11/11/09

ചരിത്രകാരൻ


അവർ ചരിത്രം എഴുതുകയായിരുന്നു.
നാരായം കൊണ്ടല്ല,
പേനകൊണ്ടും പെൻസിൽകൊണ്ടുമല്ല.
താളിയോലയിലോ കടലാസിലോ,
ഗുഹാഭിത്തികളിലോ അല്ല.
അക്ഷരങ്ങൾകൊണ്ടോ ചിഹ്നങ്ങൾ കൊണ്ടോ,
ചിത്രങ്ങൾ കൊണ്ടോ
അവർക്ക് എഴുതാനറിയില്ല.
അവരുടെ കാതുകളിൽ ഈയം...
അവരുടെ കണ്ണിൽ കണ്ണീരുണങ്ങിയ കുന്തിരിക്കം...
വിത്ത് വിതയ്ക്കുമ്പോൾ അവർ പാടിയിരുന്നത്
കവിതകളല്ല.
അവരുടെ നാവുകൾ കടുത്ത മണ്ണ് ഉഴുത് മറിച്ച്
തളർന്ന് പോയിരുന്നു..

അവർ എഴുതിയ ചരിത്രം
തെങ്ങുകളായി നാടുമുഴുവൻ കുത്തനെ നിൽക്കുന്നു.
അവർ എഴുതിയ ചരിത്രം വയലുകളായി
വരമ്പിന് ഇരുവശവും വിരിഞ്ഞു കിടക്കുന്നു.
അവർ എഴുതിയ ചരിത്രം മലപിളർന്ന്
തോട്ടുവെള്ളമായി കലങ്ങി ഒഴുകുന്നു.
അവർ എഴുതിയ ചരിത്രം റോഡുകൾ, പാലങ്ങൾ,
റോഡിനിരുവശവും തണൽമരങ്ങൾ.
അവർ എഴുതിയ ചരിത്രം കാറ്റ്, വെയിൽ, മഴ,
തട്ടുതട്ടായ മലനിരകൾ.
ഇന്നിതാ ഞാനും എഴുതി അതിൽ ഒരു വാക്ക്...
നനഞ്ഞ മണ്ണിൽ കുഴിച്ചിട്ട വിത്ത്..
പുഴുക്കളേ, കിളികളേ, മേഘങ്ങളേ
ഇനിയിതിൻ ബാക്കി നിങ്ങൾ പൂരിപ്പിച്ചുകൊള്ളുക..

9 അഭിപ്രായങ്ങൾ:

ഹരീഷ് കീഴാറൂർ പറഞ്ഞു...

പുഴുക്കളേ, കിളികളേ, മേഘങ്ങളേ
ഇനിയിതിൻ ബാക്കി നിങ്ങൾ പൂരിപ്പിച്ചുകൊള്ളുക..
ചരിത്രത്തെ കൊള്ളയടിച്ച് അവിടെ സ്വന്തം സാമ്രാജ്യമുറപ്പിച്ചവരോട് ഒരുനാൾ അവരും പറഞ്ഞു തുടങ്ങും
ഞങ്ങൾ ചരിത്രമെഴുതിയത് മായ്ച്ചതെന്തിനാണെന്ന്,ഇന്ന് വായടച്ചുപിടിച്ച കവികളേ.. അന്നവർക്കൊപ്പം ചേർന്നാൽ അവർ നിങ്ങളുടെ മുഖത്ത് തുപ്പില്ല ‘അവരുടെ നാവുകൾ കടുത്ത മണ്ണ് ഉഴുത് മറിച്ച്
തളർന്ന് പോയിരുന്നു’എന്നതുകൊണ്ടല്ല, ആ തുപ്പലിൽ നിങ്ങളുടെ മുഖങ്ങൾ വെന്തുപോകുമോ എന്നു സഹതപിച്ചിട്ട്.

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

കര്‍ഷക ആത്മഹത്യ
മുത്തങ്ങ, ചെങ്ങറ, എരയാംകുടി സമരങ്ങള്‍
ഇതൊക്കെ ചരിത്രത്തില്‍ വരുമൊ ആവോ....

ഇതൊന്നും ഭൂമിക്ക് വേണ്ടിയുള്ള സമരമല്ല
മറിച്ച് ഞങ്ങള്‍ ഇവിടെ ജീവിച്ചിരുന്നു
എന്നതിന്റെ ആടയാളങ്ങള്‍ക്ക് വേണ്ടിയാണ്
അതിനായുള്ള മരണപ്പാച്ചിലിലാണവര്‍
ചരിത്രത്തില്‍ ഒരടയാളവും ബാക്കിവെക്കാതെ
മരിച്ച് മണ്ണടിയുന്നവര്‍....
ഒരു ജനത

നന്നായി ഈ പോസ്റ്റ്

ഗുപ്തന്‍ പറഞ്ഞു...

ബ്രെഹ്റ്റിനുള്ള മറുപടിയാണോ സനലേ ?

Sanal Kumar Sasidharan പറഞ്ഞു...

ഈ പോസ്റ്റാണോ ഉദ്ദേശിച്ചത് ഗുപ്താ....?
എഴുതുമ്പോൾ അതൊന്നുമില്ലായിരുന്നു ..പക്ഷേ അതല്ലെന്ന് ഞാൻ പറഞ്ഞിട്ട് കാര്യവുമില്ല..ആണെങ്കിൽ ആണ് അല്ലെങ്കിൽ അല്ല ബ്രെഹ്തിനുള്ള മറുപടി എന്ന് കേട്ടപ്പോൾഇങ്ങനെ തിരഞ്ഞപ്പോൾ കണ്ടതാണ് വെള്ളെഴുത്തിന്റെ പോസ്റ്റ് :)

ബ്രെഹ്തിനു ഞാൻ മറുപടിയിടാനോ !

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ചരിത്രത്തിൻ ചക്രം തിരിച്ചവർ...

സജീവ് കടവനാട് പറഞ്ഞു...

അവര്‍ ജീവിതമാണ് എഴുതിയത്. അവരുടെ സ്മാരകങ്ങളൊക്കെ പണിയിക്കപ്പെട്ടവയല്ല, സ്വയം ഉരുവം കൊണ്ടവ. അവയിലൊന്നും അവരുടെ പേര് എഴുതിവെക്കപ്പെട്ടിട്ടില്ല. അവര്‍ തന്നെ സ്വയം ഉള്‍ക്കൊള്ളപ്പെടുകയായിരുന്നു. ഒരു പുഴു അതിന്റെ വാലുകൊണ്ട് ജീവിതം, ജീവിതം, ജീവിതം എന്നെഴുതി സ്വയം ഇല്ലാതാകുകയും കാഴ്ചക്കാരന് ഒരു മഹത്ചിത്രം സംഭാവന ചെയ്യുകയും ചെയ്യുമ്പോലെ...

സജീവ് കടവനാട് പറഞ്ഞു...

കാഴ്ചക്കാരന് എന്നത് പൊതു സമൂഹത്തിന് എന്ന് വായിക്കുമല്ലോ...

റൊമാന്‍സ് കുമാരന്‍ പറഞ്ഞു...

ബ്രെഹ്റ്റിന്റെ ബ്ലോഗിന്റെ ലിങ്ക് തരാമോ ആരെങ്കിലും?

ഷൈജു കോട്ടാത്തല പറഞ്ഞു...

കവേ മനോഹരം .
നളപാകം എന്ന് കൂടി ഇരിയ്ക്കട്ടെ