നീയെനിക്കാരാണ്?!
ഒരു മഴ തോരാതെപെയ്യുന്നു...
എന്റെ മനസ്സില്‍ ചാലുകള്‍ വെട്ടി,
സൌഹൃദത്തിന്റെ വേരുകളെ നനച്ച്
നിര്‍ത്താതെയൊഴുകുന്നു....!
സഖാവേ..നീയെനിക്കാരാണ്?!
ചിന്തയുടെ തോരാമഴയില്‍..
ആത്മബന്ധത്തിന്റെ സ്വച്ഛതനശിച്ച്,
സ്വാര്‍ത്ഥതയുടെ ബലിക്കല്ലുകളില്‍
വ്യക്തിബന്ധങ്ങളുടെ കഴുത്തറ്റ്
ചോരവീഴുന്നതും കണ്ട്,
ഇടത്തോര്‍ച്ചകളിലെ മിന്നലുകളായി
ടെലഫോണില്‍ നീ ശബ്ദിക്കുന്നതും കാത്ത്..
ഈ മഴയത്തിങ്ങനെ കുളിരുമ്പോള്‍,
ഞാന്‍ ചോദിക്കുന്നു...
സഖാവേ..നീയെനിക്കാരാണ്?!!
ജി-ടോക്കിലെ പച്ചവെളിച്ചം
ചുവക്കുന്നതിനുംഇരുളുന്നതിനുമിടയിലെ
അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയുടെ
നനുത്തധൂളികള്‍ മനസ്സില്‍ പടര്‍ന്ന്
വിരോധമില്ലാതെ,വിടപറയാതെ
പിരിയുന്നതിന്‍ മുന്‍പ്...
ഞാന്‍ പലവട്ടം ചോദിച്ചിട്ടുണ്ട്..
സഖാവേ..നീയെനിക്കാരാണ്?!
ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ..
ഇന്ദ്രിയച്ചരടുകള്‍ കൈവിടുകകൊണ്ടോ..
മതത്തിന്റേയും മണ്ണിന്റേയും
മണമെത്താത്ത രണ്ടറ്റങ്ങളിലിരുന്ന്,
സൌഹൃദത്തിന്റെ മഴയും നനഞ്ഞ്,
ഞാന്‍ ചോദിക്കുകയാണ്..
സഖാവേ..നീയെനിക്കാരാണ്?!
ഉത്തരത്തിന്റെ ഇടവപ്പാതിക്കായി
കാത്തിരിക്കാതെ..
ഞാനീ സൌഹൃദത്തിന്റെ
കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു...
ഇതില്‍ നനഞ്ഞുകുതിരാന്‍കൊതിച്ച്
കുടയെടുക്കാതിറങ്ങുന്നു..
സഖാവേ..
നീയെനിക്ക് ആരെല്ലാമോ ആണല്ലോ?!!
7 അഭിപ്രായങ്ങൾ:
ഒരു പഴയ കവിത...
ചിത്രത്തിന് ഗൂഗിളിനോട് നന്ദി!
ഞാനായിരുന്നില്ല സഖാവെ.
വെയിലുവീഴാത്ത, ഇടതൂർന്ന കുറേ വാക്കുകൾ എന്നല്ലാതെ ബൂലോകകവിതയിൽ ഇത് മറ്റൊന്നും അല്ലെന്ന് തോന്നിപ്പോയി.. :(
ജി-ടോക്കിലെ പച്ചവെളിച്ചം
ചുവക്കുന്നതിനുംഇരുളുന്നതിനുമിടയിലെ
അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയുടെ
നനുത്തധൂളികള്‍ മനസ്സില്‍ പടര്‍ന്ന്
വിരോധമില്ലാതെ,വിടപറയാതെ
പിരിയുന്നതിന്‍ മുന്‍പ്...
ഞാന്‍ പലവട്ടം ചോദിച്ചിട്ടുണ്ട്..
സഖാവേ....നീയെനിക്കാരാണ്?!
:)എല്ലാം............
നീയെനിക്കാരാണ്?!
മഴയോളം മനസ്സില്‍ അടുപ്പമുള്ള മറ്റോന്നില്ല സൗഹൃദവും അതുപോലെ!
ജി-ടോക്കിലെ പച്ചവെളിച്ചം ചുവക്കുന്നതിനുംഇരുളുന്നതിനുമിടയിലെ
അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയുടെ
നനുത്തധൂളികള്‍ മനസ്സില്‍ പടര്‍ന്ന്
വിരോധമില്ലാതെ,
വിടപറയാതെപിരിയുന്നതിന്‍ മുന്‍പ്...
ഞാന്‍ പലവട്ടം ചോദിച്ചിട്ടുണ്ട്..
സഖാവേ..നീയെനിക്കാരാണ്?!
ഒരു മഴ!
സൗഹൃദത്തിന്റെ പെരുമഴ!!
ഒരു മഴ തോരാതെപെയ്യുന്നു...
തോരുന്നില്ല എന്നാൽ പെയ്യുകതന്നെ എന്നാണർഥം .
ഉത്തരത്തിന്റെ ഇടവപ്പാതിക്കായി
കാത്തിരിക്കാതെ..
