26/2/10

എന്റെ വിരലില്‍........

ഒരു വഴിയിലൂടിറങ്ങി
മറ്റൊരു വഴിയിലൂടെ കയറി ഒരു മൌനം
മഴയായിങ്ങനെ ചെരിഞ്ഞ്‌ ചെരിഞ്ഞ്‌
ഓരോ മരത്തിന്റേയും മുറിവുകളെ ഉമ്മ വെച്ച്‌
പിയാനൊ കട്ടകളിലൂടെ മെല്ലെ നടന്ന്‌
കാറ്റിന്റെ നേര്‍ത്ത വിരലുകളിലേക്ക്‌ ജനിച്ച്‌
മേഘങ്ങളുടെ ഏകാന്തതകളെ കെട്ടിപിടിച്ച്‌
പുഴയായതൊക്കയും കരയായതൊക്കയും
കടലായതൊക്കയും
ഇപ്പോള്‍ തലക്കെട്ടുകളെ ഉപേക്ഷിച്ച്‌
വാക്കുകളുടെ ഉടുപ്പുകളെ ഊരിയെറിഞ്ഞ്‌
ഉടലുകള്‍ക്ക്‌ മാത്രം എഴുതാനാവുന്ന വേഗങ്ങളില്‍
ചലനങ്ങളുടെ ഭാഷയില്‍
ഒലിച്ചു പോയതെത്ര പുരാവൃത്തങ്ങള്‍,
നഗരാവശിഷ്ടങ്ങള്‍, കാലത്തിന്റെ
അടയാള വാക്യങ്ങളെന്ന്‌
എന്നിലൂടെ ചാരുകസേരയിലേക്ക്‌ ചാഞ്ഞ്‌
മടിയുടെ ദര്‍ശനങ്ങള്‍ക്ക്‌ തീപ്പെരുക്കി
കാത്തിരിപ്പുകളിലേക്കൊക്കെ
കാലും നീട്ടി നീട്ടിയിരിക്കുമ്പോള്‍
ദൈവത്തെ ഒറ്റി കൊടുക്കുന്ന നിന്റെ ഋതുക്കളിലേക്ക്‌
ഇപ്പോള്‍ പറക്കും ഇപ്പോള്‍ പറക്കുമെന്ന്‌
ചിറകടിച്ചു കൊണ്ടേയിരിക്കുന്നു എന്റെ വിരലില്‍