2/8/09

ഉടുപ്പുടല്‍

ഊരിയെറിഞ്ഞ ഉടുപ്പ്
ഉപേക്ഷിക്കപ്പെട്ട ഉടലെന്ന്
മൂലയില്‍
ചുരുണ്ടുകിടക്കുമ്പോള്‍
പാവം,
എത്ര അഹങ്കരിച്ചു നടന്നതാണ്
അലങ്കരിച്ചു നിന്നതാണ്
ആരുടെയൊക്കെ കണ്ണില്‍‌കൊത്തി
പറന്നതാണ്

ഇത്രയ്ക്കേ ഉള്ളൂ
ഉടലിന്റെ കാര്യം
ഓടിച്ചാടി വന്നതല്ലേ
എന്നിട്ടിതാ
എല്ലാം അവസാനിച്ചെന്ന്
അഴിഞ്ഞ കിടപ്പ്

അഴുക്കൊഴിഞ്ഞ്
അയയില്‍ തൂങ്ങുമ്പോള്‍
ഇറ്റിറ്റി വീഴും
കണ്ണീര്‍
ഉടലിനെയോര്‍ത്ത്
സങ്കടപ്പെടുന്നതാവണം

കാറ്റും വെയിലും
എത്ര ഉണക്കിയെടുത്താലും
ഇസ്തിരിച്ചൂടില്‍
നിവര്‍ത്തി നിര്‍ത്തിയാലും
ഉടുപ്പുടലില്‍
അഴിച്ചെറിഞ്ഞതിന്റെ
ഒറ്റയ്ക്കുള്ള കിടപ്പ്
കറ പറ്റിക്കിടക്കും
നെഞ്ച് മുറിഞ്ഞപോലെ
പൊട്ടിപ്പോയിട്ടുണ്ടാവും കുടുക്ക്
തുന്നലിളകി
തോളത്തോ
വാരിയെല്ലുകള്‍ക്കിടയിലോ
മുറിവേറ്റിട്ടുണ്ടാവും

ആശ്വസിപ്പിച്ചാശ്വസിപ്പിച്ച്
മടുക്കുമ്പോള്‍
ആരും തിരിഞ്ഞുനോക്കാതാവുമ്പോള്‍
ദുരിതാശ്വാസപ്രദേശങ്ങളിലേക്ക്
കയറ്റിയയക്കപ്പെടും
ഉപേക്ഷിക്കപ്പെട്ടവരുടെ
ശരീരങ്ങളില്‍ കയറി
പ്രേതജീവിതത്തിന്റെ
പാലപ്പൂമണമാകും.

3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

manoharam , vakkum vachalathayum pinne varikaliloorunna artha sampushtathayum!!
Ramesh Devaragam

Mahi പറഞ്ഞു...

nice naseerkka

Sureshkumar Punjhayil പറഞ്ഞു...

Vasthram mathramalla, Shareeravum...!

Manoharam... Ashamsakal...!!