ഞാനീ സൌഹൃദത്തിന്റെ
കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു...
ഇടവപ്പാതിയും കാലവർഷവും ഒന്നുതന്നെ.
പഴയ കവിത എന്നു മുൻകൂർജാമ്യമെടുത്താൽ മോശം കവിത നല്ല കവിതയാകുമോ സഖാവേ?
നന്ദി ദിനേഷ്,സനാതനന്‍ ,
സോണ,നരസിംഹം,മാണിക്യം,മീ..
മീ..
പഴയ കവിത എന്നുപറഞ്ഞത് ഇതെന്റെയൊരു പഴയ പോസ്റ്റായിരുന്നതുകൊണ്ടാണ്.അല്ലാതെ വിമര്‍ശിക്കരുതേ എന്നുള്ള മുങ്കൂര്‍ ജാമ്യമല്ല.
വായിക്കുന്നവന്‍ തുറന്നുപറയുന്ന തെറ്റുകളെ ബോധ്യപ്പെട്ട് തിരുത്താന്‍ കഴിയുന്ന ഒരു മാധ്യമമെന്ന നിലയില്‍ത്തന്നെ ഞാന്‍ ഇപ്പോഴും പബ്ലിഷ് ചെയ്തവ വെട്ടിത്തിരുത്താറുണ്ട്.
ഈ ബ്ലോഗും ഒരു പാഠശാലയായിക്കണ്ടേ എഴുതുന്നുള്ളൂ..
അവാര്‍ഡുകമ്മറ്റിയല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ.
ഒരു മഴ തോരാതെപെയ്യുന്നു...
എന്നുപറയുന്നതിലെ തെറ്റ് തിരുത്തണമെന്നുണ്ടായിരുന്നു.എന്നാല്‍ തോര്‍ച്ച പൂര്‍ണമായ അവസാനമല്ലെന്നു ധരിച്ചിരിക്കുന്നു,അതുകൊണ്ടാണ്.
“തോരാതെ പെയ്യുന്നു“ എന്ന്‍ ഗൂഗിളില്‍ ചെക്ക് ചെയ്തപ്പോള്‍ കിട്ടിയ ചിലത്..
1. http://sarpagandhi.blogspot.com/2009_09_01_archive.html
'മഴ തോരട്ടെ..'അമ്മച്ചി പറഞ്ഞു.
മഴ തോരുന്നതും കാത്തിരുന്നു. കൂടുന്നതല്ലാതെ കുറയുന്നില്ല. ആററില്‍ വെള്ളം പൊങ്ങിത്തുടങ്ങി. കരയോടുചേര്‍ന്ന് കൂര്‍ത്തുനിന്ന പാറയ്‌ക്കും മുകളിലായി. സന്ധ്യയോടെ അക്കരെ പറമ്പിലേക്ക് വെള്ളം കയറി. കറണ്ടുപോയി.
ഉച്ചക്കുമുമ്പേ തുടങ്ങിയ മഴ ഇങ്ങനെ തോരാതെ പെയ്യുന്നത് അപൂര്‍വ്വമാണ് .
2.http://www.chintha.com/node/647
മഴ വന്നു തൊടുമ്പോള്‍
തോരാതെ പെയ്യുന്ന
അമ്മയുടെ
താരാട്ടും കണ്ണീരുമാണ് ഓര്‍മ്മ വരിക
-മുയ്യം രാജന്‍
Published in തര്‍ജ്ജനി, ഏപ്രില്‍ 2006, Volume 2, No. 4
3.തച്ചുശാസ്ത്രം - വിക്കിപീഡിയ
ആറ് മാസത്തോളം തോരാതെ പെയ്യുന്ന കനത്ത മഴയില് നിന്ന് രക്ഷകിട്ടുവാന് പാകത്തില് തള്ളിനില്ക്കുന്ന ഇറകളോടുകൂടിയ ചരിഞ്ഞ മേല്ക്കൂര ഇവിടത്തെ കാലാവസ്ഥയ്ക്കു യോജിച്ചവിധം ...
ml.wikipedia.org/wiki/തച്ചുശാസ്ത്രം
തോരാതെ പെയ്യുക എന്നാല്‍ ഇടവേളയില്ലാതെ പെയ്യുക എന്നാണ് എനിക്കു തോന്നിയത്.ആരെങ്കിലും ഒന്നു വിശദീകരിച്ചെങ്കില്‍ എന്നാഗ്രഹമുണ്ട്.
തെറ്റാണെങ്കില്‍ തിരുത്താന്‍ മടിയില്ലെന്നുപറഞ്ഞോട്ടേ..
:)
ഇടവപ്പാതിയും കാലവര്‍ഷവും ഒന്നുതന്നെ...
അത് ശരിയാണെങ്കിലും എങ്ങനെ തിരുത്തണമെന്നറിയാത്തതുകൊണ്ടാണ്..എന്തിനുതിരുത്തണമെന്നല്ല.എല്ലാം കഴിഞ്ഞിട്ട് ഹോള്‍സെയിലായിട്ട് തിരുത്താം.
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