23/12/09

അതേ മൂര്‍ച്ചയില്‍

എടുക്കരുതെടുക്കരുതെന്ന്
എത്ര വട്ടം വിലക്കിയാലും
തപ്പിത്തെരഞ്ഞു നടക്കും
കണ്ണും മൂക്കുമില്ലാതെ
എടുത്തു പെരുമാറും
കുറ്റം പറഞ്ഞാല്‍ മാറില്ലല്ലോ
പ്രായത്തിന്റെ കുഴപ്പങ്ങള്‍!
മൂര്‍ച്ചയറിയാത്ത പ്രായം
മൂത്തവര്‍ കണ്ടറിയണ്ടേ!

എണ്ണയിട്ടു തുടച്ചു
തുരുമ്പകറ്റിയതാണ്
പൊടിയിട്ടു തേച്ചു
വായ്ത്തലയൂട്ടി വച്ചതാണ്‌
പല യുദ്ധങ്ങളില്‍
നനഞ്ഞിട്ടുണ്ട്
പല പല പഴങ്കഥകളില്‍
നായകനായിട്ടുണ്ട്

കഥയുടെ കൗതുകങ്ങളാല്‍,
അശ്രദ്ധയാല്‍ അപകടപ്പെടാം
മെഴുകുകടലാസു ചുറ്റി
ചണച്ചാക്കിലാക്കി
എവിടെയാണൊളിപ്പിച്ചതെന്ന്
തെരയാനിനി ഇടമില്ല

കാണാതാകുന്ന, മറന്നുവയ്ക്കുന്ന
മനുഷ്യരേയും
വസ്തുക്കളേയും പോലെ
ഒരു നാള്‍ തിരിച്ചു കിട്ടി
കിട്ടിയതല്ല, കണ്ടു
കണ്ടതല്ല, കൊണ്ടു!

ഒച്ചയില്ലാത്തൊരു മിന്നലായി
തുലാവര്‍ഷം
ശീലം തെറ്റി വന്നെന്നു കരുതി
അതേ മൂര്‍ച്ച
അതേ മിനുക്കം
ചോര ചീറ്റി
പകുതിയില്‍ മുറിഞ്ഞ്
കുലവാഴപോല്‍ വീണു!

12 അഭിപ്രായങ്ങൾ:

സനാതനൻ | sanathanan പറഞ്ഞു...

ഏറെക്കാലം മുൻപ് വായിച്ച കവിത.വീണ്ടും വായിച്ചപ്പോൾ അതിനേക്കാൾ മൂർച്ച. അനിലൻ മാജിക് :)

സെറീന പറഞ്ഞു...

കൊണ്ടു! പകുതിയില്‍ മുറിഞ്ഞു..

mariam പറഞ്ഞു...

വാള്‍ത്തല മിന്നല്‍ കണ്ടു കൊതി തീരും മുന്‍പു രണ്ടായി വീഴണം.
അതേ കൈപ്പിടി അതേ മൂര്‍ച്ച എന്നു മനസ്സില്‍ പറയണം.
മറവിലേക്ക് മറയണം.

ഒരായുധത്തെ പോലെ കുറിക്കു കൊള്ളുന്ന കവിത.

എതിരന്‍ കതിരവന്‍ പറഞ്ഞു...

എന്തൊരു മൂർച്ച!
കടംകഥയിൽ ഇങ്ങനെ:
ഊരിയവാൾ ഉറയിലിടുന്നേരം പൊന്നിട്ട കത്തി പകരം തരാം.
മൂർച്ചകൊണ്ടുള്ള കളി തന്നെ.

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

മൂര്‍ച്ചയുള്ള എഴുത്ത്
ഒരായുധമായി മുന്നില്‍
ഒന്ന് മുറിഞ്ഞുവോ.....

നജൂസ്‌ പറഞ്ഞു...

കാരിരിമ്പിലാണോ ഈ കവിത കൊത്തിയത്‌? കാലം കൂടും തോറും മൂര്‍ച്ചയേറുന്നു.

ദേവദാസ് വി.എം. പറഞ്ഞു...

ഇതിന് പഴേ മൂര്‍ച്ചയുണ്ട് ; ഒറ്റവെട്ടിന് മുറിയുന്നുമുണ്ട്

ബിലാത്തിപട്ടണം / Bilatthipattanam പറഞ്ഞു...

Wish You Merry Christmas
and
Happy New Year .

നഗ്നന്‍ പറഞ്ഞു...

ചില ഓർമ്മകൾക്ക് പണ്ടാറടങ്ങിയ മൂർച്ചയാണ്.

ഒളിപ്പിച്ചുവച്ചിടത്ത് തന്നെ നമ്മൾ അറിയാതെ കൈയ്യിട്ടുപ്പോകും.

ചോരയൊലിപ്പിച്ച് നമ്മൾ കൈ പിൻ‌വലിയ്ക്കും.

പിന്നേയും പലവട്ടം ഇതാവർത്തിയ്ക്കും.

Kumar Neelakantan © പറഞ്ഞു...

ഇത് അനിലൻ അറയിലിരുന്നു തേച്ചുമിനുക്കുന്ന ശബ്ദമാണ്
ഇനി വരാനുള്ളതാവണം ശരിക്കും കുത്തിക്കീറൽ. :)

(കീറിയിട്ടെ വിടു :)

dubaimalayalees പറഞ്ഞു...

valare nanayittundu
keep it up

ഭൂതത്താന്‍ പറഞ്ഞു...

;)