31/10/09

വേനല്‍ കവിതകള്‍

പൂമകളാനേ ഹുസ്‌നുല്‍ ജമാല്‍/ പുന്നാരത്താളം മികന്തെ ബീവി ഹേമങ്ങള്‍ മെത്ത പണി ചിത്തിരം/ നാമങ്ങളെണ്ണിപ്പറഞ്ഞാല്‍ തീരാ/ നവരത്‌ന ചിങ്കാരം പൂണ്ട ബീവി/ മറുകത്തുകിലും ഞൊറിഞ്ഞുടുത്തു/ മാണിക്യ കൈരണ്ടെറിന്തു ബീശി-(4-ാം ഇശല്‍). മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന കവിതയില്‍ ഹുസ്‌നുജമാലിന്റെ വര്‍ണ്ണാഭമായ ചിത്രമാണ്‌ കവി വരച്ചുചേര്‍ത്തത്‌. മലയാള കവിതയുടെ സൗന്ദര്യാത്മകത നിറഞ്ഞുനില്‍ക്കുന്ന വാങ്‌മയം. കവിമനസ്സില്‍ പതിഞ്ഞ സൗന്ദര്യത്തിന്റെ ആവിഷ്‌ക്കാരമാണ്‌ കവിതയെന്ന്‌ മോയിന്‍കുട്ടി വൈദ്യരുടെ കാവ്യം ഓര്‍മ്മപ്പെടുത്തുന്നു. കാലംതൊട്ടു മനസ്സില്‍ ചേര്‍ക്കുന്ന ചിത്രങ്ങളാണ്‌ കവിത. മലയാളത്തില്‍ കവിത എഴുതി വളരുന്നവരില്‍ മിക്കവരും വിസ്‌മരിക്കുന്നതും മറ്റൊന്നല്ല. ആനുകാലികം: മലയാളകവിതയില്‍ ഉണര്‍ത്തെഴുത്തുകളുടെ സാന്നിദ്ധ്യമായിരുന്നു കഴിഞ്ഞവാരം. ശക്തമായ കുറെ രചനകള്‍ ആനുകാലികങ്ങളില്‍ നിറഞ്ഞുനിന്നു. കല്‌പറ്റ നാരായണന്‍, രാവുണ്ണി, കെ. ടി. സൂപ്പി, കുഞ്ഞപ്പ പട്ടാന്നൂര്‍, കെ. വി. ബേബി തുടങ്ങിയവരുടെ കവിതകള്‍ മികവുറ്റവയായിരുന്നു. ബ്ലോഗില്‍ കുഴൂര്‍ വിത്സനും എസ്‌. കലേഷും മുന്‍നിരയില്‍ തന്നെ. കാമ്പസ്‌ കവിതയും പുതുശബ്‌ദത്തിന്റെ തീക്ഷ്‌ണത അനുഭവപ്പെടുത്തി. ആനുകാലികങ്ങളില്‍ ചിലത്‌- മാതൃഭുമിയില്‍ സബിത ടി. പി. എഴുതി:അച്ഛന്റെ ഓര്‍ക്കാപ്പുറത്തുള്ള/ പുറങ്കൈ പേടിച്ച്‌ എന്റെ നടത്തം/ കണിശമായ ചടുലത പഠിച്ചു/ പൂര്‍വികരുടെ പുറത്തുവീഴുന്ന/ തുരാതുരാ ചാട്ടവാറടികള്‍ പേടിച്ച്‌/ എന്റെ അടിമനടത്തം നിലംതൊടാത്തതായി.