14/8/09

ഒരു പ്രത്യേക സ്ഥലത്തെ.. പ്രത്യേക കുറിപ്പ്..

ഞാനിന്നലെ
ഒരു ചേച്ചിയെ കണ്ടു.
നീളമുള്ള
പച്ചക്കുപ്പായത്തില്‍
കൈകള്‍ ആകാശത്തേക്ക്
നീട്ടിപ്പിടിച്ചിരിക്കുന്ന
സുന്ദരിയായ ഒരു ചേച്ചി.

അവര്‍ക്കു
ഇറാഖിലെ അമ്മമാരുടെ
മുഖമായിരുന്നു.

ഇന്നലെ വരെ
ഇവളുടെ മുഖം
വീടിന് പുറത്താരും
കണ്ടിട്ടേയില്ല.
ഇന്ന്
നമ്മളോരോരുത്തരും
ടെലിവിഷനിലൂടെ
കണ്ടുകൊണ്ടേയിരിക്കുന്നു.
അവളുടെ തലയിലെ പര്‍ദ്ദ
അവളെടുത്ത്
മാറ്റിയതല്ല.
അവളെയിതിടാന്‍
പ്രേരിപ്പിച്ചവര്‍ തന്നെ
കത്തിച്ചു കളഞ്ഞതാണ്.

അവളുടെ ചിന്തകള്‍
കത്തിപ്പോയ തന്റെ
മുഖം മൂടിയെക്കുറിച്ചല്ല.
ഒന്നു കാണാന്‍ ശരീരാവയവങ്ങള്‍
പോലും ബാക്കിയാക്കിയില്ലാത്ത
തന്റെ പിള്ളാരുടെ
അച്ഛനെക്കുറിച്ചാണ്.

പണികഴിഞ്ഞ് വന്ന്
ഒന്നു കിടക്കട്ടെയെന്ന്
പറഞ്ഞ അയാളെ
താന്‍ തന്നെയാണ്
‘കൊച്ച് കരയുന്നു
ഒന്നു വേഗം പോയ് വരൂ-
-വെന്ന് നിര്‍ബന്ധിച്ചത്.

പുറത്തെവിടെയോ
പൊട്ടിത്തെറികള്‍
നടന്നുവെന്ന്
ആരൊക്കെയോ
പറഞ്ഞ് പോകുന്നത് കേട്ടു.
കുഞ്ഞിനെയുമെടുത്ത്
അപ്പോള്‍ ഇറങ്ങിയതാണ്.
പോയ കടവരെ ചെന്ന് നോക്കി.
പരിക്കേറ്റവരുടെ കൂട്ടത്തില്‍
ആരും കണ്ടിട്ടില്ല.
മരിച്ചവരാരെങ്കിലും
കണ്ടിട്ടുണ്ടോയെന്ന്
വിളിച്ച് ചോദിക്കയാണവള്‍.
അവളുടെ
പര്‍ദ്ദയുടെ നിറമുള്ള
ഒരു ലോകത്തോട്.

--------------------------------------------------------------------
കുറിപ്പ്:
ഇറാഖിലെ ബോംബ് സ്ഫോടനങ്ങളില്‍ എല്ലാം തകര്‍ന്ന ഒത്തിരിപ്പേര്‍ക്ക് വേണ്ടി

അഭിപ്രായങ്ങളൊന്നുമില്ല: