വീഡിയോ ലൈബ്രറിയില്‍ നിന്ന് എപ്പോഴും അടുപൊളിപ്പടങ്ങളുടെ കാസറ്റുകള്‍ മാത്രമെടുത്തു കണ്ടിരുന്ന മകളെ ഞാന്‍ ഉപദേശിച്ചു. മോളേ ആലചാര്യാല് ചാണകമേ മണക്കൂ; ചന്ദനം മണക്കണമെങ്കില്‍ ചന്ദനം തന്നെ ചാരണം. അപ്പോള്‍ അവള്‍ എന്നോടു ചോദിച്ചു: ആലയുടെ തൂണ് ചന്ദനം കൊണ്ടാണെങ്കിലോ ഉപ്പാവാ?അതിനു ശേഷം ഞാനവളെ ഉപദേശിക്കാറില്ല- ഇത് അക്‌ബര്‍ കക്കട്ടിലിന്റെ ഉപദേശം എന്ന കഥ. കഥാകാരന്റെ ഭാഷയില്‍ തോക്കില്‍ക്കയറി വെടിപൊട്ടിക്കുന്ന തലമുറ. ഏതാണ്ടിതുപോലെയാണ് മലയാളത്തിലെ ഒട്ടുമിക്ക പുതുകവികളും. ആത്മബോധം കൈവെടിഞ്ഞ് എഴുത്തിന്റെ കാര്‍ക്കശ്യം വിസ്‌മരിക്കുന്നു.
നൂറുകവിതകള്‍ മുതല്‍ പുരീഷ കവിത വരെ കുത്തിനിറച്ചുകൊണ്ടാണ് കഴിഞ്ഞവാരം കാവ്യവണ്ടി മാര്‍ക്കറ്റിലെത്തിയത്. മാതൃഭൂമി ടി. പി. രാജീവനെക്കൊണ്ട് നൂറുകവിതയാണ് എഴുതിച്ചത് (മാതൃഭൂമി ഓണപ്പതിപ്പ്). മാതൃഭൂമി ആരോഗ്യമാസികയുടെ പഴയ ലക്കങ്ങള്‍ പരിശോധിച്ചാല്‍ ഡോ. കെ. ആര്‍. രാമന്‍ നമ്പൂതിരിയുടെ നൂറ്റൊന്ന് ഒറ്റമൂലികള്‍ വിവരണം ഉണ്ടാകുമായിരുന്നു. നമ്മുടെ ഓരോ കവിയും ഒരു രചനവീതം നടത്തി വായനക്കാരെ ശ്വാസം മുട്ടിക്കുമ്പോഴാണ് ടി. പി. രാജീവനും പത്രാധിപരും ഇരകള്‍ക്ക് നേരെ ഏകപക്ഷീയമായ ഭീകരാക്രമണം നടത്തിയത്. ഇറാഖില്‍ അമേരിക്കപോലും ഇത്രയും ക്രുരമായ അവകാശലംഘനം നടത്തിയിട്ടില്ല. പാലേരിയില്‍പോലും ഇവ്വിധം പീഡനം നടന്നിട്ടില്ലെന്നാണ് കേള്‍വി (പാലേരിമാണിക്യത്തില്‍ രഞ്‌ജിത്ത് എന്തൊക്കെ കാണിക്കുമെന്ന് കാത്തിരുന്നു കാണാം). ഞാന്‍ സഞ്ചരിക്കുന്ന കുതിരവണ്ടി മുതല്‍ ഞാനൊരു ദൈവമായിരുന്നെങ്കില്‍ വരെയാണ് രാജീവന്റെ നൂറുതിരുവോല. ഒടുവില്‍ എഴുത്തുകാരന്‍ സമാധാനം കൊള്ളുന്നതിങ്ങനെ: എല്ലാ ചുമതലകളും/ ആ ദൈവത്തെ ഏല്‌പിച്ച്/ നിന്റെ കണ്ണില്‍ മാത്രം/ നോക്കിയിരിക്കും.- പക്ഷേ, അസഹ്യതയുടെ പാരമ്യതയില്‍ കണ്ണുകളില്‍ ജീവനുണ്ടായിരിക്കാനിടയില്ല.