- (മാതൃഭൂമി, ഒക്‌ടോ.25). സ്‌ത്രീജീവിതത്തിന്റെ പൊള്ളുന്ന നിലമാണ്‌ സബിത സൂചിപ്പിച്ചത്‌. രണ്ടു കവിതകളിലൂടെ തിളങ്ങി നില്‍ക്കുകയാണ്‌ കല്‌പറ്റ നാരായണന്‍. മാതൃഭൂമി(നവം.1)യില്‍:എത്ര വായിച്ചാലും തീരില്ല/ എത്ര പഠിച്ചാലും പഠിയില്ല/എത്ര കണ്ടാലും ഓര്‍ക്കാനാവില്ല/വഴിയില്‍ കണ്ടാലറിയില്ല- (ഛായാഗ്രഹിണി). മാധ്യമ(ഒക്‌ടോ.26)ത്തില്‍:നിലയ്‌ക്കാത്ത/ ആരും മുറിച്ചു കടക്കാത്ത/ എക്‌സ്‌പ്രസ്‌ പാത/ ഒന്നാന്തരമായ്‌ വിയര്‍ക്കും-(ഉയര്‍ച്ച). തിരിച്ചറിവിന്റെയും സങ്കീര്‍ണ്ണതകളുടെയും ഇടനിലങ്ങളില്‍ തറഞ്ഞുനില്‍ക്കുന്ന ജീവിതമാണ്‌ കല്‌പറ്റ തൊട്ടറിയുന്നത്‌. രാവുണ്ണിയുടെ ഒരു പാതിരാവിലെ ഞെട്ടിക്കുന്ന കാഴ്‌ചയും തുടര്‍ന്നുണ്ടായ ചിന്തകളും എന്ന കവിതയില്‍ പറയുന്നു: നോക്കൂ/ സ്ഥലം മാത്രമല്ല/ നേരവുമാണ്‌ കുറ്റവാളി/മനുഷ്യന്‍ എത്ര നിഷ്‌ങ്കളന്‍-(മാധ്യമം, ഒക്‌ടോ.26). മനുഷ്യനെ മറ്റൊരു രീതിയില്‍ വായിക്കപ്പെടുന്ന സാഹചര്യമാണ്‌ രാവുണ്ണി വ്യക്തമാക്കുന്നത്‌. കലാകൗമുദിയില്‍ (1781ലക്കം) കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതയില്‍ നിന്നും:എല്ലാ കയങ്ങളിലും/ കപ്പല്‍ച്ചേതത്തിന്റെ അസ്ഥിപഞ്‌ജരങ്ങള്‍/ ചിലത്‌/ ആഴ്‌ന്ന്‌ കിടപ്പുണ്ട്‌./ അവയ്‌ക്കിടയില്‍ പിടഞ്ഞമര്‍ന്ന/ അനാഥങ്ങളായ അന്തര്‍ഗതങ്ങളും.- നിസ്സംഗതയും നിസ്സാരതയും തളംകെട്ടിനില്‍ക്കുന്ന അവസ്ഥയിലേക്കാണ്‌ കുഞ്ഞപ്പ വായനക്കാരെ നടത്തിക്കുന്നത്‌. യുദ്ധത്തിന്റെയും അര്‍പ്പണത്തിന്റെയും നീക്കിവയ്‌പ്പിന്റെയും ചരിത്രമാണ്‌ ശാന്തി ജയകുമാര്‍ പ്രത്യക്ഷപ്പെടുത്തുന്നത്‌. കലാകൗമുദിയില്‍(1782) ശാന്തി ജയകുമാര്‍: പോകുന്നു നാളെ അതിര്‍ത്തിയില്‍ ബുദ്ധന്റെ/പോരൊടുങ്ങാത്ത ചിരിയില്‍ ചിതറേണ്ട/ പാറാവുകാരെ പുതപ്പിക്കുവാനെന്റെ/പൂഴി പുരണ്ട തവിട്ടുചര്‍മ്മം തരാം.- (ഉടമ്പടി). ഭാഷാപോഷിണിയില്‍ (ഒക്‌ടോ.