എത്രയായ് മുറിക്കാം
ഒരു ഹൃദയം?
എത്രയായ് പകുത്തുവയ്ക്കാം
ഒരു തീയാളൽ?
മരണം വരെ
വെയിൽച്ചിറകുകൾ കുഴഞ്ഞ്
ഇനിയെത്ര പകലുകൾ വീഴും?
ഇളംവെയിൽച്ചിറകടിച്ച്
എത്രയെണ്ണം പിറക്കും?
കാത്തുകാത്തിരുന്ന്
ക്ഷമകെട്ടൊടുവിൽ
താടിചൊറിഞ്ഞു കൊണ്ട് ചോദിച്ചു;
"എന്നു വരും, വിപ്ലവം?"
എല്ലാവരും ചിരിച്ചു.
ചിരിച്ചു ചിരിച്ചു ചിരിച്ച്
അവരൊക്കെയും കോമാളികളായി
ചൊറിഞ്ഞു ചൊറിഞ്ഞു ചൊറിഞ്ഞ്
ഞാനൊരു ചൊറിയൻ പുഴുവും
അവരുടെ കൈയ്യിലും മുഖത്തും
അടിവസ്ത്രത്തിലും കയറി
ഉറക്കെ വിളിച്ചു, "പാപികളേ........"
ചൊറിഞ്ഞു കുഴഞ്ഞൊടുവിൽ
പിടിച്ചു നിലത്തിട്ടൊരുത്തൻ
ചെരിപ്പുകൊണ്ടടിച്ചു.
പച്ചരക്തം തുടച്ച്
കുരിശിലേക്കെടുത്തു
ചൂണ്ടുവിരൽ കൊണ്ട്
തട്ടിയെറിഞ്ഞപ്പൊ നൊന്തില്ല,
പച്ച ഈർക്കിൽ കൊണ്ട്
കുത്തിയപ്പൊ നൊന്തില്ല.
ഞാൻ ചിരിച്ചു.
ചിരിച്ചു ചിരിച്ചു ചിരിച്ച്
കോമാളിയായി.
പാപികളേ
ഇനി ഉയിർപ്പ്
മൂന്നാം നാൾ വിപ്ലവം.
ചവറുകൂനയിൽ
മൂന്നു നാൾ കിടന്നിട്ട്
ഒരു ക്യാമറക്കണ്ണും തുറന്നില്ല
ആരും ഒരുവാക്കും
ഉതിർത്തില്ല.
മൂന്നാം നാൾ ഉച്ചതിരിഞ്ഞ്
ഉയിർക്കാനിരുന്ന വിപ്ലവത്തെ
ഉറുമ്പെടുത്തു പോയി
1 അഭിപ്രായം:
ഒരു ക്യാമറക്കണ്ണും തുറന്നില്ല
ആരും ഒരുവാക്കും
ഉതിർത്തില്ല.
മൂന്നാം നാൾ ഉച്ചതിരിഞ്ഞ്
ഉയിർക്കാനിരുന്ന വിപ്ലവത്തെ
ഉറുമ്പെടുത്തു പോയി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