4/9/09

ആരറിയാനാണ്‌ ??

പുകമഞ്ഞു വീണ താഴവരയിലേക്ക്‌
അടര്‍ന്നു വീഴുന്നു ഒരു ദലം
ഒരൊറ്റ തുള്ളി ചോര
ഉറക്കങ്ങളെ മുറിച്ച്‌
കൂറ്റന്‍ ചിറകുകളുള്ള യുദ്ധ വിമാനങ്ങളെ പൊലെ
ദുഃസ്വപ്നങ്ങള്‍ ഇരമ്പുന്നു
അഗ്രിന്‍*, പ്രവചനം നടത്തുന്ന
രണ്ടു കയ്യും നഷ്ടപ്പെട്ട നിന്റെ സഹോദരന്റെ
ഭാവി കാഴ്ചകളിലൂടെ നീന്തി നീന്തി നടക്കുന്നു
ബൂട്ട്‌സുകളുടെ ക്രൂര ഫലിതങ്ങള്‍ക്കിടയില്‍
അധികാരത്തിന്റെ തോക്കിന്‍ കുഴലുകള്‍
നിനക്കു സമ്മാനിച്ച അന്ധ നിഷ്കളങ്കത
നിന്റെ സന്തതി
വേദനയുടെ ഏത്‌ ജലാശയത്തിലേക്കായിരുന്നു
നീയവനെ പെരിങ്കല്ലുകള്‍ കെട്ടി താഴ്ത്തിയത്‌ ?
നിനക്കു വേണ്ടി ചുവന്ന മത്സ്യത്തെ തേടിപ്പോയ
സാറ്റലൈറ്റിന്‌** നീ കാത്തു വെച്ചതിതായിരിന്നൊ?
ഏത് ദുരന്തങ്ങളെ പിടിച്ചെടുത്ത്‌ പിടിച്ചെടുത്താണ്‌
അവന്റെ കാലുകള്‍ ചോര വാര്‍ക്കാന്‍ തുടങ്ങിയത്‌ ?
എന്റെ വാക്കുകളെ പോലെ മുടന്താന്‍ തുടങ്ങിയത്‌ ?
അവന്റെ കൂട്ടുകാരെവിടെ?
ഒഴിയാത്ത മൈന്‍ പാടങ്ങള്‍ അവര്‍ക്കായി കാത്തിരിപ്പുണ്ടാവും
എന്നിട്ടും വിമാനങ്ങളില്‍*** നിന്നും
മുറിഞ്ഞ ചിറകുകള്‍ പോലെ വിതറുന്ന
കടലാസുകളില്‍ അവര്‍ പറയുന്നു
അവര്‍ നിങ്ങളുടെ മിത്രങ്ങളാണെന്ന്‌
അവര്‍ നിങ്ങള്‍ക്കായി സമാധാനം കൊണ്ടു വരുമെന്ന്‌
ചരിത്രത്തിന്റെ ഓരോ വയലുകളിലും
അമര്‍ന്ന്‌ നിശബ്ദമാവുന്നതിനെ കുറിച്ച്‌
നിങ്ങളേക്കാള്‍ നന്നായി ആരറിയാനാണ്‌ ?
അടര്‍ന്നു വീഴുന്ന ചുവന്ന ദലങ്ങളെ കുറിച്ച്‌
കഴുത്തു ഞെരിക്കപ്പെട്ട വസന്തത്തിന്റെ
ചുവന്ന മൌനങ്ങളെ കുറിച്ച്‌
ഒരൊറ്റ തുള്ളി ചോരയിലൂടെ നിലവിളിച്ചു കൊണ്ടിരിക്കുന്ന
ഭൂമിയെ കുറിച്ച്‌
നിങ്ങളേക്കാള്‍ നന്നായി ആരറിയാനാണ്‌ ?
*Bahman Ghobadi യുടെ Turtle can fly എന്ന ചിത്രത്തിലെ സദ്ദാം ഭരണ കൂടത്തിന്‍ കീഴില്‍ ബലാത്സംഗത്തിന്‌ ഇരയാക്കപ്പെടുന്ന ഒരു പെണ്‍കുട്ടി
**ഗ്രാമത്തില്‍ ആദ്യമായി ഡിഷ്‌ ആന്റിന കൊണ്ടു വരുന്ന ഒരു ചെറുപ്പക്കാരന്‍ അഗ്രിനോട്‌ അയാള്‍ക്ക്‌ സ്നേഹമുണ്ട്
***അമേരിക്കന്‍ വിമാനങ്ങള്‍

2 അഭിപ്രായങ്ങൾ:

Mahi പറഞ്ഞു...

http://en.wikipedia.org/wiki/Turtles_Can_Fly

http://video.google.com/videoplay?docid=7835721714320049336#
അമേരിക്കയെ അനുകൂലിക്കുന്നുവെന്ന പേരില്‍ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുണ്ടായിരുന്നു

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

കഴുത്തു ഞെരിക്കപ്പെട്ട വസന്തത്തിന്റെ
ചുവന്ന മൌനങ്ങളെ കുറിച്ച്‌
ഒരൊറ്റ തുള്ളി ചോരയിലൂടെ നിലവിളിച്ചു കൊണ്ടിരിക്കും

അത് തുടരും