ലക്കം) കെ. വി. ബേബി എഴുതുന്നു:പീഠം കയറിയോന്‍/ പീഠം ഇറങ്ങിയോന്‍/ പിന്നെയും തന്റെ തന്‍ കാലടിയില്‍/ അടിവച്ചു കേറിയോന്‍- (തിരസ്‌ക്കാരം). കയറ്റിറക്കങ്ങളുടെ ബോധനശാസ്‌ത്രമാണ്‌ ബേബി ഓര്‍മ്മിക്കുന്നത്‌. വര്‍ത്തമാനം ആഴ്‌ചപ്പതിപ്പില്‍ രമേശന്‍ വില്യാപ്പള്ളി വേനല്‍ കവിതകളില്‍ (ഒക്‌ടോ.18) എഴുതി:പൊരിവെയിലല്ലേ/ എന്റെ ചോറ്‌/ വേവുന്നത്‌-( തൊഴിലാളി). നനഞ്ഞ മണ്ണില്‍/ വെയില്‍ വരച്ച/ വൃത്തം - (സ്‌നേഹം). മനുഷ്യന്റെ രണ്ടു പട്ടിണികളാണ്‌ അന്നവും രതിയും. രമേശന്‍ എഴുത്തിന്റെ അന്തര്‍ധാരയിലൂടെ തുഴഞ്ഞെത്തുന്നതും ജൈവസത്തയുടെ അടിസ്ഥാനതലത്തിലാണ്‌. തൊഴിലാളി ചോറായി വേവുന്നു. നനഞ്ഞ മണ്ണ്‌ സ്‌നേഹവൃത്തമായിത്തീരുന്നു. കെ. ടി. സൂപ്പിയുടെ കവിതയില്‍ നിന്നും: അന്തിമവിധികാത്ത്‌/ നിമിഷങ്ങളെണ്ണുന്ന/ കാന്തദര്‍ശിയായ കവി/ മണ്ണില്‍ കമിഴ്‌ന്ന്‌ കിടന്ന്‌/ ഭൂമിക്ക്‌/ വീണ്ടും വീണ്ടും/ ചുംബനം കൊടുത്തുകൊഴഞ്ഞിരുന്നു- (വിധി- വര്‍ത്തമാനം). പ്രകൃതിയുടെ ഊഷ്‌മളതയിലേക്കാണ്‌ കെ. ടി. സൂപ്പിയുടെ വരികള്‍ നമ്മെ നടത്തിക്കുന്നത്‌. ആത്മസത്ത സ്വയം വെളിപ്പെടുന്ന കണ്ണാടിയാണെന്ന്‌ കവി അനുഭവപ്പെടുത്തുന്നു. അജയന്‍ കാരാടിയുടെ കവിതയില്‍ നിന്നും: അന്നവന്‍ വന്നു/ കത്തുകളും കമ്പികളുമായി/ പിന്നെയവന്‍ വന്നു/ ഓര്‍മ്മകളുടെ/ ഓര്‍മ്മപുതുക്കാന്‍/ ഇപ്പോളവന്‍/ വന്നതെന്തിനാണ്‌- (തപാല്‍ക്കാരന്‍-വര്‍ത്തമാനം, ഒക്‌ടോ.18) എല്ലാ പുതുക്കലുകളും ഭാരമായി മാറുന്ന കാലത്തിന്റെ ചിത്രമാണിത്‌. പ്രവാസചന്ദ്രികയില്‍ ടി. പി. അനില്‍കുമാര്‍ ഓര്‍ത്തെടുക്കുന്ന ചിത്രമിങ്ങനെ: കുട്ടമോനെ/ നമ്മുടെ പടിഞ്ഞാറേ പ്ലാവിന്തയ്യില്‍/ കടിഞ്ഞൂല്‍ ചക്കയ്‌ക്ക്‌/ മുള്ളൊക്കെ പരന്നു/ മഴച്ചക്കയ്‌ക്ക്‌/ മധുരമുണ്ടാവില്ലെങ്കിലും- (ഓണം). അനില്‍ കുമാര്‍ മറ്റൊരു കവിതയില്‍ പറയുന്നു: വിഷു വരുന്നു/ ഉപയോഗിക്കാനാളില്ലാതെ/വീട്ടില്‍ നിന്ന്‌ പുറപ്പെട്ടുപോയ/ ചിരട്ടക്കയിലും മണ്‍പാത്രങ്ങളും/ തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍/ വെറുതെ എന്തിനാ കുഞ്ഞേ/ ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ/ എരിയും വെയിലത്ത്‌/ കയിലും കുത്തി നടക്കണ്‌! (കയിലുകുത്ത്‌, മാധ്യമം നവം.2). സുരക്ഷിതത്വത്തെ സംബന്ധിച്ച്‌ ഒരു മറുവായന നടത്താന്‍ അനില്‍കുമാര്‍ ചില ചോദ്യമുനകള്‍ അടയാളപ്പെടുത്തുന്നു. ഇന്ന്‌ മാസികയില്‍ (ഒക്‌ടോ.ലക്കം) സി. എം. രാമചന്ദ്രന്‍: ഒന്നാമത്തെ തിര വന്നെന്റെ/ വലതുകാലില്‍ തൊട്ടു/ ഞാനവളോടു പറഞ്ഞത്‌ മലയാളം./ കേട്ടില്ല. തനിയെ തിരിച്ചുപോയി./ രണ്ടാമത്തെ തിര വന്നെന്റെ ഇടതുകാലില്‍ തൊട്ടു/ ഞാനവളോടു പറഞ്ഞത്‌ മലയാലം./വരൂ, നമുക്കൊന്നിച്ച്‌ ഇതേ കടലില്‍/ മുങ്ങിച്ചാകാം- അവള്‍ പറഞ്ഞു- (തിരകള്‍). ഭാഷയുടെ പിടഞ്ഞുമരണത്തിലേക്കാണ്‌ രാമചന്ദ്രന്‍ പേന നീട്ടിപ്പിടിക്കുന്നത്‌. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ സുബൈദ എഴുതി: ഈ ജീവിതം/ കബളിപ്പിക്കപ്പെടുന്ന/ വിഭവമല്ലാതെ/ മറ്റെന്താണ്‌.- (വാതില്‍, ഒക്‌ടോ.25). ജീവിതം വിശദീകരിക്കാനുള്ള സുബൈദയുടെ കഠിനയത്‌നം വരികളിലും തടഞ്ഞുനില്‍ക്കുന്നു. കവിതാ പുസ്‌തകം: പുതുകവിതയുടെ അടയാളപ്പെടുത്തലാണ്‌ പി. ആര്‍. രതീഷിന്റെ കവിത. ആഢംബരത്തിന്റെയും ഉറപ്പിച്ചുനിര്‍ത്തലിന്റെയും പിന്‍ബലമില്ലാത്തവരുടെ നിരയിലാണ്‌ ഈ എഴുത്തുകാരന്‍ തന്റെ കവിതകളെ ചേര്‍ത്തുനിര്‍ത്തുന്നത്‌. ഊതിക്കെടുത്തലുകളും മാറ്റിവയ്‌ക്കലുകളും അതിജീവിക്കുന്ന രതീഷ്‌ തന്റെ ആദ്യകവിതാ സമാഹാരത്തിന്‌ നട്ടുച്ചയുടെ വിലാസം എന്നാണ്‌ പേരിട്ടു വിളിക്കുന്നത്‌. മലയാളത്തില്‍ അക്കാദമിക്‌ പാരമ്പര്യത്തില്‍ പിറക്കാത്ത ഒരു പുതുകവിക്ക്‌ തന്നെയും തന്റെ രചനകളെയും വിശേഷിപ്പിക്കാവുന്ന തീക്ഷ്‌ണമായ പ്രയോഗം. പുതുകവിതയോടുള്ള എല്ലാവിധ ദഹനക്കേടുകളും ചികിത്സിച്ച്‌ മാറ്റാനുള്ള യുവത്വത്തിന്റെ പടയൊരുക്കവും തന്റേടവും രതീഷിന്റെ കവിത വായനക്കാര്‍ക്ക്‌ ബോധ്യപ്പെടുത്തുന്നു. കവിതയിലൊരിടത്ത്‌ രതീഷ്‌ എഴുതി: ഓര്‍മ്മയുടെ ചോരകൊണ്ടു ഞാനെഴുതിക്കൊണ്ടേയിരിക്കും/ എന്റെ വഴി എന്റേതാകും വരെ- (ചോക്ക്‌).നടന്നുതീര്‍ക്കുന്ന പാതകളിലെ കാരമുള്ളുകള്‍ നെഞ്ചോടു ഉരസിക്കൊണ്ടുള്ള യാത്രയിലും കവി സ്വയം വ്യാഖ്യാനിക്കുന്നു:/ ഉന്മാദത്തിന്റെ രക്തം കൊണ്ടെഴുതിയ/ എന്റെ തലവര- (തലവര എന്ന കവിത). തലവര മാറ്റിവരക്കാന്‍ കഴിയുമെന്ന്‌ കരുതുന്നില്ല. ജന്മം വരച്ച വരയുമായി ഏതു അഗ്നിയിലൂടെയും നടക്കാന്‍ തയ്യാറെടുക്കുന്ന മനസ്സിനെ താളവും താളഭംഗവും, വൃത്തവും അലങ്കാരവും സ്‌പര്‍ശിക്കുന്നില്ല. തന്റെ പാളം തെറ്റിപ്പോകുന്നു എന്നറിയുമ്പോഴും രക്തം നിലയ്‌ക്കാത്ത കവിത പിറക്കുന്നുണ്ടെന്ന തിരിച്ചറിവാണ്‌ പി. ആര്‍. രതീഷിന്റെ വരികളുടെ കരുത്ത്‌. എഴുത്തിന്റെ ലോകത്തിലൂടെ ചോര്‍ന്നൊലിക്കുന്നവന്റെ ചോദ്യങ്ങള്‍ ഉന്നയിച്ച്‌ ഈ കവി നമുക്ക്‌ മുന്നിലുണ്ട്‌. നട്ടുച്ചയുടെ വിലാസം നിവര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ. മഞ്ഞുകാലത്തിലും പൊള്ളിനില്‍ക്കുന്ന ജീവിതവുമായി. അവതാരിക പവിത്രന്‍ തീക്കുനി. പഠനം സുനില്‍ സി. ഇ. ഓരോ വായനയിലും ഹൃദയത്തിലേക്ക്‌ ഇരച്ചുകയറുന്ന കവിതകള്‍.- (പായല്‍ ബുക്‌സ്‌, 50 രൂപ). ബ്ലോഗ്‌കവിത: എഴുത്തിന്റെയും വായനയുടെയും മാറ്റത്തിന്റെ തിളക്കമാണ്‌ ഒട്ടുമിക്ക ബ്ലോഗുകളും നല്‍കുന്ന പാഠം. അവയോടൊപ്പം ഭാഷയുടെ ആസന്ന മൃതിയും നിഴലിക്കുന്നുണ്ട്‌. ബൂലോക കവിതാ ബ്ലോഗില്‍ കുഴൂര്‍ വിത്സന്‍ മരത്തിന്റെ ആത്മഗതം എഴുതുന്നു:എത്രകാലമായി/ ഇങ്ങനെ ഒരേ നില്‌പ്‌നില്‍ക്കുന്നു/ എന്ന്‌ സങ്കടം തോന്നിയിട്ടാണ്‌/ പുറകോട്ടാണെങ്കിലും/ നിങ്ങളെ ഇങ്ങനെ/ ഓടിക്കുന്നത്‌- (മരങ്ങള്‍; ജീവിതത്തില്‍ കവിതയില്‍). പാഠഭേദം ബ്ലോഗില്‍ ഏ. ആര്‍. നജീം എഴുതി: എന്നും എന്റെ മനസ്സില്‍/ സ്‌നേഹമഷി ഒരു തുള്ളിയെങ്കിലും/ ബാക്കിയുണ്ടാവുമോ?