പച്ചക്കുതിര മാസിക വായനക്കാരില്‍ പലപ്പോഴും ആദരവുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും അതില്‍ വരുന്ന വിഭവങ്ങള്‍. ഓഗസ്റ്റ് ലക്കം പച്ചക്കുതിരയുടെ മനോഹരമായ രണ്ടുപേജുകള്‍ അപഹരിച്ചിക്കുന്നു സുകേതു. പുരീഷമെഴുത്തിന് മലയാളകവിതയിലും പുതുമയില്ല. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലും സഹ്യന്റെമകനിലും ഭംഗിയായി കവി അത് നിര്‍വ്വഹിച്ചിട്ടുണ്ട്. സുകേതുവിന്റെ വരികള്‍ കവിതയല്ല. കവിത എന്ന തെറ്റിദ്ധാരണയില്‍ എഴുതിപ്പോയ പാഷാണമാണ്. പച്ചക്കുതിര വില്‍ക്കുന്ന ന്യൂസ്‌സ്റ്റാളുകളുടെ അടുക്കല്‍ ആളുകള്‍ മൂക്കുപൊത്തിയാണ് നടക്കുന്നത്. മലയാളകവിതയില്‍ അടുത്തകാലത്തിറങ്ങിയ ധൂമകേതു പുരീഷ വര്‍ണ്ണനയുടെ രൂപത്തിലാണ് എത്തിയത്. ഹ്രസ്വരൂപത്തില്‍ വര്‍ത്തമാനകാലത്തിനോട് പ്രതികരിക്കാനറിയുന്ന സുകേതുവാണ് എഴുതിയത്. എഴുത്തുകാരന്റെ വകയിലൊരു ഭീഷണിയും- എങ്കില്‍ മറ്റൊരു കഥപറഞ്ഞുതരാം അടുത്തലക്കത്തിലെന്ന്!
എ. അയ്യപ്പന്‍ കുലം എന്ന രചനയില്‍ എഴുതി: മറയ്‌ക്കരുത് മക്കളേ/ മഷി വീണു പടര്‍ന്ന ഭൂപടം/ ഞാന്‍/ ദാഹത്തിന്/ അരുചി/ ഉപ്പുവറ്റിയ/ ഉടല്‍-(മലയാളംവാരിക ഓണപ്പതിപ്പ്). വിജയലക്ഷ്‌മിയുടെ അലക്ക് എന്ന കവിതയില്‍ നിന്ന്: വസ്‌ത്രങ്ങളോടു സംസാരിപ്പൂ ഞാന്‍/ വെയിലുച്ചമായെന്ന് കഴുകിയുണങ്ങുവാന്‍/ ഇത്തരിനേരെമേയുള്ളെന്ന് കാറ്റിന്റെ/ കൊച്ചു വിരല്‍ത്തുമ്പു യാത്രയാവുന്നെന്ന്/ മുറ്റത്തു വീഴുന്നിതാ നിഴല്‍പ്പാടെന്ന്-(കലാകൗമുദി, സപ്‌തംബര്‍6). മലയാളത്തില്‍ വീണ്ടും കവിതയുടെ തളിര്‍പ്പാണ് ഈ രചനകള്‍.വീരാന്‍കുട്ടി എഴുതുന്നു: മേഘങ്ങള്‍/ മലകളായി രൂപം മാറി/ അവള്‍ക്ക് മുന്നിലൂടെ/ ഒഴുകി നീങ്ങും/ നദിയെപ്പറ്റി- (രണ്ടുകവിതകള്‍, മാധ്യമം ഓണപ്പതിപ്പ്). ഒ. വി. ഉഷ അദൃശ്യത്തില്‍ പറയുന്നു: വെട്ടമായ്‌ക്കാണ്‍മൂ കാണേണ്ടതൊക്കെയും/ തിട്ടമായ്‌ത്തന്നെ വേണ്ട നേരങ്ങളില്‍/ ആകയാലുറപ്പാണു പോന്നെത്തുന്ന/ വേളയില്‍ ദൃശ്യമദൃശ്യവും- (മാധ്യമം ഓണപ്പതിപ്പ്). അബ്‌ദുള്ള പേരാമ്പ്ര എഴുതി: ഇലകള്‍ കൊണ്ട് ആകാശത്തോടും/ വേരുകളാല്‍ മണ്ണിനോടും സംസാരിക്കുന്നുണ്ട് ഒരു മരം-( ഭാഷ, ഗ്രന്ഥാലോകം ഓഗസ്റ്റ് ലക്കം). പുതുകവിതയുടെ കരുത്തും ഭാവനാവിശാലതയും അനുഭവിപ്പിക്കുകയാണ് ഇവ.
