2/2/10

ഇടത്തട്ടുകാരന്‍ മരക്കൊമ്പിലിരിക്കുന്ന കിളിയോട് കാല്പനികത മിണ്ടുന്നു

ഇടത്തട്ടുകാരന്‍ ഒരു രഹസ്യമാണ്
മുരളികയല്ല
യാദവനല്ല.
നെഞ്ചിലെ തുളയില്‍
വിരല്‍
നാരകച്ചെടി നട്ടുവളര്‍ത്തുന്നു.

“ഇല മണക്കുന്നുവോ
കിളിയേ നിനക്ക്?”
ഇടത്തട്ടുകാരന്‍ ചോദിച്ചു.

മിണ്ടാതിരുന്നിരുന്ന്
ഭാഷ മറന്നുപോയ കിളിക്ക്
മറുചോദ്യം വീണുകിട്ടി:
“കവിയോ നീ
കവിയുന്നുവോ?
നാരകച്ചെടിക്ക് പേര്
സുലേഖയെന്നോ,
മീരയെന്നോ?”

മരം കൊമ്പുലച്ചു:
“അന്യനോട് മിണ്ടാതിരിക്ക്”

മുളങ്കൂടൊന്ന് കരഞ്ഞു
മുള പൂത്തതാണ്
പൂത്ത പാട്ടാണ്

നാരകം നട്ട വിരല്‍
മരച്ചോട്ടിലൊരു
പുഴ വരച്ചു
കണ്ണീര് നിറച്ചു
ഓളം വെട്ടുന്നതും
ഓളം തല്ലുന്നതും
കാല്പനികമായി.

“താഴേക്ക് നോക്ക്”
ഇടത്തട്ടുകാരന്‍
കണ്ണാടി കാണിച്ചു
കിളിയൊന്ന് നോക്കിയതേയുള്ളൂ,
ഒരു മരം
മലര്‍ന്ന് വളരുന്നു
ഒരു കിളി
മലര്‍ന്ന് നോക്കുന്നു.

എല്ലാ ചിറകുകള്‍ക്കും
വേഗത്തില്‍
ഒരൊളിയമ്പ്.

പുഴയിലൊരു കിളി
കിളിയെ
കെട്ടിപ്പിടിച്ച് കിടക്കുന്നത്
വാന്‍‌ഗോഗിന്റെ ചെവിക്കുമുകളിലെ
സൂര്യകാന്തിയുടെ
മഞ്ഞച്ച കാന്‍‌വാസാണെന്ന്
മരം
ആകാശത്ത് വിവസ്ത്ര.

കാര്‍‌കൂന്തലില്ല
കുറുനിരയില്ല
മാറത്തെ മറുകില്ല
നിതം‌ബഭാരമില്ല.

മറ്റാരും കേള്‍ക്കേണ്ട
രഹസ്യമാണിത്,
കുടിയൊഴിപ്പിച്ചവന്‍
ഇടത്തട്ടുകാരന്‍
പെറ്റി
മൂരാച്ചി
മുരളിയൂതുവാന്‍ പാടില്ല

കിളിയേ,
മുളയുടെ ഒടുവിലെ പാട്ട്
അരിയെന്നോ
ഹരിയെന്നോ
കൊത്തിപ്പറക്കുമ്പോള്‍
താഴെ ഭൂമി
മേലെ ആകാശമെന്ന്
എന്റെ കാല്പനികത
ഒളിയമ്പ് പോലെ
നിനക്ക്

.....................................................
സുലേഖ-സച്ചിദാനന്ദന്റെ കവിത
മീര-ഭക്തമീര
കുടിയൊഴിപ്പിച്ചവന്‍-വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലിലെ കവി

8 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

മലയാളത്തില്‍ കവിതാവിമര്‍ശനങ്ങള്‍ ഇല്ലാതാകുന്ന ഒരിടത്തേക്ക് ഞാനിത് മിണ്ടുന്നു.ബ്ലോഗിലെഴുതുന്ന ഞാങ്കിളിയും നീക്കിളിയും മിണ്ടണം.മിണ്ടിമിണ്ടി നമുക്ക് മിണ്ടാട്ടം മുട്ടണം.

കവിതയെന്താണെന്ന് ടാ(ടീ),
എനിക്കോ നിനക്കോ അറിയില്ലല്ലോ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ആരേയാണ് കവികള്‍ എന്നു വിളിക്കുന്നത് ?
എന്താണ് കവിത എന്നു പറഞ്ഞാല്‍ ?
എന്നോട് തന്നെ ഞാന്‍ ചോദിക്കട്ടെ !
ഉത്തരം കണ്ടെത്താം, പക്ഷെ പൂര്‍ണത എത്രമാത്രം !

Me പറഞ്ഞു...

മുകളിൽ തന്ന വരികൾ വായിച്ച്‌
ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക

1. കവിയാര്‌?
(സച്ചിദാനന്ദൻ, ഇടത്തട്ടുകാരൻ, വാൻഗോഗ്‌)

2 കിളിയാര്‌?
(സുലേഖ, മീര, സൂര്യകാന്തി)

3.കുടിയൊഴിഞ്ഞത്‌ ആര്‌?
(കവി, കിളി, വായനക്കാരൻ)

4.അപ്പോൾ- പരസ്യമാരാണ്‌?
(കണ്ണാടി, പുഴ,കണ്ണീര്‌)

5.മുരളികയ്ക്ക്‌ ഒരു ഇദ്‌( പിൻബലം)ആവട്ടെ എന്നു വിചാരിച്ചു കൂട്ടിയത്‌ ആരെ?
(യാദവൻ,പെറ്റി, മൂരാച്ചി)

6.പൂക്കുന്നത്‌ എന്താണ്‌?
(മുള, പാട്ട്‌, മറുക്‌ )

7.. കാൽപനികൻ തന്നെയോ ഇടത്തട്ടുകാരൻ?
( അതെ, അല്ല, അറിയില്ല)

8.മുള പാടിയത്‌ എന്ത്‌?
( ദീപസ്തംഭം മഹാശ്ചര്യം, അരിയരിയോ തിരിതിരിയോ, ഹരിവരാസനം)

9. മറ്റാരു കേൾക്കേണ്ടാത്ത രഹസ്യം എന്ത്‌?
(കവി കാൽപ്പനികനാണ്‌, വായനക്കാരൻ വിഡ്ഢിയാണ്‌, ഇടശ്ശേരി ഇടത്തട്ടുകാരനാണ്‌)


10.ഒടുവിൽ കവി നമുക്കു ഇഷ്ടദാനമായി എന്ത്‌ തരുന്നു?
(കാൽപ്പനികത, കയറ്‌, സയനൈഡ്‌ )

അജ്ഞാതന്‍ പറഞ്ഞു...

കവിതയിലെ വ്യാജന്‍

നസീര്‍ കടിക്കാട്‌ പറഞ്ഞു...

നീ
മിണ്ടി
നീ മിണ്ടും
നീ മിണ്ടണം

എന്റെ കവിത
കവിത തന്നെ
പാഠപുസ്തകമായി.

അജ്ഞാതന്‍ പറഞ്ഞു...

enthaapaa ithu

Kuzhur Wilson പറഞ്ഞു...

" കവിതവായിക്കുന്ന ചങ്ങാതീ, കവിതയ്ക്ക് നിങ്ങള്‍ നല്‍കുന്നതെന്ത്?നല്ല കവിതയ്ക്കും നിശ്ശബ്ദതയാണോ നിന്റെ സമ്മാനം? "


ഈ വാചകങ്ങള്‍ ഈ കവിത വായിക്കുമ്പോഴും എന്നെ വല്ലാതാക്കുന്നു.

കടിക്കാടിന്റെ കവിത ഉള്ളിലാക്കാന്‍ മറ്റൊരു ജീവിതം തന്നെ വേണം
ഞാനതില്‍ നിന്ന് പലപ്പോഴും തെന്നിപ്പോകുന്നു

salabham പറഞ്ഞു...

നാരകം നട്ട വിരല്‍
മരച്ചോട്ടിലൊരു
പുഴ വരച്ചു.