19/9/09

കൃത്യമായ അകലത്തില്‍ നട്ട റബ്ബര്‍ മരങ്ങള്‍

മൊട്ടിട്ടു കൂമ്പിയ കുഞ്ഞു മാറിടം
പുസ്തക്കെട്ടാല്‍ മറച്ച്,
മുന്നോട്ടല്പം കുനിഞ്ഞ്
എന്തിനെന്നറിയാത്ത പരിഭ്രമത്തില്‍,
കൂടരഞ്ഞി മുറിച്ച്
മുക്കത്തെക്കു പായും അവളെന്നും,
എന്റെ പാവം ഇലവഞ്ഞിപ്പുഴ.

റബ്ബര്‍ മണമുള്ള അങ്ങാടി വിട്ട്,
അതിര്‍ത്തിത്തര്‍ക്കങ്ങളും
അമേരിയ്ക്കന്‍ സ്വപ്നങ്ങളും വിട്ട്,
പുസ്തകങ്ങളൊന്നുമില്ലാത്ത വായനശാലയും,
സണ്‍ഡെ സ്കൂളും സന്മാര്‍ഗ്ഗ പാഠവും
ധ്യാനകേന്ദ്രവും മിഷന്‍ ആശുപത്രിയും വിട്ട്,
കാരശേരി വളവു തിരിഞ്ഞാല്‍..ഹാ,ഒരുവേള,
നീണ്ടീടം പെട്ട മാന്‍മിഴികളില്‍ പ്രേമം കിനിച്ച്
അവള്‍ അലസഗാമിനിയാകും.
അവിടെയെവിടെയോ ആയിരുന്നത്രേ,
ഒരുള്‍നാടന്‍ പ്രേമത്തില്‍ കരള്‍ കുരുങ്ങി,
എസ് കെ നിരന്തരം വന്നുപോയിരൂന്നത്.

തന്നെ അടിമുടി കുടിച്ച് വറ്റിച്ച
ആദ്യപ്രേമത്തിന്റെ ഉള്‍ച്ചൂടിലാവണം
മുക്കം കടന്ന് മാവൂരെത്തുമ്പോ
ള്‍കണ്ണീര്‍ കവിള്‍ചാലു പോലൊരു
നാട്ടു കൈത്തോടായി മാറുമിവള്‍
‍പ്രണയം വിട്ടുണര്‍ന്ന് കണ്മിഴിച്ച്
എന്റെ പാവം ഇലവഞ്ഞിപ്പുഴ.

നാലു പേരറിഞ്ഞ്
നാട്ടാരെ വിളിച്ചിലവെച്ച്
ഈന്തിലത്തോരണപ്പന്തലിട്ട്
ചാലിയാറിന്‍ കൈപിടിച്ച്,
പെണ്ണൊരിക്കല്‍ പടിയിറങ്ങി,
അന്നായിരം കാന്താരി പൂത്തിറങ്ങി.

കണ്ടുവോ പിന്നെയെന്നെങ്കിലും......അതോ,
ഇനി കാണേണ്ടൊരിയ്ക്കലുമെന്നു തോന്നിയോ
ഒന്ന് കണ്ടിരുന്നെങ്കിലെന്ന് കൊതിച്ചുവോ,
ഒക്കെ മറന്നുവെന്ന് നടിച്ചുവോ....അറിയില്ല.
നാളുകളെത്ര,നാടുകളെത്ര,
നാഴിയുരിയരി തേടിയലഞ്ഞ കാതങ്ങള്‍....!

കണ്ടുവിന്നലെയെത്രയോ നാളൂകള്‍ക്ക്ശേഷം പിന്നെ,
കിതച്ചും ചുമച്ചും മെലിഞ്ഞുണങ്ങിയും
കണ്ടതേ വന്നു കൈപിടിച്ചു,കണ്‍നിറഞ്ഞു.
എന്തിവിടെയെന്നൊരു ചോദ്യത്താല്‍ കണ്‍ നനഞ്ഞു.
ഒട്ടുമേ വയ്യ,ആശുപത്രിയിലേക്കാണെന്ന് പതം പറഞ്ഞു,
എന്റെ പാവം ഇലവഞ്ഞിപ്പുഴ.

ഓര്‍‍ത്തെടുക്കാനെങ്കിലും ഒരു കവിയോ,
ഓര്‍മ്മകളാല്‍ ഭ്രാന്തനാക്കപ്പെട്ട ഒരു കാമുകനോ,
വഴിതെറ്റിയോ സ്വയം തെറ്റിച്ചോ
നടന്നു മറഞ്ഞൊരു ഏകാകിയോ,
നൃത്തം ചെയ്യുന്ന പെണ്‍കിടാങ്ങളോ,
കവിത ചൊല്ലുന്നൊരു കൗമാരമോ
കാവുകളോ,തെയ്യങ്ങളോ,
ശില്പികളോ,ശിലലിഖിതങ്ങളോ
അന്‍പത് വര്‍ഷങ്ങള്‍ക്കപ്പുറം
എഴുതപ്പെട്ട മനുഷ്യ ചരിതമോ ഇല്ലാത്ത ,
കൃത്യമായ അകലത്തില്‍ റബ്ബര്‍ നട്ട്,
കൃത്യമായ അളവില്‍ വളമിട്ട്,
ദിനേന കൃത്യമായി പാലൂറ്റി അങ്ങാടിയില്‍ വിറ്റ്,
വൈകുന്നേരം കൃത്യമായി രണ്ടെണ്ണം വിട്ട്,
വീട്ടിലെത്തി കപ്പയും ഒണക്കമത്തിയും കഴിച്ച് ഏമ്പക്കം വിട്ട് ,
കൃത്യമായി കിടന്നുറങ്ങി അന്നും,
കൂടരഞ്ഞിയെന്ന എന്റെ കുടിയേറ്റ ഗ്രാമം.
Posted by ഹാരിസ് at 1:04 AM 0 comments Links to this post
19 May 2009

അഭിപ്രായങ്ങളൊന്നുമില്ല: