ജീവനൊരു മഴവില്ലൂഞ്ഞാലായി
ഇഹപരങ്ങളിലേക്കാടിയതല്ല
വെറുതേ തുറന്നുവെച്ച
അഞ്ചിന്ദ്രിയങ്ങളില്‍ നിന്നവന്‍
ആറാമിന്ദ്രിയത്തിലേക്ക്
സ്വപ്നവാക്ച്യുതികൊണ്ട്
പാലം പണിഞ്ഞതിനെക്കുറിച്ചല്ല
തീയില്‍ നടക്കുമ്പൊഴെങ്ങനെ സാദ്ധ്യമീ മൌനമെന്ന മുഴക്കമുറ്റ ചോദ്യവുമല്ല
ലോകകരകളില്‍ മുറിഞ്ഞൊഴുകുമിടങ്ങളെ
ക്കുറിച്ചൊറ്റയ്ക്കല്ല
ഇലപോലെക്കരിയും ബാല്യങ്ങളെക്കുറിച്ചല്ല
സാക്ഷികള്‍ പലപ്പോഴും ശിലകളാണെന്നതുമല്ല
പ്രണയമൊരൊറ്റത്തിരിനാളമായി
കടലില്‍ കൊടുങ്കാറ്റുകള്‍ക്കുകുറുകെ
നമുക്കുള്ളില്‍ തുഴയുന്നതിനെക്കുറിച്ചല്ല
ധ്രുവത്തില്‍ മഞ്ഞുരുകുന്നതിനെക്കുറിച്ചോ
അതിര്‍ത്തിയില്‍ മഞ്ഞുരുകാത്തതിനെക്കുറിച്ചോ
സദ്ദാമിന്‍റെ ശ്വാസം നിലച്ചതിനേക്കുറിച്ചോ
സൂക്കിയുടെ വീട്ടുതടങ്കലിനെക്കുറിച്ചോ
അഞ്ചുവയസ്സുകാരന്‍റെ നെഞ്ചിലൂടെ വെടിയുണ്ട
ഇളങ്കാറ്റായി കടന്നതിനേക്കുറിച്ചോ
തൂങ്ങിമരിച്ച കര്‍ഷകന്റെ പെണ്‍മക്കളെക്കുറിച്ചോ
കടം ആല്‍മരമായ ഗ്രാമങ്ങളെക്കുറിച്ചോ അല്ല...
അല്ലെങ്കിലും കാണികളെന്താണ് കാണാറുള്ളത്?
കേള്‍വിക്കാരെന്താണറിയാറുള്ളത്?
കത്തിക്കൊഴിയും ധൂമകേതുവിന്നുള്ളറിയാതെ മുഖം കാണുമത്രമാത്രം
ആട്ടക്കാരന്റെ വീടിനെയറിയാതെ
മുദ്രകളില്‍ ലയിച്ചിരുന്നാനന്ദിക്കും
അറിയാം ഒരാളൊഴിച്ച് മറ്റെല്ലാവരും
നമ്മെ ഉപേക്ഷിച്ച് അവനവന്റെ
ദുഃഖങ്ങളിലേക്ക് കുടില്‍ കെട്ടാന്‍ പോകും
അറിയുക! ഈ നക്ഷത്രമൊരിക്കലും നമ്മുടെ വീട്ടുമുറ്റത്തൊതുങ്ങുകയില്ല
ഉള്ളതിനെക്കുറിച്ചുമാത്രമല്ല
സാക്ഷ്യങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ചുമാണ്.
എങ്കിലും
പറയാന്‍ തുടങ്ങിയതതല്ലിതല്ലേതുമല്ലൊന്നുമില്ലൊന്നുമില്ലായ്മയിലൊന്നുമാത്രം!
2 അഭിപ്രായങ്ങൾ:
കൊള്ളാംനന്നായിട്ടുണ്ട്
Good blog.
Portugal
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