ആത്മഹത്യക്കുമുമ്പ് എന്ന രചനയില്‍ എം. എം. സചീന്ദ്രന്‍ എഴുതി: പലവട്ടമെന്തിന് വെട്ടും തിരുത്തലും/ ആത്മഹത്യക്കുമുമ്പവസാനമായി/ ആര്‍ക്കുമൊന്നും എഴുതിവെക്കരുത്-(ജനയുഗം വാരാന്തപ്പതിപ്പ്). കെ. എന്‍. ഷാജികുമാര്‍: കവിതയെഴുതുമ്പോള്‍/ ഇടത്തും വലത്തും കൊതുകുകള്‍/ പാറിപ്പറന്നു വന്നരിക്കുന്നു-(കൊതുകുകള്‍- ജനയുഗം ഓഗസ്റ്റ്23). സോമന്‍ കടലൂര്‍ തോര്‍ച്ച മാസികയില്‍(ഓഗസ്റ്റ്): കഷ്‌ടപ്പെട്ട്/ എട്ട് സെന്റ് സ്ഥലം/ സ്വന്തമാക്കുമ്പോള്‍/ കണ്ണുനിറഞ്ഞു/ മരിച്ചുവീഴാന്‍ ഒരിടമായി.-(നഷ്‌ടപ്പാടുകള്‍). ഇത്തരം രചനകള്‍ അബദ്ധത്തില്‍ വായിച്ച് മുറിവേറ്റുപിടയുന്ന വായനക്കാരെ ആര് ശ്രദ്ധിക്കുന്നു!
യാത്രയില്‍ കണ്ണില്‍ പതിയുന്ന കാഴ്‌ചകളിലേക്ക് പൂനൂര്‍ കെ. കരുണാകരന്‍ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നതിങ്ങനെ: മുനകള്‍ തേയുന്ന/ വാക്കുകളാല്‍ നഷ്‌ട/ വിനിമയത്തിന്റെ/ ഭാരമേറ്റുന്നു നാം- (യാത്രയുടെ കാണാപ്പുറങ്ങള്‍- മാധ്യമം വാര്‍ഷികം). കരുണാകരന്‍ മനോഹരമായി ദൃശ്യപംക്തികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
കവിതകളുടെ ഓണപ്പാച്ചിലില്‍ നിന്നും വേറിട്ടു നില്‍ക്കുന്നൊരു രചനയില്‍ നിന്നും: ഈ ഫാനിന്റെയുള്ളില്‍ നിന്ന്/ വീശിയെത്തുന്നത്/ ചുടുനിശ്വാസമാണ്/ ഈ പേനയിലൂടെ/ ഒഴുകി വീഴുന്നത്/ ചുടുമഷിയാണ്/ ഈ മുറിയൊരു മരുഭൂമിയാണ്.-(മോഹനകൃഷ്‌ണന്‍ കാലടി- മരീചിക, ഇന്ന്‌മാസിക ഓണപ്പതിപ്പ്). പുസ്‌തകത്തിന്റെയും എഴുത്തിന്റെയും വായനയുടെയും പൊള്ളുന്ന ചിത്രമാണിത്.