ആവോ.. - എളുപ്പം ആറിപ്പോകുന്ന സ്‌നേഹത്തെക്കുറിച്ചാണ്‌ എഴുത്തുകാരന്‍ ആലോചിക്കുന്നത്‌. പുതുകവിതാബ്ലോഗില്‍ എസ്‌. കലേഷിന്റെ കവിതയില്‍ നിന്നും:കൈവഴികളിലൂടെ/ അകലെ കടലില്‍ചെന്നു പറഞ്ഞ്‌,/ തെല്ലകലെ പറ്റിക്കിടക്കും/ മേഘത്തെക്കൊണ്ട്‌/ സൂര്യനോട്‌ പറയിപ്പിച്ച്‌,/ ഒരു മഴകൊണ്ടെന്നെ എഴുന്നേല്‌പിച്ചുവിടുമെന്ന്‌/ അറിഞ്ഞിരുന്നില്ല- (ഒരു മഴകൊണ്ടെന്നെ). മറുമൊഴിയുടെ സൗന്ദര്യമാണ്‌ കലേഷിന്റെ വരികളുടെ മേന്മ. വാക്കിന്റെ രസനാളിയിലൂടെ ഈ എഴുത്തുകാരന്‍ നമ്മെ ദൂരത്തിലേക്ക്‌ കൂടെനടത്തിക്കുന്നു. ചിന്താ ബ്ലോഗില്‍ ശ്രീധരന്‍ ചെറുവണ്ണൂര്‍ വീണപൂവിനെ അനുസ്‌മരിക്കുന്നു: പൂവേ നീ കവിക്കെന്നും റാണിയാണ്‌/ വാസം അധികതുംഗപദത്തിലുമാണ്‌/ പക്ഷേ, എനിക്കോ/ മരണത്തിന്റെ ഒരു പൊട്ടുമാത്രം.-(ഒറ്റ). വീണപൂവിനെ കുറിച്ചുള്ള പരിദേവനം മനസ്സില്‍ പരിയാതെ പോകുന്നു. കാമ്പസ്‌ കവിത: കാമ്പസില്‍ കവിതയുടെ തളിര്‍പ്പുകള്‍ ശക്തമാകുന്നു. തളിര്‍പ്പില്‍ വിഷാദത്തിനാണ്‌ മുന്‍തൂക്കം എന്നതും ശ്രദ്ധേയം. കവിത ഗദ്യത്തിന്റെയും പദ്യത്തിന്റെയും അതിര്‍വരമ്പുകള്‍ അതിവര്‍ത്തിക്കുന്നു. പുതിയ കവിത പുതിയ വായനക്കാരോട്‌ സംവദിക്കുമ്പോഴും കവിതയുടേതായ അംശങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്നതും തിരിച്ചറിയേണ്ടതുണ്ട്‌. പാരമ്പര്യകാവ്യ വായനയെ ചൊടിപ്പിച്ചാലും കവിതയുടെ മുഴക്കം കാമ്പസ്‌ കേള്‍പ്പിക്കുന്നു. കാമ്പസ്‌ കവിതകളില്‍ ഷെരീഫ്‌ പെരുമ്പിലാവ്‌: പൂര്‍ണസ്‌നാനം ചെയ്‌ത്‌/ തിരിച്ചുകയറാനറിയാതെ,/ വര്‍ഷങ്ങള്‍/ നിമിഷങ്ങളായകഥ!/ ആ തിരിച്ചറിവിന്റെ പാതകള്‍,/ വെട്ടിപ്പിടിച്ചില്ലെങ്കിലും/ നിന്റെ കലക്കുവെള്ളത്തില്‍വരെ/ ഞാനിന്നു സ്വാര്‍ത്ഥനാണ്‌-(ഒരു പുഴയുടെ കഥ- മാതൃഭൂമി ഒക്‌ടോ.25). ബിനീഷ്‌ പുതുപ്പണത്തിന്റെ കൈതകാട്ടിലെ കവിതയില്‍: കവിതയ്‌ക്കുള്ളില്‍ അവനൊരു/ കൈച്ചെടി നട്ടിട്ടുണ്ടെന്ന്‌/ തിരിഞ്ഞുനോക്കുമ്പോള്‍/ കത്തുന്ന തീക്കുണ്‌ഠത്തില്‍/ അതു പൂത്തുനില്‍ക്കുന്നു- (മാതൃഭൂമി മാഗസിന്‍). വിശപ്പ്‌ എന്ന രചനയില്‍ മുഹമ്മദ്‌ ഇര്‍ഫാന്‍, മലപ്പുറം: കള്ളന്റെ പുറത്തറവര്‍ ഉത്സവം നടത്തുന്നു/ വെടിക്കെട്ടുകള്‍ ഠോ ഠോ കഴിക്കുന്നു/ എങ്കിലും വിശപ്പിന്റെ ക്രൂരമാം വേദന/ ഇല്ലായിരുന്നു ഈ ഉത്സവങ്ങള്‍ക്കൊന്നും- (മാതൃഭൂമി മാഗസിന്‍). ഈ എഴുത്തുകാര്‍ വാക്കുകള്‍ വിന്യസിക്കുമ്പോള്‍ അല്‌പംകൂടി സൂക്ഷ്‌മത പുലര്‍ത്തിയിരുന്നെങ്കില്‍ കവിതയുടെ സമഗ്രതയ്‌ക്ക്‌ ഭംഗിയും അര്‍ത്ഥസാന്ദ്രതയും വര്‍ദ്ധിക്കുമായിരുന്നു. നിത്യ ചൈതന്യ യതിയുടെ വാക്കുകള്‍: സാധാരണ നമ്മുടെ കാഴ്‌ചയെ ഹഠാദാകര്‍ഷിക്കുന്ന രൂപഭംഗിയേയും വര്‍ണഭംഗിയേയുമാണ്‌ നാം സൗന്ദര്യമായി കാണുന്നതെങ്കിലും കവി കാണുന്ന സൗന്ദര്യം പലപ്പോഴും സൂക്ഷ്‌മമാണ്‌.- (ഉള്ളില്‍ കിന്നാരം പറയുന്നവര്‍).-നിബ്ബ്‌, ചന്ദ്രിക 1-11-2009

3 അഭിപ്രായങ്ങൾ:

സൂപ്പര്‍ ബ്ലോഗര്‍ പറഞ്ഞു...

എന്തുകൊണ്ടാണ് താങ്കളുടെ ഈ നിരൂപണപംക്തി ആളുകള്‍ വായിക്കാതെ പോകുന്നതെന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?(ചിലപ്പോള്‍ വായിക്കുന്നുണ്ടാവാം,പ്രതികരിക്കാഞ്ഞിട്ടാവാം.)

താങ്കളുടെ മിക്ക ലേഖനങ്ങളിലും കവിതകളും അത് എഴുതിയ ആളുടെ പേരും പരാമര്‍ശിക്കുന്നതിലപ്പുറം ഒന്നും എഴുതുന്നില്ല.താങ്കള്‍ എല്ലാ കവിതകളും വായിച്ചു എന്നറിഞ്ഞിട്ട് വായനക്കാരന് എന്തു ഗുണമാണ്?

ബ്ലോഗ് കവിതകളെ പറ്റി താങ്കള്‍ കാര്യമായൊന്നും എഴുതുന്നില്ല.ബ്ലോഗില്‍ വെള്ളെഴുത്തും വിശാഖ് ശങ്കറുമൊക്കെ എഴുതിയ പഠനങ്ങള്‍ കിടപ്പുണ്ട്.അതെങ്കിലും താങ്കളൊന്ന് വായിച്ചു നോക്കുമോ?

