ബാക്കിയുള്ളതടക്കം!

ഞാന്‍ നിന്നെയെടുത്ത്
തൊട്ടപ്പുറത്തൊരു
വൃദ്ധസദനത്തിലേക്ക്
എത്തുംവരേക്കെങ്കിലും
മരിക്കരുത്!!

3 അഭിപ്രായങ്ങൾ:

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

ഞാന്‍ നിന്നെയെടുത്ത്
തൊട്ടപ്പുറത്തൊരു
വൃദ്ധസദനത്തിലേക്ക്
എത്തുംവരേക്കെങ്കിലും
മരിക്കരുത്!!

മൈലാഞ്ചി പറഞ്ഞു...

കവിതവായിക്കുന്ന ചങ്ങാതീ, കവിതയ്ക്ക് നിങ്ങള്‍ നല്‍കുന്നതെന്ത്?നല്ല കവിതയ്ക്കും നിശ്ശബ്ദതയാണോ നിന്റെ സമ്മാനം?


ഇതിനു നിശ്ശബ്ദതയല്ലാതെ എന്തു സമ്മാനം നൽകാൻ?

ചിലപ്പോഴെങ്കിലും മൌനത്തിന് വാക്കുകളേക്കാൾ ശക്തിയില്ലേ? ഭാരവും.....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

നല്ല അവതരണം