1/11/09

വേലുമ്മാന്‍

അമ്മവീടിനടുത്താണ്
വേലുമ്മാന്റെ വീട്

ആകാശം തൊടുന്ന കുന്നുമ്പുറത്ത്
കാറ്റുപോലും വാലുചുരുട്ടി കടന്നുപോണ
തെങ്ങുവരമ്പു കടന്ന്
കൈതവളപ്പു മുറിച്ച്
കല്ലുവെട്ടു വഴിയിലൂടെ
കുന്നുകയറി വിയര്‍ക്കുമ്പോഴേക്കും
നരച്ചു കുമ്പളങ്ങയായൊരു തല
ചിരിച്ചോണ്ട് വരണകാണാം

മുറ്റത്ത് പാട്ടുപാടണ പഴഞ്ചന്‍ മരബഞ്ചിലിരുന്ന്
കട്ടന്‍കാപ്പി തിളച്ച് ചുറ്റും നോക്കുമ്പോള്‍
ഉമ്മറത്തിണ്ടില്‍
നിര്‍വികാരത ചൂണ്ടി ചാരിവെച്ചൊരു തോക്ക്

കാറ്റിട്ടു തന്ന കുത്തിക്കുടിയന്‍ മാമ്പഴമായ്
അവധിക്കാലം കടിച്ചീമ്പിക്കുടിച്ച
കുട്ടിക്കാലത്ത് വരച്ചതാണ്
വെടിയേറ്റ കൊറ്റിയോ കാട്ടുമുയലോ തൂക്കിപ്പിടിച്ച്
കുന്നിറങ്ങി വരുന്നൊരു രൂപം

കുറേ കേട്ടിട്ടുണ്ട്
പഴങ്കഥകള്‍ മൂടിപ്പുതച്ച്
രാത്രിയുറങ്ങാന്‍ കിടക്കുമ്പോള്‍...

വെടിയേറ്റ കാട്ടുപന്നി
തേറ്റകൊണ്ടു പിളര്‍ന്ന
വയറു പൊത്തിക്കെട്ടി
രാത്രികടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും
മിണ്ടാതെ മരവിച്ച ശരീരം
(ഇപ്പോഴും കാണാം
മണ്ണിട്ടു തൂര്‍ത്ത കഴായപോലെ
തുന്നിക്കെട്ടിയ പാട്)

രാത്രിവഴിയില്‍
മഞ്ഞുകുതിര്‍ന്ന് വഴുക്കുന്ന വരമ്പിലൂടെ
മുറിബീഡിയെരിഞ്ഞ നാട്ടുവെളിച്ചത്തില്‍
കരയ്ക്കുപിടിച്ചിട്ട വരാലിന്റെ വഴുപ്പുപോലെ
കാലിനടിയില്‍ പുളഞ്ഞ് കണങ്കാലില്‍ ദംശിച്ചപ്പോള്‍
തിരഞ്ഞുപിടിച്ച്,
തിരിച്ചു കടിച്ചത്

ഇന്ന്
പുല്‍പ്പായില്‍ തലമൂടിക്കിടന്ന്
ചുറ്റും കൂടിനിന്ന നിശ്ശബ്ദതയുടെ മുഖത്തേക്ക്
നീട്ടിത്തുപ്പിയ വെറ്റിലക്കറയില്‍
സൂര്യനാറിയ നേരത്ത്
ഒരുകൂട്ടം കാട്ടുമുയലുകള്‍
തൊടിയിലൂടെ
തുളളിച്ചാടി പോകുന്നതു കണ്ടു.

4 അഭിപ്രായങ്ങൾ:

naakila പറഞ്ഞു...

ആകാശം തൊടുന്ന കുന്നുമ്പുറത്ത്
കാറ്റുപോലും വാലുചുരുട്ടി കടന്നുപോണ
തെങ്ങുവരമ്പു കടന്ന്
കൈതവളപ്പു മുറിച്ച്
കല്ലുവെട്ടു വഴിയിലൂടെ
കുന്നുകയറി വിയര്‍ക്കുമ്പോഴേക്കും
നരച്ചു കുമ്പളങ്ങയായൊരു തല
ചിരിച്ചോണ്ട് വരണകാണാം

എം പി.ഹാഷിം പറഞ്ഞു...

ചിത്രംവരച്ച പോലെ വാക്ക്‌ വരച്ചു
വേലുമ്മാനെ കാട്ടിത്തരുന്നു !!

ഷൈജു കോട്ടാത്തല പറഞ്ഞു...

എല്ലാം പറഞ്ഞിരിയ്ക്കുന്നു വള്ളി പുള്ളി വിടാതെ,
നിഷ്കളങ്കനായ ഗ്രാമീണന്റെ പറച്ചില്‍ പോലെ
ലളിതം

Rakesh.svc പറഞ്ഞു...

നന്ദി ,
ഉപമകളുടെ പെരുവെള്ളപ്പാച്ചിലിലും
മുനയൊടിയാത്ത കവിതയുടെ നേരിന്....

ഇപ്പോള്‍ നിന്റെ വാക്കിനാല്‍
വീണ്ടും കനത്തു തുടങ്ങുന്നു
ഓര്‍മയുടെ കുരുത്തക്കേടുകള്‍