2/8/09

പ്രായമാകുന്നവരുടെ ശ്രദ്ധയ്ക്ക് ..! /പി.എ. അനിഷ്

പ്രായമാവുകയാണതിനാല്‍
ആ ബോര്‍ഡ് ശ്രദ്ധിച്ചു

മരങ്ങള്‍ക്കിടയില്‍
ചെറുവീടുകളുടെ ചിത്രങ്ങള്‍
ചുവട്ടില്‍
ആര്‍ക്കും വേണ്ടാതാകുമ്പോള്‍
വിളിക്കാനുളള നമ്പറുകള്‍

പട്ടണത്തില്‍ നിന്നു
വിദൂരത്തൊരിടം.
നല്ല ഭക്ഷണം
ഏതുമതക്കാര്‍ക്കും പ്രാര്‍ഥനാസൗകര്യം
യോഗ
സ്വച്ഛശീതള
വായുസഞ്ചാരമുറികളുറപ്പു പറഞ്ഞിട്ടുണ്ട്

ആദ്യം ബുക്കുചെയ്യുന്നവര്‍ക്ക്
ആനുകൂല്യങ്ങളുണ്ട്

ഇന്നുതന്നെ വിളിക്കണം
വൈദ്യുതശ്മശാനവുമുറപ്പുവരുത്തണം

സ്വന്തമല്ലൊരു വീടു
മെന്നറിഞ്ഞാല്‍പ്പിന്നെ
യെന്തിനു വിഷമിക്കണം..!

1 അഭിപ്രായം:

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഒരു കസര്‍ത്തുകളുമില്ലാതെ പറഞ്ഞുപോകുന്ന ഈ കവിത പൊതുവെ ഇന്നു നാം സമകാലിക കവിതകളില്‍ കണ്ടുകൊണ്ടിരിക്കുന്ന പ്രത്യേകതയാണ്‌. ഒരുവര്‍ത്തമാനം പറഞ്ഞ്‌ മനസ്സില്‍ വന്ന്‌ കുത്തിയിരിക്കും ഇത്തരം സൃഷ്ടികള്‍ ഇവ ഒട വായനയില്‍ നിറക്കുന്നത്‌ നിസംഗതയൊ ശൂന്യതയൊ എന്താണെന്നറിയില്ല ... ഒരു കാര്യം ഉറപ്പ്‌ പ്രതിഷേധിക്കാനൊ ഒന്നുറക്കെ നിലവിളിക്കാനൊ ആകാതെ കവിത ചര്‍ച്ചചെയ്യുന്ന വിഷയത്തെ അംഗീകരിച്ചുകൊണ്ടു തന്നെ നടന്നകലാനെ കഴിയൂ....വാര്‍ദ്ധക്യത്തിന്‍റെ സമകാലിക ദുരിതാവസ്തകളെ ഞനും കൂടി അനുഭവിക്കേണ്ടുന്ന ഈ അവസ്ഥ ഈ കാലത്തിന്‍റെ പ്രത്യേകതയാണ്‌ എന്ന്‌ അംഗീകരിച്ചുകൊണ്ട്‌. കവിക്കൊ ഇതു വായിക്കുന്ന എനിക്കൊ ഈ അവസ്ഥകളില്‍ നിന്നു ഒന്നു കുതറിപുറത്തു ചാടാനാവുന്നില്ലല്ലൊ....

"സ്വന്തമല്ലൊരു വീടു
മെന്നറിഞ്ഞാല്‍പ്പിന്നെ
യെന്തിനു വിഷമിക്കണം..!"


ഒരനിവാര്യതപോലെ.....