ബ്ലോഗ്‌കവിത
ബ്ലോഗില്‍ ഇപ്പോള്‍ ഓണപ്പതിപ്പുകളുടെ കാലമാണ്. ആചാരങ്ങളുടെ പുറംപൂച്ചുകളില്‍ നിന്നും മോചനം കിട്ടുമെന്ന പ്രതീക്ഷയിലാണ് പലപ്പോഴും ബ്ലോഗ് വായനയിലെത്തുന്നത്. അവിടെയും ആചാരവെടികളുടെ ശബ്‌ദകോലാഹലം! ഒരു കവി നൂറുകവിത എഴുതി വായനക്കാരെ പേടിപ്പിക്കുന്ന പതിപ്പുകളുടെ ഭീകരത ബ്ലോഗിലില്ലെന്ന ധാരണയിലാണ് ബുലോക കവിതാബ്ലോഗ് തുറന്നത്. അവിടെ പതിവുവഴക്കങ്ങളുടെ ചെടിപ്പുകള്‍ തന്നെ. ഓണപ്പുലരിയില്‍ ചാന്ദ്‌നി: കടലിനെ കരയെന്ന് വിളിയ്‌ക്കാന്‍/ കടം കൊള്ളാതൊരു പുഞ്ചിരി/ കരുതണമെന്നും കൊതിച്ചതാണ്.പിറവിയില്‍ മുഹമ്മദ് കവിരാജ് എഴുതുന്നു: വാരിക്കൊടുത്ത/ ഓരോ പൊതിച്ചോറിലും/ മല്ലിക്കും മുളകിനുമൊപ്പം/ ഓരോ വീട്ടിലും രുചിഭേദങ്ങളായി/ തിളച്ചു മറിഞ്ഞു.സറീന അകംവാഴ്‌വില്‍ കുറിച്ചിടുന്നു: ഒരു മരം തളിര്‍ക്കുംപോലെ/ അകം നിറയെ ചിരിയ്‌ക്കുന്നുണ്ട്/ ഒരിയ്‌ക്കലും ഭൂമിയുടെ വെട്ടിമറിയാത്ത ഒരുവള്‍/ കഴുകിക്കമഴ്‌ത്തിയ പാത്രത്തില്‍ ഒരു തുണ്ട്. ചിന്തയിലെ തര്‍ജ്ജനിയില്‍ നിന്നും അനൂപ് ചന്ദ്രന്‍: ഓരോ ഷോപ്പിങ് മാളിലേക്കു കയറുമ്പോഴും/ താനിതിനു പാകമാകാത്തതെന്നു/ ഉള്ളിലേക്കവന്‍ തുറിച്ചുനോക്കി-(ഹോട്ട് ഡോഗ്).
പുതുകവിതാബ്ലോഗില്‍ നിന്നും: സിനു കക്കട്ടില്‍ മൈക്കിള്‍ ജാക്‌സണിനെ എഴുതുന്നു: മെലിഞ്ഞുണങ്ങിയ/ ദേഹവുമായി/ നിദ്രക്കുവേണ്ടി/ കേണുകൊണ്ട്/ ജാക്‌സണ്‍/ നീയെന്റെ സ്വപ്‌നത്തില്‍ വന്നുപാടുന്നു/ എന്റെ, ആത്മവിശ്വാസവുമതുപോലെയാണ്.
സൂചന: നാമെല്ലാം വര്‍ത്തമാനപത്രങ്ങളില്‍ നിന്ന് അയല്‍ക്കാരനെ അറിയുന്നവരാണ്. പക്ഷേ, ഒരു കലാകാരന്‍ തന്റെ നഗ്നമായ കാലടികള്‍ കൊണ്ട്, തന്റെ കവചരഹിതമായ ശരീരം കൊണ്ട്, തന്റെ കൈയുറയിടാത്ത കൈകള്‍ കൊണ്ട്, തന്റെ വേദന അറിയുന്ന മനസ്സുകൊണ്ട് ഈ ലോകത്തിന്റെ ചലനങ്ങള്‍ അറിയാന്‍ വിധിക്കപ്പെട്ടവനാണ്- എം. എന്‍ .വിജയന്‍ (വര്‍ണ്ണങ്ങളുടെ സംഗീതം എന്ന പുസ്‌തകം).-നിബ്ബ്
2 അഭിപ്രായങ്ങൾ:
nalla nireekshanangal
അല്ലയോ കവിതാമാഷമ്മാരേ, എന്താ പ്രണയശതകത്തിനൊരു തകരാറ്? ശീര്‍ഷകത്തിലെ ശതകത്തിന്റെ ദുര്‍വ്വഹതയൊന്നും കവിതയിലില്ല. മനോഹരമായ നൂറ് കവിതകള്‍, വളരെ ചെറിയ കവിതകള്‍. വെറുതെ പറഞ്ഞാല്‍പോരാ, ഒരു രചന മോശമാണെന്ന്. എ്തുക1ാെണ്ട് എന്നും കൂടി പറയണം. പ്രശംസയ്ക്കും വിമര്‍ശനത്തിനും ന്യായീകരണം വേണം. അതില്‍ കവിയുടെ മുഖം നോക്കേണ്ടതില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