അന്ന്കൊച്ചിയിലെ 
തെരുവുകൾ 
ഇത്ര വിടർന്നത് 
എങ്ങനെന്നറിയില്ല 
ബസ്സ്സ്റ്റാന്റിനു മുന്നിൽ 
തട്ടുകടകൾ 
അപ്പുറം കാണാത്ത 
കടലുപോലെന്ന് അവൾ 
ഓരോ വണ്ടിപ്പുറത്തും 
എത്ര മീനുകൾ 
എല്ലാം 
ഒരൊറ്റ നിയോൺ വെളിച്ചത്തിൽ 
മൊരിഞ്ഞു കിടക്കുന്നു 
കടപ്പുറത്ത്ന്ന് 
ഷൂസിൽ കയറിയ മണ്ണ് 
കരകര എന്ന് 
കാലിനെ വേദനിപ്പിക്കുന്നുണ്ട് 
ഹൈഹീൽഡ് 
ഇടക്കൊന്നു തെന്നുമ്പോൾ 
അവൾ 
എന്റെ കൈയിൽ 
അമർത്തിപിടിക്കും 
നിയോൺ സ്പോട്ടിൽ 
ഒരു നൃത്തം പോലെ 
കോട്ടയത്തേക്കുള്ള 
ബസ്സ് വരും 
അതിൽ അവളു കേറിയാൽ 
പിന്നീടുവരുന്ന 
തിരുവനന്തപുരം ബസ്സിൽ 
ഞാൻ നാട്ടിലേക്ക് 
പടച്ചവന്റെ ആകാശത്തിനു കീഴെ 
കറുത്തുപായുന്ന റോഡിൽ 
കുലുങ്ങിതെറിച്ച് 
ഉറക്കത്തിലും ഉണർച്ചയിലും 
ഒന്നിലും 
ഞാനറിഞ്ഞില്ലല്ലോ 
നിന്റെയുള്ളിൽ 
ഉരുകിമറിഞ്ഞ ഒരു കടൽ 
എന്റെ ചുണ്ടുകൾ 
കപ്പലുപോലെ നിന്റെ വയറ്റത്ത് 
നങ്കൂരമിട്ടപ്പോൾ 
ഉൾക്കലിൽ തിളങ്ങിമറിയുന്ന 
മീങ്കൂട്ടങ്ങളുടെ പിടച്ചിലുണ്ടായിരുന്നോ 
അന്ന് തെരുവുകൾ 
ഇത്ര വേഗം ഉറക്കമായോ 
അകൽച്ചയുടെ വേഗം 
അവയെ കണ്ണുകെട്ടിയോ 
ഓറഞ്ചു വെളിച്ചത്തിൽ 
മൊരിഞ്ഞു കിടക്കുന്ന 
മീനുകളേ 
നക്ഷത്രങ്ങൾ 
എഴുന്നേറ്റുപോയ 
ആ നിമിഷത്തിലെങ്ങാൻ 
നിങ്ങൾ കണ്ടിരുന്നോ 
എനിക്കു പിറകിൽ 
പരന്നു പടർന്ന 
ഒരു കറുത്ത ആകാശം
 
 
 
4 അഭിപ്രായങ്ങൾ:
കൊച്ചി പഴേ കൊച്ചിയല്ല .. പക്ഷെ........
ഇഷ്ടപ്പെട്ടു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