തെരുവ്
ഏറ് കൊണ്ട് പഴുപ്പൊലിപ്പിച്ച
നായയെപ്പോലെ..
ഈച്ചയാര്‍ക്കുമ്പോഴും
മഴ നക്കിവലിച്ച ചുവപ്പന്‍ പതാകയെ
ഊതിയൂതി ഉണക്കി ,
ഞെരിച്ചുപൊട്ടിച്ച
കപ്പലണ്ടിത്തോടുകളിലെ
കറുത്ത വിരല്‍ പതിഞ്ഞ വിപ്ലവ മണികള്‍
ഒന്നൊഴിയാതെ പെറുക്കിക്കളഞ്ഞ്
ആശ്വാസം കൊള്ളും.
വെള്ളം തുടിയ്ക്കാത്ത
പഞ്ചായത്ത് പൈപ്പിഞ്ചോട്ടില്‍
സരസയും,ഭാര്‍ഗ്ഗവിയും
കൂനു വിഴുങ്ങിയ നാണിത്തള്ളയുമൊക്കെ
വിപ്ലവമാലകള്‍
ഉടുമുണ്ടുപൊക്കി സ്വീകരിക്കുമ്പോള്‍
കോളനിയുടെ അടുക്കളപ്പുറങ്ങളിലെ
മീന്‍ മണം കൊതിക്കുന്ന കറിച്ചട്ടികള്‍
മറിച്ചു വീഴ്ത്തിപ്പൊട്ടിച്ച് വാശി തീര്‍ക്കും
പുറമ്പോക്കിലെ
ദളിതക്കൂട്ടായ്മകളിലെ
ഒച്ചയടച്ച ശബ്ദങ്ങളെ വിഴുങ്ങാന്‍
വന്‍ കുഴികളുണ്ടാക്കും..
സൌഹൃദതാളത്തില്‍ ചെണ്ടകൊട്ടി
വാറ്റിന്‍ ലഹരിയുടെ
കവിത വാര്‍ന്ന ഈണത്തില്‍
താടി വളര്‍ന്നചിന്തകളുടെ കഴുത്തൊടിപ്പിക്കും
രാവു കനക്കുമ്പോള്‍
കൂരകള്‍ കഞ്ഞിക്കലങ്ങള്‍ ചുരണ്ടിക്കോരുന്ന
ഉന്മാദതാളത്തില്‍
തെരുവു നായ്ക്കള്‍ക്കൊപ്പം
പകലു കാട്ടിതന്ന ഇറച്ചിക്കഷ്ണങ്ങളില്‍
തല പൂഴ്ത്തും
നിലവിളികളെകടിച്ചു കുടഞ്ഞ്
വലിച്ചു കീറി…
3 അഭിപ്രായങ്ങൾ:
ചുവന്ന കൊടികള്‍ കാല ക്രമേണ കറുക്കുന്നതു കണ്ടു കൊണ്ടിരിക്കുകയല്ലേ.....
മറിച്ചു വീഴ്ത്തിപ്പൊട്ടിച്ച് വാശി തീര്‍ക്കും ...!
Manoharam, Ashamsakal...!!!
കാലത്തിന്റെ അനിവാര്യതയെ
കടലാസില്‍ കുറിച്ചിടെണ്ടത്
ഇങ്ങിനെത്തന്നെയാണ്....
ആശംസകള്‍ ......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