26/7/09

പദനിസ്വനങ്ങള്‍.../ഗിരീഷ് എ എസ്

ആരുമറിയാതെ
ഉപേക്ഷിച്ച
എന്റെ ഹൃദയത്തിന്റെ താക്കോല്‍
കണ്ടെടുത്തത്‌ നീയായിരുന്നു...

മാറാല തട്ടിമാറ്റി
നടന്നുകയറിയത്‌,
മരിച്ചു കിടന്ന സ്വപ്‌നങ്ങള്‍
പെറുക്കിമാറ്റി
തളിര്‍ത്തുതുടങ്ങിയ മോഹങ്ങള്‍ നട്ടത്‌,
എണ്ണ വറ്റിയ മണ്‍ചിരാതിലെ
അവശേഷിച്ച ഓര്‍മ്മകളെ തുടച്ചുമാറ്റി
പുതിയവക്ക്‌ തിരി കൊളുത്തിയത്‌,
നിശബ്ദതക്ക്‌ പകരം
ആരവങ്ങള്‍ കുടഞ്ഞിട്ടത്‌,
ശ്‌മശാനമൂകതയില്‍
ദേവതാരു പൂക്കള്‍ വിതറിയത്‌,
വിരഹത്തിന്റെ അന്ധകാരത്തില്‍
പ്രണയജ്വാല തെളിച്ചത്‌
നീയായിരുന്നു...

എന്നെ കാണാനാണ്‌
കാലം നിന്നില്‍ കണ്ണുകള്‍ സൃഷ്ടിച്ചത്‌,
എനിക്ക്‌ താരാട്ട്‌ മൂളാനാണ്‌
നിനക്ക്‌ ചുണ്ടുകള്‍ തന്നത്‌,
എന്റെ ശബ്ദം കേള്‍ക്കാനാണ്‌
നിന്നില്‍ ചെവികള്‍ തീര്‍ത്തത്‌...
എന്നിട്ടും നമുക്കിടയില്‍
മൗനം മൃതിയുടെ മുഖംമൂടിയണിഞ്ഞ്‌
കളിച്ചുകൊണ്ടിരുന്നു...

നീ അരുവിയായിരുന്നില്ല
പക്ഷേ,
എന്നിലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു,
നീ നദിയായിരുന്നില്ല
പക്ഷേ,
എന്നെ ഓളങ്ങള്‍ക്കുള്ളില്‍
ഒളിപ്പിച്ചുകൊണ്ടിരുന്നു,
നീ കടലായിരുന്നില്ല
പക്ഷേ,
എന്നിലേക്ക്‌ ഉപ്പുതുള്ളികള്‍
ചൊരിഞ്ഞുകൊണ്ടിരുന്നു...
ആത്മാവില്‍ വീണുചിതറിയ
തുഷാരബിന്ദുക്കള്‍
നിന്നിലാളിയ
അഗ്നിയുടെ രൂപാന്തരമായിരുന്നു...

നീയിപ്പോഴും അറിയുന്നില്ല...
നിന്റെ സ്‌പര്‍ശനമേല്‍ക്കാന്‍
കൊതിച്ചാണ്‌
ഹൃദയത്തിന്റെ താക്കോല്‍
ഞാന്‍ ഉപേക്ഷിച്ചത്‌...

2 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

ടച്ചിങ്ങ് ലൈന്‍സ് ഗിരീഷ്ഭായ്
ആശംസകള്‍.

khader patteppadam പറഞ്ഞു...

കൊള്ളാം, കവിത.