താങ്കളുടെ ഈ അനുഷ്ഠാനം പരമ ബോറാണ്... :)

Mahesh Palode പറഞ്ഞു...

ഇങ്ങനെയുളള വിലയിരുത്തലുകള്‍(?) ദയവായി ബൂലോകകവിതയില്‍ പ്രസിദ്ധീകരിക്കാതിരിക്കുക

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

സൂപ്പര്‍ ബ്ലോഗറുടെയും കിച്ചുവിന്റെയും കമന്റുകള്‍ വായിച്ചു. ഈ ലേഖനം ബ്ലോഗുകളെ മാത്രം അടിസ്ഥാനമാക്കുന്ന ശക്തമായ നിരൂപണമല്ല എന്ന്‌ അത്‌ വായിച്ചാല്‍ സാമാന്യബോധത്തില്‍ വ്യക്തമാകേണ്ടതാണ്‌. ഒരു ആഴ്‌ച മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന നല്ലതും അല്ലാത്തതുമായ കവിത അല്ലെങ്കില്‍ കഥകളെ സാമാന്യമായി പരിചയപ്പെടുത്തുന്ന പംക്തിയാണ്‌. അത്‌ പത്രത്തില്‍ ചെയ്യുന്നതുമാണ്‌. പത്രവായനക്കാരന്‌ ഗവേഷണത്തില്‍ താല്‍പര്യമുണ്ടാകണമെന്നില്ല. അയാള്‍ക്ക്‌ വേണമെങ്കില്‍ അതും ആവാം. അതിലേക്കുള്ള സൂചനമാത്രമാണ്‌ നിബ്ബ്‌ ചെയ്യുന്നത്‌. താങ്കളെ പോലുള്ള ഗൗരവ വായനക്കാര്‍ നിബ്ബ്‌ കാണുന്നില്ലെങ്കിലും അഥവാ ശ്രദ്ധിക്കുന്നില്ലെങ്കിലും ദിവസേന കിട്ടുന്ന പ്രതികൂലവും അനുകൂലവുമായ അഭിപ്രായങ്ങള്‍ അതിന്റെ ഇടം വ്യക്തമാക്കുന്നുണ്ട്‌ . അതുകൊണ്ടാണ്‌ തുടരുന്നതും. നിബ്ബ്‌ ബൂലോകകവിതയില്‍ മാത്രം ചെയ്യുന്നതല്ല, അനുബന്ധമായി മറ്റുപല ലിങ്കിലും കാണാം. പിന്നെ ബ്ലോഗിലെഴുതുന്നതെല്ലാം ഗഹനമാണെന്നോ, പരമബോറാണെന്നോ കരുതുന്നില്ല. ബ്ലോഗ്‌ അതിന്റെ ദൗത്യം നിര്‍വ്വഹിക്കുന്നു. ഏതു രീതിയിലും വായനയിലും എഴുത്തിലും ചെറിയ ഇടപെടല്‍ മാത്രം. ഗൗരവവായനയ്‌ക്ക്‌ വേറെയും പംക്തികളും ഗവേഷണങ്ങളുമുണ്ടല്ലോ. താങ്കളെപ്പോലുളളവര്‍ക്ക്‌ അവയുടെ വഴി ധാരാളം. അല്ലാത്തവര്‍ക്ക്‌ പാണ്‌ഡിത്യം കിട്ടിയില്ലെങ്കിലും ആരെയെങ്കിലും വായിക്കണമെന്ന്‌ തോന്നിയാല്‍ ഈ ആഴ്‌ച ഏതിലൊക്കെ ഉണ്ട്‌ എന്ന്‌ തിരിച്ചറിയാന്‍ നിബ്ബും സഹായകമാകുമെന്നു കരുതുന്നു. താങ്കളെപ്പോലുള്ളവരുടെ ഗൗരവ നിരീക്ഷണത്തിന്‌ നന്ദി.